സ്‌കൂളിലായിരുന്നപ്പോൾ മുക്കാൽ നീളമുള്ള നീല പാവാടയും വെളുത്ത ഷർട്ടുമായിരുന്നു വേഷം. ഇലാസ്റ്റിക്ക് വച്ച പാവാടയ്ക്ക് ഒരു പ്രശ്നമുണ്ട്. ഒരു അച്ചടക്കം കാണില്ല. പക്ഷേ, പടി വച്ച് കൊളുത്ത് വച്ച് നല്ല ഭംഗിയായി പാവാടയിട്ടു കൊണ്ട് വരുന്ന കൂട്ടുകാരുടെ വസ്ത്രധാരണം കാണാൻ നല്ല രസമായിരുന്നു. അന്നേ, മനസിലോർത്തതാണ് എന്തുകൊണ്ടാവും ആണ്‍കുട്ടികളെപ്പോലെ പാന്റ് പെൺകുട്ടികൾക്ക് യൂണിഫോം ആയി നൽകാതിരുന്നത്?പാന്റ് എന്ന വസ്ത്രം അന്നൊക്കെ ആണ്‍കുട്ടികളുടേതു മാത്രമായിരുന്നു. വീട്ടിൽപ്പോലും അത്തരത്തിലുള്ള വസ്ത്രങ്ങളിടുന്ന പെൺകുട്ടികൾ കുറവാണ്. അല്ലെങ്കിൽ അത് ചുരിദാറിന്റെ പാന്റായിരിക്കണം. ആൺകുട്ടികൾ എത്ര സൗകര്യത്തോടെയാണ് നടക്കാൻ സ്വാതന്ത്ര്യമുള്ള അത്തരമൊരു വസ്ത്രം ഇട്ടു നടക്കുന്നത്!
പാവാടയോളം സൗകര്യവും ബുദ്ധിമുട്ടും ഒരുപോലെ അനുഭവപ്പെടുന്ന വസ്ത്രം മറ്റൊന്നുമുണ്ടാകില്ല. ഒരു കാറ്റ് വന്നാൽ കൈകൊണ്ട് ഒതുക്കി പിടിച്ചു വേണം റോഡിലൂടെ നടക്കാൻ. ഒരിക്കൽ സ്‌കൂള്‍ വിട്ടു നടന്നു വരുമ്പോൾ കാൽമുട്ട് കഴിഞ്ഞു ലേശം കൂടി ഇറക്കമുള്ള പാവാട ബസ് അരികിലൂടെ കടന്നുപോയപ്പോള്‍ കാറ്റിൽ തെല്ലു പറന്നു പൊങ്ങിയതും കണ്ണുകൾ നിറഞ്ഞതും ഇന്നും ഓർമയിലുണ്ട്. എപ്പോഴുമുണ്ടാവണം വസ്ത്രത്തിൽ ഒരു കണ്ണും കരുതലും. ഇത് തന്നെ ആണ്ടുകളായി കാരണവന്മാർ പറഞ്ഞു മടുത്ത ക്ളീഷേ വാചകങ്ങളുമാണ്. -പെൺകുട്ടികൾക്ക് ഇപ്പോഴും വസ്ത്രത്തിൽ ഒരു കരുതൽ വേണം- എന്തുകൊണ്ടാവും ഈ പെൺകുട്ടികൾക്ക് മാത്രം അവനവനെക്കുറിച്ച് കരുതൽ വേണ്ടത്?
പെരുമ്പാവൂർ വളയൻചിറങ്ങര സർക്കാർ സ്‌കൂളിലെ യൂണിഫോം വാർത്ത കഴിഞ്ഞ ദിവസമാണ് വൈറലായത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ തരാം യൂണിഫോമാണ് അവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. ത്രീഫോർത്ത് പോലെയുള്ള വസ്ത്രം. അതിനെ തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഒരു വാചകവും കണ്ടു,
"ആൺകുട്ടികൾക്ക് ഒരു വസ്ത്രം , പെൺകുട്ടികൾക്ക് വ്യത്യസ്ത വസ്ത്രമെന്ന സമ്പ്രദായത്തിന് അവസാനമിടേണ്ട കാലം അതിക്രമിച്ചു. നമ്മുടെ കാലാവസ്ഥയ്ക്ക് അനുകൂലമായ യൂണിഫോം രീതിയാണ് ഇവിടെ തുടരേണ്ടത്.പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഒരേ രീതിയിലുള്ള യൂണിഫോമാക്കുന്നത് അവർക്കിടയിൽ തങ്ങൾ ഒന്നാണെന്ന ധാരണ വളർത്തിയെടുക്കും". ഈ കാലത്ത് കേൾക്കാവുന്നതിൽ വച്ച് ഏറ്റവും മികച്ച ഒരു വാചകമായിരുന്നു അത്. ലിംഗ അസമത്വത്തിനെതിരെ എത്ര ശതാബ്ദങ്ങളായി സ്ത്രീകൾ ഓരോ വഴികളിലൂടെ ശബ്ദമുയർത്താൻ തുടങ്ങിയിട്ട്! അതിന്റെ ഏറ്റവും ആദ്യ പടി തുടങ്ങേണ്ടത് സ്‌കൂളുകളിൽ നിന്ന് തന്നെയെന്ന വാദം ശക്തി പ്രാപിക്കുന്നുണ്ട്. അതിന്റെ പിന്തുടർച്ചയാണ് ലിംഗ വൈവിധ്യമില്ലാത്ത വസ്ത്രധാരണ രീതികളും.
എന്താണ് യൂണിഫോമുകളിലെ ഈ വ്യത്യസ്തത നിഷ്കർഷിക്കുന്നത്? കേരളത്തിൽ മാത്രമല്ല ലോകം മുഴുവനുമുള്ള സ്‌കൂളുകളിൽ ഈ ലിംഗ വ്യത്യാസം കുട്ടിക്കാലത്തു തന്നെ സ്‌കൂൾ യൂണിഫോമുകളിലൂടെ കുട്ടികളുടെ ചിന്തകളിൽ ഇടപെടുന്നുണ്ട്. ആണിനെ ആണായും പെണ്ണിനെ പെണ്ണായും കാണുന്നതുകൊണ്ട് കുഴപ്പമില്ല. മാസ്കുലിറ്റി എന്നാൽ അധികാരത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും മറ്റൊരു പേരാണെന്നുള്ള ബോധം ഉണ്ടാക്കിയെടുക്കുന്നത് ഒരു പ്രശ്നമാണ്. ഏറ്റവും സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാനാകുന്ന ഒരു വസ്ത്രമാണ് പാന്റ് എന്നതിൽ സംശയമൊന്നുമില്ല. വലിയ സ്‌കൂളുകളിൽ ഇത്തരം വസ്ത്രങ്ങൾ കൃത്യമായ അച്ചടക്കത്തിന്റെ ഭാഗമായി വയ്ക്കുന്നത് തന്നെ അവരുടെ പ്രൊഫഷണലിസത്തിന്റെ ഭാഗമാണ്.
എല്ലാ രാജ്യങ്ങളിലും യൂണിഫോം ന്യൂട്രൽ ആക്കുക എന്ന ആശയങ്ങളിൽ ചർച്ചകൾ നടന്നിട്ടുണ്ട്. ഈ പുതിയ കാലത്ത് ജെണ്ടർ എന്ന ആശയത്തെ 'ന്യൂട്രലൈസ്' ചെയ്യുക തന്നെ വേണം. കാരണം ആൺകുട്ടികൾ, പെൺകുട്ടികൾ എന്നിവയ്ക്ക് പുറമെ ട്രാൻസ് വ്യക്തിത്വം ഉള്ള കുട്ടികളും അവരുടെ സ്വത്വത്തെ തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. തങ്ങൾ ഏതു വസ്ത്രമാണ് ധരിക്കേണ്ടതെന്ന 'ഐഡന്റിറ്റി ക്രൈസിസ്' നെ ഇത്തരം വസ്ത്രങ്ങളുടെ ഏകതയിൽ അവരിൽ നിന്നും ഇല്ലാതാക്കുകയും ചെയ്യാം. അതായത് വസ്ത്രങ്ങൾ ഏകീകരിക്കുന്നതോടെ എല്ലാതരം ജെൻഡറിനോടും ഒരേപോലെ പെരുമാറാനും സാധിക്കും. സത്യത്തിൽ ഇത്തരം ഏകീകരണത്തെ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ട്രാൻസ് അവസ്ഥയിലേയ്ക്ക് അറിയാതെ മനസ്സ് കൊണ്ട് ആശ്ചര്യപ്പെട്ടു പോയിട്ടുള്ള കുട്ടികളാവും. ആരിൽ നിന്നും തങ്ങൾ വ്യത്യസ്തരാന്നെ ബോധം അമ്പരപ്പിക്കുന്ന സാഹചര്യം കുറെയൊക്കെ സമയമെടുത്ത് അറിഞ്ഞു പരിഹരിക്കാൻ അവർക്ക് ആയേക്കും.
പെൺകുട്ടികൾക്കു പാവാട ഇടാൻ ഇഷ്ടമാണ്. ദാവണിയും നീളൻ പട്ടുപാവാടയുമൊക്കെ ഇഷ്ടമാണ്. അതൊക്കെ അവർ ധരിക്കട്ടെ. അവരുടേതായ ഇഷ്ടപ്പെട്ട സമയങ്ങളിൽ. എന്നാൽ സ്‌കൂൾ പോലെ ജീവിതവും ഭാവിയും തുടങ്ങി വയ്ക്കുന്ന ആദ്യത്തെ സമൂഹത്തിൽ ജൻഡറിനെക്കുറിച്ചു മറ്റൊരാളെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പേടിക്കേണ്ട ഒരിടത്ത് ഒന്നിച്ചിരിക്കുമ്പോൾ തങ്ങൾ വ്യത്യസ്തരാണെന്ന തോന്നലുണ്ടാകാതെയിരിക്കാൻ കുട്ടികൾക്ക് ഒരേ യൂണിഫോം എന്ന ആശയം മുന്നോട്ട് വയ്‌ക്കേണ്ടതുണ്ട്.
"പിരിയഡ്സിന്റെ സമയത്ത് പാന്റ് ഒരു ബുദ്ധിമുട്ടാണ്" എന്ന പോലെയുള്ള പ്രശ്നങ്ങളുടെ പേരിൽ അശ്രദ്ധമായി വിട്ടു കളയാവുന്ന ഒരു ആശയമല്ല മന്ത്രി ബിന്ദു ഉൾപ്പെടെ എടുത്ത് പറഞ്ഞ യൂണിഫോം ആശയം. ഒരുപക്ഷേ ആർത്തവനാളുകളിൽപ്പോലും അരക്കെട്ടിന്റെ ഭാഗങ്ങളിൽ മുറുകിയിരിക്കാൻ പാന്റിനു തന്നെയാവും കൂടുതൽ സൗകര്യം. ഇലാസ്റ്റിക്ക് ആയുള്ള പാന്റുകൾ തുന്നിയെടുത്താൽ ബാത്റൂമുകളിൽ നാപ്കിനുകൾ മാറ്റാനും വിഷമമുണ്ടാകില്ല. 2018 മുതൽ വളയൻചിറങ്ങര സ്‌കൂളിൽ നടപ്പിലായിരുന്ന ഈ ലിംഗ വ്യത്യാസമില്ലാത്ത യൂണിഫോം ആശയം ഇപ്പോഴെങ്കിലും ചർച്ചയായത് ഒരു പ്രതീക്ഷയാണ്. "ഞാൻ പെണ്ണാണ്, ഞാൻ വ്യത്യസ്തയാണ്" എന്ന തോന്നൽ ഇല്ലാതെ ഞാനൊരു വ്യക്തിയാണ് എനിക്കും സ്വാതന്ത്ര്യവും വ്യക്തിത്വവുമുണ്ട് എന്ന ആശയത്തിലൂന്നി കുട്ടികൾ ഒന്നിച്ച് തന്നെ വളരട്ടെ.
English Summary: Valayanchirangara School Uniform Inssue