sections
MORE

നാനാ പടേക്കർ കർഷകരുടെ പേരിൽ സമ്പാദിച്ചത് കോടികൾ; തനുശ്രീ ദത്ത

Nana Patekar has Enough Money to Squash Any Case: Tanushree Dutta
തനുശ്രീ ദത്ത, നാനാ പടേക്കർ
SHARE

രാജ്യത്തെ പിടിച്ചുകുലുക്കിയ മീ ടൂ ആരോപണത്തിന്റെ തുടക്കക്കാരി തനുശ്രീ ദത്ത തളരാൻ തയാറല്ല. ആരോപണത്തിൽ ഉറച്ചുനിന്നും പുതിയ ആരോപണങ്ങൾ ഉന്നയിച്ചും അന്വേഷണത്തിലെ പൊരുത്ത ക്കേടുകൾ ചൂണ്ടിക്കാട്ടിയും തനുശ്രീ വീണ്ടും രംഗത്ത്. പ്രശസ്ത നടന്‍ നാന പടേക്കര്‍ക്ക് എതിരെ നടിയുടെ ആരോപണങ്ങൾ തെളിയിക്കാൻ തെളിവുകളില്ലെന്ന് പൊലീസ് റിപോർട്ട് സമർപ്പിച്ചു എന്ന വാർത്ത പുറത്തുവന്നയുടനാണ് അമേരിക്കയിൽനിന്ന് പുതിയ പ്രതികരണവുമായി തനുശ്രീ രംഗത്തെത്തയിരിക്കുന്നത്. 

ബോളിവുഡിന്റെ അണിയറയിൽ നടക്കുന്ന കപടനാടകങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞ് പോരാട്ടം തനിക്കുവേണ്ടി മാത്രമല്ലെന്നും എല്ലാ സ്ത്രീകൾക്കുവേണ്ടിയുമാണെന്നും അവർ വാദിക്കുന്നു. കർഷകർക്കുവേണ്ടി രൂപീകരിച്ച നാം ഫൗണ്ടേഷനിലൂടെ നാന പടേക്കർ കോടികളാണ് സമ്പാദിച്ചതെന്നും ഒന്നോ രണ്ടോ കോടികൾ ചെലവഴിച്ച് കേസ് തേച്ചുമായ്ച്ചുകളയാൻ ആരോപണവിധേയർക്ക് ബുദ്ധിമുട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പൊലീസ് ശരിയായ രീതിയിൽ തെളിവെടുപ്പ് നടത്തിയിട്ടില്ല. കപടസാക്ഷികളുടെ മൊഴികളാണ് എടുത്തത്. യഥാർഥ സാക്ഷികളുടെ മൊഴികൾ പൂർണമായി രേഖപ്പെടുത്തിയിട്ടില്ല- തനുശ്രീ ആരോപിക്കുന്നു. 

സിനി ആന്‍ഡ് ടിവി ആര്‍ട്ടിസ്റ്റ് അസോസിയേഷന് ഞാന്‍ പരാതി കൊടുത്തുത് 2008-ലാണ്. പരാതിക്ക് ആസ്പദമായ സംഭവം നടന്നപ്പോള്‍. പക്ഷേ, അങ്ങനെയൊരു പരാതിയേ ഇല്ല എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. അതുതന്നെ കള്ളം. ആര്‍ക്കും ആ പരാതി പരിശോധിക്കാവുന്നതേയുള്ളു. അങ്ങനെയിരിക്കെ തെളിവില്ലെന്ന് പറയുന്നത് എന്ത് അര്‍ഥത്തിലാണ്- തനുശ്രീ ചോദിക്കുന്നു. 

എഫ്ഐആറില്‍ ആ പരാതിയും താന്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നും തനുശ്രീ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത് അവര്‍ ഡെയ്സി ഷായുടെ മൊഴിയെടുത്തു എന്നാണ്. ആരാണ് ഡെയ്സി ഷാ ? ഗണേഷ് ആചാര്യയുടെ വര്‍ഷങ്ങളായുള്ള സഹായിയും സഹപ്രവര്‍ത്തകയും. സംഭവം നടക്കുമ്പോള്‍ ഡെയ്സി ഷാ സെറ്റില്‍ ഉണ്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തപ്പോള്‍ താന്‍ ഒന്നും ഓര്‍മിക്കുന്നില്ല എന്നാണവര്‍ പറയുന്നത്. സംഭവം നടന്നോ ഇല്ലയോ എന്നല്ല ഓര്‍മിക്കുന്നില്ല എന്ന്. അതിന്റെ അര്‍ഥം പീഡനം നടന്നിട്ടില്ല എന്നാണോ. ഇതേ ഡെയ്സി ഷാ എപ്പോഴും ഗണേഷ് ആചാര്യയ്ക്കൊപ്പം ഉണ്ടാകുന്ന വ്യക്തിയാണ്. അവര്‍ അയാളുടെ മടിയില്‍ ഇരിക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. ഗണേഷ് ആചാര്യയുടെ പേരും എഫ്ഐആറിലുണ്ട്. അതുകൊണ്ടാണ് ഡെയ്സി ഷാ പീഡനത്തെ ശരിവയ്ക്കാത്തത് എന്നതും വ്യക്തം. 

രത്തന്‍ ജയിനില്‍ നിന്നും മറ്റു രണ്ടു പേരില്‍നിന്നുമാണ് മൊഴി എടുത്തതെന്നാണ് അവര്‍ അവകാശപ്പെടു ന്നത്. അവരെല്ലാം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അംഗങ്ങളാണ്. അവരെ എങ്ങനെ സാക്ഷിപ്പട്ടി കയില്‍ ഉള്‍പ്പെടുത്താന്‍ പറ്റും ? ഞാന്‍ പരാതി കൊടുത്ത 2008-ല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നെ വിളിപ്പിച്ചിരുന്നു. പീഡനപരാതിയില്‍ എന്നെ സഹായിക്കുന്നതിനുപകരം അവര്‍ അന്ന് എന്നെ കുറ്റപ്പെടുത്തുകയാണ് ഉണ്ടായത്. അവരെത്തന്നെ എന്റെ പരാതിയില്‍ സാക്ഷികളാക്കുമ്പോള്‍ ഞാന്‍ എന്താണ് മനസ്സിലാക്കേണ്ടത് ? അന്നു ഞാന്‍ കൊടുത്ത പരാതി പൊലീസിന്റെ കയ്യിലുമുണ്ട്.

10 വര്‍ഷമായിട്ടും ആ പരാതിയില്‍ അവര്‍ എഫ്ഐആര്‍ പോലും എടുത്തിട്ടില്ല. അന്നുമുതല്‍ ഇന്നുവരെയും പൊലീസ് അഴിമതിയുടെ കൂട്ടിലാണ്. അതുകൊണ്ടാണ് അവര്‍ ഫലപ്രദമായി മുന്നോട്ടുനീങ്ങാത്തത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ മൊഴിയെടുത്തവരുടെ ലിസ്റ്റ് ഞാന്‍ പരിശോധിച്ചു. പലരെയും ഞാന്‍ ഓര്‍ക്കുന്നുപോലുമില്ല. ജാനിസ് എന്ന മാധ്യമപ്രവര്‍ത്തകയുടെ മൊഴിയെടുത്തു. അവര്‍ എന്റെ പരാതി ശരി വയ്ക്കുകയും ചെയ്തു. ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ഷൈനി ഷെട്ടിയുടെ മൊഴിയെടുത്തു. അതും എനിക്ക് അനുകൂലമാണ്. പക്ഷേ അവരുടെ മൊഴി പൂര്‍ണമായി എടുക്കാന്‍ പൊലീസ് തയാറായിട്ടില്ല. അവരുടെ മൊഴി പൂര്‍ണമായി എടുക്കാന്‍ ആവശ്യം ഉയര്‍ന്നു. പക്ഷേ പൊലീസ് വിസമ്മതിക്കുകയാണുണ്ടായത്. ലൈംഗിക പീഡന പരാതി ശരിവയ്ക്കാന്‍ രണ്ടു സാക്ഷികളുടെ മൊഴികളാണ് വേണ്ടത്. എന്റെ കേസില്‍ രണ്ടു സാക്ഷിമൊഴികളുണ്ടായിട്ടും തെളിവില്ല എന്ന് പൊലീസ് ആവര്‍ത്തിക്കുന്നു. ഇത് എന്ത് വ്യവസ്ഥിതിയാണ്- ധാര്‍മിക രോഷത്തോടെ തനുശ്രീ ചോദിക്കുന്നു. 

വസീം എന്നയാളായിരുന്നു മറ്റൊരു സാക്ഷി. അയാള്‍ മുങ്ങിനടക്കുകയാണ്. ഇതുവരെ മൊഴി കൊടുത്തിട്ടില്ല. അയാളെ ഭീഷണിപ്പെടുത്തുന്നത് നാനയും കൂട്ടരുമാണ്. വസീമിനെ കണ്ടുപിടിക്കാന്‍ ഞാനും ശ്രമിച്ചു. പക്ഷേ, അയാള്‍ മുങ്ങി. നാനയും കൂട്ടരും അയാളെ സ്ഥിരമായി വിളിച്ചു ഭീഷണിപ്പെടുത്തയെന്നു വ്യക്തം. എന്റെ അഭിഭാഷകരോടും അയാള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പേടിയില്ലെന്നും താന്‍ സ്റ്റേഷനില്‍ വരുമെന്നും അയാള്‍ ഉറപ്പു പറഞ്ഞു. പിന്നെ അയാളെ കണ്ടിട്ടേയില്ല. 

നാന പടേക്കറുടെ നാം ഫൗണ്ടേഷന് എതിരെയും ശക്തമായ അഴിമതി ആരോപണങ്ങള്‍ തനുശ്രീ ഉന്നയിക്കുന്നു. അവര്‍ കോടികളുടെ അഴിമതി ഇടപാടുകളാണ് നടത്തുന്നതത്രേ. അതും പാവപ്പെട്ട കര്‍ഷരുടെ പേരില്‍. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമെല്ലാം അവര്‍ക്ക് സംഭാവനകളും കിട്ടുന്നുണ്ട്. ഒരു കേസ് തേച്ചുമായ്ച്ചുകളയാന്‍ അവര്‍ക്ക് ഒരു ബുദ്ധിമുട്ടുമില്ലെന്നും വ്യവസ്ഥിയും അവരുടെ ഭാഗം ചേരുകയാണെന്നും തനുശ്രീ മനസ്സിലാക്കുന്നു. 

ലോകവ്യാപകമായി മീ ടൂ ആരോപണം ഉണ്ടായപ്പോഴും രാജ്യത്ത് പരാതിക്കാര്‍ മുന്നോട്ടുവന്നിരുന്നില്ല. ആ അവസ്ഥയ്ക്ക് മാറ്റം വരുത്തിയത് തനുശ്രീയാണ്. ഹോണ്‍ ഓകെ പ്ലീസ് എന്ന സിനിമയുടെ സെറ്റില്‍വച്ച് നാന പടേക്കര്‍ തന്നെ അപമര്യാദമായി സ്പര്‍ശിച്ചു എന്ന ആരോപണം ഉയര്‍ത്തിക്കൊണ്ട്. പത്തുവര്‍ഷത്തിനുശേഷം നടന്ന അന്വേഷണത്തില്‍ ആവശ്യത്തിനു തെളിവുകളില്ല എന്നു പറഞ്ഞുകൊണ്ട് കേസ് എഴുതിത്തള്ളാനാണ് ഇപ്പോള്‍ പൊലീസ് ശ്രമിക്കുന്നത്. അതിനെതിരെയാണ് തനുശ്രീ പോരാട്ടത്തിന്റെ പുതിയ മുഖം തുറന്നിരിക്കുന്നത്. മീ ടൂ അത്രയെളുപ്പം തകരുന്ന പെണ്‍ പ്രസ്ഥാനമല്ലെന്ന് ഓര്‍മിപ്പിച്ചുകൊണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA