ADVERTISEMENT

ഒരു സ്ത്രീക്ക് സ്ഥിരമായി ചില മനുഷ്യരിൽനിന്ന് (അതിൽ പുരുഷനും സ്ത്രീയും പെടും) അപമാനങ്ങളും പീഡനങ്ങളും ഏൽക്കേണ്ടി വരുന്നു. അത് ശാരീരികമോ മാനസികമോ ആകാം. എത്ര നികൃഷ്ടമായും അസഭ്യമായുമാണ് ബിന്ദു അമ്മിണി എന്ന സ്ത്രീക്കു നേരേ സോഷ്യൽ മീഡിയയിലൂടെ ചിലയാളുകൾ പ്രതികരിക്കുന്നത് എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു. നിയമബിരുദവുമുള്ള ഒരു കോളജ് അധ്യാപികയാണ് ബിന്ദു. അതായത്, സാമാന്യത്തിലേറെ വിദ്യാഭ്യാസമുള്ള ഒരു സ്ത്രീ. ജോലി ചെയ്തു ജീവിക്കാൻ കഴിവുള്ള ഒരാൾ. ഇപ്പോൾ വരാനിടയുള്ള ഏറ്റവും മോശമായ ഒരു ന്യായീകരണം ഇതാവും– ‘ജാതി സംവരണം ഉണ്ടെങ്കിൽ ആർക്കും എവിടെയും എത്താം’. പക്ഷേ സംസ്ഥാനത്ത് എത്ര ദലിത് സ്ത്രീകളുണ്ട് ഉയർന്ന വിദ്യാഭ്യാസമോ വൈറ്റ് കോളർ ജോലിയോ ഉള്ളവർ?

ബിന്ദു അമ്മിണിയെ മിക്കവരും വിലയിരുത്തുന്നത് അവരുടെ നിറം, ജാതി, പ്രവൃത്തി എന്നിവ വച്ചിട്ടാണ്. അവിടെയൊന്നും അവരുടെ വിദ്യാഭ്യാസം ആരും പരാമർശിക്കുന്നതു പോലുമില്ല. സംരക്ഷണം നൽകണം എന്ന് സുപ്രീംകോടതിയുടെ ഉത്തരവുള്ള വ്യക്തിയാണ് ബിന്ദു അമ്മിണി. തന്റെ ജീവനു ഭീഷണിയുണ്ടെന്ന അവരുടെ പരാതിയിൽ കഴമ്പുണ്ടെന്നു സുപ്രീം കോടതിക്കു ബോധ്യം വന്നതിനാലാണ് അവർക്കു സുരക്ഷ ഏർപ്പെടുത്തണമെന്നു കോടതി സംസ്ഥാനത്തിനു നിർദേശം നൽകിയത്. എന്നാൽ അവർക്ക് എന്തു സുരക്ഷയാണ് സംസ്ഥാനം ഇത്ര നാളും നൽകിയത് എന്ന ചോദ്യമുണ്ട്.

രാഷ്ട്രീയ നിലപാടുകൾക്കു വേണ്ടിയുള്ള ബിന്ദു അമ്മിണിയുടെ ഒരു പ്രവൃത്തിയെ ഇരു കയ്യും നീട്ടി സ്വീകരിച്ച സർക്കാരാണ് സംസ്ഥാനത്തുള്ളത്. എന്നാൽ അതു കഴിഞ്ഞതോടെ അവർ പൂർണമായും ഒറ്റപ്പെട്ടു. ഒപ്പം നിൽക്കും എന്ന് കരുതിയിരുന്ന കുടുംബം അവരെ കൈവിട്ടു. സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കാനും നടപ്പാക്കാനും ആർജ്ജവമുള്ള സ്ത്രീയാണ് ബിന്ദു അമ്മിണി. അവരുടെ പ്രവൃത്തിയിൽ താൽപര്യമില്ലെങ്കിൽ അതിനെ അവഗണിക്കാം. പക്ഷേ, ഒരു ഭാര്യ, അമ്മ എന്ന നിലയ്ക്കൊക്കെ ജീവിച്ചിരുന്ന സ്ത്രീയെ എത്ര നീചമായാണ് രാഷ്ട്രീയത്തിന്റെ പേരിൽ ഒരു വീട് ഉപേക്ഷിക്കുന്നത്! ഇതേ നിലപാട് ഒരു പുരുഷന്റെ ഭാഗത്ത് നിന്നുണ്ടായാൽ അയാളെ ഉപേക്ഷിക്കാൻ എത്ര കുടുംബങ്ങൾക്ക് കഴിയും? 

ദലിതരും സ്ത്രീകളും ആക്രമിക്കപ്പെടുമ്പോൾ, അതിനെ അനുകൂലിച്ചില്ലെങ്കിലും അവരെ ഉപദ്രവിക്കുന്നവരെക്കൂടി സംരക്ഷിക്കുന്ന നിലപാടാണ് പലപ്പോഴും അധികാരമുള്ള വിഭാഗം ചെയ്തുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ വർഷം എത്ര സ്ത്രീപീഡന കേസുകളാണ് വാർത്തയായത്, പരസ്യമാകാത്ത പീഡനങ്ങൾ അതിലും ഇരട്ടിയുണ്ടാവും. അതിൽ എത്ര കേസുകളിൽ നീതി ലഭ്യമായിട്ടുണ്ട്? പലയിടത്തും പ്രതികൾക്കുള്ള രാഷ്ട്രീയ-ഭരണ സ്വാധീനങ്ങൾ പ്രതിഫലിക്കാറുമുണ്ട്. ഇവിടെയെല്ലാം ഒറ്റയാക്കപ്പെടുന്നത് സ്ത്രീകൾ തന്നെ. അല്ലെങ്കിൽ സാമ്പത്തികമായോ ശാരീരികമായോ അധികാരം കയ്യിലുള്ള ‘പുരുഷന്റെ’ കാമനകൾക്കൊത്ത് നടക്കാൻ കഴിവുള്ളവൾ ആയിരിക്കണം.

വണ്ടി പാർക്ക് ചെയ്തതാണ് ബിന്ദു അമ്മിണിയുടെ വിഷയത്തിൽ പ്രശ്നമെന്ന് അവർ തന്നെയിട്ട ലൈവിൽ വ്യക്തമാണ്. സോഷ്യൽ മീഡിയയിലും പുറത്തും അപമാനങ്ങൾ ഒരുപാട് ഏറ്റു വാങ്ങിയ ഒരാളെന്ന നിലയിൽ ഏതു വിഷയത്തിലും അവർക്ക് ആ അപമാനത്തിന്റെ നീറ്റലുകൾ അനുഭവപ്പെടും. അതിനു കാരണം അവരെ മർദ്ദിച്ചയാൾ ഉൾപ്പെടെയുള്ള സദാചാര- പാട്രിയാർക്കിയൽ സമൂഹമാണ്. 

സ്വന്തം നാട് കൊടുക്കാത്ത സംരക്ഷണം മറ്റൊരു നാട്ടിൽ ലഭിച്ചേക്കാം എന്ന തോന്നലിൽ ബിന്ദു ഈ നാട് വിടാനൊരുങ്ങുന്നു. ലജ്ജിക്കേണ്ടത് ഈ സമൂഹവും സംസ്ഥാനവുമാണ്. കോടതി ഉത്തരവുണ്ടായിട്ടു പോലും സംരക്ഷണം നൽകാനാവാത്ത സർക്കാർ ഒരു സാധാരണക്കാരിയെ, ഒരു ദലിതിനെ, ഒരു ഭിന്നശേഷിക്കാരനെ, ഒരു കുട്ടിയെ എങ്ങനെ സംരക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്?

English Summary: Who Is Answering On Attack Against Bindu Ammini

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com