‘ഇന്നും ഷാൾ ഇടാതെ പുറത്തിറങ്ങുമ്പോൾ അവന്റെ വൃത്തികെട്ട ശബ്ദം കാതിൽ പതിക്കും’

sincy
SHARE

മീടൂ സംബന്ധിച്ച് നടൻ വിനായകന്റെ വിവാദ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ‍ ചർച്ചയാകുകയാണ്. വ്യക്തിപരമായ അനുഭവങ്ങളടക്കം ഉൾപ്പെടുത്തി സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ വിനായകന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി എത്തി. അക്കൂട്ടത്തിൽ വ്യത്യസ്തമാകുകയാണ് സിൻസി അനിലിന്റെ കുറിപ്പ്. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അത് നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീടു എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും ഒരുത്തീ എന്ന സിനിമയുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിൽ വിനായകൻ പറഞ്ഞിരുന്നു. 

സിന്‍സിയുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെ: എത്ര പുരോഗമനം പറഞ്ഞാലും ഒരു സ്ത്രീയെന്ന നിലയിൽ ഒരാൾ എന്നോട് സെക്സ് ചെയ്യാൻ താത്പര്യമുണ്ടെന്നു പറയുന്ന നിമിഷം, അല്ലെങ്കിൽ സെക്സ് തരുമോ എന്ന് ചോദിക്കുന്ന നിമിഷം എന്നിൽ ഉണ്ടാകാൻ പോകുന്നത് വല്ലാത്ത മാനസിക ദുഃഖം തന്നെയാണ്.

ആദ്യം ഓടിയെത്തുന്നത് ഞാൻ ഒരു ചീത്ത സ്ത്രീയാണ് എന്ന് അയാൾ കരുതിയിട്ടുണ്ടാകുമോ എന്നതാകും.  എന്റെ പെരുമാറ്റം അയാൾ തെറ്റിദ്ധരിച്ചു കാണുമോ? എന്റെ ശരീരം കാണുമ്പോൾ ആളുകൾക്ക് കാമാസക്തി തോന്നുമോ?എന്റെ സംസാരം മോശമാണോ? എന്നിങ്ങനെ ഉത്തരമില്ലാത്ത നൂറു നൂറു ചോദ്യങ്ങൾ കൊണ്ട് നിറയും.

അപമാനവും അപകർഷതാ ബോധവും കൊണ്ട് തല കുനിക്കും. വിനായകൻ പറഞ്ഞ ചോദ്യം ഒട്ടുമിക്ക സ്ത്രീകളെയും അലോസരപ്പെടുത്തുന്നത് തന്നെയാണ്.നമ്മൾ ജനിച്ചു വളർന്നത് ഈ നാട്ടിൽ തന്നെ ആണല്ലോ. വിദേശത്ത് ഒന്നുമല്ലല്ലോ. പഠിക്കുന്ന കാലത്ത് ഒരിക്കൽ നടന്നു വരുന്ന വഴിയിൽ പരിചയം പോലും ഇല്ലാത്ത ഒരാൾ അടുത്ത് വന്നു. എന്ത് മുലയാടി. ഒന്ന് പിടിക്കാൻ തരുമോ എന്ന് ചോദിച്ചു കടന്നു പോയി. അത് കേട്ട് ആരാണെന്നു തിരിഞ്ഞു നോക്കാൻ പോലും പറ്റാത്ത അത്രയും ഞാൻ തളർന്നു പോയി.

ഇന്നും shawl ഇടാതെ ഒരു dress ഇട്ടു പുറത്തിറങ്ങുമ്പോൾ അവന്റെ വൃത്തികെട്ട ശബ്ദം എന്റെ ചെവിയിൽ വരും. എന്റെ ശരീരത്തോട്  എനിക്ക് തന്നെ വെറുപ്പ്‌ തോന്നി. വരിഞ്ഞു കെട്ടി മുറുക്കി വയ്ക്കാനുള്ള ശ്രമം ആയിരുന്നു പിന്നീടങ്ങോട്ട്. അന്ന് എന്റെ ശരീരം കാണുമ്പോൾ മറ്റുള്ളവർക്ക് കാമം തോന്നുന്നു എന്ന ചിന്ത അപമാനവും അപകർഷതാ ബോധവും ഉണ്ടാക്കി.

ഇന്ന് എന്റെ ചിന്തകൾ മാറി.  തോറ്റു പോകാതിരിക്കാൻ എങ്കിലും ഇന്ന് അങ്ങനെ ഒരാൾ പറഞ്ഞാൽ thanks എന്ന് ഞാൻ തിരിഞ്ഞു നിന്നു പറയും. എന്നാലും ഇന്നും പുറത്തിറങ്ങുമ്പോൾ എന്റെ ഭർത്താവിന് എന്നോട് പറയേണ്ടി വരുന്നുണ്ട്. നീ shawl ഇടേണ്ട. നീ ഓക്കെ ആണ്. വൃത്തികേടില്ല. എന്നത്.വിനായകൻ പറഞ്ഞ ആ ചോദ്യം അന്ന് അടുത്ത് കൂടി കടന്നു പോയവന്റെ അതെ സ്വരം ആയിട്ട് തന്നെയാണ് തോന്നിയത്. ഒരാളെ മാനസികമായി ജന്മം മുഴുവനും discomfort ആക്കാൻ അനവസരത്തിലെ ഒരു ചോദ്യം മതി.

വിനയകന്റെ ചോദ്യം ശരിയോ തെറ്റോ എന്ന് ഞാൻ പറയുന്നില്ല. ചോദ്യം കേൾക്കുന്ന സ്ത്രീയുടെ പക്ഷത്തു നിന്നാണ്  ഞാൻ സംസാരിക്കുന്നത്. സന്തോഷത്തോടെ ആ ചോദ്യത്തെ സ്വീകരിക്കുകയും മറുപടി പറയുകയും ചെയ്യുന്ന സ്ത്രീകൾ ഉണ്ടാകാം.അതിനേക്കാൾ ഏറെ  മാനസിക ആഘാതം ഉണ്ടാകുന്ന സ്ത്രീകൾ ആയിരിക്കും ഈ നാട്ടിൽ കൂടുതൽ ഉണ്ടാവുക. അതാണ് ഞാൻ ഇവിടെ പറയാൻ ഉദേശിച്ചത്.ഞാൻ ഈ പറയുന്നത് ചിലപ്പോൾ എല്ലാവർക്കും മനസ്സിലാകണമെന്നില്ല. അഭിപ്രായം തികച്ചും വ്യക്തിപരമാണ്.എല്ലാവരുടെയും അഭിപ്രയങ്ങളെ മാനിക്കുന്നു... മനുഷ്യർ എല്ലാവരും വ്യത്യസ്തരാണല്ലോ.

English Summary: Sincy Anil's Viral post About vinayakan's statement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA