sections
MORE

മൈലാഞ്ചി മൊഞ്ച് വിരിയിക്കുന്ന റിഷ ഷുക്കൂർ; സിവിൽ എൻജീനീയറാണ് ഒപ്പം ഹെന്ന ഡിസൈനർ

Risha-shukkoor1
SHARE

കല്യാണങ്ങളിൽ മൈലാഞ്ചി (ഹെന്ന) അണിയുക എന്നത് സാമുദായികമായ ഒരു ആചാരം കൂടിയാണ്, പഴയ കാലത്ത് മൈലാഞ്ചിയരച്ച് കൈകളിൽ പൊത്തി വച്ചിരുന്ന ഒരു രീതിയിൽ നിന്നും തികച്ചും പ്രൊഫെഷണൽ ആയ ഡിസൈനർമാരെക്കൊണ്ട് വന്നു മൈലാഞ്ചിയണിയിക്കുന്ന ചടങ്ങിലേക്ക് നമ്മൾ വളർന്നിരിക്കുന്നു. ഏറ്റവും മനോഹരമായി മൈലാഞ്ചി കൈകൾ നീട്ടി പിടിച്ച മണവാട്ടിമാരുടെ ചിത്രങ്ങൾക്ക് എന്തൊരു അഴകാണ്. റിഷാ ഷുക്കൂർ എന്ന തലശ്ശേരിക്കാരിയെ പരിചയപ്പെടൂ. സിവിൽ എൻജീനീയർ ആയി പ്രൊഫഷണൽ ജീവിതം തുടങ്ങിയെങ്കിലും മൈലാഞ്ചിയോടുള്ള പ്രണയം കൊണ്ട് പ്രൊഫെഷണൽ ഹെന്ന ഡിസൈനർ ആയ പെൺകുട്ടി. തന്റെ ഇഷ്ടത്തെക്കുറിച്ച് റിഷ:

ഹെന്ന എന്നൊരു ഭ്രാന്ത്

henna2

പ്ലസ്ടു വരെ സിബിഎസ്ഇ സ്‌കൂളിലായിരുന്നു. ആ സമയത്തൊക്കെ എനിക്ക് ആർക്കിടെക്ട് ആവണമെന്നായിരുന്നു ആഗ്രഹം. നാറ്റ് എക്സാം എഴുതിയെങ്കിലും കോച്ചിങ് ഒന്നും ഇല്ലാതിരുന്നതുകൊണ്ട് കിട്ടിയില്ല. പിന്നെ ഒരുപാട് വർഷം കളയാൻ തോന്നിയില്ല, അതുകൊണ്ട് സിവിൽ എൻജീനീയറിങ്ങിലേക്ക് മാറി. ബെംഗളൂരുവിൽ നിന്നാണ് പഠിച്ചത്. ആ കോഴ്സ് കഴിഞ്ഞപ്പോൾ ഇന്റീരിയർ ഡിസൈനിങ്ങിൽ താൽപര്യമായി, അതുകൊണ്ട് അതും ബെംഗളൂരുവിൽ നിന്ന് തന്നെ പഠിച്ചു. അത് രണ്ടു വർഷം പി ജി ഡിപ്ലോമ ആയിരുന്നു. കുടുംബം നാട്ടിലായിരുന്നതുകൊണ്ട് നാട്ടിലാണ് ജോലി നോക്കിയത്. പക്ഷെ വന്നു കഴിഞ്ഞു പിന്നെ കല്യാണമായി. അത് കഴിഞ്ഞാണ് സിവിൽ എൻജീനീയറായി ജോലിക്ക് പോയി തുടങ്ങിയത്.

പക്ഷെ കുട്ടിക്കാലം മുതലേ വരയ്ക്കാൻ വലിയ ഇഷ്ടമായിരുന്നു. എത്ര ചെറിയ വരയ്ക്കാനുള്ള സാധ്യതയും കളയില്ല. ചിലപ്പോൾ പ്രസിദ്ധീകരണങ്ങളിലൊക്കെ വരാറുണ്ടല്ലോ. അതിലൊക്കെ ചിത്രങ്ങൾ വരച്ചു അയക്കും. അതൊക്കെ പ്രസിദ്ധീകരിച്ച് വന്നു കാണുമ്പൊൾ ഭയങ്കര സന്തോഷമാണ്. പെൺകുട്ടികൾക്ക് പൊതുവെ ഹെന്ന ഇടുക എന്നത് ഒരുതരം ഭ്രാന്താണ്. മൈലാഞ്ചിയണിഞ്ഞ കൈകൾ കാണാൻ എന്ത് ഭംഗിയാണ്!

വരയ്ക്കാൻ ഇഷ്ടമായതുകൊണ്ടും അറിയുന്നതുകൊണ്ടും കുട്ടിക്കാലം മുതലേ എല്ലാവർക്കും ഹെന്നയിട്ടു കൊടുക്കുന്നത് ഞാനാണ്. സ്‌കൂളിലൊക്കെ ഹെന്ന മത്സരം നടത്താറുണ്ട്, അതിലൊക്കെ പങ്കെടുക്കാറുമുണ്ടായിരുന്നു. മുതിർന്നപ്പോൾ അതൊക്കെ നിന്നു പോയി. പക്ഷെ വീട്ടിൽ ബന്ധുക്കൾക്കൊക്കെ ഇട്ടു കൊടുക്കും, എല്ലാവർക്കും ഇഷ്ടവുമായിരുന്നു.

അൺപ്രൊഫെഷണൽ ടച്ച്

Risha-shukkoor
റിഷ ഷുക്കൂർ ഭർത്താവ് അദ്നാൻ കരീമിനൊപ്പം

ആ സമയത്തൊക്കെ ഓർഗാനിക് ഹെന്ന ലഭിച്ചിരുന്നില്ല, കെമിക്കൽ കോമ്പൗണ്ട് ആണ് ഉണ്ടായിരുന്നത്. അതൊക്കെ വാങ്ങിയാണ് ഇട്ടു കൊടുത്തിരുന്നത്. ഇപ്പോൾ പ്രൊഫെഷണൽ ഡിസൈനേഴ്‌സിനെ വച്ച് ഹെന്ന ഇടുന്ന കല്യാണങ്ങൾ നിരവധിയുണ്ട്, എന്നാൽ ഞാൻ പഠിക്കുന്ന സമയത്തൊക്കെ അത്തരത്തിൽ അത് പ്രൊഫെഷൻ ആയിട്ടില്ല, എന്നാലും എല്ലാ വീട്ടിലും കാണും മെഹന്ദിയിടുന്നവർ. അത്ര പ്രൊഫെഷണൽ ആയിട്ടല്ലെങ്കിൽപ്പോലും അത് ഒരു അത്യാവശ്യമായിരുന്നതുകൊണ്ട് എല്ലാവർക്കും ഇടാനും താൽപര്യമായിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ എവിടെ പരിപാടികൾ ഉണ്ടെങ്കിലു ഞാനാണ് അണിയിച്ചു കൊടുത്തിരുന്നത്. അതുകൊണ്ട് പ്ലസ്ടു വരെ കുടുംബങ്ങളിലും സുഹൃത്തുക്കൾക്കുമാണ് ഹെന്ന ഇട്ടു കൊടുത്തിരുന്നത്. പക്ഷെ എൻജീനീയറിങ്ങിനു എത്തിയപ്പോൾ മെഹന്ദി മത്സരമുണ്ടായിരുന്നു. അതിൽ എല്ലാ തവണയും പങ്കെടുത്തു. സ്‌കൂളിൽ പഠിച്ചിരുന്നപ്പോൾ പങ്കെടുത്ത മത്സരങ്ങളെക്കാൾ ഞാൻ മെച്ചപ്പെട്ടു എന്ന് എനിക്ക് തന്നെ തോന്നി.

പ്രൊഫെഷണൽ മെഹന്ദി 

കസിന്റെ വിവാഹത്തിനായിരുന്നു ആദ്യമായി ഒരു വർക്ക് ആയി മെഹന്ദി ചെയ്യുന്നത്. പൈസയ്ക്ക് വേണ്ടിയൊന്നുമായിരുന്നില്ല. പക്ഷെ പ്രൊഫെഷണൽ ആയി ആദ്യമായി അങ്ങനെ ചെയ്തു, പക്ഷെ ആ വർക്കിന്‌ ഒരുപാട് അഭിനന്ദനം കിട്ടി. ഒരുപാട് പേര് അറിയുകയും ചെയ്തു. അതിനു ശേഷം കുറെ ബ്രൈഡൽ വർക്കുകൾ കിട്ടി, പക്ഷെ എല്ലാ ബന്ധുക്കളും സുഹൃത്തുക്കളുമാണ് അതുകൊണ്ട് എല്ലാം ഫ്രീ ആയിരുന്നു. അങ്ങനെയിരിക്കെ ഒരു അകന്ന ബന്ധു പുറത്തു നിന്ന് പ്രൊഫെഷണൽ ആർട്ടിസ്റ്റിനെ വിളിച്ച് ചെയ്യുന്നത് അറിഞ്ഞപ്പോഴാണ് അതിന്റെ പ്രൊഫെഷണൽ സാധ്യതകളെക്കുറിച്ച് പഠിക്കുന്നത്. അതോടെ ഇൻസ്റ്റാഗ്രാമിൽ ഒരു പേജ് തുടങ്ങി. കൂടുതൽ ആളുകൾ അറിഞ്ഞപ്പോൾ പ്രൊഫെഷണൽ ആയ വർക്കുകളും കിട്ടി തുടങ്ങി. എന്നാൽ അന്നും ഞാൻ കെമിക്കൽ വച്ചാണ് ചെയ്തുകൊണ്ടിരുന്നത്. പക്ഷെ എന്റെയൊരു സുഹൃത്ത് വഴിയാണ് ഓർഗാനിക് മെഹന്ദിയെക്കുറിച്ച് അറിഞ്ഞത്. അവളിൽ നിന്ന് തന്നെ ഞാൻ കോൺ വാങ്ങി ഉപയോഗിച്ച് തുടങ്ങി. അതിന്റെ വ്യത്യാസം വലുതാണ്. കൈക്കും നല്ലത്. അതിനു ശേഷമാണ് ഞാനും സ്വന്തമായി ഓർഗാനിക് കോൺ ഉണ്ടാക്കാൻ തുടങ്ങിയത്. സാധാരണ ആദ്യം നമുക്ക് വിജയം ഉണ്ടാകാറില്ലല്ലോ, പക്ഷെ എനിക്ക് ആദ്യ തവണ തന്നെ ഏറ്റവും നല്ലൊരു അനുഭവമായിരുന്നു അത്. അത് ഇടുമ്പോൾ തന്നെ നമുക്ക് ആ വ്യത്യാസം അറിയാം. അതിനു ശേഷമാണ് അത്തരം ഓർഗാനിക് പ്രോഡക്റ്റ് വിൽക്കാനും തീരുമാനിച്ചത്.

De 'Green  ഹെന്ന 

ഒരുപാട് ആലോചിച്ചതിന്‌ ശേഷമാണ് അതിനൊരു പേര് പോലുമിട്ടത്. ഉപ്പയ്ക്ക് സൂപ്പർ മാർക്കറ്റുകളുണ്ട്, അതെല്ലാം തുടങ്ങുന്നത് പോലെ തന്നെ എന്റെ ഡിസൈനിങ്‌നും പേരിട്ടു.ഡി ഒപ്പം ഒരു അപ്പോസ്ട്രാഫി അതിനൊപ്പം ഓർഗാനിക് ആയതുകൊണ്ട് തന്നെ ഗ്രീൻ എന്നും കൂട്ടി ചേർത്തു. അതാണ് ഇപ്പോൾ എന്റെ പേജിന്റെയും പേര്.

Risha

ആദ്യം അറിയപ്പെട്ടത് സോഷ്യൽ മീഡിയയിൽ തന്നെയാണ്. നിറയെ ജോലിയും ഉണ്ടാവും. അതുപോലെ എല്ലാ തിങ്കളാഴ്ചയും കോൺ ഉണ്ടാക്കാനുള്ള പ്രോഡക്റ്റ് അയയ്ക്കേണ്ടിയും വന്നു. സൗത്ത് ഇന്ത്യയിലാണ് പൊതുവെ അയക്കുക, കാരണം അത് ഒരുപാട് പുറത്ത് വയ്ക്കാനാവില്ല, ചീത്തയാകും, അതുകൊണ്ട് പെട്ടെന്ന് എത്തുന്ന ദൂരത്ത് മാത്രമേ അയക്കാൻ ആയുള്ളൂ. നോർത്ത് ഇന്ത്യയിൽ നിന്നുമൊക്കെ ഓർഡർ വന്നു. ഇപ്പോൾ പ്രോഡക്റ്റ് ഇന്ത്യ മുഴുവൻ അയക്കാൻ തുടങ്ങി, അതുപോലെ ദുബായ്, സൗദി അറേബ്യാ, ലണ്ടൻ തുടങ്ങി പലയിടങ്ങളിലും കസ്റ്റമേഴ്സ് ഉണ്ട്. ചീത്തയാക്കാതിരിക്കാനുള്ള കാര്യങ്ങൾ ചെയ്തു പാക്ക് ചെയ്താണ് അയക്കുക. എങ്കിലും എങ്ങനെ പ്രോഡക്റ്റ് ഉണ്ടാക്കാനുള്ള വിവരങ്ങൾ ഉൾപ്പെടെയാണ് ഞാൻ അയക്കുക. മാത്രമല്ല പലയിടത്തും ഷോപ്പുകളിൽ ഇത് ലഭ്യമാണ്.

പൊടി, എസ്സെൻഷ്യൻ ഓയിൽ എന്നവയാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. രണ്ടും ഏറ്റവും മികച്ചത് നോക്കിയാണ് വാങ്ങുന്നത്. പലതും കോസ്റ്റ്ലിയാണ്, പക്ഷെ നല്ല ക്വാളിറ്റിയാണ്. ഇതൊട്ടും കെമിക്കൽ മിക്സ് അല്ല, അതുകൊണ്ട് ഒട്ടും അപകടമില്ല, വിശ്വസിച്ച് ഏതു ചർമ്മം ഉള്ളവർക്കും ഉപയോഗിക്കാം. ചെറിയ കുട്ടികൾക്കും സെൻസിറ്റീവ് ആയ സ്കിൻ ഉള്ളവർക്കും ഉപയോഗിക്കാം. ഇത് എത്തിക്കുമ്പോൾ തന്നെ ഫ്രീസറിൽ സൂക്ഷിക്കാൻ ഞാൻ എല്ലാവരോടും പറയാറുണ്ട്.

കല്യാണം കഴിഞ്ഞാണ് ഞാൻ ഞാനായത്

കല്യാണം കഴിഞ്ഞതിനു ശേഷമാണ് സിവിൽ എൻജീനീയർ ആയി ജോലി തുടങ്ങിയത്. ഭർത്താവ് അദ്നാൻ കരീമിന്റെ പാർട്ട്ണർഷിപ്പിൽ ഉള്ള കമ്പനിയാണ്. എന്നും ഓഫീസിൽ പോകാറുണ്ട്, പക്ഷെ ബ്രൈഡൽ ജോലികൾ ഉള്ള ദിവസം ലീവ് എടുത്തിട്ട് പോകാറുണ്ട്. ഏറ്റവും വലിയ പാഷൻ ഇപ്പോൾ ഇതായി മാറി. ഭർത്താവിന്റെ സപ്പോർട്ട് ആണ് എല്ലാത്തിനും പ്രചോദനം. പലയിടത്ത് പോയി ചെയ്യേണ്ട വർക്കിനും അദ്ദേഹം കൂടെ വരാറുണ്ട്. 

രണ്ടു വർഷമായി ഇത് തുടങ്ങിയിട്ട്, പല ജില്ലകളിലും പോകാൻ പറ്റി. അത്യാവശ്യം വർക്കും കിട്ടാറുണ്ട്. ബ്രൈഡ്‌സിന്റെ അടുത്ത് പോയി ചെയ്യാനാണ് അവർക്ക് താൽപ്പര്യം. പക്ഷെ പലർക്കും പോയി ചെയ്യാൻ എളുപ്പമാവില്ലല്ലോ, എന്നാൽ എനിക്ക് പോയി ചെയ്യാനാകുന്നു എന്നതൊരു ഭാഗ്യമാണ്. 

കുടുംബവും സോഷ്യൽ മീഡിയയുമാണ് പ്രധാനപ്പെട്ട സപ്പോർട്ട്. പൊതുവെ കസ്റ്റമേഴ്സ് നമ്മുടെ സ്വാതന്ത്ര്യത്തിനു വിട്ടു തരാറുണ്ട്. നമ്മളെ വിശ്വസിച്ച് അവർ അവരെ നമുക്ക് തരുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. കൂടുതൽ പേരും ഇന്ത്യൻ ഡിസൈൻസ് തന്നെയാണ് ആവശ്യപ്പെടുക, അറബിക് ഡിസൈൻസ് കുറവാണ്. പാർട്ടി ഹെന്ന ചെയ്യാൻ പോകാറുണ്ട്. അത്തരം സാഹചര്യങ്ങളിലാണ് അറബിക് പാറ്റെൺസ് ആവശ്യം വരുന്നത്.

ലോക്ഡൗൺ ബാധിച്ചു 

ലോക്‌ഡൗൺ സത്യത്തിൽ എന്നെപ്പോലെയുള്ള ആർട്ടിസ്റ്റുകളെയാണ് ബാധിച്ചത്. കല്യാണം പൊതുവെ കുറഞ്ഞു. ആർഭാടം കുറഞ്ഞു. സാധാരണ ജൂൺ- ജൂലൈ ആയിരുന്നു തിരക്കുള്ള സമയം. അത് മുടങ്ങി. ഇപ്പോൾ യാത്രയും ചെയ്യാനാവില്ലല്ലോ. അതുകൊണ്ട് വർക്ക് കുറഞ്ഞു. ഇപ്പോൾ കണ്ണൂരിൽ മാത്രമായാണ് വർക്ക് ചെയ്യുന്നത്.

അറിവുകൾ പകരാനുള്ളതാണ്

എനിക്ക് ഇതേക്കുറിച്ചു എനിക്കുള്ള അറിവ് ആളുകൾക്ക് പകർന്നു കൊടുക്കാൻ താൽപര്യമാണ്. ഈ ലോക്‌ഡൗൺ സമയം ഞാൻ അതിനായി മാറ്റി വയ്ക്കുകയാണ്. ഹെന്ന ഡിസൈൻ പഠിക്കാനായുള്ള ഒരു കോഴ്സോ ഒന്നുമില്ലല്ലോ, അതുകൊണ്ട് എനിക്കറിയുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കണമെന്ന് തോന്നി, അതുകൊണ്ട് രണ്ടു വർക്‌ഷോപ്പ് ഞാൻ ചെയ്തിരുന്നു. ലോക്‌ഡൗണിനു മുൻപാണ് അത് ചെയ്തത്. ഓൺലൈൻ ക്ലാസ്സുകളുടെ സമയമാണല്ലോ, അതുകൊണ്ട് ഇപ്പോൾ ഹെന്ന ഡിസൈൻ ഓൺലൈൻ ക്‌ളാസ് തുടങ്ങി. പത്തു ദിവസത്തെ ക്‌ളാസ് ആണ് ചെയ്യുന്നത്. അൻപതോളം ആളുകൾക്ക് ഇപ്പോൾ ക്‌ളാസ് എടുത്ത്. ഒമ്പതോളം ബാച്ചുകൾ കഴിഞ്ഞു. അതുപോലെ കോൺ ഉണ്ടാക്കാൻ പഠിപ്പിക്കാൻ ആവശ്യപ്പെട്ടു ആളുകൾ വരാറുണ്ട്, അങ്ങനെയുള്ളവർക്ക് വേണ്ടിയും ക്‌ളാസ്സുകൾ ചെയ്യുന്നുണ്ട്. അതൊക്കെ ഇപ്പോഴും ആക്റ്റീവ് ആയി നടക്കുന്നുണ്ട്. ഞാൻ എന്റെ ഏറ്റവും വലിയ ഇഷ്ടങ്ങളിൽ കൂടി ഇങ്ങനെ നടന്നു പോകുമ്പോൾ സന്തോഷത്തിലാണ്. ഉപ്പയും ഉമ്മയും ഭർത്താവും ഒക്കെ കൂടെയുണ്ടെന്നുള്ള ആശ്വാസവും കൂട്ടിനുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA