ADVERTISEMENT

രാജ്യം പുതുസർക്കാറിന് വരവേൽക്കുകയാണ്, പുതിയ ജനപ്രതിനിധികളുടെ വിജയാഘോഷത്തിൽ അഭിരമിക്കുകയാണ്. ഇതൊക്കെ ചെയ്യുമ്പോഴും പുതുതലമുറ മാതൃകയ്ക്കുവേണ്ടി ഉറ്റുനോക്കുന്ന ഒരു വനിത പ്രതിനിധി നമുക്കുണ്ട്, നിർമല സീതാരാമൻ. അനുഭവങ്ങളിലേക്കു തിരിഞ്ഞുനോക്കി, കടന്നുവന്ന വഴികളില്‍നിന്ന് പഠിച്ച പാഠമായി രണ്ടാംവട്ടവും മന്ത്രിസഭയിലേക്ക്. പഠിച്ചു പറഞ്ഞതിന്റെ മികവിലൂടെ പഠിച്ച കാര്യങ്ങളുടെ പ്രയോഗത്തിലേക്കാണ് നിർമല സീതാരാമൻ എത്തുന്നത്, മോദി മന്ത്രിസഭയിൽ പ്രതിരോധത്തിൽ നിന്ന് ധനമന്ത്രി സ്ഥാനത്തേക്ക്. പ്രധാനമന്ത്രിയായിരിക്കെ ഇന്ദിര ഗാന്ധി പ്രതിരോധത്തിനൊപ്പം ധനമന്ത്രാലയ ചുമതല ചുരുങ്ങിയ കാലം വഹിച്ചിരുന്നു. അതു മാറ്റിനിർത്തിയാൽ ആദ്യമായാണ് രാജ്യത്തിനു വനിതാ ധനമന്ത്രിയെ ലഭിക്കുന്നത്. ഇന്ദിരയ്ക്കു ശേഷം നിർമല തന്നെയാണ് പ്രതിരോധ മന്ത്രിസ്ഥാനം വഹിച്ച ആദ്യ വനിത.

പഠനം, ജോലി

തിരുച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളജില്‍നിന്നു ബിരുദം. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനനന്തരബിരുദം. പ്രശസ്തമായ ജെന്‍യു ക്യാംപസില്‍വച്ച് സ്വന്തം പ്രണയവും അവര്‍ കണ്ടെത്തി. 1970-കളില്‍ ആന്ധ്രാപ്രദേശില്‍ മന്ത്രിപദവി വരെ അലങ്കരിച്ച വ്യക്തികളുള്ള കുടുംബത്തിലെ പറകാല പ്രഭാകര്‍. പറകാല–നിര്‍മലയുടെ ജീവിതത്തിന്റെ അടുത്ത ഘട്ടം ലണ്ടനില്‍. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ഗവേഷണം. പഠനത്തിനുവേണ്ടി പണം കണ്ടെത്താന്‍ അക്കാലത്ത് റീജന്റ് സ്ട്രീറ്റിലെ ഒരു കടയില്‍ സെയില്‍സ് ഗേള്‍ ആയും ജോലി ചെയ്തിട്ടുണ്ട്. ബിബിസി റേഡിയോ തമിഴ് വിഭാഗത്തില്‍ വിവര്‍ത്തകയായി കുറച്ചുനാള്‍ ജോലിനോക്കി. പിന്നീടാണ് പ്രൈസ് വാട്ടര്‍ ഹൗസില്‍ അനലിസ്റ്റ് എന്ന പദവിയില്‍ എത്തുന്നത്. ഒരു സെയില്‍സ് ഗേളില്‍നിന്ന് ഒരു വലിയ രാജ്യത്തെ പ്രതിരോധമന്ത്രി, ഇപ്പോൾ ധനമന്ത്രി എന്നീ പദവികളിലേക്കുള്ള യാത്രയാണ് നിര്‍മല സീതാരാമന്റെ ജീവിതം.

nirmala

1991- നിര്‍മലയും പ്രഭാകറും കുട്ടിയുമായി ഇന്ത്യയിലേക്കു തിരിച്ചുവരുന്നു. പ്രഭാകര്‍ ഹൈദരാബാദില്‍ മാര്‍ക്കറ്റിങ് റിസര്‍ച്ച് ഏജന്‍സി സ്ഥാപനം തുടങ്ങുന്നു. പരേതനായ പിതാവിന്റെ പേരിലുള്ള ഒരു ട്രസ്റ്റ് കൂടിയായിരുന്നു ആ സ്ഥാപനം. നിര്‍മലയും ട്രസ്റ്റിന്റെ ഭാഗമായി; ഒരു സ്കൂളും തുടങ്ങി.

ജീവിതത്തിലെ വഴിത്തിരിവ്

2003 മുതല്‍ 05 വരെയുള്ള കാലമാണ് നിര്‍മലയുടെ ജീവിതത്തില്‍ വഴിത്തിരിവ് ഉണ്ടാക്കിയത്. ഹൈദരാബാദില്‍നിന്ന് രാജ്യതലസ്ഥാനത്തേക്ക്.  നിര്‍മല ദേശീയ വനിതാ കമ്മിഷനിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്നു. മൂന്നുവര്‍ഷത്തിനുശേഷം, കോണ്‍ഗ്രസ് കുടുംബത്തിന്റെ വേരുകളെ പിന്നിലാക്കി അവര്‍ ഭാരതീയ ജനതാ പാര്‍ടി അംഗമാകുന്നു. ഭാര്‍ത്താവും കുടുംബവും അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.

പക്ഷേ, തന്റെ ഇഷ്ടത്തിന്റെ വഴിയില്‍ കുടുംബത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നിര്‍മല നോക്കിയതേയില്ല. 2010-ല്‍ പാര്‍ട്ടിയുടെ ദേശീയ വക്താവ് സ്ഥാനം. അന്നുമുതലാണ് ആ വാഗ്ധോരണി രാജ്യം ശ്രദ്ധിക്കുന്നത്. മാധ്യമങ്ങള്‍ക്കുവേണ്ടി പാര്‍ട്ടി നയങ്ങള്‍ വിശദീകരിച്ചും വിമര്‍ശനങ്ങളെ എതിരിട്ടും ബിജെപിയുടെ ഏറ്റവും കരുത്തുറ്റ മുഖമായി വളര്‍ന്നു നിര്‍മല. പാര്‍ട്ടിപ്രവര്‍ത്തകരും എതിരാളികളും എന്നും ശ്രദ്ധിച്ചത് അവരുടെ വാക്കുകള്‍. സുക്ഷ്മതയോടെ, എന്നാല്‍ അക്കമിട്ട് വാദങ്ങള്‍ നിരത്തിയും മറുവാദങ്ങളുടെ പരിചയുയര്‍ത്തിയും ഒരു യുദ്ധം തന്നെയാണ് ബിജെപിക്കുവേണ്ടി നിര്‍മല നടത്തിയത്. ഇന്ത്യയുടെ സമീപകാല രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമാണ് ആ പോരാട്ടവും വാക്കുകളാകുന്ന ആയുധങ്ങളെടുത്തുനടത്തിയ യുദ്ധവും. 2014-ല്‍ തിളക്കമുള്ള വിജയത്തോടെ ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ നിര്‍മല മന്ത്രിസഭയിലുമെത്തുന്നു. പിന്നീടു സംഭവവിച്ചതെല്ലാം ചരിത്രമല്ല, വര്‍ത്തമാനം.

Shashi Tharoor - Nirmala Sitaraman

2007 ൽ ബിജെപിയിലെത്തിയ നിർമല 2010 ൽ പാർട്ടിയുടെ ദേശീയ വക്താവായി. വാക്കുകളിൽ തികഞ്ഞ വ്യക്തതയുള്ള വക്താവ്. ആ മികവ് ഒന്നാം മോദി മന്ത്രിസഭയിൽ തുടക്കത്തിൽ ധനകാര്യ, കോർപറേറ്റ്കാര്യ സഹമന്ത്രിസ്ഥാനവും വാണിജ്യത്തിന്റെ സ്വതന്ത്ര ചുമതലയും നേടിക്കൊടുത്തു.

സൂക്ഷ്മനിരീക്ഷണവും കഠിനാധ്വാനവും

വേഗത്തിൽ തീരുമാനങ്ങളെടുക്കുന്ന, മന്ത്രിസഭയിൽ, പഠിച്ച് വാദങ്ങൾ സുവ്യക്തമായി അവതരിപ്പിക്കുന്ന മന്ത്രിയെന്നു പേരെടുത്തു. അതുകൊണ്ടുതന്നെ, മനോഹർ പരീക്കറിനും അരുൺ ജയ്റ്റ്ലിക്കും പിന്നാലെ പ്രതിരോധ മന്ത്രിയായി നിർമല വന്നത് അദ്ഭുതമായില്ല. പാർലമെന്റിലും മന്ത്രിക്ക് പ്രതിരോധ മികവ് പ്രകടിപ്പിക്കാൻ അവസരം ലഭിച്ചു– റഫാൽ വിമാന ഇടപാട് വിഷയത്തിൽ, ജയ്റ്റ്ലിയുടെ സജീവ പിന്തുണയോടെ. ഇപ്പോൾ, ജയ്റ്റ്ലിക്കു പകരമായി ധനമന്ത്രിയുമാവുന്നു.

സാമ്പത്തിക വളർച്ച 5.8 ശതമാനത്തിലേക്കു താഴ്ന്നുവെന്ന പ്രഖ്യാപനമാണ് ഇന്നലെ നിർമലയെ ധനമന്ത്രാലയത്തിലേക്കു വരവേറ്റത്. അതിൽത്തന്നെയുണ്ട് ഏറ്റെടുക്കുന്ന വെല്ലുവിളിയുടെ വലുപ്പം. ജൂലൈ 5ന് നിർമല അവതരിപ്പിക്കുന്ന ആദ്യ ബജറ്റ്, ഈ വർഷമാദ്യം പീയൂഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ തുടർച്ചയ്ക്കപ്പുറം, നികുതി നിരക്കു കുറയ്ക്കൽ ഉൾപ്പെടെ ബിജെപി പ്രകടന പത്രികയിൽ സാമ്പത്തിക രംഗത്തു പറഞ്ഞിട്ടുള്ള ഒട്ടേറെ വാഗ്ദാനങ്ങൾ മുന്നിൽ കണ്ടാവണം.

രാവിലെ ഏഴുമണിക്ക് വര്‍ത്തമാനപത്രങ്ങള്‍ വായിച്ചുകൊണ്ടു ദിവസം തുടങ്ങുന്ന നിര്‍മല ആറു മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്. അച്ചടക്കമുള്ള ജീവിതത്തിന്റെ ഉടമ. ഇന്നും തുടരുന്ന പഠനവും സൂക്ഷ്മനിരീക്ഷണവും. അതേ, കഠിനാധ്വാനത്തിലൂടെ, ഇഛാശക്തിയുപയോഗിച്ച്, വിശ്വാസത്തിലുറച്ചുനിന്നു പോരാടുന്നവര്‍ക്ക് ഭാവിയുടെ പ്രതീക്ഷ. എന്നും മനസ്സിലാക്കേണ്ട ജീവിതവിജയത്തിന്റെ തിളങ്ങുന്ന മാതൃകയാണ് നിർമല സീതാരാമൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com