sections
MORE

‘സീസേറിയന്‍ ചെയ്തവര്‍ രണ്ടാം തരക്കാരത്രേ; പാൽ പിഴിഞ്ഞ് കളയുമ്പോൾ ഒഴുകിയത് ജീവരക്തമാണ്!’

pregnant-lady
SHARE

"ഞങ്ങടെ കാലത്തൊന്നും ഇങ്ങനല്ല..."

കേരളത്തിലെ സ്ത്രീകള്‍ ഗര്‍ഭ - പ്രസവകാലങ്ങളില്‍ ഏറ്റവുമധികം കേട്ട വാചകമാകും ഇത്. അതും ആദ്യ പ്രസവത്തില്‍. നമ്മളെക്കാള്‍ ഒരു ദിവസം മുന്‍പെങ്കിലും പ്രസവിച്ചവര്‍ മുതല്‍ ഉപദേശ - നിര്‍ദേശങ്ങളുമായി ഇറങ്ങുകയായി. എന്‍റെ കാര്യത്തില്‍ കാര്യങ്ങള്‍ കുറച്ചു കൂടി കഠിനമായിരുന്നു. ഒന്നാമത് അമ്മയില്ലാത്ത കുട്ടി. രണ്ടാമത് ആദ്യ ഗര്‍ഭകാലത്തില്‍ ഒരുപാട് ആരോഗ്യപ്രശ്നങ്ങളും.

നന്ദനം സിനിമയിലെ കവിയൂര്‍ പൊന്നമ്മയുടെ വീട് പോലെയായിരുന്നു എന്‍റെ വീട്. അമ്മയ്ക്ക് വീട്ടുപണികളില്‍ സഹായികളായി മൂന്ന് അമ്മമാര്‍ കൂടി ഉണ്ടായിരുന്നു. അമ്മ പോയതോടെ അവരെല്ലാം എന്‍റെ അമ്മയുടെ സ്ഥാനത്തുനിന്ന് സ്നേഹിക്കാനും ഉപദേശിക്കാനും തുടങ്ങി. അത് എനിക്ക് സന്തോഷവും ആയിരുന്നു. പക്ഷേ, പിന്നീട് വന്നവരും പോയവരുമൊക്കെ അമ്മമാരാകാന്‍ തുടങ്ങി. അതോടെ എനിക്ക് ടെന്‍ഷനും പേടിയും ഏറിവന്നു. ഗര്‍ഭകാലത്ത് മോണിങ് സിക്നെസ് എന്നു പേരിട്ട ഛര്‍ദി മോണിങ്ങും കഴിഞ്ഞ് ഇവനിങ്ങിലേക്കും നീളാന്‍ തുടങ്ങി. പലര്‍ക്കും നമ്മള്‍ ഛര്‍ദിക്കുന്നതു തന്നെ തെറ്റെന്നായിരുന്നു. കാരണം അവര്‍ ഗര്‍ഭകാലത്ത് ഛര്‍ദിച്ചിട്ടില്ലത്രെ (എന്തൊരു കഴിവാണല്ലേ !!!!). ഛര്‍ദി ഏഴു മാസമായിട്ടും നില്‍ക്കാതെ വന്നതോടെ ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥയായി. എന്തെങ്കിലും മരുന്നു വാങ്ങിത്തരാമോ എന്ന് ഞാന്‍ എല്ലാവരോടും കെഞ്ചും. പക്ഷേ, അതിനൊന്നും മരുന്നു കഴിക്കാന്‍ പാടില്ലെന്നായി ഉപദേശികള്‍. ഒടുവില്‍ ഞാന്‍ ഒരു സുഹൃത്ത് വഴി കൊച്ചിയിലുള്ള ഒരു ലേഡി ഗൈനക്കോളജിസ്റ്റിനെ വിളിച്ച് എന്റെ അവസ്ഥ പറഞ്ഞു. അവര്‍ ഒരു ടാ‍ബ്ലെറ്റ് പറഞ്ഞുതന്നു. അതു കഴിച്ച ശേഷം ഒറ്റ ദിവസം കൊണ്ട് ഛര്‍ദി പിടിച്ചുകെട്ടിയതു പോലെ നിന്നു. യാതൊരു പാര്‍ശ്വഫലവും ഉണ്ടായതുമില്ല. ആദ്യമേ അതു ചെയ്തിരുന്നെങ്കില്‍ എന്തെങ്കിലും നല്ല ഭക്ഷണം കഴിച്ച് എനിക്കും കുഞ്ഞിനും ഗുണമായേനെ എന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും സങ്കടം വരും.

ഉപദേശ പീഡനത്തിന്‍റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് പ്രസവത്തോടെയാണ്. എന്‍റെ ചോയ്സ് അല്ലാതെ തന്നെ  ഡോക്ടര്‍ സീസേറിയന്‍ നിശ്ചയിച്ചു. ഏറ്റവും സന്തോഷമായി തന്നെ ഞാന്‍ മോളെ പ്രസവിക്കുകയും ചെയ്തു. അതോടെ ഞാന്‍ വീണ്ടും പ്രതിയായി. വേദന അറിഞ്ഞു പ്രസവിക്കുന്നവര്‍ മിടുക്കികളും സീസേറിയന്‍ ചെയ്യപ്പെടുന്നവര്‍ രണ്ടാം തരക്കാരുമാണത്രെ. പിന്നെ, കുഞ്ഞിനെ എങ്ങനെ വളര്‍ത്തണം, ഇങ്ങനെ കിടത്തണം, ആ മട്ടില്‍ കുളിപ്പിക്കണം, ഡയപ്പര്‍ ഉപയോഗിക്കരുത്, വെള്ളത്തുണി തന്നെ ഉപയോഗിക്കണം, ആറു മാസം വരെ മുലപ്പാല്‍ മാത്രം നല്‍കണം (3 മാസം മാത്രം മെറ്റേണിറ്റി ലീവ് ഉണ്ടായിരുന്ന അമ്മയോടാണ് ഇതു പറയുന്നത്). അങ്ങനെ സന്തോഷകരമായി തീരേണ്ട ഗര്‍ഭവും പ്രസവവും ജീവിതത്തിലെ ഏറ്റവും ഇരുണ്ട ദിനങ്ങളായി മാറി.

രണ്ടാമത്തെ പ്രസവത്തില്‍ എന്തായാലും ഗര്‍ഭകാലം വലിയ പ്രശ്നമില്ലാതെ നീങ്ങി. പക്ഷേ, പ്രസവിച്ചയുടന്‍ കുഞ്ഞിന് പ്രശ്നങ്ങളായി കൊച്ചിയിലെ ആശുപത്രിയിൽ വെന്‍റിലേറ്ററിലായി. സീസേറിയന്‍ കഴിഞ്ഞതിനാല്‍ എന്നെ കൂടെക്കൊണ്ടു പോകാന്‍ നിവൃത്തിയില്ല. ജീവിക്കാന്‍ 5% സാധ്യത മാത്രം ഉണ്ടായിരുന്ന അവസ്ഥയില്‍ നിന്ന് എന്‍റെ കുഞ്ഞ് ജീവിതത്തിലേക്ക് മെല്ലെ മെല്ലെ തിരികെ വരുമ്പോള്‍ അവനെ, ജനിച്ച ശേഷം ഒരേയൊരു തവണ മാത്രം കണ്ട ഞാന്‍ സ്വന്തം വീട്ടില്‍ ഉരുകിയിരുകി തീരുകയായിരുന്നു. ആ സമയത്ത് ആശ്വസിപ്പിക്കാന്‍ വിളിച്ച ഒരു സുഹൃത്തിനെ ഈ ജന്മം ഞാന്‍ മറക്കില്ല. കുഞ്ഞിന് ആശുപത്രിക്കാര്‍ എന്തു ഭക്ഷണം കൊടുക്കും എന്നതാണ് അവരുടെ ആശങ്ക. അവര്‍ എന്തെങ്കിലും ഇന്‍ഫന്‍റ് ഫോര്‍മുല പൗഡര്‍ (നവജാത ശിശുക്കള്‍ക്കുള്ള പാല്‍പ്പൊടി) കൊടുക്കുന്നുണ്ടാകുമെന്ന് ഞാന്‍ പറഞ്ഞതോടെ അവര്‍ എന്‍റെ മനസ്സില്‍ തീ കോരിയിട്ടു തുടങ്ങി. നവജാത ശിശുക്കള്‍ക്ക് മുലപ്പാല്‍ മാത്രമേ കൊടുക്കാവൂ. ജനിച്ച ഉടനെ അമ്മയുടെ മുലയില്‍ ഉണ്ടാവുന്ന കൊളസ്ട്രം നഷ്ടമായ കുട്ടികള്‍ക്ക് വേണ്ടത്ര ബുദ്ധിവളര്‍ച്ചയോ, പ്രതിരോധശേഷിയോ ഉണ്ടാവില്ല. ഞാന്‍ ആകെ തകര്‍ന്നുപോയി. ജീവിതത്തിനും മരണത്തിനുമിടയില്‍ ഊയലാടുന്ന കുഞ്ഞിന്‍റെ അമ്മയോടാണ് സാരോപദേശം. മുലയില്‍ കെട്ടിനില്‍ക്കുന്ന പാല്‍ ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് പിഴിഞ്ഞുകളയുമ്പോള്‍ കണ്ണില്‍ നിന്ന് കണ്ണീരല്ല, ജീവരക്തമാണ് ഒഴുകിയിരുന്നതെന്ന് അവരോട് ആരു പറയും...

പ്രസവശേഷം എങ്ങനെ കുളിക്കണം, എന്തു കഴിക്കണം എന്നതിലൊക്കെ ഇത്തരം കുറെയേറെ ഉപദേശങ്ങള്‍ കേട്ടു. മുലപ്പാലുണ്ടാകാന്‍ ചെറുപയര്‍ പുഴുങ്ങിത്തിന്നണമെന്ന ഉപദേശം കേട്ട് അനുസരിച്ച് എന്‍റെയും കുഞ്ഞിന്‍റെയും വയര്‍ കേടായത് മിച്ചം. സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നത് പാടില്ലെന്ന ഉപദേശം കേള്‍ക്കാന്‍ പോയ വഴിയിലും കുറെ ഉറക്കം നഷ്ടമായി.

പിന്നെപ്പിന്നെ ഉപദേശികള്‍ വരുമ്പോള്‍ തന്നെ വീട്ടിലെ അമ്മമാരോ ചേച്ചിമാരോ കാവല്‍ നില്‍ക്കും. അവര്‍ വേണ്ടാത്ത ഉപദേശത്തിലേക്ക് കടക്കുന്നതേ വിഷയം മാറ്റും. അവര്‍ വന്നുപോയാലുടന്‍ എന്തൊക്കെയോ കൊണ്ടുവന്ന് എന്നെയും കുഞ്ഞിനെയും ഉഴിയും. കാണാന്‍ ആള്‍ക്കാര്‍ വരുന്നുവെങ്കിലോ ഞങ്ങള്‍ പുറത്തു പോകുന്നുവെങ്കിലോ എന്‍റെയും കുഞ്ഞിന്‍റെയും ഉടുപ്പില്‍ ഒന്നോ രണ്ടോ പാണലില ഒളിച്ചുവയ്ക്കും. കണ്ണേറും നാക്കുദോഷവും പറ്റാതിരിക്കാനാണത്രെ. സ്നേഹത്തോടെയുള്ള ഈ കളികളിലെല്ലാം ഞാനും സന്തോഷത്തോടെ പങ്കു ചേര്‍ന്നു.

അവര്‍ക്ക് അത്ര ബോധിക്കാത്ത ഒരേയൊരു കാര്യമേ ഉണ്ടായിരുന്നുള്ളു. പ്രസവിച്ച അന്നുമുതല്‍ ഭര്‍ത്താവ് അതേ മുറിയില്‍ ഉറങ്ങുന്നുവത്രെ. എനിക്കാണെങ്കില്‍ അന്നൊക്കെ ആള്‍ കൂടെയില്ലെങ്കില്‍ ഉറക്കം ശരിയാവില്ല. അമ്മ അപകടത്തില്‍ മരിച്ചതു മുതലുള്ള അരക്ഷിതാവസ്ഥ മറികടക്കാനുള്ള ഔഷധിയാണ് ആ സാമീപ്യം. അവര്‍ കരുതുമ്പോലെ ആള്‍ അപകടകാരിയല്ലെന്നും അവര്‍ ആരെങ്കിലും കൂടെ ഉറങ്ങുമ്പോലെ തന്നെയാണെന്നുമൊക്കെ പറഞ്ഞ് ആ കടമ്പ കടന്നു.

പിന്നീട് കുഞ്ഞിന്‍റെ വളര്‍ച്ചയുടെ ഓരോ പടവുകളിലും ഇതേ ഉപദേശപീഡന പര്‍വം അരങ്ങേറി. ഞാന്‍ ഒരു മോശം അമ്മയാണെന്ന് സ്ഥാപിക്കാന്‍ ഉത്സാഹിച്ചവര്‍ കുറെയേറെപ്പേരുണ്ടായിരുന്നതിനാല്‍ എന്‍റെ സമാധാനം പമ്പയല്ല സീതത്തോടും കൂടി കടന്നു. കുഞ്ഞിന് തടിയില്ലാത്തത് എന്‍റെ നോട്ടക്കുറവാണ്. അവള്‍ തീരെ സ്മാര്‍ട്ടല്ലാത്തത് അമ്മ രാത്രിജോലിക്കു പോകുന്നതു കൊണ്ടാണ്, കുഞ്ഞ് ബന്ധുമിത്രാദികളെ കാണുന്നതേ അവരിലേക്ക് ചാടിവീഴാത്തത് അമ്മ ആല്‍ബം കയ്യിലെടുത്ത് എല്ലാവരെയും പരിചയപ്പെടുത്താഞ്ഞിട്ടാണ്. ഇതൊക്കെ നമ്മുടെ പേരില്‍ കുറ്റപത്രമായി തരുമ്പോള്‍ കൂടെ സ്വന്തം പെണ്‍മക്കളുടെ അല്ലെങ്കില്‍ അവനവന്‍റെ മികവും ഉദാഹരിക്കും.

എന്തായാലും രണ്ടു പ്രസവിച്ചതോടെ ലോകത്തെ ഏറ്റവും ആത്മവിശ്വാസം നഷ്ടപ്പെട്ടവളായി ഞാന്‍ മാറി. പിന്നീട് മക്കള്‍ മുതിര്‍ന്ന് അവര്‍ എല്ലാ കുട്ടികളെയും പോലെയാണെന്ന് തെളിയും വരെ പലതും ഓര്‍ത്തു പേടിച്ചു. ഒടുവില്‍ അവര്‍ തന്നെ അമ്മയുടെ ആശങ്കകള്‍ കണ്ടറിഞ്ഞ്, "യൂ ആര്‍ ദ് ബെസ്റ്റ് മോം" എന്ന് പലവട്ടം പറഞ്ഞു (നന്മയ്ക്കു സൊല്ലിടും പൊയ്കളുമഴക് അല്ലേ...)

ഇന്ന് എനിക്ക് അത്തരം യാതൊരു ആശങ്കകളുമില്ല. മാതൃത്വം എന്നത് ആരുടെയൊക്കെയോ ഒപ്പം ഓടിച്ചാടി കടക്കേണ്ട ഹര്‍ഡില്‍ ആണെന്ന തോന്നലുമില്ല. സന്തോഷകരവും അതേസമയം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതുമായ ഒരു കാലഘട്ടമാണത്. ചുറ്റും നില്‍ക്കുന്നവര്‍ ഒരു കാരുണ്യക്കൈ നീട്ടിയാല്‍ (ഏറ്റവും മിനിമം വായടച്ചുവച്ച് നമ്മളെ നമ്മുടെ പാട്ടിനു വിടുകയെങ്കിലും ചെയ്താല്‍ ) നമ്മളും ജീവിച്ചോളും, ഒട്ടൊക്കെ സന്തോഷമായിത്തന്നെ.

ഇങ്ങ് കേരളത്തില്‍ മാത്രമല്ല, അമ്മമാര്‍ ഈ പ്രശ്നങ്ങള്‍ നേരിടുന്നതെന്ന് മുന്‍പ് വായിച്ച ഒരു ലേഖനം ബോധ്യമാക്കിത്തന്നു. ടൈം മാസിക കവര്‍ സ്റ്റോറിയായി തന്നെ ഈ വിഷയം അവതരിപ്പിച്ചിട്ടുണ്ട്. മാതൃത്വത്തെ ഏതോ ദേവതാ സങ്കല്‍പ്പം പോലെ (Goddess myth) ആയി കണ്ട് സ്ത്രീയെ കടുത്ത പീഡകളിലേക്ക് തള്ളിവിടുന്ന ആ പരിപാടി ലോകമെമ്പാടും നിലനില്‍ക്കുന്നുണ്ട്.

അതുകൊണ്ട്, പ്രിയപ്പെട്ട പുതുമാതാക്കളേ, അമ്മയാകാന്‍ തയാറെടുക്കുന്നവരേ... ഈ ലോകത്ത് കോടിക്കണക്കിന് സ്ത്രീകള്‍ കടന്നുപോയ ഒരു പ്രക്രിയ മാത്രമാണത്. അത് ഓരോരുത്തര്‍ക്കും ഓരോ രീതിയിലാകും. അതുകൊണ്ട് മുന്‍പാരോ വരച്ചിട്ട എട്ടുകളങ്ങളില്‍ ചാടിക്കളിക്കേണ്ട കാര്യമൊന്നുമില്ല. നിങ്ങളുടെയും കുഞ്ഞിന്‍റെയും മാനസിക, ശാരീരിക ആരോഗ്യത്തിനു നിരക്കുന്ന ജീവിതശൈലി സ്വയം തിരഞ്ഞെടുക്കുക. ഡോക്ടറുടെ ഉപദേശം തേടാം. അനുഭവജ്ഞാനമുള്ളവര്‍ പറയുന്നതിലെ നന്മ തിരഞ്ഞെടുക്കാം, നിങ്ങള്‍ക്കു പീഡനമാകാതെ. നമ്മുടെ മാലാഖക്കുഞ്ഞുങ്ങള്‍  നമുക്കൊപ്പമുണ്ട്, അവര്‍ മിടുക്കരായി വളര്‍ന്നു കൊള്ളും. വഴിയെ പോകുന്ന അപരിചിതന്‍ വരെ ഉപദേശം തന്നേക്കാന്‍ ഇടയുണ്ട്, മുടക്കില്ലാതെ നല്‍കാവുന്ന ഒന്നാണല്ലോ അത്. വെറുതെ തലയാട്ടി കേട്ടാല്‍ മതി, എല്ലാമൊന്നും ഉള്ളിലേക്ക് എടുക്കാന്‍ നില്‍ക്കേണ്ട. കൈക്കുഞ്ഞിനെയുമെടുത്ത്, സീസേറിയന്‍റെ അപ്പോഴും നീറുന്ന മുറിവുമായി മുറിയില്‍ പുലര്‍ച്ചെയും ഉറങ്ങാതെ  ഇരിക്കുന്ന അമ്മയ്ക്ക് കുഞ്ഞിനെ ഒന്നു മാറിപ്പിടിക്കാന്‍ പോലും സഹായമില്ലാത്തവര്‍ നല്‍കുന്ന ഉപദേശങ്ങള്‍ക്ക് അത്രയേ വിലയിടേണ്ടതുള്ളൂ.

പിന്നെ ഗര്‍ഭത്തിന്റെ, പ്രസവത്തിന്‍റെ ബുദ്ധിമുട്ടുകളെ കുറിച്ച് പരാതി പറയുന്നത് മോശം അമ്മമാരാണ് എന്ന മട്ടില്‍ ഉപദേശിക്കാന്‍ വരുന്നവര്‍ക്ക് ഓടാന്‍ കണ്ടമോ, ചതുപ്പോ കാട്ടിക്കൊടുക്കൂ. മാതൃത്വം എല്ലാ നിമിഷങ്ങളിലും അത്ര ആസ്വാദ്യമൊന്നുമല്ല. പല ബുദ്ധിമുട്ടുകളും അതിനോട് അനുബന്ധിച്ച് ഉണ്ടാകും. അതെക്കുറിച്ച് മനസ്സിലാകുന്ന സ്ത്രീ കൂട്ടായ്മകളില്‍ മനസ്സ് തുറന്നു നോക്കൂ. എല്ലാവര്‍ക്കും പറയാനുണ്ടാകും സമാന അനുഭവങ്ങള്‍... ഇനി അങ്ങനെ അല്ലാതെ പ്രതികരിക്കുന്നവരുണ്ടോ... മോം ഷെയ്മിങ് എന്നൊരു വാക്കു തന്നെ ഇംഗ്ലിഷുകാര്‍ കണ്ടുപിടിച്ചിട്ടുണ്ട് ഈ പ്രവൃത്തിയെ വിശേഷിപ്പിക്കാനായി. അതായത്, "ഞാനെന്ന മിടുക്കി അമ്മ"യുടെ മികവുകള്‍ ചൂണ്ടിക്കാട്ടി മറ്റുള്ളവരെ ഇകഴ്ത്തുന്നത്.  ഇത്തരക്കാരെ കണ്ടാല്‍ ഓടിമാറിക്കോളൂ. ഈ രോഗത്തിന് ഇനിയും വാക്സിന്‍ കണ്ടെത്തിയിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA