ADVERTISEMENT

പെൺകുട്ടികൾക്കു വിദ്യാഭ്യാസം കൊണ്ടുള്ള ലാഭങ്ങൾ എന്താണ്? അല്ലെങ്കിൽ എന്തൊക്കെയാവണം? നീണ്ട പന്ത്രണ്ടു വർഷത്തെ സ്‌കൂൾ വിദ്യാഭ്യാസത്തിൽ തുടങ്ങും പൊതുവിദ്യാഭ്യാസം. ബാക്കി വർഷങ്ങൾ വീട്ടുകാർക്കോ വിദ്യാർഥികൾക്കോ ഇഷ്ടമുള്ള വിഷയത്തിൽ ഉയർന്ന വിദ്യാഭ്യാസം. കൂടുതലും മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ചാവും അത്. കുട്ടികളുടെ അഭിരുചികൾ തിരിച്ചറിയാതെ, സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മാത്രം സഫലമാക്കാനാണല്ലോ മിക്ക മാതാപിതാക്കളും കുഞ്ഞുങ്ങളെ വളർത്തുന്നത്. ഇത്രയും വർഷം വളർത്തി, പണം ചെലവാക്കി പഠിപ്പിച്ചില്ലേ എന്ന ന്യായവും പറയും. തങ്ങൾക്കു നേടാൻ കഴിയാതിരുന്ന ലക്ഷ്യങ്ങൾ മക്കളിലൂടെ നേടുമ്പോൾ, കുട്ടികളുടെ വ്യക്തിത്വം വ്യത്യസ്തമാണെന്നും അവരുടെ അഭിരുചികൾ വേറെയാണെന്നും പലരും ഓർക്കാറില്ല. പെൺകുട്ടികളാണ് ഇത്തരം വേർതിരിവുകൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് എന്നതാണ് സത്യം. 

പ്രതിരോധിക്കാനും പ്രതികരിക്കാനും കുട്ടികളെപ്പോഴാണ് പഠിക്കേണ്ടത്? തങ്ങൾക്ക് ഇഷ്ടമില്ലാത്തതു കാണുമ്പോൾ അതിനെതിരെ സംസാരിക്കാൻ അവരെ ആരാണ് പര്യാപ്‌തരാക്കുക? സ്‌കൂളുകളിൽത്തന്നെയാണ് അതിന്റെ ആദ്യ പാഠങ്ങളുണ്ടാകേണ്ടത്. 

‘‘ഞങ്ങളുടെ ക്ലാസിൽ എപ്പോഴും രണ്ടു തട്ടുണ്ടായിരുന്നു. പഠിക്കുന്നവരും പഠിക്കാത്തവരും എന്നാണ് അധ്യാപകർ അതിനെ വിളിച്ചിരുന്നത്. പക്ഷേ ശരിക്കും അത് അധ്യാപകരിൽ സ്വാധീനമുള്ളവരും ഇല്ലാത്തവരും എന്നായിരുന്നു ഞങ്ങൾക്ക് അനുഭവപ്പെട്ടത്. അധ്യാപകരുടെ വീട്ടിൽ ട്യൂഷൻ പഠിക്കാൻ പോകുന്നവരും ബന്ധുക്കളുമായ കുട്ടികളാണ് ഒരു തട്ടിൽ. മറു തട്ടിൽ, പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ദരിദ്രരും പിന്നാക്കക്കാരുമായ കുട്ടികൾ. ഞാൻ ആ തട്ടിലായിരുന്നു. ഞങ്ങളുടെ നാവുകൾ അധ്യാപികമാർ കെട്ടിവച്ചിരുന്നു. എന്തിനും പരിഹസിക്കലും അടിച്ചിരുത്തലും കൂടിയാപ്പോൾ സ്വയം ചെറുതാണെന്ന തോന്നലുണ്ടായി. വ്യക്തിത്വം എന്നൊന്ന് ഉണ്ടെന്നേ തോന്നിയിട്ടില്ല. പ്രതികരിക്കാൻ ഭയമായിരുന്നു. ആ പേടി എല്ലായിടത്തും കൂട്ടു വന്നു. എനിക്കെതിരെ എന്ത് അനീതിയുണ്ടായാലും പ്രതികരിക്കാതിരിക്കാനും അവഗണിക്കാനും ഞാൻ പഠിച്ചിരുന്നു. അതൊരു തരത്തിൽ രക്ഷപ്പെടലാണ്. മുതിർന്നവരുടെ മുന്നിൽ അവരെ എതിർത്തു സംസാരിക്കേണ്ട, ആരുടേയും വഴക്ക് കേൾക്കണ്ട, നിശ്ശബ്ദമായി ഒരിടത്തിരുന്നാൽ മതി.’’ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു യുവതി പറയുന്നു. ‘‘വളർന്നപ്പോൾ അഭിപ്രായങ്ങൾ എവിടെയും പറയുന്ന സ്ത്രീയായി ഞാൻ. സ്വയം ആർജ്ജിച്ചെടുത്തതാണ് എന്റെ പ്രതികരണ ബോധം. എന്റെ വിദ്യാഭ്യാസകാലം നശിപ്പിച്ച പ്രതികരണ ശേഷിയെ എത്ര കാലം കൊണ്ടാണ് ഞാൻ വളർത്തിയെടുത്തത്. ഭയന്നും മടിച്ചും ഇരുന്ന എനിക്കിപ്പോൾ ആരുടെ മുഖത്തു നോക്കിയും എനിക്കു വേണ്ടി സംസാരിക്കാം.’’

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പാളിച്ചകളുടെ ദുരന്തങ്ങൾ ഏറ്റുവാങ്ങി നിശ്ശബ്ദരാക്കപ്പെട്ട എത്രയധികം പെൺകുട്ടികളുണ്ട് ചുറ്റിലും. വീടുകളിൽ വരുമ്പോഴും ഉപദേശങ്ങളാണ്.

-മുതിർന്നവരോട് ബഹുമാനത്തിൽ പെരുമാറണം.

-വലിയവർക്കു കുട്ടികളെ എന്തും പറയാം എന്തും ചെയ്യാം, കുട്ടികൾ അനുസരിക്കണം.

- കുട്ടികൾക്ക് സ്വന്തമായി ഇഷ്ടങ്ങളില്ല, മുതിർന്നവർ പറയുന്നത് അനുസരിച്ചാൽ മതി.

-കുട്ടികൾക്ക് ഒന്നുമറിയില്ല, മുതിർന്നവരുടെ നിർദേശങ്ങൾ അനുസരിച്ചാൽ മതി.

- കുട്ടികളുടെ ഇഷ്ടങ്ങൾ ബാലിശമാണ്, അവരുടെ അറിവില്ലായ്മ കൊണ്ടാണ് ഓരോന്ന് പറയുന്നത്

 

വീടുകളിൽ നിന്ന് ഇത്തരം ഉപദേശങ്ങൾ കിട്ടി വളരുന്നവർ സ്‌കൂളുകളിലും അടിച്ചിരുത്തപ്പെടുമ്പോൾ, ജീവിച്ചിരിക്കുന്നതേയില്ല എന്നതുപോലെ ജീവിച്ചു പോകും. മികച്ച മാർക്കു ലഭിച്ചാലും പാട്രിയാർക്കിയുടെ മുന്നിൽ ‘പെൺകുട്ടി’, ‘വെറും കുട്ടി’ എന്നീ ലേബലുകളിൽ ഒതുക്കപ്പെട്ട് അകറ്റി നിർത്തപ്പെടും. അവിടെ നല്ല മാർക്കോ വിദ്യാഭ്യാസ മികവോ അല്ല മാനദണ്ഡം, ഒരു പെൺകുട്ടിയാകുന്നതും കുട്ടിയാകുന്നതും ഒക്കെയാണ്. എത്ര മുതിർന്നവരാണെങ്കിലും മോശമായി പെരുമാറുന്നവരോടും ബഹുമാനം നൽകാത്തവരോടും അശ്ലീലമായി സ്പർശിക്കുന്നവരോടും ഒരു കുട്ടിയും മാന്യതയോടെ പെരുമാറേണ്ടതില്ല, ബഹുമാനം നൽകേണ്ടതുമില്ല.

യഥാർഥത്തിൽ, നല്ല മാർക്ക് നേടാനാണോ വിദ്യാഭ്യാസം നൽകേണ്ടത്? കുട്ടികളെ ഏറ്റവും മികച്ച വ്യക്തികളാക്കാൻ ആദ്യം നൽകേണ്ടത് നല്ല പ്രാഥമിക വിദ്യാഭ്യാസമാണ്. എന്താണു നല്ല സ്പർശം, മോശം സ്പർശം എന്ന രീതിയിലുള്ള പ്രാഥമിക ലൈംഗിക വിദ്യാഭ്യാസം പോലും നമ്മുടെ കുട്ടികൾക്കു ലഭ്യമല്ല. അതിൽ നിന്നു തന്നെയാണ് തുടങ്ങേണ്ടത്. 

പെണ്ണ് ആയതുകൊണ്ടു മാത്രം ഒരു അപമാനവും താൻ ഏറ്റു വാങ്ങേണ്ടതില്ലെന്ന ബോധ്യവും ആത്മവിശ്വാസവും ഒരു പെൺകുട്ടിക്കു പകരാനാകുന്ന വിദ്യാഭ്യാസമാണ് മികച്ചത്. മോശം സാഹചര്യങ്ങളെ അതിജീവിക്കാനും പ്രതികരിക്കാനുമുള്ള ആർജ്ജവവും ധൈര്യവും നൽകുന്നതാവണം അത്. പെൺകുട്ടി ആയതുകൊണ്ടു മാത്രം മാറ്റി നിർത്തപ്പെടുന്നത് അനീതിയാണെന്നു ബോധ്യമുണ്ടാവുകയും അതിനെതിരെ സംസാരിച്ചു മുന്നോട്ടു പോകാനാവുകയും വേണം.

അങ്ങനെയൊരു വിദ്യാഭ്യാസ സമ്പ്രദായത്തിനു മാത്രമേ മികച്ച പ്രതികരണശേഷിയുള്ള തലമുറയെ വാർത്തെടുക്കാനാകൂ. ഒരു വ്യക്തി ഓരോ കഴിവും സ്വയം ആർജ്ജിച്ചു വരുമ്പോഴേക്കും ക്രിയാത്മകമായ എത്ര കാലമാവും കഴിഞ്ഞിട്ടുണ്ടാവുക? അതുകൊണ്ട് വിദ്യാഭ്യാസ സമ്പ്രദായം തന്നെ മാറട്ടെ. 

കുട്ടികൾക്കും സ്വന്തമായി അഭിപ്രായങ്ങളും ഇഷ്ടങ്ങളുമുണ്ട്. ഓരോ വ്യക്തിക്കും ഓരോ കഴിവാണ്, അതിനു ജീനും അഭിരുചികളും ഒക്കെ കാരണമാണ്. അതിനെ കണ്ടെത്തുകയും  പ്രോത്സാഹിപ്പിക്കുകയും മാത്രമേ മാതാപിതാക്കൾക്ക് ചെയ്യാനുള്ളൂ. ഓരോ കുഞ്ഞും വ്യത്യസ്ത വ്യക്തികളാണ്. സ്വന്തം ശരീരത്തിന്റെ ഭാഗമായി ജനിച്ചു എന്നതുകൊണ്ടുമാത്രം, മാതാപിതാക്കളുടെ നടക്കാതെ പോയ സ്വപ്‌നങ്ങൾ നേടിക്കൊടുക്കാനുള്ള ബാധ്യത അവർക്കില്ല. സ്വന്തം വ്യക്തിത്വത്തെ പ്രോജ്ജ്വലിപ്പിച്ച് വളർത്തിക്കൊണ്ടു വരുന്ന ഓരോ പെൺകുഞ്ഞിനും സ്വന്തം അഭിമാനത്തെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും ബോധ്യമുണ്ടാകും. വിദ്യാഭ്യാസത്തിന്റെ ധൈര്യം കൂടിയാകുമ്പോൾ അനീതികൾക്കെതിരെ പോരാടാനുള്ള മനോബലവും അവർ നേടും. അത്തരത്തിലുള്ള കുട്ടികൾ തന്നെയാണ് നാളെയുടെ പ്രതീക്ഷ; സമൂഹത്തിന്റെ സമ്പത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com