ADVERTISEMENT

പുതിയ ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനം ചര്‍ച്ച ചെയ്ത് പാസ്സാക്കവേ, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചു കയ്യടി നേടിയെങ്കിലും സഭയെ നടുക്കിയത് ഒരു യുവതിയുടെ വാക്കുകള്‍. അപ്രതീക്ഷിതവും നാടകീയവുമായ പ്രസംഗത്തിലൂടെ വന്‍ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ കടന്നാക്രമിച്ചും വിയോജിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഉയര്‍ത്തിപ്പിടിച്ചും അക്ഷരാര്‍ഥത്തില്‍ കത്തികയറുകയായിരുന്നു ആ സ്ത്രീശബ്ദം. 

ശബ്ദമുയര്‍ത്തി നിശ്ശബ്ദയാക്കാന്‍ ശ്രമിച്ചിട്ടും തളരാതെ, പരിഹസിച്ച് ഇരുത്താന്‍ ശ്രമിച്ചെങ്കിലും അവഗണിച്ച്, വാദങ്ങള്‍ അക്കമിട്ട് നിരത്തി സര്‍ക്കാരിനെ നിശ്ശബ്ദമാക്കിയ പെണ്‍ശബ്ദം. പടിഞ്ഞാറന്‍ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ഡനിന്ന് അരലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പാര്‍ലമെന്റില്‍ എത്തി കന്നി പ്രസംഗം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മോയിത്ര. 

സര്‍ക്കാരിന്റെ കണ്ണിലെ കരടായും പ്രതിപക്ഷത്തിന്റെ അഭിമാനമായും ഉദിച്ചുയര്‍ന്ന താരം. അടുത്തകാലത്ത് പാര്‍ലമെന്റ് സാക്ഷ്യം വഹിച്ച ഏറ്റവും ഉശിരന്‍ പ്രസംഗം. ഈ ലോകസഭയുടെ നന്ദി പ്രമേയ ചര്‍ച്ച ഇനി ഓര്‍ത്തിരിക്കുക ഒരുപക്ഷേ മഹുവയുടെ പേരിലായിരിക്കും, അവരുടെ വാക്കുകളുടെ ശക്തിയിലും ആശയത്തിന്റെ ഗാംഭീര്യത്തിലും അവതരണത്തിന്റെ ഊര്‍ജസ്വലതയിലും. 

നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കാന്‍ മഹുവ എഴുന്നേറ്റപ്പോള്‍ ഒരു സാധാരണ പ്രസംഗം എന്നേ എംപിമാര്‍ കരുതിയുള്ളൂ. പക്ഷേ, പെട്ടെന്നു തന്നെ അവര്‍ ആ വാക്കുകള്‍ക്ക് കാതോര്‍ത്തു. അതു വ്യത്യസ്തമായിരുന്നു. ഒപ്പം ശക്തവും ആരോപണങ്ങളുടെ  തീപ്പൊരി ചിതറുന്നതും ആത്മാര്‍ഥതയുടെ തിളക്കമുള്ളതും. ആ വാക്കുകള്‍ക്ക് അറിയാതെ സഭ കാതോര്‍ത്തു. 

''എന്‍ഡിഎ മുന്നണിക്കാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചിരിക്കുന്നത്. വന്‍ഭൂരിപക്ഷം. ഞാനത് അംഗീകരിക്കുന്നു. പക്ഷേ, അതിന്റെ അര്‍ഥം എതിര്‍പ്പുകള്‍ ഇല്ല എന്നല്ല. വിയോജിപ്പ് ഇല്ലാതായി എന്നല്ല. പ്രതിപക്ഷ നിര ശുഷ്കമാണ്. പക്ഷേ, അവരെ അവഗണിക്കാന്‍ പാടില്ല. ഞാനും അവരില്‍ ഒരാളാണ്. എനിക്കു പറയാനുണ്ട്. അതു കേള്‍ക്കേണ്ടത് ജനാധിപത്യത്തിന്റെ കടമയാണ്. ഉത്തരവാദിത്തമാണ്. ആ അവകാശത്തില്‍ ഞാന്‍ സംസാരിക്കട്ടെ. 

അഛേ ദിന്‍ വന്നുകഴിഞ്ഞുവെന്നാണ് നിങ്ങളില്‍ പലരും അവകാശപ്പെടുന്നത്. ഭൂരപക്ഷത്തിന്റെ ഈ സാമ്രാജ്യത്തിന്റെ സൂര്യന്‍ ഒരിക്കലും അസ്തമിക്കുകയില്ല എന്നും. പക്ഷേ, ചില അടയാളങ്ങള്‍ നിങ്ങളില്‍ പലരും കാണാതെ പോകുന്നു. ആ അടയാളങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുകയാണ് എന്റെ കടമ. ഫാഷിസം ഇവിടെയുണ്ട്. ഈ രാജ്യത്ത്. അതിന്റെ അടയാളങ്ങളും വ്യക്തമാണ്. ഞാന്‍ അക്കമിട്ടു പറയാം ആ അടയാളങ്ങള്‍ ഏതൊക്കെയെന്ന്. 

ദേശീയതയാണ് ആദ്യത്തേത്. ബിജെപി പ്രചരിപ്പിക്കുന്ന ദേശീയതയിലുള്ള അഭിമാനബോധം. അത് ഉപരിപ്ലവമാണ്. വ്യാജമാണ്. ഇടുങ്ങിയതാണ്. കൃതൃമമായി സൃഷ്ടിച്ചതാണ്. ദേശീയത നിങ്ങള്‍ വിഭജിക്കാനാണ് ഉപയോഗിക്കുന്നത്. ഒരുമിപ്പിക്കാനല്ല. ഇത് ഭരണഘടനയ്ക്കും വലിയ ഭീഷണി തന്നെയാണ്. 

ദേശീയ പൗരത്വ രജിസ്റ്റര്‍ ആണു രണ്ടാമത്തെ അടയാളം. അത് ലക്ഷ്യം വയ്ക്കുന്നതും വേട്ടയാടുന്നതും ഒരു സമുദായത്തെയൊണ്. അതേ, ഈ രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. 50 വര്‍ഷത്തിലധികം ഇവിടെ ജീവിച്ച ജനങ്ങളോട് ഈ രാജ്യത്തെ പൗരന്‍മാരാണെന്ന് തെളിയിക്കാന്‍ സാക്ഷ്യപത്രം ചോദിക്കുന്നു. ഇതേ രാജ്യത്തു തന്നെയാണ് കോളജില്‍ നിന്നുള്ള ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ കഴിയാത്ത മന്ത്രിമാരുള്ളതെന്ന് മറക്കരുത്. ഇവിടെ ജനിച്ച്, ഇവിടെ ജീവിച്ചവരെ ഈ മണ്ണില്‍ നിന്ന് ഒഴിവാക്കാനാണ് ബിജെപിയുടെ ശ്രമം. 

മനുഷ്യവകാശങ്ങളെ ബിജെപിക്ക് പുച്ഛമാണ്. എതിര്‍ക്കുന്നവരെയും വിയോജിക്കുന്നവരെയും അവഗണിക്കുന്നു. അവരെ വിസ്മരിക്കുന്നു. മറക്കരുത്; ഇത് ഫാഷിസത്തിന്റെ അടയാളം തന്നെ. 2014 നും 19 നും ഇടയില്‍ വെറുപ്പു മൂലമുള്ള കൊലപാതകങ്ങള്‍ പത്തിരട്ടിയായാണ് വര്‍ധിച്ചത്. മറ്റൊന്ന് മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ശ്രമം. എതിര്‍പ്പിനെ അടിച്ചമര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയാണ് അതും. മാധ്യമങ്ങളെ നിയന്ത്രിച്ച്, ഭരണകൂടത്തിന് ഇഷ്ടമുള്ള വാര്‍ത്തകള്‍ അവരിലൂടെ പ്രചരിപ്പിക്കാനാണ് ശ്രമം., അതും കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല. 

കേന്ദ്ര സര്‍ക്കാരിന്റെ യൂണിയന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നൂറിലധികം പേരെ നിയോഗിച്ചിരുന്നു ഈ തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിനെതിരെ വരുന്ന വാര്‍ത്തകള്‍ പരിശോധിക്കാന്‍ മാത്രം. തിരഞ്ഞെടുപ്പിലെ പോരാട്ടം യഥാര്‍ഥ പ്രശ്നങ്ങളായ കര്‍ഷകരുടെ കടക്കെണിയിലോ തൊഴിലില്ലായ്മയിലോ ഊന്നി ആയിരുന്നില്ല. പകരം വാട്സാപിലൂടെ പ്രചരിപ്പിച്ച കള്ളങ്ങളുടെ പേരിലായിരുന്നു. കുടുംബാധിപത്യത്തെ ബിജെപി നിരന്തരമായി കുറ്റം പറയുന്നു. പക്ഷേ കോണ്‍ഗ്രസ് 36 പേരെ നേതാക്കളുടെ കുടുംബത്തില്‍നിന്നു മല്‍സരിപ്പിച്ചപ്പോള്‍ ഒട്ടും പിറകിലാകാതെ ബിജെപി 31 പേരെ അണിനിരത്തി. എവിടെയാണ് വ്യതാസം. ഇതാണോ കുടുംബാധിപത്യത്തിനെതിരായ സമരം? 

ദേശീയ സുരക്ഷയാണ് മറ്റൊരു ചര്‍ച്ചാവിഷയം. ആരോ എപ്പോഴും നമ്മളെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നു എന്നൊരു ഭീതി സൃഷ്ടിക്കുകയാണ് ഈ പ്രചാരണത്തിലൂടെ ചെയ്യുന്നത്. സൈന്യത്തിന്റെ മുഴുവന്‍ നേട്ടത്തിന്റെയും ഉത്തരവാദിത്തം ഇവിടെ ഒരാള്‍ മാത്രം കവര്‍ന്നെടുക്കുന്നു. ഇപ്പോഴല്ലേ സൈന്യത്തിനു നേരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നത്. 

ചരിത്രത്തില്‍ ഒരുകാലത്തും മതത്തെ ഇതേരീതിയിലില്‍ ഭരണം നേടാന്‍ ഉപയോഗിച്ചിട്ടില്ലെന്നും മനസ്സിലാക്കണം. 2.77 ഏക്കറിലുള്ള രാമജന്‍മഭൂമിയെക്കുറിച്ചുമാത്രം നമ്മുടെ എംപിമാര്‍ ചിന്തിക്കുക എന്നതുതന്നെ വിരോധാഭാസമാല്ലേ. അപ്പോള്‍ അവര്‍ മറക്കുന്നത് 80 കോടി ജനങ്ങളെയാണ്. കലകളോടുള്ള പുച്ഛവും എടുത്തുപറയണം. സാംസ്കാരിക നായകന്‍മരെയും ബുദ്ധിജീവികളെയും അവഗണിക്കുന്നതും ഒതുക്കുന്നതും. പുതിയ കാലത്തേക്കല്ല, ഇരുണ്ട യുഗത്തിലേക്കാണ് ബിജെപി നമ്മെ നയിക്കുന്നത്. എന്‍ഡിഎ സര്‍ക്കാരും. അവസാനമായി, ഇലക്‌ഷന്‍ കമ്മിഷനെപ്പോലും ബിജെപി തങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചു. രാജ്യത്ത് ഇത്തവണ ഏറ്റവും കൂടുതല്‍ പണം ഉപയോഗിച്ചത് ഏതു പാര്‍ട്ടിയാണെന്ന് എല്ലാവര്‍ക്കും അറിയാം. എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട്. എന്നിട്ടും ഇലക്‌ഷന്‍ കമ്മിഷന്‍ എന്തു ചെയ്തു ? 

വിയോജിക്കാന്‍ എനിക്ക് അവകാശമുണ്ട്. ഞാന്‍ വിയോജിക്കുന്നു. ശക്തമായിത്തന്നെ.... കരഘോഷത്തിനിടെ മഹുവ മോയിത്ര പറഞ്ഞുനിര്‍ത്തി. മുമ്പ് എംഎല്‍എ ആയിരുന്നപ്പോഴും മോദി സർക്കാരിനെതിരെ നിരന്തര പോരാട്ടത്തിലായിരുന്നു മഹുവ. ഇപ്പോള്‍ പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ അവര്‍ ആ പോരാട്ടത്തിനു ശക്തി കൂട്ടിയിരിക്കുന്നു. പ്രതിപക്ഷത്തിന്റെ ശബ്ദമായും വികാരമായും വിചാരമായും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com