എന്താണ് സ്ത്രീ സുരക്ഷാ നിയമം? നിരവധി നിയമങ്ങൾ സ്ത്രീകൾക്ക് വേണ്ടിയുണ്ടെങ്കിലും അതിൽ പലതും കടലാസുകളിൽ ഒതുങ്ങുന്നവയാണ്. എഴുതി വയ്ക്കപ്പെട്ട സംഹിതകളേക്കാൾ മുൻപിൽ കാണപ്പെടുന്ന വ്യക്തികളും അധികാരവും പണവുമൊക്കെയാണ് ഉറച്ച തീരുമാനമെടുക്കുന്നതിൽ നിന്ന് നിയമപാലകരെപ്പോലും അകറ്റി നിർത്തുന്നത്. റോഡ് മര്യാദയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കഴിഞ്ഞ ദിവസം കോഴിക്കോട് രണ്ട് പെൺകുട്ടികൾക്കു നേരെ ആക്രമണം ഉണ്ടായത്. മുന്നിൽപ്പോയ കാറുകാരന്റെ മര്യാദയില്ലായ്മ ചോദ്യം ചെയ്തതിനു അയാൾ പെൺകുട്ടികളെ മർദിക്കുകയും ചെയ്തിരിക്കുന്നു.
റോഡ് നിയമം പാലിച്ചാൽ എന്തോ തെറ്റ് ചെയ്തത് പോലെയാണ് പലർക്കും. രാത്രിയിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് ഡിം ലൈറ്റ് കൊടുക്കാതിരിക്കുക, തെറ്റായ വശത്തൂടെ വാഹനം ഒടിച്ചു കയറ്റുക, സാഹചര്യമില്ലാത്ത ഇടങ്ങളിൽ ഓവർടേക്ക് ചെയ്യുക, റോഡ് സ്വന്തമാണെന്ന തോന്നൽ ഉണ്ടാക്കുന്ന വിധത്തിൽ വാഹനങ്ങളെ ഗൗനിക്കാതെ റോഡ് ക്രോസ്സ് ചെയ്യുക, റോഡിൽ നിന്ന് സംസാരിക്കുക എന്നിങ്ങനെ പലതും റോഡ് മര്യാദാലംഘനത്തിന്റെ പട്ടികയിൽ വരുന്നു. പൊതുവേ റോഡിൽ ഒരുകാര്യവുമില്ലാതെ ഏറ്റവുമധികം പരിഹാസം കേൾക്കേണ്ടി വരുന്നത് സ്ത്രീകളാണ്. കൂടുതലായി ഡ്രൈവിങ്ങിലേയ്ക്ക് സ്ത്രീകൾ ഇറങ്ങിയിട്ടുണ്ട്. എന്നാൽ വാഹനം ഓടിക്കുന്നത് സ്ത്രീകളാണെന്ന് കണ്ടാൽ അനാവശ്യമായി ശബ്ദം മുഴക്കുകയും കമന്റ് അടിക്കുകയും ഭയപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നവരുണ്ട്. ഇതിനെല്ലാം പുറമെയാണ് കോഴിക്കോടുള്ള സഹോദരിമാർക്കു മർദനം നേരിടേണ്ടി വന്നത്.
തെറ്റായ ദിശയിലുടെ കയറി വന്ന കാർ തങ്ങൾക്ക് അപകടകരമായ വിധത്തിൽ കയറിപ്പോയപ്പോൾ അവർ ചെയ്ത പ്രവൃത്തി ചോദിക്കുക മാത്രമേ പെൺകുട്ടികൾ ചെയ്തുള്ളൂ. പക്ഷേ, മുന്നോട്ടു വാഹനമോടിച്ചു പോയ പെൺകുട്ടികളെ പിന്തുടർന്ന് അവരുടെ വാഹനം മറിയുന്ന തരത്തിൽ ഇടതു വശത്തൂടെ വന്നു നിർത്തി പെൺകുട്ടികളെ രണ്ടു പേരെയും കായികമായി ഉപദ്രവിക്കുകയാണ് കാറിലുണ്ടായിരുന്ന വ്യക്തി ചെയ്തത്. പെൺകുട്ടികളായതിനാൽ ആർക്കും എന്തും ചെയ്യാമെന്ന ധാർഷ്ട്യത്തിന്റെ മാത്രം മുഖമാണത്.
പെൺകുട്ടികൾ നേരെ പോലീസ് സ്റ്റേഷനിലേക്കാണ് പോയത്. പക്ഷേ, പരാതി കൊടുത്തിട്ടും മണിക്കൂറുകൾ അവരെ അവിടെ കാത്തിരിക്കാൻ നിർബന്ധിക്കുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യാതിരിക്കുകയും ആശുപത്രിയിൽ പോലും കൊണ്ടു പോകാതെ ഇരിക്കുകയുമാണ് പോലീസ് ചെയ്തത്. അവിടം കൊണ്ടും കഥ അവസാനിക്കുന്നില്ല. വൈകി വന്ന ആരോപണ വിധേയന്റെ ബന്ധുക്കളും പോലീസും ഉൾപ്പെടെ പെൺകുട്ടികളോട് പറഞ്ഞ ഒരേയൊരു വാക്ക് "കോംപ്രമൈസ്" എന്ന് മാത്രമാണ്. നടു റോഡിൽ അജ്ഞാതനായ ഏതോ ഒരുവൻ വന്നു എല്ലാവരുടെയും മുന്നിൽ വച്ച് രണ്ടു പെൺകുട്ടികളെ ഉപദ്രവിക്കുക, ആ വിഷയത്തിൽ പൊലീസിന് ഒരു കാര്യമേ ചെയ്യാനുള്ളൂ. അയാൾക്കെതിരെ എഫ്ഐആർ ഇട്ട് കേസെടുക്കുക, പെൺകുട്ടികളെ ആശുപത്രിയിൽ കൊണ്ട് പോവുക. പക്ഷേ, കാര്യങ്ങളെ ഒതുക്കി തീർക്കാനായിരുന്നു അവർക്കും താൽപര്യം.
ഒരു സൈബർ കേസ് കൊടുത്തതു ഓർമ വരുന്നു. വീട്ടിലെ പ്രായമായ അമ്മയെ വിളിച്ച് അശ്ലീല വാക്കുകൾ പറഞ്ഞ ഒരാൾക്കെതിരെ സൈബർ കേസ് കൊടുത്തിരുന്നു. ഒരു മാസത്തോളം സൈബർ പോലീസ് അങ്ങനെയൊരു കേസ് ഉള്ളതായിപ്പോലും പരിഗണിച്ചില്ല. സ്വാധീനമുള്ള മറ്റൊരു ഉദ്യോഗസ്ഥൻ വഴി കേസ് മുന്നോട്ട് നീക്കിയപ്പോൾ "അയാളുടെ അഡ്രസ്സ് ഞങ്ങൾ ട്രെയിസ് ചെയ്തു. പക്ഷേ, ആ സിം മറ്റൊരു സ്ത്രീയുടെ പേരിലാണ്. അതുകൊണ്ട് ഇതിനി കേസാക്കണോ?"
സിം ഏത് സ്ത്രീയുടെ പേരിലാണെങ്കിലും സൈബർ കുറ്റവാളിയെ തിരഞ്ഞു കണ്ടെത്തുകയാണ് പോലീസ് ചെയ്യേണ്ടിയിരുന്നത്. അഡ്രസ്സിലുള്ള സ്ത്രീ പോലും ഉപദ്രവിക്കപ്പെടുകയില്ല എന്നതിന് ഉറപ്പില്ല. എന്നാല്‍ അതൊന്നും തങ്ങളുടെ കാര്യമല്ല എന്ന നിലപാടായിരുന്നു സൈബർ പൊലീസിന്. വലിയ മെനക്കേടും കഷ്ടപ്പാടുകളുമില്ലാതെ കേസുകൾ കോംപ്രമൈസ് ആക്കിയാൽ സമയവും യാത്രകളും എല്ലാം ലാഭം എന്നതാണ് പൊതുവെ ഏതൊരു കേസിലും പോലീസിന്റെ മനോഭാവം.
പൊതുവെയുള്ള നിയമപാലകരുടെ ഒരു നിലപാടാണ് കോംപ്രമൈസ് എന്ന വാക്ക്. പക്ഷേ, അത് അപമാനപ്പെട്ടവരിലുണ്ടാക്കുന്ന മുറിവുകളുടെ ആഴം എത്ര വലുതാണ്. പുറത്ത് നിൽക്കുന്നവർക്ക് ഏതും ഒരു സാധാരണ കേസായി മാറുമ്പോൾ അത് അനുഭവിച്ചവർക്കുണ്ടായ ആന്തരിക മുറിവുകൾ വലുതാണ്. സംസ്ഥാനത്ത് സ്ത്രീകൾക്കു വേണ്ടി മുറവിളി കൂട്ടുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്. അവകാശങ്ങളും സ്വാതന്ത്ര്യവും അവൾക്കും ഉള്ളതാണെന്ന് സർക്കാർ പരസ്യങ്ങൾ പോലും എല്ലായ്പ്പോഴും "അലേർട്ട്" ചെയ്തുകൊണ്ടിരിക്കുന്നു. ഇതൊക്കെയുള്ളപ്പോഴും പരസ്യമായി പെൺകുട്ടികളെ നിയമം സംസാരിച്ചതിന് ഉപദ്രവിക്കാൻ തക്ക ധൈര്യം ഇവിടെയുള്ള പുരുഷന്മാർക്ക് ഉണ്ടെന്നുള്ളത് ഭീതിയുണ്ടാക്കുന്നുണ്ട്. വിശ്വസിക്കുന്ന രാഷ്ട്രീയത്തിന്റെയും അധികാരത്തിന്റെയും ഹുങ്കും ആത്മവിശ്വാസവും ഉള്ളതുകൊണ്ട് തങ്ങൾക്കെതിരെ "വെറും സ്ത്രീകൾ" എന്ത് ചെയ്യാനാണെന്ന തോന്നലാണ് മിക്ക പുരുഷന്മാരെക്കൊണ്ടും അതിക്രമങ്ങൾ ചെയ്യിക്കുന്നത്.
നിയമം ലംഘിച്ചാൽ അത് ആരും ചോദ്യം ചെയ്യരുത്, അഥവാ അത് പെൺകുട്ടികളാണെങ്കിൽ രണ്ടു കൊടുത്താലും ആരും ചോദിക്കാനുമില്ല എന്ന നിലയിലുള്ള മനോഭാവം പെൺകുട്ടികളുടെ ആത്മവിശ്വാസത്തെ മുറിവേൽപിക്കും. ആ സാഹചര്യത്തിൽ നീതി കൊടുക്കേണ്ട പാലകർ അനുരഞ്ജനത്തിനായി ശ്രമിക്കുമ്പോൾ ആരാണ് അവർക്ക് നീതി നേടിക്കൊടുക്കുക? പൊതു മധ്യത്തിൽ അവർ നേരിട്ട അതിക്രമത്തിന് ആരാണ് സമാധാനം പറയുക? ശാരീരികമായി ഉപദ്രവിച്ച കുറ്റവാളിയോളം തന്നെ തെറ്റുകാരാണ് ഒത്തുതീർപ്പിനായി സംസാരിക്കുന്ന നിയമപാലകരും. സ്ത്രീകളുടെ കാഴ്ചപ്പാടുകളും വിശ്വാസവും മാറിക്കൊണ്ടിരിക്കുന്ന കാലമാണ്. ഇവിടെ കോംപ്രമൈസുകളല്ല നീതിയും നിയമവുമാണ് സ്ത്രീകൾക്ക് വേണ്ടത്. അത് ഔദാര്യമല്ല, അവരുടെ അവകാശമാണ്.
English Summary: Malappuram Sisters Attacked On Road