ADVERTISEMENT

"എന്തു ചെയ്താലും ഇനി എന്റെ മക്കളെ തിരിച്ചുകിട്ടില്ല. പക്ഷേ, അവരെ ഇല്ലാതാക്കിയവരെ നിയമത്തിനു മുന്നിൽ എത്തിക്കണം. അതിനു കൂട്ടുനിന്ന പൊലീസുകാരെ സർവീസിൽനിന്നു പുറത്താക്കണം. നമ്മുടെ  നാട്ടിലെ ഓരോ പെങ്കുഞ്ഞിനും വേണ്ടിയാണ് ഞാൻ പോരാടുന്നത്. നീതി കിട്ടാൻ വേണ്ടി തെരുവിലിറങ്ങേണ്ടി വരുന്ന, അതിനായി തല മൊട്ടയടിക്കേണ്ടി വരുന്ന അവസ്ഥ ഇനി കേരളത്തിലെ ഒരമ്മയ്ക്കും ഉണ്ടാവല്ല്…"

അമ്മ എന്ന വാക്ക് അഗ്നി പോലെ ജ്വലിക്കുകയാണ്. അമ്മയാണവർ.... വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ. കുരുന്നുകൈകളെത്താ ഉയരത്തിൽ നിന്ന് തൂങ്ങിയാടിയ രണ്ടു പിഞ്ചുകുട്ടികൾ വർഷങ്ങളായി കേരളത്തിലെ അമ്മയച്ഛന്മാരുടെ ഉറക്കം കെടുത്തുകയാണ്. ആ ഇളംശരീരങ്ങളിൽ ദുഷ്ടലാക്കോടെ സ്പർശിച്ച, പിന്നെയവരെ കൊന്നുതള്ളിയ നീചരെ എന്തിനാണ് സംരക്ഷിക്കുന്നത്... ഓരോ ശിശുരോദനത്തിലും കേൾക്കുന്നത് ഒരു കോടി ഈശ്വരവിലാപമെന്ന കവിവാക്ക് സത്യമാണ്. ഈശ്വരൻ പോലും നെഞ്ചുപൊട്ടിക്കരഞ്ഞിട്ടുണ്ടാകും ആ കുരുന്നുകളെ ഓർത്ത്. എന്നിട്ടും അവർക്ക് നീതി ലഭിക്കുന്നില്ല. അങ്ങനെയാണ് ആ അമ്മ പോരാടാനുറച്ച് തെരുവിലെത്തിയത്. പ്രതിഷേധമാർഗമായി തലമുണ്ഡനം ചെയ്ത വാർത്തയറിഞ്ഞ് അവരെ വീണ്ടും വിളിച്ചതായിരുന്നു ഞാൻ.

"ഒരു രാഷ്ട്രീയക്കാർക്കും എതിരല്ല ഞാൻ. ആരു ഭരണത്തിൽ വരുന്നതും എന്റെ കാര്യമല്ല. ആരു ഭരണം പിടിച്ചാലും എന്റെ കുഞ്ഞുങ്ങൾക്കു നീതി തരണം. അതേ ഞാൻ ചോദിക്കുന്നുള്ളൂ" – സങ്കടത്താൽ ഇടറുമ്പോളും വ്യക്തതയുള്ള വാക്കുകളിൽ അവർ പറഞ്ഞുകൊണ്ടേയിരുന്നു.

അവരെ ആദ്യം കണ്ടത് ഓർമ വന്നു. 51 ദിവസത്തെ ഇടവേളയിൽ, പതിമൂന്നും ഒൻപതും വയസ്സുള്ള സഹോദരിമാർ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട കേസിൽ പ്രതികളെ വിട്ടയച്ച വിധി വന്ന് ഏതാനും ദിവസങ്ങളേ ആയിരുന്നുള്ളൂ. ആ വിധികേട്ട് മനഃസാക്ഷിയുള്ളവരെല്ലാം നടുങ്ങിപ്പോയിരുന്നു. പലതരം കഥകളാണ് പിന്നാലെ ഉയർന്നുവന്നത്. കുട്ടികളുടെ കുടുംബത്തെ കുറ്റപ്പെടുത്താൻ വ്യഗ്രത കാണിക്കുന്ന ചിലർ. എന്തിന്, ആ കുഞ്ഞുങ്ങളെ തന്നെ ഏറ്റവും ക്രൂരമായി പഴി പറയുന്നവരെയും കണ്ടു. ആ സമയത്താണ് അഭിമുഖം തയാറാക്കുന്നതിനായി അവരെ കാണാൻ ചെന്നത്. വീടു നിറയെ പല രാഷ്ട്രീയ പാർട്ടികളുടെ അണികൾ, മറ്റു സംഘടനകളുടെ പ്രവർത്തകർ. അതിനിടയിലൂടെ അവരെന്നെ അകത്തെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. "എല്ലാ തിരക്കും തീരട്ടെ, ഞാൻ കാത്തിരിക്കാം" എന്നു പറഞ്ഞതുകൊണ്ട് പിന്നെയും ഒരു മണിക്കൂർ കൂടി കഴിഞ്ഞ് ഏതാണ്ട് അഞ്ചുമണിയോടെയാണ് അവർ വന്നത്. വാക്കുകളില്‍ കണ്ണീർ നനവോടെ അവർ സംസാരിച്ചുതുടങ്ങി. വല്ലാതെ തളർന്നതു പോലെ തോന്നിയതുകൊണ്ട് 'ഊണു കഴിച്ചില്ലേ' എന്ന് ചോദിച്ചു. "ഇല്ല ചേച്ചീ... രാവിലെ ഒരു ഗ്ലാസ് ചായ കുടിച്ചതാണ്. അപ്പോൾ മുതൽ ആള്‍ക്കാര്‍ വന്നുതുടങ്ങി. പിന്നെ ഞങ്ങളൊന്നും ഉണ്ടാക്കിയില്ല, കഴിച്ചില്ല." അതുകേട്ട് വല്ലാത്ത കുറ്റബോധം തോന്നി. അതങ്ങനയാണ്. നാം നേരിട്ട് പ്രതിയല്ലാത്ത പല കാര്യങ്ങളും നമ്മളെ കുറ്റബോധത്തിലാക്കും, സമൂഹവും പ്രതിയാകുമ്പോൾ…

അന്നന്നു പണിക്കു പോയാൽ മാത്രം ഉരിയരി വാങ്ങാൻ കഴിയുന്ന കുടുംബം. കോടതിവിധി വന്നപ്പോൾ അതറിഞ്ഞ് പണിസ്ഥലത്തുനിന്ന് മടങ്ങിയതാണവർ. കയ്യിൽ നീക്കിയിരിപ്പൊന്നുമില്ലെന്ന് ഉറപ്പ്. വിശപ്പിനു പരിഹാരം തേടാൻ പോലും ഇത്രയേറെ അലയുന്ന ഇവർ എങ്ങനെ നീതി നേടിയെടുക്കും എന്ന ആശങ്കയായിരുന്നു അപ്പോൾ തോന്നിയത്. പക്ഷേ പിന്നീടങ്ങോട്ടുള്ള ദിവസങ്ങളില്‍ കേരളക്കരയുടെ ഭൂരിഭാഗം അവരോടൊപ്പം കൈകോർക്കുകയായിരുന്നു. അതോടെ ആ അമ്മ മറ്റൊരാളായി മാറി. 'നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ' എന്ന് സമൂഹത്തിനു നേർക്കു വിരൽ ചൂണ്ടിയ കടമ്മനിട്ടയുടെ കുറത്തിയെ പോലെ അവർ ചോദ്യങ്ങൾ ചുഴറ്റിയെറിഞ്ഞുതുടങ്ങി. "വേട്ടനായ്ക്കടെ പല്ലിനാൽ വിണ്ടുകീറിയ നെഞ്ചുമായി" വിധിയുടെ കൂത്ത പല്ലിൽ കോർത്തുപോയ മക്കൾക്കു വേണ്ടി അവർ സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ തല മുണ്ഡനം ചെയ്ത് അവർ പ്രതിഷേധത്തിന്റെ പുതുവഴിയിലേക്ക്  നീങ്ങിയിരിക്കുന്നു. അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒട്ടേറെ സ്ത്രീകള്‍ തല മുണ്ഡനം ചെയ്തുകഴിഞ്ഞു. പിന്തുണയുമായി നീളുന്ന ഓരോ കയ്യും അവർക്കു കരുത്തേറ്റുകയാണ്.

"ഇളയ മോന്റെ പഠിപ്പ് മുടങ്ങി. അവനും ഞങ്ങള്‍ക്കൊപ്പം സമരപ്പന്തലിലാരുന്നു. ഓണ്‍ലൈന്‍ ക്ലാസിലൊന്നും കേറാന്‍ പറ്റുന്നില്ല. എനിക്ക് അവനെ ഇരുത്തി പഠിപ്പിക്കാനുള്ള അറിവൊന്നുമില്ല. ഇനി ആകെയുള്ള പ്രതീക്ഷ ഇവനാണ്. പക്ഷേ, ഇങ്ങനെ പോയാല്‍ എന്റെ കുഞ്ഞിന്റെ ഭാവി…" അവര്‍ വീണ്ടും വിഷാദത്തിലായി. 

"സാരമില്ല... സാരമില്ല... എല്ലാം  നേരെയാകും. വൈകാതെ നീതി ലഭിക്കും. അടുത്ത വർഷം കുഞ്ഞിന്റെ പഠനം തുടരാനാകും…" എനിക്കു തന്നെ അത്രയേറെ ഉറപ്പില്ലാതെ അവരെ ഞാൻ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.

ഈച്ചരവാരിയർ എന്നൊരു അച്ഛൻ മുൻപ് കേരള മനഃസാക്ഷിയോട് ഒരു ചോദ്യം ഉന്നയിച്ചിരുന്നു, "എന്റെ നിഷ്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത്" എന്ന്. അതേ ചോദ്യമാണ് ഇന്ന് ഈ അമ്മയും ചോദിക്കുന്നത്, "നിങ്ങളെന്തിനാണ് എന്റെ നിഷ്കളങ്കരായ കുഞ്ഞുങ്ങളെ മരിച്ചിട്ടും മഴയത്ത് നിർത്തിയിരിക്കുന്നത്…"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com