ADVERTISEMENT

ഭീരുക്കളാണവർ, പെർവേർട്ടുകളും. ഒരു പെൺകുട്ടി ഇറക്കം കുറഞ്ഞ ഉടുപ്പിട്ടതിന്റെ പേരിൽ അവളെ അവഹേളിച്ച് ‘മിടുക്കരായവരെ’ കുറിച്ച് തന്നെയാണ് പറഞ്ഞത്. ‘നീയാരാടീ ഇതു പറയാൻ’ എന്ന ചോദ്യം  പുളിച്ചുതികട്ടുന്നത് കാണുന്നുണ്ട്. ഇതു ഞാൻ മാത്രം പറയുന്നതല്ല. സൈക്കോളജിസ്റ്റുകളും മറ്റു ചികിത്സകരും മുൻപേ പറഞ്ഞുവച്ചിട്ടുള്ളതാണ്.

ഭീരു എന്നു പറഞ്ഞത് എന്തുകൊണ്ടാണെന്ന് കൃത്യമായി പറയാം. അവർക്ക് ആൾക്കൂട്ടത്തിൽ മുഖമില്ലാത്ത ഒരാളായി നിന്നു ചെളിവാരി എറിയാനേ അറിയൂ. ഒരു പെൺകുട്ടിയോട് യുക്തിഭദ്രമായി സംസാരിക്കാൻ അറിയില്ല. 

ആത്മവിശ്വാസമില്ലായ്മയാണ് മൂലകാരണം. അതു മറച്ചുവയ്ക്കാൻ എന്തൊക്കെയോ കാട്ടിക്കൂട്ടുകയാണ്. ശക്തമായ നിയമങ്ങളുള്ള ചില രാജ്യങ്ങളിൽ ചെല്ലുമ്പോൾ ഇവർ പത്തിയടക്കി നിൽക്കുന്നതും ഭയം കൊണ്ടാണ്.

ഇനി പെർവെർട്ട് (pervert – സ്വഭാവ വൈകൃതമുള്ളവർ) എന്നു വിളിച്ചത് എന്തിനെന്നു കൂടി പറയാം. അതായത് ഒരു പെൺകുട്ടിയുടെ കാലുകൾ കണ്ടാൽ അതിൽ അശ്ലീലമുണ്ടെന്നു കരുതുന്ന, അല്ലെങ്കിൽ അതിന്റെ പേരിൽ ലൈംഗിക ഉദ്ധാരണമുണ്ടാകുമെന്നു കരുതുന്നവരെ (ഒരാൾ വിളിച്ചുപറയുന്നത് സ്വന്തം മനോനിലയാണല്ലോ) അങ്ങനെയല്ലാതെ എന്തു പേരിട്ടാണ് വിളിക്കേണ്ടുന്നത്. ഒരിക്കലുമൊരു പെണ്ണിനെ ലൈംഗികമായി തൃപ്തിപ്പെടുത്താൻ കഴിയാത്തതിന്റെ നിരാശ, അല്ലെങ്കിൽ തനിക്കതിനാവില്ലെന്ന ആശങ്കയാണ് ഈ പുലയാട്ടുവിളിയുടെ പിന്നിൽ. ഹാപ്പിനെസ് ഹോർമോൺ എന്നറിയപ്പെടുന്ന എൻഡോർഫിൻ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടാൻ മുഖ്യകാരണമാകുന്ന ഒന്നാണ് രതിമൂർഛ. ലവ് ഹോർമോൺ ആയ ഓക്സിടോസിൻ ഉണ്ടാകുന്നതു പ്രണയത്തിലും സ്നേഹത്തിലും നിന്നാണ്. അതായത് നല്ല ലൈംഗിക ജീവിതം നയിക്കുന്നയാൾ, ഒരു സ്ത്രീയാൽ നന്നായി സ്നേഹിക്കപ്പെടുന്നയാൾ പൊതുവെ സന്തോഷവാനായിരിക്കും. അത്തരമൊരാൾ മറ്റൊരാളുടെ സന്തോഷത്തിലേക്ക് തന്റെ മനസ്സിലെ മാലിന്യം വലിച്ചെറിയില്ല. 

ഏതു സ്ത്രീയെയും ശരീരം മാത്രമായി കരുതുക. എന്നിട്ട് ആ ശരീരത്തിൽ മൂടിവയ്ക്കണമെന്ന് ഈ വെട്ടുകിളിക്കൂട്ടം കരുതുന്ന ഭാഗങ്ങൾ പുറത്തുകണ്ടാൽ അസഭ്യവർഷം നടത്തുക. വികല മനസ്സുള്ളവർക്കേ അതിനാകൂ. പ്രണയത്തിൽ നിന്നു വേണം ലൈംഗികതാത്പര്യം ഉണരാൻ എന്നു ചിന്തിക്കണമെങ്കിൽ സംസ്കൃതചിത്തരാകണം. 

സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ ആക്രമണം നടത്തുന്ന ചിലരെ കണ്ടിട്ടില്ലേ. അവർക്ക് സംവദിക്കാൻ അറിയില്ല. അവരെ സംബന്ധിച്ച് ഒരു അഭിപ്രായവ്യത്യാസമുണ്ടായാൽ അത് ജയപരാജയങ്ങൾ നിർണയിക്കേണ്ട ഗെയിമാണ്. ചിലർക്ക് പറഞ്ഞുനിർത്തുന്നത് അവരാകണമെന്ന് നിർബന്ധമാണ്. നമ്മൾ എത്ര യുക്തിഭദ്രമായി മറുപടി പറഞ്ഞാലും യുക്തികൊണ്ടാവില്ല മറുപടി. പരിഹാസവും അശ്ലീലവും പുട്ടിനു പീര പോലെ ചേർത്തിരിക്കും. കടുത്ത അരക്ഷിതാവസ്ഥയാണ് അവരെക്കൊണ്ട് ഇതു ചെയ്യിക്കുന്നത്. നടക്കുന്നത് വാക്പോരാണെന്നും അതിൽ തോറ്റുപോയാൽ ചുറ്റുമുള്ളവർക്കു മുൻപിൽ തന്റെ അഭിമാനം നഷ്ടപ്പെടുമെന്നുമുള്ള തോന്നൽ. പക്ഷേ, കണ്ടുനിൽക്കുന്നവർക്കു മുൻപിൽ അവർ എത്രയോ ചെറുതാകുകയാണെന്നു മാത്രം അറിയുന്നില്ല.

സംരക്ഷകരുടെ ആട്ടിൻതോലണിഞ്ഞ് എത്തുന്നവരുമുണ്ട്. ഒരിക്കൽ അന്ന് പന്ത്രണ്ടുകാരിയായിരുന്ന എന്റെ മകൾ ഷോട്സ് ഇട്ടുനിൽക്കുന്ന ഒരു ചിത്രം എഫ്ബിയിൽ ഇട്ടു. കുടുംബത്തോടൊപ്പമുള്ള ഒരു യാത്രയിലെ ഒരുപാട് ചിത്രങ്ങളിൽ ഒന്ന്. ഉടൻ എത്തി ഒരു സദാചാര ആങ്ങള ഇൻബോക്സിൽ. ‘ചേച്ചീ... കുട്ടിയുടെ ഇത്തരം ചിത്രങ്ങൾ ഇടുന്നത് അപകടമാണ്.’ എന്തപകടം എന്നായി ഞാൻ. അവളുടെ കാലുകൾ കാണുന്നുവത്രെ. അര പ്രാണനായ പന്ത്രണ്ടുകാരിയുടെ കാലുകൾ കണ്ടപ്പോൾ പൊട്ടിയ കുരുവിന് എന്റെ കയ്യിൽ ചികിത്സയില്ല. അതുകൊണ്ട് കയ്യോടെ കക്ഷിയുടെ പേര് വെട്ടി ബ്ലോക്കാപ്പീസിൽ കയറ്റി. 

പിന്നെ ചില ചേട്ടന്മാർ പറയുന്നത് ഇറക്കം കുറഞ്ഞ വസ്ത്രമിട്ടാൽ കേരളീയ സംസ്കാരത്തിന് ഉടവു തട്ടുമെന്നാണ്. ബ്ലൗസിടാതെ മുണ്ടു മാത്രം പുതച്ചു നടന്നിരുന്ന അമ്മൂമ്മമാരെ എന്റെ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്. പലപ്പോഴും അവരുടെ മാറിടം ഒട്ടൊക്കെ പുറത്തുകാണുകയും ചെയ്തിരുന്നു. അവരോടൊന്നും ആരും മോശമായി പെരുമാറിയിരുന്നില്ല. അപ്പോൾ സ്ത്രീയുടെ നഗ്നത അശ്ലീലമെന്നു ചിന്തിക്കുന്നത് കേരളീയ സംസ്കാരമല്ല.

ശക്തവും സന്തുഷ്ടവുമായ മനോനിലയുള്ള പുരുഷന്മാരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവർ സഹജീവികളോട് ലിംഗവ്യത്യാസമില്ലാതെ ബഹുമാനത്തോടെ ഇടപെടും. സ്വന്തം ജീവിതത്തിലെ സ്ത്രീകൾക്കു കൊടുക്കുന്ന ആദരം എല്ലാ സ്ത്രീകൾക്കും നൽകും. മറ്റൊരാളുടെ ശരീരം അവരുടെ അവകാശമാണെന്ന കൃത്യമായ ബോധ്യമുണ്ടാകും. തന്റെ സ്വാതന്ത്ര്യം സ്വന്തം മൂക്കിൻ തുമ്പിൽ അവസാനിച്ചു എന്ന തിരിച്ചറിവുള്ളവരുമാകും. 

വാക്കുകൾ കൊണ്ടുള്ള അവഹേളം മനുഷ്യാവകാശ ലംഘനം കൂടിയാണെന്ന്, സ്ത്രീകൾക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടു രൂപീകരിച്ച യുഎൻ സമിതി വ്യക്തമാക്കിയിട്ടുണ്ട്. Gender based violence (ലിംഗവിവേചനപരമായ അതിക്രമം) എന്നാണ് യുഎൻ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കാരണം അവൾ സ്ത്രീ ആയതുകൊണ്ടു മാത്രമാണല്ലോ ഇത്തരമൊരു ആക്രമണം നേരിടേണ്ടിവരുന്നത്. ഈ രീതിയിൽ അതിക്രമം നടന്നാൽ അതിനെ സമൂഹത്തിനു നേർക്കുള്ള അതിക്രമമായി വേണം കരുതാൻ. ഈ സാമൂഹിക വിരുദ്ധർക്കെതിരെ സൈബർ കേസ് മാത്രമല്ല മനുഷ്യാവകാശ ലംഘനത്തിനും കേസ് എടുക്കണം. 

ഇനി അടുത്ത തവണ ഒരു പെൺകുട്ടിക്ക് നേരെ ഇവരുടെ അറയ്ക്കുന്ന നാവ് ഉയരുമ്പോൾ അവന്മാർക്കു നേരെ സഹതാപത്തിന്റെ ഒരു നോട്ടം കൂടി അയച്ചോളൂ. ഇന്നു വരെ  കിടക്കയിലൊരു പെണ്ണിനെ നിറയെ പൂത്ത പൂമരമാക്കി മാറ്റാൻ കഴിയാത്തവന്റെ നിസ്സഹായ പ്രകടനമാണത്...

വിവരങ്ങൾക്ക് കടപ്പാട്: ഡോ. അരുൺ ഉമ്മൻ, ന്യൂറോ സർജൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com