ADVERTISEMENT

കേട്ടിട്ടുണ്ടോ ഗുലാബി ഗാങ്ങിനെ കുറിച്ച്? പിങ്ക് നിറത്തിലുള്ള സാരി ധരിച്ച് കയ്യില്‍ പത്തലും പേറി നടക്കുന്ന ഒരു പെണ്‍കൂട്ടം. 18 വയസ്സു മുതല്‍ അറുപതു കഴിഞ്ഞവര്‍ വരെ അവരിലുണ്ട്. എവിടെയെങ്കിലും ഒരു സ്ത്രീ പീഡനത്തിനിരയായാല്‍, അവള്‍ക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പായാല്‍ അവര്‍ പാഞ്ഞെത്തും. പീഡകൻ, അത് അവളുടെ ഭര്‍ത്താവാകട്ടെ മറ്റാരുമാകട്ടെ, പിങ്ക് സേനക്കാരുടെ കൈച്ചൂട് അറിയും. മുന്നറിയിപ്പാണത്. അയാള്‍ക്കു മാത്രമല്ല, സ്ത്രീത്വത്തെ അവഹേളിക്കുന്നത്, പീഡിപ്പിക്കുന്നത് ആനന്ദമായി കരുതുന്ന ഓരോരുത്തനുമുള്ള മുന്നറിയിപ്പ്. ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയിലാണ് ഈ കൂട്ടായ്മ പ്രവര്‍ത്തിക്കുന്നത്. ദേഹത്തും മനസ്സിലും  മുറിവേറ്റ, ആ മുറിവുകളുടെ ഒരിക്കലും ഉണങ്ങാത്ത നോവ് മനസ്സില്‍ പേറുന്ന സ്ത്രീകളാണവര്‍. ജാതീയമായും സാമ്പത്തികമായും മറ്റു സാമൂഹിക സാഹചര്യങ്ങളിലുമെല്ലാം പിന്നാക്കം നില്‍ക്കുന്നവര്‍. ഈ കാരണങ്ങള്‍ കൊണ്ടു തന്നെ നീതി പോലും അപ്രാപ്യമാകുന്നവര്‍. മാന്യമായി ജീവിക്കാന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശം നേടിയെടുക്കാന്‍ അവര്‍ക്ക് അതേ മാര്‍ഗമുള്ളൂ.

അടുത്തിടെ വീണ്ടും ഈ ഗുലാബി ഗാങ്ങിനെ ഓര്‍മ വന്നു. നമ്മുടെ കേരളത്തില്‍ മൂന്നു സ്ത്രീകള്‍ ചേര്‍ന്ന് ഒരു ആഭാസനെ കൈവച്ചപ്പോള്‍. ഏറ്റവും ബഹുമാന്യരായി ജീവിക്കുന്ന സ്ത്രീകളെ പോലും അശ്ലീലവും അസഭ്യവും വാരിയെറിഞ്ഞ ഒരുത്തനെ കൈകാര്യം ചെയ്യാന്‍ അവർ ആദ്യം നീതിയുടെ വഴി തന്നെയാണ് തേടിപ്പോയത്. പക്ഷേ, അവന്റെ രോമത്തെ പോലും സ്പര്‍ശിക്കാന്‍ ആരും തയ്യാറാവാതെ വന്നപ്പോളാണ് അവര്‍ക്ക് ഈ വഴി തിരഞ്ഞെടുക്കേണ്ടി വന്നത്. "നിയമം കയ്യിലെടുത്തേ" എന്ന മുറവിളി കേള്‍ക്കുന്നുണ്ട്. നാളെ ആ അടി തന്റെ മുഖത്ത് വീഴുമെന്ന  ഭയമാണ് ആ മുറവിളിക്കു പിന്നില്‍.

സൈബര്‍ ഇടത്തില്‍ ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോള്‍ നെല്ല് പത്തായത്തിലുണ്ടെങ്കില്‍ എലി വയനാട്ടില്‍ നിന്നും വരും എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. നാട്ടിലുള്ള സകല സ്ത്രീവിരുദ്ധരും ഓടിയെത്തുകയായി. അവള്‍ പൊതുസ്വത്താണെന്ന മട്ടില്‍ മനസ്സിലെ മാലിന്യം മുഴുവന്‍ വലിച്ചെറിയുകയായി. അവളുടെ കുടുംബാംഗങ്ങളെ, അവളെ പിന്തുണയ്ക്കാനെത്തുന്നവരെ മുഴുവന്‍ വളഞ്ഞിട്ട് ആക്രമിക്കും. കഴിഞ്ഞ ദിവസം സൈബര്‍ ആക്രമണത്തിന് ഇരയായ ഒരു പെണ്‍കുട്ടിയെ പിന്തുണച്ച മറ്റൊരു പെണ്‍കുട്ടിയുടെ ഫെയ്സ്ബുക് പ്രൊഫൈല്‍ സ്ക്രീന്‍ ഷോട്ട് എടുത്ത് അവളെയും അസഭ്യം പറയുന്നവരെ കണ്ടു. സ്ത്രീ എന്നാല്‍ ശരീരം മാത്രമാണെന്ന വികലചിന്തയില്‍ നിന്നാണ് ഇത്തരം വഷളത്തരങ്ങള്‍ പുറത്തുവരുന്നത്. ആഭാസന്മാരേ... നിങ്ങളെറിയുന്ന ചേറ് ഞങ്ങളിൽ വീഴില്ല. അതു ബൂമറാങ് പോലെ വന്നയിടത്ത് തിരിച്ചെത്തും, നിങ്ങളുടെ തന്നെ മനസ്സിൽ.

പിന്നാക്ക സാഹചര്യങ്ങളില്‍ നിന്നു വരുന്ന സ്ത്രീകള്‍, പ്രത്യേകിച്ച് ദലിത് സ്ത്രീകള്‍, നേരിടേണ്ടി വരുന്നത് ഇരട്ട അടിച്ചമര്‍ത്തലാണ്.  പിന്നാക്കാവസ്ഥയില്‍ നിന്നുള്ളവരോടുള്ള പുച്ഛം, പരിഹാസം, സാമൂഹികവും സാമ്പത്തികവുമായി അസമത്വങ്ങളൊക്കെ ഒരു വശത്ത്. മറുവശത്ത് സ്ത്രീ എന്ന നിലയില്‍ നേരിടേണ്ടി വരുന്ന ആക്രമണങ്ങള്‍. അമേരിക്കന്‍ നോവലിസ്റ്റ് ആലിസ് വോക്കറുടെ കളര്‍ പര്‍പ്പിള്‍ എന്ന നോവലില്‍ വരച്ചിടുന്ന സ്ത്രീജീവിത ദുരന്തങ്ങള്‍ക്ക് ഈ ഇരട്ട പീഡനമാണ് പ്രമേയം. ഒടുവില്‍ സ്ത്രീകള്‍ക്ക് സ്ത്രീകള്‍ തന്നെ കൈത്താങ്ങാകുന്ന അവസ്ഥയാണ് ഇതില്‍ വിവരിക്കുന്നത്. കാരണം, അവര്‍ക്കാണ് പരസ്പരം നന്നായി മനസ്സിലാകുക. പക്ഷേ, അപ്പോഴും ഇതേ സ്ത്രീകള്‍ക്കെതിരെ രൂപം കൊള്ളുന്ന പ്രതിപക്ഷത്തില്‍ ചില സ്ത്രീകളും അംഗങ്ങളാകുന്നുണ്ട്. അക്രമികള്‍ക്ക് ഇവരുടെ പിന്തുണ ഊര്‍ജം പകരുന്നുമുണ്ട്. "അവരും സ്ത്രീകളല്ലേ, അവര്‍ക്കില്ലാത്ത പ്രശ്നമെന്താ ഇവള്‍ക്കൊക്കെ" എന്നതാണ് ന്യായം. അടി കൊണ്ടവനും കണ്ടു നിന്നവനും തമ്മിലുള്ള വ്യത്യാസമാണ് ആക്രമണത്തിന് ഇരയാകുന്നവളും കണ്ടുനില്‍ക്കുന്നവരും തമ്മിലുള്ളത്. ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന ചില്ലുഗോപുരങ്ങളിലിരുന്നാണ് ഈ സ്ത്രീകളും അക്രമികള്‍ക്ക് കുട പിടിക്കുന്നത്. ഒന്നോര്‍ത്തോളൂ. ഇരിക്കുന്നത് ചില്ലുകൂട്ടിലാണ്. ലക്ഷ്യം തെറ്റി വരുന്ന ആദ്യത്തെ കല്ല് നിങ്ങളുടെ സുരക്ഷിത ശിശിരനിദ്രയെ തകര്‍ക്കുന്ന കാലം വിദൂരമല്ല.

ശാരീരിക ആക്രമണങ്ങളെ ഒരിക്കലും ഞാന്‍ പിന്തുണയ്ക്കാറില്ല. പക്ഷേ, വാളയാര്‍ പെണ്‍കുഞ്ഞുങ്ങളുടെ കേസിലെ പ്രതിയെ ആള്‍ക്കൂട്ടം ആക്രമിച്ചുവെന്നു കേട്ടപ്പോള്‍, ഇന്നലെ അസഭ്യം പറച്ചിലുകാരനെ സ്ത്രീകള്‍ കൈവച്ചപ്പോളൊക്കെ മനസ്സ് എഴുന്നേറ്റ് നിന്നു കയ്യടിച്ചു. കാരണം, ചില അടികള്‍ കയ്യടി അര്‍ഹിക്കുന്നുണ്ട്...

English Summary: She World About Bhagyalakshmi's Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com