ADVERTISEMENT

പ്രതീക്ഷയ്ക്കപ്പുറം നീണ്ടുപോയ ലോക്ഡൗണ്‍ കുടുംബങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ സമാനതകളില്ലാത്ത ക്രൂരതകള്‍ക്കും കൂടിയാണ് സാക്ഷ്യം വഹിച്ചത്. കുടുംബാംഗങ്ങള്‍ വീടുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് ചിലയിടങ്ങളില്‍ അപൂര്‍വമായ ഒത്തുചേരലുകള്‍ക്കും സന്തോഷ സമാഗമങ്ങള്‍ക്കും സാക്ഷ്യം വഹിച്ചപ്പോള്‍ തന്നെയാണ് മറ്റുചിലയിടങ്ങളില്‍ ക്രൂരതകള്‍ക്കും അപമര്യാദകള്‍ക്കും കൂടി വേദിയായത്. ഇക്കഴിഞ്ഞ ദിവസം സുപ്രീംകോടതി ജഡ്ജി എന്‍.വി. രമണ ഇക്കാര്യം സൂചിപ്പിച്ച് രംഗത്തെത്തി. നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയാണ് ജസ്റ്റിസ് രമണ. സുപ്രീം കോടതിയില്‍ സീനിയോറിറ്റിയില്‍ രണ്ടാമനും. 

ലോക്ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ഹനിക്കപ്പെട്ടത് കുട്ടികളുടെ അവകാശങ്ങളാണെന്നു പറയുന്നു ജസ്റ്റിസ് രമണ. സ്ത്രീകളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും അവകാശങ്ങളും ലംഘിക്കപ്പെട്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനെതിരെ ശക്തവും സമഗ്രവുമായ കര്‍മപദ്ധതി വേണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. 

കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്സ് ഇനിഷ്യേറ്റീവ് എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് തയാറാക്കിയ ‘ ഹാന്‍ഡ്ബുക് ഓഫ് ഫോര്‍മാറ്റ്സ്: എന്‍ഷ്യുറിങ് ഇഫക്റ്റീവ് ലീഗല്‍ സര്‍വീസസ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ നടത്തിയ മുഖ്യപ്രഭാഷണത്തിലാണ് ജസ്റ്റിസ് രമണ ലോക്ഡൗണ്‍ കാലത്തെ മനുഷ്യാവകാശ ലംഘനങ്ങളിലേക്കും വിരല്‍ ചൂണ്ടിയത്. വെബിനാര്‍ വഴിയായിരുന്നു പുസ്തക പ്രകാശനം. 

ആയിരങ്ങള്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു. അതിലുമേറെപ്പേര്‍ക്ക് തൊഴില്‍ ഇല്ലാതായി. ഇതു പല രീതിയിലുള്ള മനഃശാസ്ത്ര പ്രശ്നങ്ങളിലേക്കാണു നയിച്ചത്. ഇതിനൊപ്പം കുടുംബങ്ങളില്‍ അക്രമവും കൂടി. സ്ത്രീകളുടെ ജോലിഭാരം വര്‍ധിച്ചു. കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ കഴിയാത്ത അവസ്ഥ. ഇതെല്ലാം വീടുകളുടെ അന്തരീക്ഷത്തെ ബാധിക്കുകയും സമാധാനം ഇല്ലാതാക്കുകയും ചെയ്തു- അദ്ദേഹം അഭിപ്രായപ്പെട്ടു. 

അക്രമങ്ങളും ചൂഷണങ്ങളും വീടുകളില്‍ കൂടുന്നു എന്നത് രാജ്യത്തെ പരമോന്നത കോടതിയുടെ ശ്രദ്ധയില്‍പെട്ടതായി ജസ്റ്റിസ് രമണ പറയുന്നു. കുട്ടികള്‍ക്കെതിരായ അക്രമങ്ങളും കൂടിക്കൊണ്ടിരിക്കുന്നു. ഇതിനെതിരെ പെട്ടെന്നുള്ള നടപടിക്കുവേണ്ടിയാണ് വണ്‍ സ്റ്റോപ്പ് സെന്റര്‍ സ്ഥാപിച്ചിരിക്കുന്നത്. ഓരോ ജില്ലയിലും ടെലിഫോണ്‍ വഴി പരാതി ബോധിപ്പിക്കാനും ഓണ്‍ലൈന്‍ വഴി നടപടി സ്വീകരിക്കാനുമുള്ള സംവിധാനവും ശക്തമാക്കിയിട്ടുണ്ട്. ഗാര്‍ഹിക അക്രമത്തിന്റെ പരിധിയില്‍ പെടുത്തി ഈ കേസുകള്‍ കൈകാര്യം ചെയ്യുകയാണു വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഭാവിയെക്കുറിച്ചുള്ള ആശങ്ക പലരെയും അക്രമങ്ങളിലേക്കു നയിച്ചെന്നാണ് പലയിടത്തുനിന്നുമെത്തുന്ന റിപ്പോര്‍ട്ടുകള്‍. പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസത്തിന്റെ കൂടി തണലിലാണ് പലരും അക്രമങ്ങളും അപമര്യാദകള്‍ക്കും തയാറായത്. എന്നാല്‍ അക്രമ സംഭവങ്ങള്‍ കൂടിയതോടെ പൊലീസും മറ്റധികാരികളും  ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ രാജ്യത്തെമ്പാടും കാണുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com