ADVERTISEMENT

യുദ്ധത്തെ ചിലര്‍ അനിവാര്യതയായി കാണുമ്പോള്‍ മറ്റുചിലര്‍ക്ക് അത് ദുഃഖത്തിന്റെ ഉറവിടമാണ്. ഒരിക്കലും മായ്ക്കാനാവാത്ത ആഴത്തിലുളള മുറിവുകളാണ് യുദ്ധം സമ്മാനിക്കുക. ഏതൊരു യുദ്ധത്തിലും അന്തിമ ഇരകള്‍ സാധാരണക്കാരും കുട്ടികളും സ്ത്രീകളുമായിരിക്കുമെന്ന തത്വത്തിന് റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിലും വ്യത്യാസമില്ല. റഷ്യ-യുക്രെയ്ന്‍ ആക്രമണം ആരംഭിച്ച് ആറ് മാസമാവുമ്പോള്‍ യുദ്ധത്തിന്റെ കെടുതിയില്‍ നട്ടം തിരിയുകയാണവര്‍. എങ്ങോട്ട് പോവണം? എങ്ങനെ ജീവിക്കണം? എന്നറിയാതെ. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ യുക്രെയ്ന്‍ സ്ത്രീകളും ഒരു പ്രത്യേകതരം യുദ്ധം നടത്തികൊണ്ടിരിക്കുകയാണ്, ജീവിക്കാനായി. ഒപ്പം നില്‍ക്കുന്നവരുടെ ജീവന്‍ നിലനിര്‍ത്താനായി. സ്വയം സംരക്ഷിക്കാനായി.

ഫെബ്രുവരി 24നാണ് റഷ്യന്‍ സൈന്യം യുക്രെയ്‌നില്‍ അധിനിവേശം നടത്തിയത്. ഇപ്പോള്‍ ആറുമാസം പൂര്‍ത്തിയാവുമ്പോള്‍ യുക്രയ്‌നില്‍ നിന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ തികച്ചും ആശങ്കയുളവാക്കുന്നവയാണ്. യു.എന്‍ കണക്കുകള്‍പ്രകാരം ഏതാണ്ട് ആറായിരത്തോളം സാധാരണക്കാരാണ് റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇനിയും പുറത്തുവരേണ്ടിയിരിക്കുന്നുവെന്ന് വേണം കരുതാന്‍.

യുക്രെയ്‌നില്‍ ഏതാണ്ട് 13,212 ഓളം സാധാരണക്കാരാണ് അപകടകരമായി പരുക്കേറ്റ് ചികിത്സതേടിയതായി പറയുന്നത്. അതില്‍ 5,514 ഓളം പേര്‍ മരിക്കുകയും 7,698 പേര്‍ ചികിത്സയിലുമാണെന്ന് കണക്കുകള്‍ രേഖപ്പെടുത്തുന്നു. സ്‌കൂളുകള്‍ പോലെയുളള പൊതുയിടങ്ങളില്‍ പോലും റഷ്യന്‍ സൈന്യം സൈനികത്താവളം സ്ഥാപിച്ചിരിക്കുകയാണ്. ഇതിനുളളില്‍ അകപ്പെട്ടുപോയ നിരവധി സാധാരണക്കാരുണ്ട്. മിക്കപ്പോഴും ഇവരെതന്നെ മനുഷ്യ കവചങ്ങളായും സൈന്യം ഉപയോഗിക്കുന്നു. സാധാരണക്കാരുടെ മരണനിരക്ക് കൂടുന്നതിന്റെ പ്രധാനകാരണങ്ങളിലൊന്നാണ് ഇത്. ജീവനെങ്കിലും സംരക്ഷിക്കാനായി അയല്‍രാജ്യങ്ങളിലേക്ക് കുടിയേറികൊണ്ടിരിക്കുന്ന യുക്രെയ്ന്‍കാരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്പിലേക്കും മറ്റ് അയല്‍രാജ്യങ്ങളിലേയ്ക്കും എന്തിന് റഷ്യയിലേക്കു പോലും യുക്രെയ്‌നില്‍ നിന്ന് അഭയാര്‍ത്ഥി പ്രവാഹമാണ്.

യുദ്ധഭൂമിയിലെ അമ്മമാര്‍

യുനിസെഫിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം മൂന്ന് യുക്രെയ്‌നികളില്‍ ഒരാളെങ്കിലും നാട് വിട്ട് പോവേണ്ടി വരുന്നുവെന്നാണ്. എസ്റ്റോണിയയിലേയ്ക്കാണ് കൂടുതല്‍പേര്‍ കുടിയേറി പാര്‍ത്തിരിക്കുന്നത്. ഏതാണ്ട് ഒരു ലക്ഷം പേരാണ് ഇതിനിടെ ജന്മനാടുവിട്ട് എസ്‌റ്റോണിയയിലേക്ക് പോയത്. യുക്രെയ്ന്‍ വിട്ട് പോവുന്നവരില്‍ പകുതിയും സ്ത്രീകളും കുട്ടികളുമാണെന്നും യുനിസെഫിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സ്വന്തം നാട്ടില്‍ നിന്ന് പറിച്ചു മാറ്റപ്പെടുന്ന ഈ സ്ത്രീകള്‍ കടുത്ത മാനസിക സംഘര്‍ഷങ്ങളും ശാരീരിക വെല്ലുവിളികളുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളും ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിട്ടുളളതാണ്. ബങ്കറുകളിലും മെട്രോ സ്‌റ്റേഷനുകളിലും തന്റെ കുഞ്ഞിനെ പ്രസവിക്കേണ്ടിവരുന്ന അമ്മമാരുടെ, ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും അനുഭവകഥകളുമെല്ലാം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.ഇത്രയൊക്കെയാണെങ്കിലും യുദ്ധത്തെ തുടര്‍ന്ന് യുക്രെയ്‌നിലെ സ്ത്രീകളും കുട്ടികളും അുഭവിക്കുന്ന യഥാര്‍ത്ഥ ദുരിതങ്ങളുടെ കണക്കുകള്‍ ഇനിയും രേഖപ്പെടുത്തുകയോ മുഴുവന്‍ പുറത്തുവരികയോ ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സ്ത്രീകള്‍ക്കു നേരെയുളള അക്രമങ്ങള്‍ ഔദ്യോഗികമായി എവിടെയും രേഖപ്പെടുത്തുന്നില്ല. അതിനാല്‍തന്നെ ഏതൊരു യുദ്ധഭൂമിയിലേയും പോലെ സ്ത്രീകള്‍ക്ക് എല്ലാതരത്തിലും നീതി നിഷേധിക്കപ്പെടുകയാണ് യുക്രെയ്‌നിലും.

ലൈംഗികാതിക്രമങ്ങളും ബലാത്സംഗങ്ങളും

ശത്രുക്കളെ മാനസികമായി തോല്‍പ്പിക്കാനുളള മാര്‍ഗങ്ങളിലൊന്നായി അല്ലെങ്കില്‍ യുദ്ധമുറയായാണ് പലപ്പോഴും സ്ത്രീകള്‍ക്കുനേരെയുളള ലൈംഗികാതിക്രമങ്ങള്‍ നടക്കുന്നത്. 2019ല്‍ യുനൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫ്രണ്ട് പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് പ്രകാരം 75 ശതമാനം യുക്രെയ്ന്‍ സ്ത്രീകളും ഏതാണ്ട് 15 വയസു മുതല്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ലൈംഗികാതിക്രമം അനുഭവിക്കുന്നു. റഷ്യന്‍ സൈന്യത്തിന്റെ വരവോടെയാണ് യുക്രെയ്ന്‍ സ്ത്രീകള്‍ക്കു നേരെയുളള ലൈംഗികഅതിക്രമങ്ങളിലും കുത്തനെയുള്ള വര്‍ധനവുണ്ടായിരിക്കുന്നത്.അടുത്തിടെ ഒരു യുക്രെയ്ന്‍ എം.പി ലെസ്യ വാസിലെങ്ക് പറഞ്ഞത് റഷ്യന്‍ സൈന്യം നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അവരുടെ മേല്‍ സ്വസ്തിക് രൂപങ്ങള്‍ പൊള്ളിച്ചു ചേര്‍ക്കുകയും ചെയ്‌തെന്നാണ്. ജീവിക്കാനായും ഭയം കാരണം പലരും നിശബ്ദമായി ഈ അതിക്രമങ്ങളെ അതിജീവിക്കാന്‍ ശ്രമിക്കുകയാണ്.

മരിച്ചു വീഴുന്ന ഗർഭിണികൾ

വീര്‍ത്തവയറില്‍ കൈവെച്ചുകൊണ്ട് ഒരു സ്‌ട്രെച്ചറില്‍ മരിച്ചുകിടക്കുന്ന ഗര്‍ഭിണിയായ യുക്രെയ്ന്‍ വനിതയുടെ വാര്‍ത്തയും ചിത്രവും അടുത്തിടെ ഏവരിലും നടുക്കമുണ്ടാക്കിയതായിരുന്നു. ഗര്‍ഭകാലത്ത് ലഭിക്കേണ്ട ചികിത്സയും പരിചരണവും ലഭ്യമല്ലാതിരുന്നതിന്റെ ദുരന്തമായിരുന്നു ആ ഗര്‍ഭിണിക്ക് സംഭവിച്ചത്. യുക്രെയ്‌നില്‍ നിലവില്‍ ഏതാണ്ട് 80,000ത്തോളം ഗര്‍ഭിണികളായ സ്ത്രീകളുണ്ടെന്നാണ് കണക്ക്. അടുത്ത കുറച്ചു മാസങ്ങള്‍ക്കുളളില്‍ ഈ സ്ത്രീകള്‍ അവരുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കും. എന്നാല്‍ ഈ ഗര്‍ഭിണികളും സഞ്ചരിക്കേണ്ടത് നേരത്തെ പറഞ്ഞ പാതയിലൂടെ ആണെന്നതാണ് ആശങ്കയുണര്‍ത്തുന്ന കാര്യം.

ഗര്‍ഭകാലത്തുവേണ്ട പരിചരണമോ ചികിത്സയോ ഒന്നും യുക്രെയ്‌നിലെ സ്ത്രീകള്‍ക്ക് ഇപ്പോള്‍ എളുപ്പത്തില്‍ പ്രാപ്യമായ കാര്യമല്ല. ചികിത്സാ ചിലവിനുപുറമെ  വീടിനു പുറത്തുളള ഭയപ്പെടുത്തുന്ന അന്തരീക്ഷത്തെ കുറിച്ചോര്‍ത്തും പലരും പ്രാഥമികമായി എടുക്കേണ്ട ചികിത്സപോലും ഒഴിവാക്കുകയാണ്. പോഷകാഹാര കുറവും മാനസികസംഘര്‍ഷങ്ങളും ഓരോ ഗര്‍ഭിണിയുടെ ആരോഗ്യനിലയെയും തകര്‍ത്തെറിയുകയാണ്. ഇത് മേല്‍പറഞ്ഞ 80,000 ത്തോളം വരുന്ന ഗര്‍ഭിണികളെ സാരമായി ബാധിക്കുമെന്നതില്‍ ഒട്ടും തര്‍ക്കമില്ല.

POLAND-UKRAINE-RUSSIA-CONFLICT-REFUGEES
Image Credit∙ Wojtek RADWANSKI / AFP

നടുവൊടിക്കുന്ന അധികഭാരം

എന്താണ് യുക്രെയ്‌നിലെ സ്ത്രീകളുടെ യഥാര്‍ത്ഥ അവസ്ഥ? ലൈംഗിക ചൂഷണങ്ങള്‍ക്ക് നടുവില്‍ കടുത്ത മാനസിക സംഘര്‍ഷങ്ങളുമായാണ് ഓരോ സ്ത്രീയും അവിടെ കഴിയുന്നത്. ഇതിനുപുറമെ ആനുപാതികമല്ലാത്ത ചുമതലകളാണ് യുദ്ധം അവിടത്തെ സ്ത്രീകള്‍ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. കടുത്ത ലിംഗവിവേചനവും പുരുഷാധിപത്യ സംസ്‌കാരവും നിലനില്‍ക്കുന്ന രാജ്യമാണ് യുക്രെയ്ന്‍. ഇപ്പോള്‍ യുദ്ധത്തിന്റെ പ്രതിസന്ധികാരണം അത് കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. സ്ത്രീകള്‍ക്കു ലഭ്യമായിരുന്നു വളരെ ദുര്‍ബലമായ സുരക്ഷയും സംരക്ഷണവും റഷ്യന്‍ സൈന്യത്തിന്റെ വരവോടെ ഇല്ലാതായി. വളരെ പ്രാഥമിക ആവശ്യങ്ങള്‍ക്കായുളള പ്രത്യേകിച്ചും ഗര്‍ഭിണികളായവരടക്കമുളളവര്‍ ആരോഗ്യകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനു പോലും നിയന്ത്രണങ്ങളും തടസങ്ങളും നേരിടുകയാണ് അവിടെ.

യുക്രെയ്‌നില്‍ മാത്രമല്ല മറ്റ് ഏത് രാജ്യം വെച്ച് നോക്കിയാലും സ്ത്രീകള്‍ക്കായിരിക്കും കുടുംബത്തെ പരിപാലിക്കേണ്ട, കുഞ്ഞുങ്ങളെയും വയസ്സായവരേയും സംരക്ഷിക്കേണ്ട ചുമതലകള്‍. എന്നാല്‍ 18 മുതല്‍ 40 വയസു വരെയുളള യുക്രെയ്‌നിലെ പുരുഷന്‍മാര്‍ നിലവിലെ പ്രതിസന്ധിയില്‍ രാജ്യത്തിനൊപ്പം നില്‍ക്കണമെന്ന ആഹ്വാനം ദുരിതത്തിലാക്കിയിരിക്കുന്നത് അവിടത്തെ സ്ത്രീകളെയാണ്. ഇതോടെ അധികചുമതലകളുടെ ഭാരം വഹിക്കേണ്ടിവരികയാണ് യുക്രെയ്ന്‍ സ്ത്രീകള്‍ക്ക്. കുടുംബം പുലര്‍ത്താനായി ഒറ്റയ്ക്ക് ജീവിതമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വരികയാണവര്‍. ഇനി നാടുവിട്ടുപോവുന്നവരുടെ കാര്യത്തിലാണെങ്കില്‍ കുടുംബത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം അവരില്‍ മാത്രം നിക്ഷിപ്തമായിരിക്കുകയാണ്.

POLAND-UKRAINE-RUSSIA-CONFLICT-REFUGEES
Image Credit∙ Wojtek RADWANSKI / AFP

വരുമാനം നിലച്ചതോടെ മിക്കകുടുംബങ്ങളും ശിഥിലമായി. ഒരു നേരത്തെ ഭക്ഷണത്തിനായി അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അഭയം തേടുകയാണവര്‍. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ കണക്കുകള്‍ പ്രകാരം യുക്രെയ്‌നിലെ ഒരു കോടി ജനങ്ങളില്‍ പകുതിയോളം വരും അവിടത്തെ സ്ത്രീകളും കുട്ടികളും. അവരില്‍ വലിയൊരു വിഭാഗം മറ്റ് നാടുകളിലേയ്ക്ക് കുടിയേറി കഴിഞ്ഞു. ജന്മനാട്ടില്‍ സമാധാനം പുലരുമെന്ന സ്വപ്‌നം പോലും കാണാനാവാതെ അവര്‍ അന്യരാജ്യങ്ങളില്‍ അഭയാര്‍ഥികളായി കഴിയുകയാണ്. യുക്രെയ്‌നിലെ സ്ത്രീകളുടെ അവസ്ഥ വിശകലനം ചെയ്ത് അടിയന്തര ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ യുക്രെയ്ന്‍ സ്ത്രീകളുടെ ഭാവി തികച്ചും പരിതാപകരമായിരിക്കും.

എന്തിനീ അക്രമം?

നൂറ്റാണ്ടുകളായി റഷ്യന്‍ സാമ്രാജ്യത്തിന്റെയും സോവിയറ്റ് യൂണിയന്റെയും ഭാഗമായിരുന്നു യുക്രെയ്ന്‍. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതോടെ 1991ലാണ് യുക്രെയ്ന്‍ സ്വതന്ത്രമാവുന്നത്. സോവിയറ്റ് യൂണിയനില്‍ നിന്ന് യുക്രെയ്ന്‍ വേര്‍പിരിഞ്ഞതിനൊപ്പം പാശ്ചാത്യ രാജ്യങ്ങളുമായുളള അവരുടെ അടുത്ത ബന്ധവുമാണ് നിലവിലെ റഷ്യ-യുക്രെയ്ന്‍ ബന്ധം വഷളായതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന പ്രദേശങ്ങളുടെ നിയന്ത്രണം വീണ്ടെടുക്കുക എന്ന ശ്രമങ്ങളും റഷ്യയുടെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ യുക്രെയ്ന്‍ നാറ്റോയില്‍ ചേരുമെന്ന ആശങ്കയും റഷ്യക്കുണ്ടായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ കിഴക്കന്‍ മേഖലയിലെ  അധികാരത്തിന് അത് ഭീഷണിയാകുമെന്നാണ് റഷ്യന്‍ വിലയിരുത്തല്‍. നാറ്റോയില്‍ അംഗത്വം ലഭിച്ചിരുന്നെങ്കില്‍ യുക്രെയ്‌നുവേണ്ടി റഷ്യക്കെതിരെ നാറ്റോ തന്നെ അണിനിരക്കുകയും ചെയ്യും.

നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ അഥവാ നാറ്റോ ലക്ഷ്യം വെയ്ക്കുന്നത് രാഷ്ട്രീയ സൈനിക മാര്‍ഗങ്ങളിലൂടെ അംഗങ്ങളുടെ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തുകയാണ്. രാജ്യങ്ങള്‍ തമ്മിലുളള പ്രശ്‌നങ്ങള്‍ പരിഹരിച്ച് പരസ്പര വിശ്വാസം വളര്‍ത്തുകയും പ്രതിരോധം സുരക്ഷ എന്നിങ്ങനെയുളള വിഷയങ്ങളില്‍ കൂടിയാലോചനകള്‍ നടത്തുകയുമാണ് നാറ്റോ ചെയ്യുന്നത്. നിലവില്‍ 30 രാജ്യങ്ങളുണ്ട് നാറ്റോയില്‍.

English Summary: Women Life In Ukrain

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT