sections
MORE

ഈ ചിത്രം ഒന്നു കണ്ടു മറക്കാനുള്ളതല്ല; 60 അടി ഉയരത്തിൽ ഗ്രെറ്റയുടെ ചുവർച്ചിത്രം

60-foot tall mural of Greta Thunberg. Photo Credit : Twitter by Mounira Baraka
ഗ്രെറ്റ ട്യൂൻബെർഗിന്റെ ചുവർ ചിത്രം : ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

സാന്‍ഫ്രാന്‍സിസ്കോയില്‍ എത്തുന്നവരെ ഇനി സ്വീകരിക്കുക ഒരു ചുവര്‍ചിത്രമായിരിക്കും. 60 അടി ഉയരത്തിലുള്ള വലുപ്പമേറിയ ചിത്രം. സൗന്ദര്യത്തിന്റെയോ അഴകിന്റെയോ കലാ ചാതുരിയുടെയോ പേരിലായിരിക്കില്ല ആ ചിത്രം ശ്രദ്ധിക്കപ്പെടുന്നത്. എന്നോ മരിച്ചുപോയ ചരിത്ര നായകന്റെയോ നായികയുടെയോ, ആരാധിക്കപ്പെടുന്ന ദൈവങ്ങളുടേതുമല്ല ആ ചിത്രം. അത് ജീവിച്ചിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രമാണ്. സ്വീഡനില്‍നിന്നുള്ള കൗമാരക്കാരിയുടേത്. ഇതിനോടകം ശ്രദ്ധ പിടിച്ചുപറ്റിയ കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ ട്യൂൻബെർഗിന്റേത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സാന്‍ഫ്രാന്‍സിസ്കോ തെരുവില്‍ ചിത്രം അനാവരണം ചെയ്തത്. തുറിച്ചുനോക്കുന്ന ഗ്രെറ്റയുടെ ചിത്രം ലോകത്തെ ഓര്‍മിപ്പിക്കുന്നത് ഒന്നു മാത്രം- കാലാവസ്ഥാ മാറ്റങ്ങള്‍ എത്രമാത്രം അപകടരമാകാമെന്ന്. മനുഷ്യവംശത്തിന്റെ ഭാവിക്കു തന്നെ ഭീഷണിയായേക്കാമെന്ന്. 

ബുധനാഴ്ച അമേരിക്കയില്‍നിന്ന് സ്പെയിനിലെ മാഡ്രിഡിലേക്ക് പോകുകയാണ് ഗ്രെറ്റ. ഐക്യരാഷ്ട്ര സംഘടനയുടെ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍. തീരുമാനം ഗ്രെറ്റ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ചുവര്‍ചിത്രം സ്ഥാപിക്കപ്പെട്ടതും. മാഡ്രിഡിലേക്ക് വിമാനത്തിലല്ല ഗ്രെറ്റ പോകുന്നത്. വിമാനങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം ഒഴിവാക്കാനാണ് വിമാനയാത്ര ഗ്രെറ്റ വേണ്ടെന്നുവച്ചതും. അര്‍ജന്റീനയില്‍നിന്നുള്ള തെരുവുചിത്രകാരന്‍ ആന്‍ഡ്രെ പെട്രെസെല്ലിയാണ് ചിത്രം വരച്ചത്. ഇതാദ്യമായാണ് ഒരു രാഷ്ട്രീയ പ്രശ്നത്തെ അടിസ്ഥാനമാക്കി പെട്രെസെല്ലി ചിത്രം വരയ്ക്കുന്നതും. 

പക്ഷേ, ഇത്, ഗ്രെറ്റയുടെ ചിത്രം എനിക്ക് ഒഴിവാക്കാന്‍ ആകുമായിരുന്നില്ല. ഈ ചിത്രത്തിനോട് എനിക്ക് ബന്ധമുണ്ട്. ഈ പതിനാറുകാരിയുടെ ചിത്രം അസാധാരണമായിരിക്കുന്നത് ഇതുവരെ ഞാന്‍ വരച്ച ഏറ്റവും ശക്തമായ രാഷ്ട്രീയ സന്ദേശം ഇതിലുണ്ട് എന്നതുകൊണ്ടാണ്- പെട്രെസെല്ലി പറയുന്നു. മുന്‍കാല നടന്‍ റോബിന്‍ വില്യംസിന്റെ ചിത്രം നേരത്തെ പെട്രെസെല്ലി വരച്ചിരുന്നു. വണ്‍ അറ്റ്മോസ്ഫിയര്‍ ഓര്‍ഗ് എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ സ്കോട്ടാണ് ചിത്രം സ്ഥാപിക്കാനുള്ള സാമ്പത്തികസഹായം നല്‍കിയത്. കാലാവസ്ഥാ മാറ്റത്തെത്തുടര്‍ന്നുള്ള ഭീഷണികളെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കുന്നതില്‍ പോള്‍ സ്കോട്ട് സജീവമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. ഈ ചിത്രം ഒന്നു കണ്ടു മറക്കാനുള്ളതല്ല. ചിത്രത്തിലേക്കു നോക്കുന്ന ആരും ഒരുനിമിഷമെങ്കിലും ഒന്നു നില്‍ക്കും. അത്യാവശ്യമായി ഓരോ മനുഷ്യരും എന്താണ് ചെയ്യേണ്ടതെന്ന് ഓരോരുത്തരെയും ഓര്‍മിപ്പിക്കും- പോള്‍ സ്കോട്ട് പറയുന്നു. 

കഴിഞ്ഞ ഓഗസ്റ്റ് 28 ന് ബോട്ടിലാണ് സ്വീഡനില്‍നിന്ന് ഗ്രെറ്റ അമേരിക്കയില്‍ എത്തിയത്. സെപ്റ്റംബറില്‍ നടന്ന ഐക്യരാഷ്ട്ര സംഘടനാ യോഗത്തില്‍ പങ്കെടുക്കാനായിരുന്നു സന്ദര്‍ശനം. കഴിഞ്ഞ മൂന്നു മാസമായി വടക്കേ അമേരിക്കയില്‍തന്നെയായിരുന്നു താമസം. ചൊവ്വാഴ്ചത്തെ ട്വിറ്റര്‍ സന്ദേശത്തില്‍ ബുധനാഴ്ച രാവിലെയോടെ വെര്‍ജീനിയയില്‍നിന്ന് അറ്റ്ലാന്റിക്കിനു കുറുകെ ബോട്ടില്‍ യാത്ര തിരിക്കുമെന്ന് ഗ്രെറ്റ വ്യക്തമാക്കിയിട്ടുണ്ട്. 

English Summary : A massive portrait of Greta Thunberg gazed down onto San Francisco

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA