sections
MORE

ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ; ദാമ്പത്യ ജീവിതത്തിൽ അദ്ഭുതകരമായ മാറ്റം കാണാം!

healthy-relationship
SHARE

ദാമ്പത്യ ബന്ധത്തിൽ പൊതുവെ പുരുഷൻമാരെക്കാൾ കൂടുതൽ സ്ത്രീകളാണ് പ്രശ്നങ്ങൾ നേരിടുന്നത്. ജോലി, കുടുംബം, കുട്ടികൾ ഇതെല്ലാം ഒരുമിച്ചു കൊണ്ടുപോകുന്നത് പലപ്പോഴും ശ്രമകരമായ ദൗത്യമായിരിക്കും. എന്നാൽ, പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് ബന്ധങ്ങളിൽ വിള്ളല്‍  വരുന്നതെന്ന് വ്യക്തം. യഥാർഥ ജീവിതം എന്നത് നമ്മൾ വായിക്കുന്ന  നോവലോ നാടകമോ പോലെയല്ല. അതിൽ അമിതമായ പ്രതീക്ഷകളൊന്നും അരുതെന്നാണ് വിദഗ്ധർ പറയുന്നത്. പങ്കാളിയില്‍ നിന്നും എന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെന്നും നിങ്ങളിൽ നിന്നും എന്താണ് പങ്കാളി പ്രതീക്ഷിക്കുന്നതെന്നും തിരിച്ചറിയാൻ കഴിയുക എന്നതാണ് പ്രധാനകാര്യം.

നല്ല ബന്ധത്തിനായി എപ്പോഴും സ്ത്രീകൾ അവരെ തന്നെ ശ്രദ്ധിക്കുക. ശാരീകമായും മാനസീകമായും കൂടുതൽ ധൈര്യവും ആത്മവിശ്വാസവും ഉള്ളവരായി മാറുക എന്നതാണ് ഏറ്റവും പ്രധാനകാര്യം. ശാരീരികവും മാനസീകവുമായി ആരോഗ്യമുള്ളവരാണെങ്കിൽ നമ്മൾ ഏത് പ്രശ്നങ്ങളും തരണം ചെയ്യും. മുഖവും ശരീരവും എപ്പോഴും പ്രസന്നമായിരിക്കണം. ഭൂരിഭാഗം പുരുഷൻമാരും സന്തോഷമുള്ള സ്ത്രീകളെയാണ് തിരയുന്നതെന്നു മറക്കരുത്.

പങ്കാളിയെ എപ്പോഴും പിന്തുടരുന്നത് ഒരു നല്ല സ്വഭാവമല്ല. അത് അവരെ നിങ്ങളിൽ നിന്നും അകറ്റും. സ്നേഹ കൂടുതൽ കാരണം ഭൂരിഭാഗം സ്ത്രീകളിലും കാണുന്ന ഒരു പ്രവണതയാണ് ഇത്. നിങ്ങളെ സ്നേഹിക്കാൻ അവരെ നിർബന്ധിക്കരുത്. തിരിച്ച് പ്രതീക്ഷിക്കാതെ സ്നേഹിച്ചു നോക്കൂ. അദ്ഭുതകരമായ മാറ്റം ബന്ധങ്ങളിൽ നിങ്ങൾക്ക് കാണാൻ സാധിക്കും. ശാരീകമായും മാനസീകമായും പങ്കാളിയുടെ ശ്രദ്ധ പിടിച്ചു പറ്റാൻ സാധിക്കണം. പോസിറ്റീവ് ചിന്തകളിലൂടെയും നല്ല വസ്ത്രധാരണത്തിലൂടെയും നിങ്ങൾക്കതിനു സാധിക്കും. അങ്ങനെ സാധിച്ചാൽ അത്തരം ബന്ധങ്ങൾ ദീർഘകാലം നിലനിൽക്കുന്നവയായിരിക്കും. 

നിങ്ങൾ ഒരാളെ തീവ്രമായി സ്നേഹിക്കുന്നു എന്നത് നിങ്ങളുടെ ജീവിത ലക്ഷ്യങ്ങൾ  ഇല്ലാതാക്കുന്നതിനുള്ള കാരണമായി മാറരുത്. ആത്മാർഥമായി സ്നേഹിക്കണം. പക്ഷേ, ഒരിക്കലും നിങ്ങളെയോ നിങ്ങളുടെ സ്വപ്നങ്ങളെയോ മറക്കരുത്. സാമൂഹ്യ ഇടപെടലുകൾ പലപ്പോഴും തന്റെ പങ്കാളിക്കു വേണ്ടി സ്ത്രീകൾ ഒഴിവാക്കും. എന്നാൽ അതൊരു നല്ല തീരുമാനമല്ല. അത്തരം ഇടപെടലുകളിൽ നിന്നും വിട്ടുനിൽക്കുമ്പോൾ മാനസീക പിരിമുറുക്കത്താൽ പൊട്ടിത്തെറികൾ ഉണ്ടാകുകയും ബന്ധം തകരാൻ  ഇടയാകുകയും ചെയ്യുന്നു. പക്ഷേ, പങ്കാളിക്ക് ബന്ധത്തിൽ അരക്ഷിതാവസ്ഥ ഉണ്ടാകരുത്. തുല്യപ്രാധാന്യത്തോടെ കൊണ്ടു പോകാൻ ശ്രമിക്കുക. 

പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടുക എന്നത് ഒന്നിനും പരിഹാരമല്ല. പരിഹാരം കണ്ടെത്തുക എന്നതാണ് പ്രധാനകാര്യം. സംസാരത്തിലുടെ ചെറിയ പ്രശ്നങ്ങൾ പരിഹരിക്കുക. അങ്ങനെ പരിഹരിക്കാൻ കഴിയാതെ വരുമ്പോഴാണ് ചെറിയ പ്രശ്നങ്ങൾ വലിയ പ്രശ്നങ്ങളായി മാറുന്നത്. 

പങ്കാളിയോടു സംസാരിക്കാനായി ഒരു ദിവസത്തിൽ അൽപ സമയമെങ്കിലും കണ്ടെത്തേണ്ടത് അനിവാര്യമാണ്. മിക്കവാറും ഈ പ്രശ്നം നേരിടുന്നത് ജോലി ചെയ്യുന്ന സ്ത്രീകളാണ്. അവർക്ക് പലപ്പോഴും സമയം തികയാതെ വരും. ഉറങ്ങുന്നതിനു മുൻപ് അന്നത്തെ വിശേഷങ്ങളെങ്കിലും പറയാൻ ശ്രമിക്കുക. 

ബഹുമാനം നൽകുക, ബഹുമാനം സ്വീകരിക്കുക. സ്ത്രീയോ പുരുഷനോ ആകട്ടെ നിങ്ങളൊരു ബഹുമാനം അർഹിക്കുന്നുണ്ട്. ബഹുമാനം ലഭിക്കുന്നതും നഷ്ടമാകുന്നതും നമ്മുടെ പെരുമാറ്റ രീതിയനുസരിച്ചാണ്. ഒരു പരിധി വരെ അതു ശരിയാണ്. നിങ്ങളുടെ ബഹുമാനം നിങ്ങളുടെ കൈകളിൽ തന്നെയാണ്. കാരണം ബഹുമാനം നൽകിയാൽ തീർച്ചയായും നിങ്ങൾക്കു പങ്കാളിയിൽ നി്നും അത് ലഭിക്കുകയും ചെയ്യും. പരസ്പരം മനസ്സിലാക്കി ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകാം.

ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടത് ഒരാളുടെ മാത്രം കടമയല്ല. രണ്ടുപേരും തുല്യതയോടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുക എന്ന പൊതുതത്വം മാറ്റി നിർത്തി 100 ശതമാനം ഉത്തരവാദിത്തവും ഏറ്റെടുക്കാൻ സന്നദ്ധതയുള്ളവരായി എപ്പോഴും നിന്നാൽ ആർക്കും അത് ഭാരമായി  തോന്നില്ല. മാത്രമല്ല, നിങ്ങളുെട താത്പര്യമനുസരിച്ച് പങ്കാളിയുടെ താത്പര്യം മാറ്റാൻ ശ്രമിക്കരുത്. ശാരീരികമോ മാനസീകമോ വൈകാരികമോ ആയി മുറിവേൽപ്പിക്കാതിരിക്കുകയും എപ്പോഴും സത്യസന്ധമായി നിലകൊള്ളുകയും ചെയ്യുക. സ്നേഹത്തിന്റെ കാര്യത്തിൽ ഒരു പരിധി വരെ സ്വാർഥത കാണിക്കരുത്. ഇത്തരം സ്വാർഥ മനോഭാവം പുരുഷൻമാരെ പലപ്പോഴും  നിങ്ങളിൽ നിന്നും അകറ്റും. 

ചിന്തയിലെ വൈരുദ്ധ്യം സ്വീകരിക്കാൻ ശ്രമിക്കുക. പലകാര്യങ്ങളിലും അവരുടെ അഭിപ്രായം കൂടി കണക്കിലെടുക്കുക. പങ്കാളിക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നതിലൂടെ നിങ്ങൾക്ക് അവരുടെ സ്നേഹം കൈപ്പറ്റാൻ സാധിക്കും. നല്ലകാര്യങ്ങൾ ചെയ്യുമ്പോൾ അഭിനന്ദിക്കാൻ മടികാണിക്കരുത്. എല്ലാത്തിലും ഉപരിയായി ഒരു നാടക റാണിയായി ജീവിക്കാതിരിക്കുക. സത്യസന്ധമായി  ജീവിക്കുന്നതിലുടെ  നിങ്ങളുടെ ജീവിതം മനോഹരമാക്കാം

English Summary: Worthy Relationship Advice for Women

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA