ADVERTISEMENT

ഓൺലൈൻ ക്ലാസ്സിനുവേണ്ടി വാങ്ങിനൽകിയ സ്മാർട്ട്ഫോണിലൂടെ അപരിചിതനായ വ്യക്തിയുമായി ചങ്ങാത്തത്തിലായി ഒടുവിൽ ക്രൂരമായ പീഢനത്തിനിരയായി ജീവൻ വെടിഞ്ഞ പത്തൊൻപതുകാരിയുടെ വാർത്ത വളരെ ദുഃഖത്തോടെയാണ് വായിച്ചത്. ആ പ്രായത്തിലുള്ള പെൺകുട്ടികളെ ക്ലാസ്സിൽ പഠിപ്പിക്കുന്നതുകൊണ്ടു കൂടിയാകണം എനിക്കതിൽ വലിയ വിഷമം തോന്നി. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് വളരുന്ന പല ബന്ധങ്ങളിലും ജീവനും ജീവിതവും നഷ്ടപ്പെടുന്ന പെൺകുട്ടികളുടെ വാർത്തയിൽ പുതുമയില്ല. എന്നാലും ഈ സംഭവം നവമാധ്യമങ്ങളിലെ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ചർച്ചകളെ വീണ്ടും സജീവമാക്കുന്നുണ്ട്. സ്ത്രീകൾ എക്കാലത്തും സംരക്ഷിക്കപ്പെടേണ്ടവരാണ് എന്ന ധാരണ വച്ചുപുലർത്തുന്നവരാണ് സമൂഹത്തിലെ ഏറിയപങ്കും. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, വാട്സാപ് തുടങ്ങിയ സൈബർ ഇടങ്ങളിൽ വ്യക്തിഹത്യ, ബോഡിഷെയ്മിംഗ് തുടങ്ങി ലൈംഗികചൂഷണം വരെ സ്ത്രീകൾ നേരിടുമ്പോൾ നവമാധ്യമങ്ങൾ സ്ത്രീകൾക്കു സുരക്ഷിതമായ ഇടമല്ലാത്തതായി പരിഗണിക്കപ്പെടുന്നു. എന്നാൽ പൊതുസൈബർ ഇടങ്ങളിലെ ചൂഷണങ്ങൾ എപ്പോഴും സ്ത്രീകളെ മാത്രം ലക്ഷ്യം വയ്ക്കുന്നതാണോ? ക്ലാസ്സ് മുറികളിൽ പഠനവിഷയങ്ങൾക്കു പുറമേ ഇത്തരം പല സാമൂഹികവിഷയങ്ങളിലും ഞാൻ കുട്ടികളുടെ അഭിപ്രായം ചോദിച്ചറിയാറുണ്ട്. അത്തരം ചർച്ചകളിൽ കുട്ടികളുടെ തികഞ്ഞ ബോധ്യത്തോടെ മറുപടികൾ കേൾക്കുമ്പോൾ അദ്ഭുതവും അഭിമാനവും തോന്നാറുണ്ട്. അവരിൽ പല വിദ്യാർത്ഥിനികളും വ്യക്തിപരമായ വിഷയങ്ങൾ സംസാരിക്കാനും വിഷമങ്ങൾ പങ്കുവയ്ക്കാനും വരാറുണ്ട്. അവരിലൂടെയും കുറച്ചെല്ലാം പൊതുവായനയിലൂടെയും നിരീക്ഷണത്തിലൂടെയും മനസ്സിലാക്കിയ കാര്യങ്ങളാണ് ഈ ലേഖനത്തിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നത്.

മെസഞ്ചർ വേണോ?

ഇന്ന് ഫെയ്സ്ബുക്ക് മെസഞ്ചർ ആശയവിനിമയത്തിനായി വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു മാധ്യമമാണ്. ഏതാണ്ട് രണ്ടു വർഷങ്ങൾക്കു മുൻപാണ് ഞാൻ ഫെയ്സ്ബുക്കിൽ അക്കൌണ്ട് തുറക്കുന്നത്. നൃത്തത്തെക്കുറിച്ചും ക്ലാസ്മുറികളിൽ ചർച്ച ചെയ്യുന്ന ചില പൊതുവിഷയങ്ങളെക്കുറിച്ചും സമാന ഹൃദയരുമായി ആശയങ്ങൾ പങ്കുവയ്ക്കുകയായിരുന്നു ഉദ്ദേശം. ഞാൻ വരുന്നതിനും ഏറെമുൻപേ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന ചില സുഹൃത്തുക്കൾ എന്തോ മനസ്സിൽ കരുതിയിട്ടെന്നപോലെ മുന്നറിയിപ്പുമായെത്തി. മെസഞ്ചർ ഇൻസ്റ്റാൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്. വ്യക്തിപരമായി പറഞ്ഞാൽ മെസഞ്ചർ ഇൻസ്റ്റാൾ ചെയ്തശേഷം എന്റെ സുഹൃത്തുക്കൾ പറഞ്ഞതുപോലെയുള്ള വലിയ ശല്യങ്ങൾ എനിക്കുണ്ടായില്ല. എന്നാലും തീരെ ഇല്ലായെന്നും പറഞ്ഞുകൂടാ. പക്ഷേ ഈ വിഷയത്തിൽ എന്റെ ചില വിദ്യാർത്ഥിനികളും അടുത്ത സുഹൃത്തുക്കളും അവരുടെ അനുഭവങ്ങൾ പങ്കുവച്ചപ്പോഴാണ് അതിന്റെ ഭീകരാവസ്ഥ ശരിക്കും ബോധ്യമായത്. 

നവമാധ്യമങ്ങൾ പൊതു ഇടങ്ങളാണ്

പൊതുഇടമാണെന്ന യാഥാർത്ഥ്യബോധ്യത്തോടെ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന ആളുകൾ വളരെ കുറവാണ് എന്നാണ് രണ്ടു വർഷത്തെ നിരീക്ഷണത്തിലൂടെ മനസ്സിലാക്കാനായത്. ഉപയോഗിക്കുന്ന ആളുകളുടെ സംഖ്യ പരിശോധിച്ചാൽ ഫെയ്സ്ബുക്കിനെ സമൂഹത്തിന്റെ പരിച്ഛേദമായി കണക്കാക്കാം. അതുകൊണ്ടുതന്നെ പൊതുഇടങ്ങളിൽ പാലിക്കപ്പെടേണ്ട സ്വകാര്യതയും പൊതുനിയമാവലികളും സൈബർ ഇടത്തിനും ഒരു പരിധിവരെ ബാധകമാണ്. പൊതുനിരത്തിലാണെങ്കിൽ നമ്മൾ ചെയ്യാനോ പറയാനോ വിമുഖത കാണിക്കുന്ന പല കാര്യങ്ങളും സോഷ്യൽമീഡിയയിൽ ജാള്യതയില്ലാതെ പങ്കുവയ്ക്കപ്പെടുന്നുണ്ട്. വെർച്വൽ സ്പേസുകളെ കാൽപ്പനികമായ ഒരു സ്ഥലമായി കാണേണ്ടതല്ല എന്ന യാഥാർത്ഥ്യമാണ് ഈ കോവിഡ്കാലം നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ സ്വകാര്യതയെ വിൽപ്പനയ്ക്കുവയ്ക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. 'ഞാൻ എന്ത് കഴിക്കുന്നു ', 'എന്റെ രാത്രി ദിനചര്യ', 'എന്റെ ബാഗിൽ എന്തുണ്ട് ' തുടങ്ങിയ വിഷയങ്ങൾ ചിത്രീകരിക്കുന്ന വ്ലോഗുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇതുപോലെയുള്ള യൂട്യൂബ് വ്ലോഗുകൾക്കു ലഭിക്കുന്ന വലിയ സ്വീകാര്യത മറ്റുള്ളവരുടെ വ്യക്തിജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാനുള്ള ആളുകളുടെ ആകാംക്ഷയുടെ പ്രതിഫലനമാണ്. ആ ബലഹീനതയെ ചൂഷണം ചെയ്ത് പല യൂട്യൂബ് ചാനലുകളും പണമുണ്ടാക്കുന്നു. തികച്ചും സ്വകാര്യമായ വിഷയങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ ചർച്ച ചെയ്യാനുള്ളതാണോ എന്നത് ഗൗരവമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സ്വന്തം ജീവിതത്തിൽ സ്വകാര്യത എത്രത്തോളം സൂക്ഷിക്കണം എന്നതിന് സ്വന്തമായി ഒരു പരിധി നിശ്ചയിക്കാമെങ്കിലും സൈബർ സ്പേസിനെ നിരുത്തരവാദപരമായി കൈകാര്യം ചെയ്യുന്നത് പലപ്പോഴും തെറ്റായ സന്ദേശം സമൂഹത്തിന് നൽകിയേക്കും.

ഈ കഴിഞ്ഞ ദിവസം ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടതിൽ സിനിമനടി അനശ്വര രാജനെതിരെ അതിൽ അസ്വസ്ഥരായ ഒരു കൂട്ടം ആളുകൾ അസഭ്യമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. അതിൽവന്ന ഒരു കമന്റ്  ഏതാണ്ട് ഇപ്രകാരായിരുന്നു, 'നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോ എടുക്കാം. പക്ഷേ അത് പബ്ളിക്കായി പോസ്റ്റ് ചെയ്താൽ പൊതുസമൂഹത്തിൽ നിന്നുവരുന്ന ഏതുതരം കമന്റും കേൾക്കേണ്ടിവരും.' ഇത് വായിക്കുമ്പോൾ സ്ത്രീകളുടെ വസ്ത്രധാരണസ്വാതന്ത്ര്യത്തെ പൂർണമായും പിന്തുണയ്ക്കുമ്പോൾതന്നെ അതിനെ ഉൾക്കൊള്ളുന്ന തരത്തിൽ പൊതുസമൂഹം മാറിവരാൻ ഇനിയും എത്രനാൾ കാത്തിരിക്കേണ്ടിവരും എന്ന ആശങ്ക എന്നിലും ഉണ്ടാകുന്നുണ്ട്.

തരം കിട്ടിയാൽ മുട്ടിവിളിക്കുന്നവർ

ഫെയ്സ്ബുക്ക് ഒരു പൊതു ഇടമാണെങ്കിലും മെസഞ്ചറിലൂടെ സ്വകാര്യ സംഭാഷണങ്ങൾക്കുള്ള സൗകര്യം നിർമാതാക്കൾ നൽകുന്നുണ്ട്. ഫെയ്സ്ബുക്കിൽ ലൈക്കും കമന്റും പറയാത്ത പലരും സ്വകാര്യ സംഭാഷണങ്ങൾക്കുവേണ്ടി മെസഞ്ചറിൽ മുട്ടിവിളിക്കാറുണ്ട്. പലപ്പോഴും പരിധി ലംഘിക്കുന്ന ലൈംഗികച്ചുവയുളള സംഭാഷണങ്ങളും ശല്യപ്പെടുത്തലുകളും സ്ത്രീകൾ അനുഭവിക്കുന്നു. ഇത്തരം സംഭാഷണങ്ങൾ സ്ത്രീകൾ സ്ക്രീൻഷോട്ട് എടുക്കുകയും അത് ഫെയ്സ്ബുക്കിൽ പബ്ളിക്കായി പോസ്റ്റ് ചെയ്യുന്നതും കണ്ടിട്ടുണ്ട്. പീഡനക്കേസുകളിൽ പ്രതികൾ പിടിക്കപ്പെട്ടിട്ടും ശിക്ഷിക്കപ്പെട്ടിട്ടും വീണ്ടും എന്തുകൊണ്ട് സ്ത്രീകൾ പീഡനത്തിനിരയാകുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്. കുറ്റകൃത്യം കുറയ്ക്കാൻ ശിക്ഷ കുറേക്കൂടി കടുത്തതും മാതൃകാപരവുമാകണമെന്ന് പറയുമ്പോഴും കുറ്റകൃത്യം ചെയ്യുമ്പോൾ അതിന്റെ ഭവിഷ്യത്തിനെക്കുറിച്ച് പുരുഷന്മാർ ആലോചിക്കുന്നില്ല എന്നതാണ് സത്യം. അങ്ങനെ ചിന്തിക്കുമ്പോൾ സ്ക്രീൻഷോട്ട് പബ്ലിക്കായി പോസ്റ്റ് ചെയ്യുന്നത് അവരെ ഈ പ്രവൃത്തിയിൽ നിന്നും എക്കാലത്തേക്കും വിലക്കുന്ന ശിക്ഷയായി കണക്കാക്കാൻ ആകില്ല. ഇത്തരം വ്യക്തികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ് അതിനേക്കാൾ ഉചിതം.

തീരെ പരിചയം ഇല്ലാത്ത ആളുകൾ മെസഞ്ചറിൽ വിഡിയോ സംഭാഷണത്തിനു മുതിരുന്നുണ്ട്. ചിലർ തരംകിട്ടിയാൽ കുടുംബ ദുഃഖങ്ങൾ പങ്കുവയ്ക്കുന്നു. മറ്റു ചിലർക്ക് ഫോട്ടോയെക്കുറിച്ചുള്ള അഭിപ്രായമായിരിക്കും പറയാനുണ്ടാവുക. ചിലർക്ക് വിവാഹം കഴിക്കണം, മറ്റു ചിലർക്ക് ഒന്നു കണ്ടാൽ മതിയാകും. പ്രണയാഭ്യർത്ഥനകളും മെസഞ്ചറിലൂടെ ചെയ്യുന്നവരുണ്ട്. അതിൽ ചെറുപ്പക്കാരനെന്നോ മധ്യവയസ്കനെന്നോ വിവാഹിതനെന്നോ അവിവാഹിതനെന്നോ വ്യത്യാസമില്ല. മെസേജ് അയക്കുന്നതിൽ ബഹുഭൂരിപക്ഷം ആളുകളും മറുപടി പ്രതീക്ഷിക്കുന്നുണ്ട്. എനിക്ക് ഒരു ദിവസം ശരാശരി നൂറോളം പുതിയ മെസേജുകൾ ലഭിക്കാറുണ്ട്. തീർച്ചയായും ഈ സംഖ്യ മറ്റുള്ളവർക്കു കിട്ടുന്നതിനേക്കാൾ കുറവായിരിക്കും. പക്ഷേ ജോലിത്തിരക്കുകൾക്കിടയിൽ പലതും കൃത്യമായി പരിശോധിക്കാനോ മറുപടി അയക്കാനോ എനിക്കു സാധിക്കാറില്ല. അതിൽ പിണങ്ങി അൺഫ്രണ്ട് ചെയ്യുന്നവരും മെസഞ്ചറിൽ കുറവല്ല. നാളുകളായി മെസഞ്ചറിൽ സന്ദേശങ്ങൾ അയച്ച് മറുപടിയ്ക്ക് കാത്തിരുന്ന ഒരു വ്യക്തി അത് കിട്ടാതെയായപ്പോൾ തികച്ചും അസഭ്യമായ വാക്കുകളാണ് പബ്ലിക് കമൻറായി പോസ്റ്റ് ചെയ്തത്.  ഇത്തരക്കാരെ അൺഫ്രണ്ട് ചെയ്യുകയോ ആജീവനാന്തം വിലക്കുകയോ ചെയ്യാം.

എന്നാൽ എന്റെ വിദ്യാർത്ഥിനികളും സുഹൃത്തുക്കളും പങ്കുവച്ചത് വളരെ ഞെട്ടിക്കുന്ന കാര്യങ്ങളാണ്. ലൈംഗികച്ചുവയുള്ള സന്ദേശങ്ങളും ചിത്രങ്ങളും അയക്കാൻ മടിയില്ലാത്തവരുണ്ടത്രേ. അയയ്ക്കുന്നവരിൽ പലരും അടുത്ത പരിചയത്തിലുള്ളവരോ അയൽവാസികളോ ചിലപ്പോൾ ബന്ധുക്കളോ ആണെന്നതാണ് ഇതിനെ വളരെ ഗുരുതരമാക്കുന്നത്. ഇവിടെ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചാൽ അതൊരു കുടുംബവഴക്കോ അയൽപക്കവഴക്കോ ആയി മാറാൻ സാധ്യതയുണ്ട്. പലപ്പോഴും ഇത്തരം മെസ്സേജുകളുടെ സ്ക്രീൻഷോട്ടുകൾ സ്ത്രീകൾ കൂട്ടുകാരികളും കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുന്ന വിവരം ഇക്കൂട്ടർ അറിഞ്ഞിരിക്കാനിടയില്ല. പരിചയക്കാരുടെ മുന്നിൽ ഇവരുടെ മാനം എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ട സത്യം അറിയാതെയാണോ ഇവർ വീണ്ടും ഇതുപോലെയുള്ള മെസ്സേജുകൾ അയച്ചുകൊണ്ടിരിക്കുന്നത്. തങ്ങൾ അയയ്ക്കുന്ന മെസേജുകൾ സ്ത്രീകൾ ആരെയും കാണിക്കില്ല എന്ന മൗഢ്യത പുരുഷന്മാർ ഇനിയും വച്ചുപുലർത്തരുത്. നിങ്ങൾ ഒരിക്കലെങ്കിലും ഇതുപോലെ മെസ്സേജ് അയച്ചിട്ടുണ്ടെങ്കിൽ പലരുടേയും മുന്നിൽ നിങ്ങൾ അപമാനിതനായിക്കഴിഞ്ഞു എന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയണം.

ഇത് സ്ത്രീകളുടെ കൂടി സ്ഥലം

ഫെയ്സ്ബുക്കിൽ സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കുന്ന സ്ത്രീകളെ എതിരഭിപ്രായമുള്ളവർ മെസഞ്ചറിൽ വന്നു ചീത്ത വിളിക്കുന്നത് പതിവാണ്. മറ്റു ചിലർ ഉപദേശങ്ങളുമായി വരുന്നു. ഭീഷണിപ്പെടുത്തുന്നവർ പോലും ഇക്കൂട്ടത്തിലുണ്ട്. പൊതുനിരത്തിലൂടെ യാത്ര ചെയ്യുന്ന സ്ത്രീകളെ കമൻറു പറയുന്ന പുരുഷന്മാർ ഇപ്പോൾ മെസഞ്ചറിലൂടെയാണ് ആ പ്രവൃത്തി ചെയ്യുന്നത്. രണ്ടും ഫലത്തിൽ ഒരുപോലെതന്നെയാണ്. ഇത്തരക്കാരുടെ മോശം പെരുമാറ്റം കാരണം സ്ത്രീകൾക്ക് അടിക്കടി ഫോൺ നമ്പറുകളും വാട്സാപ് നമ്പറുകളും മാറേണ്ടി വരുന്നു, ചിലപ്പോൾ ഫെയ്സ്ബുക്ക് തന്നെ അൺ ഇൻസ്റ്റാൾ ചെയ്യേണ്ടിവരുന്നു. ബ്ലോക്കിങ്, അൺഫ്രെൻഡ് ചെയ്യുക പോലുള്ള സൗകര്യങ്ങൾ ഇത്തരം സന്ദർഭങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. പ്രശ്നം കൂടുതൽ വഷളാവുകയാണെങ്കിൽ സൈബർ സെല്ലിൽ പരാതി നൽകാം. അതിൽ മടി വിചാരിച്ചു കൂടാ. മറ്റുള്ളവരിൽ നിന്ന്  താൽകാലികമായി ചില ഉപദേശങ്ങൾ തേടാമെങ്കിലും ആത്യന്തികമായി സ്ത്രീകൾ നേരിടുന്ന നവമാധ്യമപ്രശ്നങ്ങൾ പരിഹരിക്കാനുള്ള പക്വതയും അറിവും ധൈര്യവും അവർ തന്നെ നേടിയെടുക്കണം. ഇത് അവർക്കും കൂടി അവകാശപ്പെട്ട സ്ഥലമാണ്. ചിന്തകളും സർഗാത്മകതയും നിലപാടുകളും അവതരിപ്പിക്കാനുള്ള സ്ഥലം. സ്ത്രീകളുടെ ഡിജിറ്റൽ എംപവർമെന്റ് ഈ ദിശയിൽക്കൂടിയാണ് യാഥാർഥ്യമാകേണ്ടത്.

(ലേഖിക നർത്തകിയും തലശേരി ഗവ. ബ്രണ്ണൻ കോളേജിലെ അസി. പ്രൊഫസറുമാണ്.)

English Summary: Lakshmibai Thampuratti About Social Media Misuse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com