ADVERTISEMENT

പ്രണയത്തിൽ സമ്മതത്തിന്റെ പ്രസക്തിയെന്താണ് ? ഒരു പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ പോലും സമ്മതത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന കാലത്താണ്, പ്രണയത്തിൽ നിന്നും പിന്തിരിഞ്ഞു എന്ന കാരണത്തിൽ പെൺകുട്ടികൾ മരണപ്പെടുന്നതും. ഏതു കാലത്തും പ്രണയത്തിൽ നിന്നും പിന്തിരിഞ്ഞു നടന്നവരിൽ അക്രമിക്കപ്പെടുന്നതിൽ മുന്നിൽ സ്ത്രീകൾ തന്നെ, അല്ലെങ്കിൽ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ ആൺകുട്ടികളുടെ ആത്മഹത്യ.

പണ്ട് ഒരു കഥ കേട്ടിട്ടുണ്ട്, കവി ബാലചന്ദ്രൻ ചുള്ളിക്കാട് ആനന്ദധാര എഴുതിയതിന്റെ പിന്നിലുള്ള കഥ ഇങ്ങനെ ആണത്രേ. ഒരു മദ്യശാലയിൽ വച്ച് കാമുകിയുടെ വിവാഹത്തിൽ പ്രതിഷേധിച്ച് കുടിച്ച് നശിക്കാനായി എത്തിയ ഒരു യുവാവിന് കയ്യിൽ അപ്പോഴുണ്ടായിരുന്ന കുഞ്ഞു പേപ്പറിൽ എഴുത്തുകൊടുത്ത കവിതയാണത്രെ അത്.

"ചൂടാതെ പോയ് നീ,

നിനക്കായ് ഞാനെന്റെ ചോര ചാറി ചുവപ്പിചോരെൻ

പനീർ പൂവുകൾ..."

അതിൽ നിന്നൊക്കെയാണ് നമ്മൾ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തുകയും കത്തി കൊണ്ട് കുത്തി കൊല്ലുകയും ഇപ്പോൾ ഇതാ തോക്ക് കൊണ്ട് വെടി വച്ച് കൊല്ലുകയും ഒക്കെ ചെയ്യുന്ന കാമുകന്മാരുടെ കഥകളിലേക്കെത്തിയത്.

ഒരു സുഹൃത്തുണ്ടായിരുന്നു, സോഷ്യൽ മീഡിയയിൽ ആക്ടീവാണ് അവൾ. ഒരിക്കൽ ഒരു പരിപാടി നടക്കുന്ന സ്ഥലത്ത് വച്ച് ഒരാൾ അവളെ കാണാനെത്തി. കഴിഞ്ഞ നാലഞ്ച് വർഷമായി സുഹൃത്ത് ആവാതെ തന്നെ അവളെ ഫെയ്‌സ്ബുക്കിൽ ഫോളോ ചെയ്തിരുന്ന ഒരാൾ. പരിചയപ്പെട്ടു. അയാൾ നമ്പർ ചോദിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന ഭർത്താവിന്റെ നമ്പർ അദ്ദേഹം തന്നെ അയാൾക്ക് കൈമാറി. പിറ്റേന്ന് മുതൽ ആഴ്ചയിൽ ഒരിക്കൽ വച്ചുള്ള വിളികൾ. എന്നാൽ ആദ്യത്തെ വിളിയിൽ തന്നെ അവൾക്ക് കാര്യം പിടി കിട്ടി. അയാളുടെ വഴി കുറച്ച് വളഞ്ഞതാണ്. അതിനാൽ വിളികൾ എടുക്കാതെ നോക്കി. പക്ഷേ, അടുത്ത മാസം അയാൾ അവളുടെ വീട് തപ്പിപ്പിടിച്ച് വന്നു. ഇപ്പോഴും അതെങ്ങനെ സംഭവിച്ചുവെന്ന് അവൾക്കറിയില്ല. ആ വരവ് അവളെ ഒന്ന് ഭയപ്പെടുത്തി. അന്ന് അത്ര താല്പര്യമില്ലാതെ ഇടപെട്ടെങ്കിലും അയാൾ വീണ്ടും വീട്ടിലെത്തി. ഇത്തവണ അവർ വീട്ടിലില്ലാതിരുന്നതിനാൽ വീട്ടിലുണ്ടായിരുന്ന പ്രായമുള്ള അമ്മയോട് അയാൾ ദേഷ്യപ്പെട്ടത്രെ. അതോടെ അവളും ഭർത്താവും നേരെ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ അടുത്ത മാസം മറ്റൊരു ജില്ലയിൽ അവൾ ഒരു പ്രോഗ്രാമിന് പോയപ്പോൾ കയ്യിൽ ഒരു കെട്ടു സമ്മാനങ്ങളുമായി അയാൾ അവിടെയുമെത്തി. പോലീസ് വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടാവണം പിന്നീട് വിളിയുണ്ടായില്ല, പക്ഷേ, അവൾ ഏത് ജില്ലയിൽ പ്രോഗ്രാമിനായി ചെല്ലുമ്പോഴും അയാൾ അവിടെയുണ്ടാകും. ശല്യമൊന്നുമില്ല, ഒന്നു കാണുക, മിണ്ടുക, കയ്യിലുള്ള സമ്മാനങ്ങൾ നൽകുക. എന്നാൽ അവളുടെ ഭീതി ആഴമുള്ളതായിരുന്നു. സമ്മാനങ്ങൾ വാങ്ങിയില്ലെന്ന് മാത്രമല്ല അയാളെ കാണുമ്പോഴൊക്കെ മോശമായി അയാളോട് പെരുമാറുകയും ചെയ്തു. ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്‌താൽ മറ്റൊരു ഐഡിയുമായി വന്നു അവളറിയാതെ അവളുടെ പോസ്റ്റുകൾ അയാൾ പരിശോധിക്കും.

കൃത്യമായി "സ്റ്റോക്കിങ്" എന്ന പേരിലുള്ള പ്രശ്നമാണിത്. എത്ര ഭീതികരമാണ് ഇത്തരത്തിൽ പിന്തുടരപ്പെടുന്നവരുടെ മനോനിലകൾ എന്ന് പിന്തുടരുന്നവർ എപ്പോഴെങ്കിലും ഓർക്കാറുണ്ടോ?

മനോനിലകളിലുള്ള വ്യത്യാസമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. മിക്കപ്പോഴും ക്രൂരമായ പുരുഷന്മാരുടെ വിനോദങ്ങൾക്ക് ഇരകളാക്കപ്പെടുന്നത് സ്ത്രീകളാണ്. അവരുടെ സമ്മതമില്ലാതെ പിന്തുടരുകയും പ്രണയത്തിലേയ്ക്ക് നിർബന്ധിച്ച് കൊണ്ടു വരാൻ നോക്കുകയും ചെയ്യുന്നുണ്ട്. പലപ്പോഴും നമ്മുടെ സിനിമകൾ പോലും ഇത്തരം സ്റ്റോക്കിങ്ങിനെയും നിർബന്ധിച്ചുള്ള പ്രണയത്തിനെയും പിന്തുണയ്ക്കുന്നത് കാണാം. ഇപ്പോൾ ട്രെൻഡ് ആയ ക്ലബ് ഹൗസിൽ പോലും ഇതിന്റെ മറ്റൊരു വേർഷൻ കാണാൻ പറ്റുന്നുണ്ട്. പല ഗ്രൂപ്പുകളിലും പുരുഷന്മാർ തെരഞ്ഞെടുക്കുന്ന പെൺകുട്ടികളെ അയാളെ പ്രണയിക്കാൻ നിർബന്ധിക്കുന്ന ആളുകളുണ്ട് എന്നത് അമ്പരപ്പോടെയേ അറിയാനാകൂ. ഇത് വെറുതെ തമാശയ്‌ക്കെന്നു പറയുമ്പോൾ പോലും അവിടെ പെൺകുട്ടികളുടെ സമ്മതമെന്നത് വെറും നേരംപോക്ക് മാത്രമാകുന്നു. അല്ലെങ്കിൽ തന്നെ എന്തിനാണ്, ആരാണ് അവരുടെ സമ്മതം ചോദിക്കാറുള്ളത്?

കുട്ടിക്കാലത്ത് ഇഷ്ടമുള്ള വസ്ത്രമുടുക്കാനോ?

ഇഷ്ടമുള്ള കോഴ്സ് തിരഞ്ഞെടുത്തത് പഠിക്കാനോ?

ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാനോ?

ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനോ?

ഗർഭം ധരിക്കണോ എന്ന് തീരുമാനിക്കാനോ?

അങ്ങനെ എന്ത് കാര്യത്തിലാണ് അവളുടെ സമ്മതം ആരെങ്കിലും ചോദിക്കുന്ന പതിവുള്ളത്? സ്ത്രീകളായാൽ നാട്ടുനടപ്പുകൾ കണ്ണും പൂട്ടി അനുസരിക്കണം എന്ന് പറയുന്നതിലെ അപകടകരമായ അവസ്ഥയാണ് കഴിഞ്ഞ ദിവസം കോതമംഗലത്ത് തോക്ക് കൊണ്ട് വെടിയേറ്റ് മരണപ്പെട്ട പെൺകുട്ടി ഉൾപ്പെടെയുള്ളവർ അനുഭവിച്ചത്.

ഇന്ത്യയിൽ ഓരോ വർഷവും ആസിഡ് അറ്റാക്കിനു വിധേയരാകേണ്ടി വരുന്ന സ്ത്രീകളുടെ കണക്കുകൾ ഞെട്ടിക്കുന്നതാണ്. ഇഷ്ടമല്ല എന്ന് തുറന്ന് പറഞ്ഞാൽ "ഇനി നീ അങ്ങനെ ഞെളിഞ്ഞു നടക്കേണ്ട" എന്ന മാനസിക നിലയുമായി വരുന്ന ആൺകുട്ടികൾ അവളെ കൊല്ലാക്കൊല ചെയ്യുന്നു. ചിലർ ആസിഡ് ഉപയോഗിച്ച്, ചിലർ കത്തിയോ പെട്രോളോ ഉപയോഗിച്ച്. വളരെ അപൂർവ്വമായി നടന്ന സംഭവങ്ങളിലൊന്നാണ് കോതമംഗലത്തേത് എന്ന് കാണാം. ഒരു യുവാവിന്റെ കയ്യിൽ ഇത്തരത്തിൽ എങ്ങനെ തോക്ക് ലഭിച്ചു എന്നതൊക്കെ രാഷ്ട്രീയപരമായ ചോദ്യമായേക്കും. എന്നാൽ മാധ്യമം ഏതായാലും ഇരയാക്കപ്പെട്ടത് പെൺകുട്ടിയാണ് എന്നതാണ് വിഷയം.

കഴിഞ്ഞ ദിവസം മനോഹരമായ ഒരു ചാറ്റ് കാണുകയുണ്ടായി. ഒരു പെൺകുട്ടി അവളുടെ ഭാവി ഭർത്താവിനോട് നടത്തിയ സംസാരമാണ്. അവളെ തൊടുന്നതിൽ പോലും സമ്മതം വേണമെന്ന പെൺകുട്ടിയുടെ അഭിപ്രായത്തോട് പൂർണമായും സഹകരിക്കുകയാണ് അയാൾ ചെയ്തത്. ആദ്യമായി ഭർത്താവാണെങ്കിലോ കാമുകനാണെങ്കിലോ അയാൾക്ക് മുന്നിൽ ഒറ്റയ്ക്കാവുന്ന പരിഭ്രമിക്കപ്പെടേണ്ട സമയത്ത് ഒന്ന് തൊടാൻ പോലും അവളുടെ സമ്മതം ചോദിക്കുക എന്നാൽ അതെത്ര മനോഹരമായിരിക്കും? അപരിചിതത്വത്തിന്റെ മേലാപ്പുകൾ മായ്ഞ്ഞു പോയാൽ മുന്നോട്ടുള്ള പ്രണയത്തിന്റെ വഴികളിലെല്ലാം അവൾ തന്നെ മുന്നിട്ടിറങ്ങിയേക്കാം, എന്നാൽ ആദ്യത്തെ ഭീതിയുടെ, വിറയലിന്റെ അസ്വസ്ഥത മാറണമെങ്കിൽ അതിൽ കൂടെയുള്ളയാളുടെ സഹകരണം കൂടിയേ തീരൂ. ഇത്തരം സമ്മതം തന്നെയാണ് പെൺകുട്ടിയിൽ നിന്നും ഓരോ പുരുഷനും സ്വന്തമാക്കേണ്ടത്. പിന്നെ ആ സമ്മതത്തെ ബഹുമാനിക്കാൻ പഠിക്കാനും. പിരിയാം എന്ന് പറഞ്ഞാൽ ഇനി ഒന്നിച്ച് വേണ്ട എന്ന് തന്നെയാണാർത്ഥം. പല കാരണങ്ങൾ കൊണ്ടായിരിക്കണമല്ലോ അങ്ങനെയൊരു തീരുമാനത്തിൽ അവളെത്തി ചേർന്നിട്ടുണ്ടാവുക. പ്രണയത്തിന്റെ അവസാനം രണ്ടിൽ ഒരാളോ രണ്ടു പേരുമോ അവസാനിച്ചു പോകേണ്ടതില്ല. അവരവരുടെ ഇഷ്ടങ്ങളെ പോലെ തന്നെ മറ്റേ ആളുടെ ഇഷ്ടങ്ങളെയും ബഹുമാനിച്ച് കൊണ്ട് പിരിയാം. അതല്ലേ ഏറ്റവും മനോഹരമായ മനുഷ്യത്വം?

പ്രണയം മനോഹരമാണ്, എന്നാൽ സ്വാതന്ത്ര്യവും ബഹുമാനവും നൽകാത്ത ഒരു പ്രണയവും നീണ്ടു നിൽക്കാൻ പോകുന്നില്ല, അത് നിങ്ങളുടെ പങ്കാളി അർഹിക്കുന്നുണ്ട്. ഔദാര്യമല്ല, അർഹതയാണ്. ബഹുമാനം നൽകുക, അവളുടെ സമ്മതത്തിന്റെ മൂല്യം നൽകുക.ഇനിയെങ്കിലും മരണങ്ങളുണ്ടാകാതെയിരിക്കട്ടെ!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com