ADVERTISEMENT

അതി മധുരമായ ഒരു ചോക്കലേറ്റ് കഴിക്കുന്നത് പോലെയായിരുന്നു ഗേഹരായിയൻ കണ്ടിരുന്നിരുന്നത്. പ്രണയത്തിന്റെ ആഘോഷമായിരുന്നു അതിൽ. പക്ഷേ, ബന്ധങ്ങൾക്കൊരു പ്രശ്നമുണ്ട്. അതിമധുരമായിക്കഴിഞ്ഞാൽ പിന്നെ മടുപ്പ് വരും. മധുരത്തോടു തന്നെ കുറെ നാളത്തേയ്ക്ക് വെറുപ്പ് തോന്നും. ബന്ധങ്ങളെ ആഴത്തിൽ വ്യാഖ്യാനിക്കുന്നുണ്ട് ഇതിലെ ഓരോ കഥാപാത്രങ്ങളും. 

അലീഷയുടെയും ടിയായുടെയും കഥയാണ് ഗേഹരായിയൻ. രണ്ടു പേരും കസിൻസാണ്. രണ്ടു പേർക്കും പ്രണയമുണ്ട്. കാമുകന്മാർക്കൊപ്പം സന്തോഷമായി ലിവിങ് ഇൻ ബന്ധത്തിൽ  തുടരുന്നു. അവർ നാലു പേരും സന്തോഷത്തിലാണ്. കരൺ അറിയപ്പെടുന്ന എഴുത്തുകാരനാകാനുള്ള പരിശ്രമത്തിലാണ്. അയാളുടെ പ്രണയിനിയായ അലീഷാ യോഗ ഇൻസ്ട്രക്ടറും. സെയിൻ ബിസിനസുകാരനാണ്. അയാളുടെ കാമുകി ടിയ വലിയൊരു ബിസിനസ് സാമ്രാജ്യത്തിലേ അനന്തരാവകാശിയും. കുട്ടിക്കാലം മുതൽ തന്നെ പിതാവിന്റെ പീഡനത്തെ തുടർന്ന് തൂങ്ങി മരിച്ച അമ്മ അലീഷയ്ക്കൊരു വേദനയാണ്. ഒരാൾ തൂങ്ങി മരിച്ചു നിൽക്കുന്നത് കാണുക എന്നത് ഒരു കുട്ടിയെ സംബന്ധിച്ച് അതിജീവിക്കാൻ ഒട്ടും എളുപ്പമല്ലാത്ത സംഗതിയാണ്. പല വിധത്തിലും അതിനെ അതിജീവിക്കാൻ അലീഷാ ശ്രമിക്കുന്നുണ്ടെങ്കിലും അമ്മയനുഭവിച്ച വേദനകളുടെ കണ്ണുനീർ അവളെ എല്ലാസമയവും വിഷാദിയാക്കുന്നുണ്ട്. അതിന്റെ പേരിലാണ് അവൾ അച്ഛനെ ഒഴിവാക്കുന്നതും. കരണുമായുള്ള ജോലി സംബന്ധമായ പ്രശ്നങ്ങളും സെയിനുമായി ഉടലെടുത്ത പ്രണയബന്ധവും അലീഷയുടെ ജീവിതം കുഴച്ചു മറിക്കുന്നുണ്ട്.

ബന്ധങ്ങളേക്കാൾ കച്ചവടത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരാളിൽ നിന്നുള്ള ബന്ധം എത്രമാത്രം സുരക്ഷിതമായിരിക്കും? ബന്ധങ്ങളെല്ലായ്പോഴും ബന്ധനങ്ങളാകാൻ സാധ്യതകളുള്ളവയാണ്. സെയിനും അലീഷയും തമ്മിലുള്ള ബന്ധവും അങ്ങനെ തന്നെ. ഇതിലെ പുരുഷ കേന്ദ്രീകൃത കഥാപാത്രങ്ങളിൽ രണ്ടു പേരും അവനവന്റെ ജീവിതങ്ങൾക്ക് കൂടുതൽ പ്രസക്തി നൽകുന്നവരാണ്. സ്വന്തം കരിയർ, ജീവിതം, അതിനു വേണ്ടി നഷ്ടപ്പെടുത്തുന്ന സ്ത്രീകളുടെ ജീവിതം. രണ്ടു പുരുഷന്മാർക്കിടയിലും സ്ത്രീകൾ സ്വന്തം സ്വത്തും കരിയറും നൽകേണ്ടവരാകുന്നു. അതിനു ഇടയ്ക്ക് നിൽക്കുന്നവരെ ഇല്ലാതാക്കാൻ പോലും അവർക്ക് എളുപ്പമാണ്. പൊതുവെ സ്ത്രീകളുടെ ഒരു പരിഭവമുണ്ട്. കാമുകൻ ഭർത്താവായി കഴിയുമ്പോൾ പഴയ പോലെയാകില്ല. 

ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു കഴിഞ്ഞാൽ പ്രണയം മരിച്ചു പോകുമെന്നും ബന്ധങ്ങളേക്കാൾ കൂടുതൽ സമയം കൊടുക്കേണ്ടത് കച്ചവടത്തിനും കരിയറിനും ആണെന്നും ആരാണ് പറഞ്ഞു വയ്ക്കുന്നത്? ഒന്നിച്ചാണ് ഒരു സ്ത്രീയും പുരുഷനും ജീവിതം തുടങ്ങുന്നതെങ്കിൽ അവരുടെ കരിയറും അതെ നിലയിൽ ഒന്നിച്ചു തന്നെയാണ് വളരേണ്ടത്. ഒരാൾക്കു വേണ്ടി മറ്റൊരാൾ ത്യാഗമനുഭവിക്കേണ്ടത് എന്തൊരു വലിയ ബാധ്യതയാണ്!

വിനോദ് ഖന്ന എന്ന അലീഷയുടെ പിതാവാണ് ഈ ചിത്രത്തിലെ ഏറ്റവും മിഴിവുള്ള പുരുഷൻ. സ്വന്തം അമ്മയുടെ ആത്‌മഹത്യയ്ക്ക് കാരണക്കാരൻ എന്ന പേരിൽ അലീഷാ ഒഴിവാക്കി നിർത്തിയിരുന്ന അയാളുടെ ജീവിതം സ്വന്തം ഭാര്യ കാരണം തന്നെ ഏറ്റവും വലിയ ഇരുളായി തീർന്നിരുന്നു എന്ന സത്യമറിയുമ്പോഴാണ് അലീഷയ്ക്ക് പിതാവിനെ മനസിലാകുന്നത്. ബന്ധങ്ങളിൽ നിന്ന് അതിജീവിക്കുക എന്നാൽ മറ്റൊരു ബന്ധത്തിൽപ്പോയി പെടുകയല്ല സ്വയം എല്ലാത്തിൽ നിന്നും മോചനം നേടുകയാണ് വേണ്ടതെന്ന് അദ്ദേഹം പറയാതെ പറയുന്നു. അത് അലീഷയ്ക്കും കൂടിയുള്ള ഒരു പാഠമാണ്. 

സിനിമ കണ്ട ശേഷം ഒരു സുഹൃത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്രകാരമായിരുന്നു. പൂക്കളുള്ള, നിറങ്ങളുള്ള അടിവസ്ത്രങ്ങളും ധരിച്ച് എത്ര സ്വാതന്ത്ര്യത്തോടെയാണ് മനുഷ്യർ സമൂഹത്തിൽ ഇടപെടുന്നത്! എന്നാണു അത്തരമൊരു സ്വാതന്ത്ര്യം സ്വന്തം കിടപ്പറയിലെങ്കിലും ഒരു സ്ത്രീയ്ക്ക് അനുഭവിക്കാനാവുക? ഈ ചോദ്യം ഒരാൾക്ക് മനസ്സിലാകാൻ അത്ര എളുപ്പമല്ല.  സ്വന്തം കിടപ്പറയിൽ ഒരു സ്ത്രീയ്ക്ക് നഗ്നയായിരിക്കാൻ എന്താ പ്രയാസം എന്നാവും ചോദ്യം, പക്ഷേ, എത്ര സ്ത്രീകൾക്കാവും , അവർ അവരായിരിക്കുന്ന സമയങ്ങളിൽ ബിക്കിനിയിടാനും ഷോട്സ് ധരിക്കാനും സ്വയം ആസ്വദിക്കാനും? ശരീരത്തിന്റെ ആ സ്വാതന്ത്യ പ്രഖ്യാപനമായിരുന്നു അലീഷയും ടിയയും പ്രകടിപ്പിച്ചതും. 

ബന്ധങ്ങളിൽ നിന്നും മോചിതരാകുമ്പോൾ അത്രയെളുപ്പമല്ല അതിജീവനമെന്നു അവർ മനസിലാക്കുന്നുണ്ട്. പക്ഷs, കാലങ്ങൾ കൊണ്ട് ചിലമുറിപ്പാടുകൾ ഉണക്കും. മുന്നോട്ടു പോയെ കഴിയൂ. അലീഷയ്ക്ക് അതിനേ ഏറ്റവും മികച്ച ഉദാഹരണം തന്റെ പിതാവാണ്. ഭാര്യയായിരുന്ന സ്ത്രീ നൽകിയ അവഗണനയും ചതിയും ഒടുവിൽ അവരുടെ ആത്മഹത്യയും മകളുടെ തെറ്റിധാരണയും അയാളെ ഭ്രാന്തനാക്കിയില്ലല്ലോ എന്ന് മാത്രമാണ് ആശ്വാസം. നാടുകൾ വിട്ടലഞ്ഞു ഒടുവിൽ അയാളൊരു ആശ്വാസം കണ്ടെത്തുന്നു. ആ നഗരത്തിനു അയാളുടെ മുറിവുകൾ ഉണക്കാനായി. അയാളെപ്പോലെ അലീഷയുടെ ഉള്ളിലെ പ്രണയത്തിന്റെ മുറിവുകളെ ഏതെങ്കിലുമൊരു നഗരം ഉണക്കിയേക്കും. അതുവരെ അവൾ അലച്ചിൽ തുടർന്നുകൊണ്ടേയിരിക്കും. ചിലപ്പോൾ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് ഇനിയങ്ങോട്ട് മനോഹരമെന്നു അവൾ മനസിലാക്കിയേക്കും. അത് അവളുടെ ഇഷ്ടം.

English Summary: Woman Percpective of  Gehraiyaan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com