താരശരീരങ്ങൾ പബ്ലിക് പ്രോപ്പർട്ടിയാണെന്നാണോ കരുതിയത്? പുരുഷന് ആസ്വദിക്കാനുള്ള ഉപകരണമല്ല

grase
SHARE

നഗരത്തിലെ തിരക്കുകളെല്ലാം കൂടി ചേർന്ന മാളുകളിലേക്ക് സിനിമ പ്രമോഷനുകൾ മാറ്റപ്പെട്ടതിൽ അതിശയമൊന്നുമില്ല. ഏറ്റവും കൂടുതൽ മനുഷ്യർ കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന കല സിനിമയുമാണ്. അതുകൊണ്ടുതന്നെ അതിൽ ജോലി ചെയ്യുന്നവർക്ക് ആരാധകരും കൂടുതലായിരിക്കും. പക്ഷേ, സ്വന്തം കാശ് കൊടുത്ത് തിയേറ്ററിലോ ഒടിടിയിലോ കാണുന്ന സിനിമയിലെ നടനും നടിയും പബ്ലിക് പ്രോപ്പർട്ടിയാണെന്നും അവരെ എന്തും പറയാമെന്നും ചെയ്യാമെന്നുമുള്ള ചിന്ത എത്ര അധമമാണ്!

സിനിമയുടെ പ്രമോഷനു വേണ്ടിയെത്തിയ നടിമാരുടെ ശരീരത്തിൽ മോശമായ തരത്തിൽ സ്പർശിച്ചു എന്ന വാർത്ത പുറത്തു വിട്ടത് അത് അനുഭവിച്ച നടി തന്നെയാണ്. ഒരു സ്ത്രീയെന്ന നിലയിൽ അവർ നേരിട്ടത് ഏറ്റവും വലിയ അപമാനമാണ്. പെട്ടെന്നുണ്ടായ സ്പർശത്തിൽ, ഏറ്റവും കരുത്തുറ്റ അവരെപ്പോലെ ഒരു സ്ത്രീ പോലും പകച്ചു പോയി. ഒരിക്കലും അത്തരമൊരു ആൾക്കൂട്ടത്തിനിടയിൽ അങ്ങനെയൊരാക്രമണം അവർ പ്രതീക്ഷിച്ചിരിക്കാൻ വഴിയില്ല. മുന്നിൽ നിൽക്കുന്നവരെല്ലാം ബഹുമാനിച്ചില്ലെങ്കിലും മോശമായി പെരുമാറുമെന്ന് അവർ കരുതിയിട്ടുണ്ടാവില്ല. പക്ഷേ അത്തരം തോന്നലുകൾ വെറുതെയെന്ന് അവരുടെ അനുഭവം പറയുന്നുണ്ട്. എപ്പോഴും എവിടെയും സ്ത്രീശരീരം പുരുഷന് ആസ്വദിക്കാനുള്ള ഉപകരണം മാത്രമായി മാറുന്നത് എത്ര സങ്കടകരമാണ്. 

ദിവസങ്ങളേ ആയിട്ടുളളൂ മറ്റൊരു നടിയുടെ വസ്ത്രം ചർച്ചാ വിഷയമായിട്ട്. മാളിൽ വച്ച് അനാവശ്യ സ്പർശം നേരിട്ട വിഷയത്തിൽ ചിലരുടെ ‘ഫ്രസ്ട്രേറ്റഡ് കമന്റുകൾ’ ഈ രണ്ടു വിഷയത്തെയും ഒന്നായി കാണാൻ പ്രേരിപ്പിക്കുന്നുണ്ട്. ‘‘പ്രകോപിപ്പിക്കുന്ന വസ്ത്രമിട്ടാൽ കയറിപ്പിടിക്കാൻ തോന്നു’’മെന്ന്‌ പരസ്യമായി പറയുന്ന മനുഷ്യരിവിടെയുണ്ട് എന്നത് ഭയത്തോടെ മാത്രമേ കാണാനാകൂ. അതായത്, രഹസ്യമായി ചെയ്യാൻ മാത്രമല്ല ചെയ്തത് പരസ്യമായി പറയാനും ധൈര്യമുള്ള മനുഷ്യരാണ് ചുറ്റിലും. സിനിമയിൽ കാണുന്ന ഓരോ സ്ത്രീയെയും അയാൾ ഇത്തരമൊരു കണ്ണിലൂടെ മാത്രമാകും കാണുന്നതും. ഇത്തരത്തിൽ വന്ന ഒരേയൊരു കമന്റല്ല ഇത്. ഇത്തരം കടന്നുപിടിക്കൽ ശീലമാക്കിയവരുടെ പൊതു ചിന്തയാണ് അത്തരം അഭിപ്രായങ്ങൾ.

മാന്യമായി വസ്ത്രം ധരിച്ചാലും അതിലെ മാന്യത അളക്കുന്നത് കാണുന്നവൻ ആകുന്നതിന്റെ പ്രശ്നമാണ് കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നത്. ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രം ധരിച്ചിട്ടും അതിനു ചർമത്തിന്റെ നിറമായതുകൊണ്ടും ശരീരത്തിൽ ഒട്ടിക്കിടന്നതു കൊണ്ടുമാണ് മറ്റൊരു നടി സമൂഹ മാധ്യമങ്ങളിൽ അപഹസിക്കപ്പെട്ടത്. ധരിക്കുന്ന വസ്ത്രം അവനവന്റെ മാത്രം ഇഷ്ടമാണെന്നും അത് എങ്ങനെ വേണമെന്ന് കാണുന്നവരോ നാട്ടുകാരോ വീട്ടുകാരോ പോലുമല്ല തീരുമാനിക്കുന്നതെന്നും അറിയുന്ന എത്ര മനുഷ്യരുണ്ട്? കുഞ്ഞുങ്ങളായിരിക്കുന്ന കാലം മുതൽ തന്നെ ‘നിനക്ക് വേറെ ഇഷ്ടങ്ങൾ വേണ്ട, എന്റെ ഇഷ്ടത്തിന് നടന്നാൽ മതി’ എന്ന് വാശി പിടിക്കുന്ന മാതാപിതാക്കളിൽ തുടങ്ങുന്നു ഈ സ്വാതന്ത്ര്യമില്ലായ്മ. അവർക്കിഷ്ടപ്പെടുന്ന വസ്ത്രങ്ങൾ മാത്രമേ കുട്ടികൾ ഇടാൻ പാടുള്ളൂ, കുഞ്ഞുങ്ങൾക്കിഷ്ടമുള്ള വസ്ത്രങ്ങൾ എല്ലാം മോശം തുടങ്ങിയ ധാരണകൾ കുട്ടികളുടെ സ്വയം ചിന്തനത്തിനു പോലും തടസ്സമായിരിക്കും. അപ്പോൾപ്പിന്നെ എങ്ങനെയാണ് വളർന്നു കഴിഞ്ഞും സമൂഹത്തിനു ‘നിരക്കാത്ത’ വസ്ത്രം ധരിക്കുന്ന ഒരു സ്ത്രീയെ അവർ ബഹുമാനിക്കുന്നത്? പ്രായം കൊണ്ട് വളരുമ്പോൾ സ്വയം വളരേണ്ട ബുദ്ധിയും ബോധവും കൂടി വളർന്നില്ലെങ്കിൽ എതിരെ നിൽക്കുന്ന സ്ത്രീകൾ അപമാനിക്കപ്പെടുമെന്നുറപ്പാണ്. 

നടിമാരെയും നടന്മാരെയും പോലെ പൊതുജനത്തിന് ആദരവും ആരാധനയും തോന്നുന്നവർ സോഷ്യൽ മീഡിയയുടെ കാലത്ത് സമൂഹത്തിലേക്ക് ഇറങ്ങി നടക്കുന്നുണ്ട്. അവർ സാധാരണക്കാർക്ക് പോലും "അവൈലബിൾ" ആകുന്നുണ്ട്. എന്നാൽ താരശരീരങ്ങൾ പബ്ലിക് പ്രോപ്പർട്ടികളല്ല. അവരുടെ കഥാപാത്രങ്ങളിൽ മാത്രമാണ് പൊതു സമൂഹത്തിന് അവകാശം, എന്നാൽ വ്യക്തി എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും അവർ സ്വകാര്യത അർഹിക്കുന്ന മനുഷ്യരാണ്. ആരാധനയുടെ ഉത്തുംഗത്തിൽ മറ്റുള്ളവർക്ക് തട്ടിക്കളിക്കാനുള്ളതല്ല അവരുടെ ശരീരങ്ങൾ. 

കൂടുതലും സ്ത്രീകളാണ് ഇത്തരത്തിൽ അപമാനിതരാകുന്നത് എന്നതാണ് സത്യം. സ്ത്രീകളെ ഉടലുകളായി അല്ലെങ്കിൽ തങ്ങൾക്ക് എത്തിപ്പിടിക്കാൻ ആവാത്ത ഒരിടത്ത് തിളങ്ങി നിൽക്കുന്ന താര ശരീരങ്ങളായി മാത്രം കാണുമ്പോൾ തങ്ങൾ കാശ് കൊടുത്തു കണ്ട സിനിമയുടെ ഹുങ്ക് കയറി ആക്രമിക്കുകയും അവർ തന്റെയും സ്വന്തമാണെന്ന തോന്നലുണ്ടാവുകയും ചെയ്യും. സ്ത്രീ ശരീരം, പ്രത്യേകിച്ച് താര ശരീരങ്ങൾ പബ്ലിക്ക് പ്രോപ്പർട്ടിയായതിനാൽ സമ്മതം ഒരു വിഷയമേ അല്ല പലർക്കും. മുന്നിൽ കാണുന്ന ശരീരം താരങ്ങളുടേത് പോലും ആകണമെന്നില്ല, സ്ത്രീ ആയിരുന്നാൽ മതിയാകും ചിലർക്ക്

തിരക്കുള്ള ബസുകളിലും ഉത്സവസ്ഥവലത്തും മറ്റും സ്ത്രീകളെ കയറിപ്പിടിക്കുന്നത് അഭിമാനമായി പറഞ്ഞു നടക്കുന്നവരും അവരെ ആരാധിക്കുന്നവരും ഇഷ്ടം പോലെയുള്ള നാടാണിത്. സമൂഹത്തിൽ ഉപദേശങ്ങൾ കൊടുക്കാൻ പ്രാപ്തിയുള്ളവർ വരെ ഇതിനെ ആഘോഷിക്കുമ്പോൾ ഇതൊന്നും വലിയ കാര്യമേ അല്ലെന്നാണ് പലരുടെയും നിലപാട്. മാളിൽ വച്ച് നേരിട്ട അപമാനം നടി വെളിപ്പെടുത്തിയതിനാൽ സിനിമ പ്രമോഷൻ നടന്ന വേദിയിലെ സിസിടിവി ക്യാമറകൾ പോലീസ് പരിശോധിക്കുന്നുണ്ട്. കുറ്റവാളി അറസ്റ്റ് ചെയ്യപ്പെട്ടേക്കാം. എന്നാൽ അതോടു കൂടി ഇത്തരം ധാർഷ്ട്യങ്ങൾ അവസാനിക്കുന്നില്ല. മലയാളിയുടെ മാനസിക നിലയിൽ മാറ്റം വരാതെ ഒന്നും അവസാനിക്കാൻ പോകുന്നില്ല.

English Summary: Sexual Assault Against Malayalam Actress 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA