sections
MORE

എവിടെയാണ് നിങ്ങൾ പറയുന്ന സ്ത്രീ–പുരുഷ സമത്വം? അവർ ഉന്നയിക്കുന്ന ചോദ്യങ്ങൾ!

gender-equality
പ്രതീകാത്മക ചിത്രം
SHARE

ചെറുതുള്ളികളല്ലോ മഹാസമുദ്രമാകുക,

ചെറുതരികൾ, ഈ വൻഭൂമി തന്നെയും

എന്നൊരു കുഞ്ഞൻ കവിത ചെറു ക്ലാസിലുണ്ടായിരുന്നു, ഇംഗ്ലിഷിൽ. മാറ്റത്തിനും ഈ വരികൾ എത്ര നന്നായി യോജിക്കും, അല്ലേ. ചെറുചെറു ചുവടുകൾ ചേരുമ്പോഴാണല്ലോ വലിയ മാറ്റങ്ങളുടെ ആകാശം തുറക്കുക. അത്തരമൊരു കാലമാണിത്, എല്ലാ തുറകളിലും മാറ്റങ്ങളുടെ കാലം. സ്ത്രീയുടെയും പുരുഷന്റെയും തുല്യതയുടെ, അവരുടെ ജീവിതത്തിന്റെ, വിവാഹബന്ധത്തിന്റെ ഒക്കെ സമവാക്യങ്ങൾ നല്ല രീതിയിൽ മാറി മുന്നേറുന്നതു കാണാൻ തന്നെ എന്തു ഭംഗി! ലക്ഷ്യത്തിലേക്ക് ഇനിയും എത്രയോ ദൂരമുണ്ടെങ്കിലും. 

കഴിഞ്ഞദിവസം നടി ദിയ മിർസയുടെയും വൈഭവ് രേഖിയുടെയും വിവാഹവാർത്തയിലും കണ്ടു അതുപോലെയൊരു മാറ്റത്തിന്റെ തിളക്കം. ചടങ്ങിനു കാർമികത്വം വഹിച്ചത് ഷീല ആത്ത എന്ന പുരോഹിതയാണ്. ഇങ്ങനെയൊക്കെയല്ലേ, നമ്മൾ സമത്വത്തെ ആഘോഷിക്കുകയെന്ന കുറിപ്പോടെയാണ്, അഗ്നിയിലേക്കു നെയ് പകരുന്ന ഷീലയുടെ ചിത്രം ദിയ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. വിവാഹത്തിന് കന്യാദാനം, വധുവിനെ ഭർതൃവീട്ടിലേക്ക് ‘ഔദ്യോഗികമായി പറഞ്ഞുവിടുന്ന’ ബിദായി എന്നീ ചടങ്ങുകൾ ദിയയും വൈഭവും വേണ്ടേ വേണ്ടെന്നു വച്ചു. പ്ലാസ്റ്റിക്കിനെ പടിക്കു പുറത്തു നിർത്തി നടത്തിയ സൽക്കാരം പ്രകൃതിക്കും കൊടുത്തു, മാറ്റത്തിന്റെ ഒരുമ്മ. വിവാഹത്തോടെ ഒരു സ്ത്രീയെ സ്വന്തം വീടു വേണ്ടെന്നു വയ്ക്കുന്നതും എല്ലാ അവകാശവും ഭർത്താവിന്റെ വീടിനു കൈമാറുകയും ചെയ്യുന്ന ആ പഴയ രീതികൾ ഇനിയെന്തിനെന്നു ദിയ ചോദിക്കുമ്പോൾ, എന്റെ വീട് എന്നു പറയാൻ എനിക്കൊരിടമില്ലല്ലോ എന്നു വിങ്ങുന്ന ഒരുപാട് ഇന്ത്യൻ പെൺ മനങ്ങൾ അതു മൗനമായിട്ടെങ്കിലും ഏറ്റുപറയും. 

ഇതെക്കുറിച്ച് ഒരു വേദിയിൽ സംസാരിച്ചപ്പോൾ ഒരാൾ ചോദിച്ചു, പുരുഷന്മാർ ചെയ്യുന്ന എല്ലാ കാര്യങ്ങളും സ്ത്രീകൾക്കു ചെയ്യണമെന്നു വാശി പിടിക്കുന്നത് എന്തിനാണ്? നല്ല ചോദ്യം. പുരുഷനാകാൻ സ്ത്രീ ശ്രമിക്കുന്നതാണു തുല്യതയെന്ന ചിന്ത എങ്ങനെയോ ഇവിടെ വേരുറച്ചിട്ടുണ്ട്. പക്ഷേ, അതല്ലല്ലോ സ്ത്രീ പുരുഷ സമത്വം. ഇരുവർക്കും ഒരേ സ്വാതന്ത്ര്യം, ഒരേ അവകാശം, ഒരേ പരിഗണന, ഒരേ നീതി, ഒരേ നിയമം, ഒരേ അവസരങ്ങൾ, ഒരേ ബഹുമാനം, ഒരേ അംഗീകാരം – ഒപ്പം  തന്റെ ഇടത്തിൽ താനായി അന്തസ്സോടെ ജീവിക്കാമെന്ന ഉറപ്പ്, മുൻവിധികളില്ലാത്ത സമീപനം ഇതെല്ലാം ചേർന്ന പൊളിറ്റിക്കലി കറക്ട് ആയ ഒരു വലിയ ലക്ഷ്യമല്ലേ തുല്യത.

ചായ ഉണ്ടാക്കാത്തതിന്റെ പേരിൽ യുവതിയെ തലയ്ക്കടിച്ചു കൊന്ന ഭർത്താവിനോടു ബോംബെ ഹൈക്കോടതി പറഞ്ഞ വാക്കുകൾ എത്ര ആഴമുള്ളതാണ്. ‘ ഭാര്യ ഭർത്താവിന്റെ അധികാരത്തിൻ കീഴിലുള്ള വസ്തുവോ അയാൾക്കു തോന്നുന്നത് എന്തും ചെയ്യാവുന്ന സ്വത്തോ അല്ല. വീട്ടുജോലികൾ സ്ത്രീകൾ തന്നെ ചെയ്യണമെന്ന മട്ടാണു പലർക്കും. സമത്വമില്ലാത്ത സമൂഹത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ ഇനിയുമുണ്ടായിക്കൊണ്ടിരിക്കും.’

എങ്ങനെയാണു ജോലിയും വീടും ഒരുമിച്ചു മാനേജ് ചെയ്യുന്നതെന്ന ചോദ്യത്തോട്, നടി ജെന്നിഫർ ഗാർനർ മറുപടി പറഞ്ഞത് ഇങ്ങനെയാണ്:  ഒരേ കുടുംബം പങ്കിടുന്ന എന്റെ ഭർത്താവിനോട് ഈ ചോദ്യം ആരും ഇതുവരെ ചോദിച്ചു കേട്ടിട്ടില്ല. കുടുംബം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമാണെന്ന ചിന്ത അത്ര പെട്ടന്നൊന്നും സമൂഹമനസ്സിൽ നിന്നു പോകാത്തതു കൊണ്ടാകാം,’

എല്ലാ വേദികളിലും സെക്സി, ഹോട്ട്, ഗ്ലാമർ, ഡയറ്റ് ചോദ്യങ്ങൾ മാത്രമുയരുന്നതു പതിവായപ്പോൾ നടി സ്കാർലറ്റ് ജൊഹാൻസൺ പറഞ്ഞു, എനിക്കും തലച്ചോറുണ്ട്. പുരുഷ ആർട്ടിസ്റ്റുകളോടു ചോദിക്കുന്നതു പോലെയുള്ള ‘കനപ്പെട്ട’ ചോദ്യങ്ങൾ എന്നോടുമാകാം.’ യുഎൻ വേദിയിൽ നടി മേഗൻ മാർക്കിൾ പറഞ്ഞ ‘പോരാട്ടകഥ’ ഓർമയില്ലേ? പാത്രം കഴുകുന്ന ഡിഷ് വാഷറിന്റെ പരസ്യത്തിൽ സ്ത്രീകളെക്കുറിച്ചു മാത്രം പറയുന്നതിനെതിരെ അന്നത്തെ യുഎസ് പ്രഥമവനിത ഹിലരി ക്ലിന്റൻ ഉൾപ്പെടെയുള്ളവർക്കു കത്തെഴുതി, പരസ്യവാചകം കൊച്ചു മേഗൻ മാറ്റിച്ച കഥ. 

നടി എമ്മ വാട്സൻ പറഞ്ഞതുപോലെ, ഫെമിനിസം എന്തോ മോശം വാക്കായി പലരും കണക്കാക്കുന്നത് എന്താണെന്നു മനസ്സിലാകുന്നില്ല. ഫെമിനിസം എന്നാൽ പുരുഷവിദ്വേഷമെന്നല്ല, അർഥം’. നടിയായ ദിയയെക്കുറിച്ചു പറഞ്ഞു തുടങ്ങിയതു കൊണ്ടു മാത്രമാണു മറ്റു നടിമാരിലേക്ക് എഴുത്തു തിരിഞ്ഞത്. അവരുടെ വാക്കുകളും പ്രവൃത്തികളും മുന്നോട്ടുവയ്ക്കുന്ന മാറ്റങ്ങളെക്കാൾ ശക്തവും തീവ്രവുമായ മാറ്റങ്ങൾ സമൂഹത്തിന്റെ മറ്റെല്ലാ തലങ്ങളിലും തലയെടുപ്പോടെ ഉയർന്നുനിൽപുണ്ട്. കഴിഞ്ഞദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായ കൊച്ചുപെൺകുട്ടിയുടെ ശക്തമായ ചോദ്യം അതിലൊന്നുമാത്രം, ‘ എന്താണ് മാൻമെയ്ഡ് എന്നു പറയുന്നത്, സ്ത്രീകൾ ഒന്നും നിർമിക്കുന്നില്ലേ, ഉണ്ടാക്കുന്നില്ലേ, എന്താണു പീപ്പിൾ മെയ്ഡ് എന്നു പറയാത്തത്?’ എന്തൊരു വലിയ ചോദ്യം!

English Summary: Women Ask Where is gender equality?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA