ADVERTISEMENT

ഒക്ടോബർ 11. രാജ്യാന്തര പെൺകുട്ടിദിനമാണത്രേ... അവളുടെ അമ്മയുടെ ഗർഭകാലം മുതൽക്കേ തുടങ്ങുന്ന ഒരു പെൺകുട്ടിയുടെ ആത്മകഥയ്ക്ക് ഈയെ‍‍ാറ്റ ദിനത്തിന്റെ നിറം മതിയാകുമോ? വയറിന്റെ വലിപ്പം കണ്ട് പലരുമങ്ങുറപ്പിക്കും; ഇത് പെണ്ണാണ്.  ‘കുങ്കുമം പാലിലരച്ചു കുടിച്ചോ.. കൊച്ചിന് നിറം വയ്ക്കട്ടെ..’ കൊച്ചിന്റമ്മയ്ക്കുള്ള ഉപദേശമാണ്. ‘പൈസ സൂക്ഷിച്ചുവച്ചോ.. പൊന്നും പണവും വേണ്ടേ കെട്ടിച്ചുവിടാൻ..’ ഇത് കൊച്ചിന്റച്ഛനുള്ള ഉപദേശം. അവിടെത്തുടങ്ങുകയാണ് അച്ഛനമ്മമാർക്ക് പെൺകൊച്ചിനെക്കുറിച്ചുള്ള ആവലാതിക്കാലം. അവളുടെ അടക്കവുമൊതുക്കവും അഴകും ആകാരവും അളന്നുകുറിച്ച് മാർക്കിടാൻ നാട്ടുകാർ കച്ചകെട്ടിയിരിപ്പു തുടങ്ങും. ആദ്യത്തേത് പെണ്ണാണെങ്കിൽ രണ്ടാമത്തേത് ആണായാലേ നാട്ടുകാർക്ക് ഇരിക്കപ്പൊറുതിയുള്ളൂ. മൂന്നാമത്തേതും പെണ്ണായാൽ തീർന്നു.. പിന്നെ സഹതാപമായി പരിഹാസമായി. 

എൽപി ക്ലാസിലെ ഒരു കൂട്ടുകാരിയെ ഒാർക്കുന്നു. അവളുടെ അച്ഛനുമമ്മയ്ക്കും അവൾ മൂന്നാമത്തെ പെൺകുട്ടിയാണ്. ആദ്യ രണ്ടു മക്കൾ പെണ്ണായിപ്പോയതിന്റെ കുറവു നികത്താൻ, കുടുംബത്തിന്റെ പാരമ്പര്യം നിലനിർത്താൻ, തലയ്ക്കൽ കൊള്ളിവയ്ക്കാൻ അങ്ങനെ വിവിധോദ്ദേശ്യ ലക്ഷ്യ പൂർത്തീകരണത്തിനായി ആൺപിറന്ന ഒരു അഡാർ ഐറ്റത്തിനെ കാത്തിരിക്കുമ്പോഴാണ് ‘ള്ളേ ള്ളേ’ എന്നുംവിളിച്ച് ആ മൂന്നാമത്തെ പെൺകുട്ടിയുടെ ജനനം. ജനിച്ച ആ നിമിഷം തന്നെ തീർന്നതാണ് അവളുടെ ജീവിതമെന്നു അവൾ തമാശ പറഞ്ഞിരുന്നത് ഓർമിക്കുന്നു. അല്ലെങ്കിലും ആൺകൊച്ചിന്റെ വേക്കൻസിയിലേക്കു വലിഞ്ഞുകേറിയ പെണ്ണെന്നായിരുന്നു അവൾക്കുള്ള വീട്ടുസർട്ടിഫിക്കറ്റ്. പിന്നീട് മരംകേറിയെന്നും മതിലുചാട്ടക്കാരിയെന്നുമൊക്കെയുള്ള നാട്ടുകാരുടെ വിളിപ്പേരു സമ്പാദിച്ചുകൂട്ടി ജീവിതത്തിൽ ഒരു ചുണക്കുട്ടിയെന്നു തെളിയിച്ച ആ കൂട്ടുകാരി ഇപ്പോൾ വനിതാ എസ്ഐ ആയി സർവീസിലുണ്ട്. ഞങ്ങളുടെ സൗഹൃദക്കൂട്ടായ്മയിലെ ആക്ഷൻ ഹീറോയ്ൻ. 

മരിച്ചുകഴിഞ്ഞാൽ കൊള്ളിവയ്ക്കാനും കുടുംബപ്പേരു നിലനിർത്താനും ആണൊരുത്തൻ വേണമെങ്കിലും മരിക്കാൻ നേരം ഇത്തിരി വെള്ളം തരാൻ പെൺകൊച്ചേ കാണൂ എന്നുംപറഞ്ഞ് പെൺമക്കളുള്ള അമ്മമാരെ ആശ്വാസിപ്പിക്കുന്നതു കേട്ടു ചിരി വരാറുണ്ട്. ഒരാണും ഒരു പെണ്ണുമാണെങ്കിൽ ആശ്വാസമായി. പെണ്ണൊരുത്തി കഴുത്തിലും കാതിലുമിട്ട് കൊണ്ടുപോകുന്നതൊക്കെ ആണൊരുത്തൻ കണക്കു പറഞ്ഞു സ്ത്രീധനം വാങ്ങി തിരിച്ചു നേടുമെന്നല്ല്യോ വിശ്വാസം! സ്ത്രീധന വിരോധികളുടെ കുടുംബത്തിൽ നിന്നുള്ള ആലോചന ആദ്യമേ അങ്ങു വേണ്ടെന്നുവയ്ക്കും. പെണ്ണിന് പുരോഗമനദോഷമാണെന്ന പേരുംപറഞ്ഞ്... ഇനി എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് മകൻ ആരെയെങ്കിലും പ്രേമിച്ചു വളച്ചു കൊണ്ടുവന്നാൽ ആ പ്രതീക്ഷയും പോയി. 

പെൺകുട്ടിദിനമെന്നൊക്കെ പറയാൻ ശേലുണ്ടെങ്കിലും പെൺമക്കൾ മാത്രമുള്ള അച്ഛനമ്മമാർക്ക് അവരെ കെട്ടിച്ചയച്ചു കഴിഞ്ഞാൽ ചോദിക്കാനും പറയാനും ആരുമില്ലാത്ത സ്ഥിതിയാണ്. വിശേഷദിവസങ്ങളിൽ മകൾക്കും മരുമകനും വിരുന്നൊരുക്കി, പെൺമക്കളുടെ വയറു കാണൽ, അടുക്കള കാണൽ തുടങ്ങിയ ചടങ്ങുകൾക്കൊക്കെ നുള്ളിപ്പെറുക്കിയെടുത്തുകൊടുക്കാൻ പിന്നെയും അച്ഛനമ്മമാരുടെ ജീവിതം ബാക്കി. പഠിപ്പും ഉദ്യോഗവുമൊക്കെ നേടിക്കൊടുക്കാൻ പത്തു കാശു ചെലവാക്കിയത് കണക്കു പറഞ്ഞു തിരിച്ചു മേടിക്കാനുള്ള ലൈസൻസ് ആൺമക്കളുടെ അച്ഛനമ്മമാർക്കല്ലേയുള്ളൂ. പെൺമക്കളാണെങ്കിൽ അവരെ പഠിപ്പിച്ചതിന്റെയും കാക്കയ്ക്കും പൂച്ചയ്ക്കും കൊടുക്കാതെ കാവലിരുന്നു വളർത്തിയതിന്റെയുമൊക്കെ കണക്ക് അച്ഛനമ്മമാർക്ക് ആറ്റിലെഴുതിത്തള്ളാനേ തരമുള്ളൂ. ഒന്നും തിരിച്ചുകിട്ടാൻ പോകുന്നില്ല. ‘ഞങ്ങൾക്കൊന്നും തന്നില്ലെങ്കിലും വേണ്ടില്ല, നീ കുടുംബമായി സന്തോഷമായി ജീവിച്ചാൽ മതി’യെന്ന നെടുവീർപ്പിലേക്കു നടുനിവർത്തി ആ പറ്റ് അവരങ്ങ് എഴുതിത്തള്ളും. പിന്നെ മനുഷ്യപ്പറ്റ്.. അതുള്ള ചിലരെങ്കിലുമുള്ളതാണ് ആകെയൊരാശ്വാസം. ഇങ്ങനെയൊക്കെയാണെങ്കിലും കല്യാണം കഴിഞ്ഞ മകൾ സ്വന്തം വീട്ടിൽ കുറച്ചധികം ദിവസം താമസിക്കാൻ വന്നാലും പേടിയാണ്. നാട്ടുകാർ ജനലും തുറന്നു ചെവിവട്ടം പിടിച്ചിരിപ്പായിരിക്കും, അവൾ ഭർത്താവിന്റെ വീട്ടിൽനിന്ന് കുഴപ്പം വല്ലതുമൊപ്പിച്ചു പോന്നതാണെങ്കിൽ കയ്യോടെ അവളെപ്പിടിച്ച് ക്ഷ, ഞ്ഞ വരപ്പിക്കേണ്ട ഉത്തരവാദിത്തം പിന്നെ നാട്ടുകാരങ്ങ് ഏറ്റെടുക്കുകയല്ലേ. 

സ്കൂളിലും കോളജിലുമൊക്കെ മറ്റുള്ളവരെക്കൊണ്ട് മിടുക്കിയെന്നു പറയിക്കുന്ന മകൾക്ക് വിവാഹം കഴിയുന്നതോടെ അത്ര മിടുക്കിന്റെ ആവശ്യമില്ലെന്ന അപകടകരമായ തിരിച്ചറിവിലേക്കാണ് മിക്ക രക്ഷിതാക്കളും എത്തിച്ചേരുക. എല്ലാം ഭർത്താവിനോടു ചോദിച്ച് അനുവാദം വാങ്ങി ചെയ്യേണ്ട അവസ്ഥയിലേക്ക് അവൾ മാറുന്നതിൽ ആർക്കും പരിഭവമില്ലെന്നു മാത്രമല്ല, അതാണ് ഉത്തമ കുടുംബിനിയുടെ ലക്ഷണമായി അവർ കരുതിവയ്ക്കുന്നതും. കുട്ടിക്കാലത്ത് രാജകുമാരിയെപ്പോലെ വളർത്തിയ അതേ അച്ഛനുമമ്മയുമാണോ തന്നെ മറ്റൊരുത്തന്റെ വീട്ടുജോലിക്കാരിയാക്കുന്നതെന്ന് പെൺമക്കൾ അദ്ഭുതപ്പെടും. പെൺകുട്ടിപ്രിവിലേജുകൾ എന്തെങ്കിലും ഉണ്ടെങ്കിൽത്തന്നെ അത് അവൾ മുതിരുംവരെ മാത്രമേയുള്ളൂയെന്നു ചുരുക്കം. ഭാര്യയും അമ്മയും മരുമകളുമൊക്കെയാകുന്നതോടെ അവൾക്ക് മേൽവിലാസം പോലും നഷ്ടമാകുന്നു. എന്നിട്ട് അടുത്ത തലമുറയോട് അവളുൾപ്പെടെ ആ കള്ളം വീണ്ടും ആവർത്തിക്കുന്നു.. ഗേൾ ചൈൽഡ് ഈസ് സ്പെഷൽ... ചുമ്മാതെയാണ്... 

English Summary: Special Column About International Girl Child Day

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com