ADVERTISEMENT

ഇരകള്‍ക്കുവേണ്ടിയാണു നിലകൊള്ളുന്നതെന്ന് ആവര്‍ത്തിക്കാറുണ്ടെങ്കിലും നിയമവ്യവസ്ഥയില്‍ നിന്നു നീതി ലഭിക്കാത്തതിന്റെ അനുഭവ കഥകള്‍ ഇന്നും പറയാനുണ്ട് ഇരകള്‍ക്ക്. ക്രൂരതകള്‍ കോടതിയിലെത്തുകയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നില്ല എന്നല്ല ഇരകള്‍ പറയുന്നത്. ചില കേസുകളിലെങ്കിലും നീതിപൂര്‍വമായ വിചാരണ നടക്കാറുണ്ട്. കുറ്റവാളികളില്‍ ചിലര്‍ക്കെങ്കിലും അര്‍ഹമായ ശിക്ഷയും ലഭിക്കാറുണ്ട്. പക്ഷേ ഓരോദിവസവും തങ്ങള്‍ കടന്നുപോകുന്നത് ഭീകരമായ നിമിഷങ്ങളിലൂടെയാണെന്നും ദുസ്വപ്നം പോലുള്ള ദിവസങ്ങളിലൂടെയാണെന്നും പറയുന്നു ഇരകള്‍. അവരുടെ തീരാത്ത സങ്കടകഥകള്‍ ഒരിക്കല്‍ക്കൂടി വെളിച്ചത്തുവന്നിരിക്കുകയാണ്; സ്കോട്‍ലന്‍ഡിലെ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലൂടെ. 

പുതിയ പഠന റിപ്പോര്‍ട്ട് അത്യന്തം ഗൗരവമുള്ളതാണ്; സമൂഹത്തിനുള്ള മുന്നറിയിപ്പും. തങ്ങളെ സമൂഹം മുഴുവന്‍ പൂര്‍ണമായും ഉപേക്ഷിക്കുകയാണ് എന്ന തോന്നലാണ് ഇരകള്‍ക്കുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ലൈംഗിക ആക്രമണങ്ങള്‍ക്കു വിധേയരായ  17 ഇരകളോട് സംസാരിച്ചും അവരുടെ അനുഭവങ്ങള്‍ പഠിച്ചുമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സ്കോട്ടിഷ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് റിപ്പോർട്ട് തയാറാക്കിയത്.

ഉദ്യോഗസ്ഥരുടെ നിസ്സഹകരണമാണ് ഇരകള്‍ എടുത്തുപറയുന്ന ഒരു പ്രധാന പ്രശ്നം. പലപ്പോഴും പ്രശ്നങ്ങള്‍ യഥാവിധി കേള്‍ക്കാനോ പൂര്‍ണമായി രേഖപ്പെടുത്താനോ അനുബന്ധവിവരങ്ങള്‍ ചോദിച്ചറിയാനോ തയാറാകാത്ത ഉദ്യോഗസ്ഥരെക്കുറിച്ചുള്ള പരാതി. നീണ്ടുപോകുന്ന വിചാരണയും നിയമനടപടികളുടെ നൂലാമാലകളുമാണ് മറ്റൊരു പ്രശ്നം. തങ്ങള്‍ നിയമവ്യവസ്ഥയ്ക്കു പുറത്താണെന്ന് ഇരകള്‍ക്കു തോന്നുന്ന വിധത്തിലാണ് പലപ്പോള്‍ നടപടിക്രമങ്ങള്‍ നീളുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. 

സ്കോട്‍ലന്‍ഡിലെ ജസ്റ്റിസ് സെക്രട്ടറി ഹംസ യൂസഫിന്റെ അഭിപ്രായത്തില്‍ സമൂഹത്തിന്റെ മനോഭാവത്തിനു മാറ്റം വരണം; നിയമവ്യവസ്ഥയ്ക്കും. കുറേക്കൂടി ദയയും സഹാനുഭൂതിയും നിമയവ്യവസ്ഥയ്ക്ക് ഉണ്ടാകണമെന്നാണ് തന്റെ നിര്‍ദേശമെന്നും എന്നാല്‍ അത് ഒറ്റരാത്രി കൊണ്ടു സംഭവിക്കുന്നതല്ലെന്നും കൂടി അദ്ദേഹം വിശദീകരിക്കുന്നു.

ഇരകളില്‍ പലരും പൂര്‍ണായും തയാറായിട്ടായിരിക്കില്ല കോടതികളില്‍ എത്തുന്നത്. പ്രതിഭാഗം അഭിഭാഷകരുടെ ചോദ്യങ്ങളാകട്ടെ അവരെ തളര്‍ത്തുന്നതുമായിരിക്കും.  നിരന്തരമായ ചോദ്യങ്ങള്‍ കഴിയുന്നതോടെതന്നെ പലര്‍ക്കും ആത്മവിശ്വാസം നഷ്ടപ്പെടുന്നു. പല കേസുകളിലും ഇര തന്നെയാണ് സാക്ഷിയും. അതായത് അവര്‍ക്കുവേണ്ടി സാക്ഷി പറയാന്‍ മറ്റൊരാള്‍ കാണില്ല. 

2017 ഏപ്രിലില്‍ പോപ്പി എന്ന യുവതി അവരുടെ കുടുംബത്തിനൊപ്പം താമസിക്കുന്ന സുഹൃത്തിനെക്കുറിച്ച് ലൈംഗികാരോപണം ഉന്നയിക്കുകയുണ്ടായി. കേസ് കോടതിയില്‍ വന്നതാകട്ടെ 666 ദിവസങ്ങള്‍ക്കുശേഷം; വിചാരണയുടെ രണ്ടാം ദിനം കോടതി കേസ് ഉപേക്ഷിക്കുകയും ചെയ്തു. സംഭവം പൂര്‍ണമായും തന്നെ തളര്‍ത്തിയെന്നു പറയുന്നു പോപ്പി, നിയമവ്യവസ്ഥ  കൈവിട്ടെന്നും. 

സംഭവം ഉണ്ടായപ്പോള്‍ താന്‍ പൊലീസ് സ്റ്റേഷനില്‍ റിപോര്‍ട്ട് ചെയ്തു എന്നു പറയുന്നു പോപ്പി. ‘ ഗംഭീരം’ എന്നായിരുന്നത്രേ ഉദ്യോഗസ്ഥരുടെ പ്രതികരണം. മൊഴികള്‍ എടുത്തു. ഫൊറന്‍സിക് പരിശോധനയും പൂര്‍ത്തിയാക്കി. പ്രതിയെ അറസ്റ്റ് ചെയ്തു. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ അവര്‍ കാത്തിരുന്നു; കോടതി നടപടികള്‍ തുടങ്ങാന്‍. 2017 അവസാനം കേസ് മറ്റൊരു ജഡ്ജിക്കു കൈമാറി. ഒടുവില്‍ അടുത്തവര്‍ഷം ഫെബ്രുവരിയായി കേസ് നടപടി തുടങ്ങാന്‍. രണ്ടുവര്‍ഷത്തിനിടെ കേസിനുവേണ്ടി ജോലിയില്‍നിന്ന് അവധിയെടുക്കുക കൂടി ചെയ്തതോടെ കുടുംബം തകര്‍ന്നെന്നും പ്രതിസന്ധിയിലായെന്നും പറയുന്നു പോപ്പി. ഒടുവില്‍ മതിയായ തെളിവുകളില്ലാതെ കേസ് ഉപേക്ഷിച്ചു. നികുതിദായകരുടെ പണം നഷ്ടപ്പെടുത്തി കേസ് നടപടി നീണ്ടതിനെക്കുറിച്ചായിരുന്നു നിയമവ്യവസ്ഥയുടെ ഉത്കണ്ഠ. 

ലൈംഗികാക്രമണങ്ങള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ വര്‍ധിച്ചു; പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംഭവങ്ങളുടെ എണ്ണവും കൂടി. പക്ഷേ, ഇരകള്‍ അവര്‍ വ്യവസ്ഥയ്ക്കു പുറത്താണെന്നുതന്നെ ഇപ്പോഴും വിശ്വസിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com