ADVERTISEMENT

രാജ്യം അഭിമാനമായി കരുതുന്ന മെഡലുകളും ധനസഹായവും ജൂഡോ താരം തങ്കം തബാബി ദേവിക്കു പകർന്നുനൽകുന്നതു സന്തോഷം മാത്രമല്ല, ആശ്വാസം കൂടിയാണ്. വിദ്യാഭ്യാസത്തിനും പരിശീലനത്തിനും വേണ്ടി പല ഘട്ടങ്ങളിലായി എടുത്ത കടം തിരിച്ചടയ്ക്കാനും വാസയോഗ്യമായ വീടുണ്ടാക്കാനുമെല്ലാം ഓരോ മെഡലും തബാബിയെ സഹായിക്കുന്നു. ഒപ്പം തങ്ങളുടെ കഠിനാധ്വാനത്തിനു ഫലമുണ്ടായെന്ന സംതൃപ്തി മാതാപിതാക്കൾക്കും ലഭിക്കുന്നു. ഏറ്റവും ഒടുവിലായി തായ്പെയിൽ നടന്ന ഏഷ്യൻ ഓഷ്യാനിയ കേഡറ്റ് ആൻഡ് ജൂനിയർ ചാംപ്യൻഷിപ്പിലെ ഒന്നാം സ്ഥാനം തബാബിയുടെ കിരീടത്തിലെ പുതിയ പൊൻതൂവലാണ്. ഒളിംപിക്സ് ഉൾപ്പെടെ വരാനിരിക്കുന്ന വലിയ മൽസരങ്ങളിലെ വിജയത്തിലേക്കു ചവിട്ടുപടിയും.

അർജന്റീനയിലെ ബ്യൂനസ് ഐറിസിൽ കഴിഞ്ഞവർഷം നടന്ന യൂത്ത് ഒളിംപിക്സ് മൽസരമാണ് തബാബിയുടെ ജീവിതത്തിലെ വഴിത്തിരിവ്. അന്നു കഠിനാധ്വാനത്തിനൊടുവിൽ നേടിയ വെള്ളി രാജ്യത്തിനു സമ്മാനിച്ചത് ഭാവിയുടെ പ്രതീക്ഷയായ പുതിയൊരു താരത്തെ. മണിപ്പൂരിൽനിന്നുള്ള തബാബിയുടെ ജീവിതം അതോടെ പുതിയൊരു ഘട്ടത്തിലേക്കു പ്രവേശിക്കുകയും ചെയ്തു. ദാരിദ്ര്യവും കഷ്ടപ്പാടും ദുഃഖവും നിറഞ്ഞ ജീവിതത്തിൽനിന്ന് പ്രകാശത്തിലേക്കും അംഗീകാരങ്ങളിലേക്കുമുള്ള സ്വാഗതാർഹമായ മാറ്റം. ജൂഡോയിൽ യൂത്ത് ഒളിംപിക്സിൽ വെള്ളി മെഡൽ നേടുന്ന രാജ്യത്തെ ആദ്യത്തെ പെൺകുട്ടിയാണ് 17 വയസുകാരിയായ തങ്കം തബാബി ദേവി. അതിനുമുമ്പ് സീനിയർ,ജൂനിയർ തലങ്ങളിൽ മറ്റാരും വെളളി മെഡൽ നേടിയിട്ടില്ല. 

തങ്കം തബാബി ദേവി വളർന്നുവന്നതു ദാരിദ്ര്യത്തിലും കഷ്ടപ്പാടുകളിലും കൂടിയാണ്. അച്ഛൻ തോയിബ സിങ് ദിവസവേതനക്കാരനാണ്. അമ്മ കമല ദേവിക്കു മീൻകച്ചവടവും. രണ്ടുപേർക്കുംകൂടി ഒരു ദിവസം ലഭിക്കുന്നതു 300 രൂപയോളം. തുച്ഛമായ പണത്തിൽ നിന്നു മിച്ചം പിടിക്കുന്നതുകൊണ്ടാണ് അവർ തബാബിയെ പഠിപ്പിച്ചതും കായികരംഗത്തെ അറിയപ്പെടുന്ന താരമാക്കിയതും. പലപ്പോഴും പലരിൽനിന്ന് പണം കടം വാങ്ങിയിട്ടുണ്ട്. ആ ഇനത്തിൽ ഇപ്പോഴും പണം കൊടുത്തുതീർക്കാനുമുണ്ട്. തബാബിക്ക് ഓരോ മെഡലു കിട്ടുമ്പോഴും ഏറ്റവും സന്തോഷിക്കുന്നതും കുടുംബം തന്നെ. ദാരിദ്ര്യത്തിൽനിന്നുള്ള മോചനം. കടക്കെണിയിൽനിന്നുള്ള കരകയറൽ. അവർ ഇപ്പോൾ സ്വപ്നം കാണുന്നതാകട്ടെ വരാൻപോകുന്ന ഒളിംപിക്സിലെ സ്വർണമെഡലും. 

യൂത്ത് ഒളിംപിക്സിനു മുമ്പുള്ള എന്റെ ജീവിതം ആകെ ദുരിതമയമായിരുന്നു. അച്ഛനമ്മമാർ കടമെടുത്ത പണം തിരിച്ചടക്കേണ്ടിയിരുന്നു. പരിശീലനം തുടരേണ്ട അടിയന്തര സാഹചര്യവും. ഇന്ത്യാ ഗവൺമെന്റിൽനിന്നും ഒളിംപിക് അസോസിയേഷനിൽനിന്നും ലഭിച്ച സഹായംകൊണ്ട് കടങ്ങൾ ഒന്നൊന്നായി വീട്ടി. വീടിനോടു ചേർന്ന് ഒരു അടുക്കളയും നിർമിച്ചു–തബാബിയുടെ വാക്കുകളിൽ അതിരില്ലാത്ത സന്തോഷം. 

തനിക്കുവേണ്ടി നിസ്വാർഥമായി അധ്വാനിച്ച അച്ഛനമ്മമാരെ സഹായിക്കാൻ കഴിഞ്ഞതിലുള്ള സംതൃപ്തിയും. 

ജൂഡോയിൽ ജപ്പാനിൽനിന്നുള്ള ഇതിഹാസ താരം റ്യോക്കോ തമുറയാണ് തബാബിക്ക് ഏറ്റവും ആരാധന തോന്നിയിട്ടുള്ള താരം. ഇനി 2024 ൽ നടക്കുന്ന പാരിസ് ഒളിംപിക്സാണ് ലക്ഷ്യം. പക്ഷേ അതിനുമുമ്പ് യോഗ്യതാ മൽസരങ്ങളിൽ മികച്ച പ്രകടനം നടത്തണം. കഴിവു തെളിയിക്കണം. ഒളിംപിക് സംഘത്തിൽ ഉൾപ്പെടണം. ആ നേട്ടം രാജ്യത്തിന് അഭിമാനകരമാകുമെന്നു മാത്രമല്ല, തബാബിയുടെ ജീവിതത്തിൽ കൂടുതൽ സകര്യങ്ങളും ആനയിക്കും. കുറേക്കൂടി മെച്ചപ്പെട്ട ജീവിതത്തിലേക്ക് ഒരു കാൽവയ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com