ലോകമെമ്പാടുമുള്ള ജയിലുകളിൽ കഴിയുന്ന സ്ത്രീകുറ്റവാളികളുടെ എണ്ണം അൻപതു ശതമാനം വർധിച്ചിരിക്കുന്നു. ഈ വർധന തുടങ്ങിയത് അടുത്ത കാലത്തുമല്ല. കഴിഞ്ഞ പത്തു വർഷത്തോളമായി ഈ വലിയ വ്യത്യാസം കാണപ്പെടുന്നുണ്ട്. സ്ത്രീകൾക്കു വേണ്ടി സംസാരിക്കുമ്പോഴും സ്ത്രീക്രിമിനലുകളുടെ എണ്ണം വർധിക്കുന്നത് കാണാതിരുന്നുകൂടാ. ഏറ്റവും ഒടുവിലായി, ഗ്രീഷ്മ എന്ന ഇരുപത്തിനാലുകാരിയുടെ ക്രൂരത സ്വന്തം കാമുകന്റെ ജീവൻ നഷ്ടപ്പെടുത്തിയിരിക്കുന്നു.
നിഷ്കളങ്കമായ ഭാവത്തോടെ കരുണയും ആർദ്രതയും മാത്രമുള്ളവരായി നിൽക്കുന്നതാണോ യഥാർഥത്തിൽ സ്ത്രീ?
പുരുഷ കേന്ദ്രീകൃത സമൂഹത്തിൽ സ്ത്രീകൾ അപമാനിക്കപ്പെടുന്നതും ഉപദ്രവിക്കപ്പെടുന്നതും പുതിയ വാർത്തയല്ല. എല്ലാ പ്രഫഷനുകളിലും സ്ഥാനമുറപ്പിച്ചിട്ടും അടിസ്ഥാന ശമ്പളം പോലും ഏകീകരിക്കാത്ത അവസ്ഥയിൽ അവഗണിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും മർദിക്കപ്പെടുകയും ചൂഷിതരാക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോഴും ഇതൊക്കെത്തന്നെയാണ് സ്ത്രീകളുടെ ജീവിതത്തിലും കരിയറിലും കൂടുതലും സംഭവിക്കുന്നത്. എന്നാൽ എല്ലാത്തിലുമെന്നതു പോലെ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും സ്ത്രീകളുടെ എണ്ണം കൂടിയിരിക്കുന്നു. പല കാരണങ്ങൾ ഇതിനുണ്ട്.
വഴിവിട്ട ബന്ധങ്ങളോ പങ്കാളിയുടെ ചതിയോ ഒക്കെയാണ് സ്ത്രീകൾ നടത്തുന്ന കൊലപാതകങ്ങളുടെ ചില കാരണങ്ങൾ. കൊലപാതകം നടത്തിയില്ലെങ്കിൽപോലും, തനിക്കു ലഭിക്കാത്തത് മറ്റാർക്കും ലഭിക്കരുത് എന്ന തോന്നലിനാൽ പങ്കാളിയുടെ ജീവിതം തകർക്കാനോ അവരെ നിയമക്കുരുക്കിലാക്കാനോ തുനിയുന്നവരുമുണ്ട്. കേരളത്തിൽ തന്നെയുണ്ടായ പല കേസുകൾക്കും ഇത്തരം പകയുടെ കഥകൾ പറയാനുണ്ട്.
ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളിൽ ഒരാൾ ശോഭ അയ്യർ എന്ന സ്ത്രീയാണ്. അധോലോക റാണി എന്ന അടയാളപ്പെടുത്തലുള്ള ശോഭ യഥാർഥത്തിൽ ആരാണെന്ന് ഇതുവരെ പൊലീസിനു കണ്ടെത്താനായിട്ടില്ല. മലയാളികളെ ഞെട്ടിച്ച ഒരു സ്ത്രീകുറ്റവാളിയുടെ പേരും ശോഭ എന്നാണ്– ശോഭ ജോൺ. ഇവിടെ ആദ്യമായി ഗുണ്ടാ നിയമ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീ കൂടിയായിരുന്നു ശോഭ ജോൺ. സ്വന്തമായി ഒരു ഗുണ്ടാപ്പട തന്നെയുണ്ടായിരുന്ന ഇവർ ക്വട്ടേഷനുകൾ ഏറ്റെടുത്തു നടത്തിയിരുന്നു.
ഡോ. ഓമന 1996 ൽ വിനോദ സഞ്ചാര സ്ഥലത്തു വച്ചാണ് കാമുകനെ അതിക്രൂരമായി കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയത്. ഭാസ്കര കാരണവർ കൊലക്കേസിലെ പ്രതി ഷെറിനും വർഷങ്ങൾ കൊണ്ട് തന്റെ കുടുംബത്തിലെ പലരെയും കൊലപ്പെടുത്തിയ ജോളിയും മറ്റു രണ്ടു സ്ത്രീ ക്രിമിനലുകളാണ്. ഭർത്താവിന്റെ പേരിലുള്ള സ്വത്തുക്കൾ സ്വന്തമാക്കാനാണ് ഷെറിൻ ഭർത്താവിന്റെ പിതാവിനെ കൊലപ്പെടുത്തിയതെങ്കിൽ ജോളിയുടെ ഉദ്ദേശവും മറ്റൊന്നായിരുന്നില്ല. സ്വന്തം കുഞ്ഞുങ്ങളെ പോലും കൊലപ്പെടുത്തി കാമുകന്മാരുടെ ഒപ്പം പോകാൻ മടിയില്ലാത്തവരാണ് ചിലർ.
സ്ത്രീകൊലപാതകികളെ കണ്ണും പൂട്ടി പൂർണമായും കുറ്റവാളികൾ എന്ന് വിധിയെഴുതാനാകുമോ? സ്വന്തം കുഞ്ഞുങ്ങളെ കാമുകന്മാർക്ക് വേണ്ടി അതിക്രൂരമായി കൊലപ്പെടുത്തുന്നവരുമായി താരതമ്യം ചെയ്യാനാകാത്ത മറ്റൊരു കൂട്ടം സ്ത്രീകളുമുണ്ട്. വിഷാദത്തിന് അടിമപ്പെട്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയവർ. പോസ്റ്റ്പാർട്ടം സിൻഡ്രോം പോലെയുള്ള മാനസിക പ്രശ്നങ്ങളിൽ കുടുങ്ങി, എന്താണ് തനിക്കു സംഭവിക്കുന്നതെന്ന് വ്യക്തമായി മനസ്സിലാക്കാൻ പോലുമാകാതെ, ഒരിടത്തുനിന്നും പിന്തുണ കിട്ടാതെ, പെട്ടെന്നുണ്ടാകുന്ന കാരണത്തിന്റെ പുറത്ത് സ്വന്തം കുഞ്ഞുങ്ങളെ കൊന്നു പോകുന്നവരാണ് ഇത്തരം സ്ത്രീകൾ. മാനസികമായ കരുതലും മെഡിക്കേഷനും നൽകിയാൽ ഒരിക്കലും അത്തരത്തിലൊരു ക്രൂരകൃത്യം ചെയ്യാൻ സാധ്യതയില്ലാത്ത സ്ത്രീകളാണ് അവർ. അത്തരക്കാരെ ഒരിക്കലും ക്രിമിനലുകൾ എന്ന നിലയിൽ വിചാരണ ചെയ്യാനാകില്ല.
ഷാരോൺ എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തിയ ശേഷവും താൻ അത്ര വലിയ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന മട്ടിൽ പൊലീസുകാർക്കൊപ്പം ചിരിച്ചും കളിച്ചും തെളിവെടുപ്പിനെത്തിയ ഗ്രീഷ്മ എന്ന പെൺകുട്ടിയെ മലയാളി അടുത്ത കാലത്തൊന്നും മറക്കാൻ വഴിയില്ല. ‘മിടുക്കിയായ, റാങ്ക് ഹോൾഡർ ആയ പെൺകുട്ടി’ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പോലും അവരെ അടയാളപ്പെടുത്തുന്നു. കുറ്റബോധം തെല്ലും അലട്ടാതെ ധൈര്യത്തോടെ മുന്നോട്ടു നീങ്ങുമ്പോൾ കൊലപാതകം പോലും വളരെ സ്വാഭാവികമായ ഒരു വിഷയമായി മാറുന്നു.
കൊലപാതകത്തെ വളരെ നിസ്സാരമായ ഒരു ഒഴിവാക്കൽ പ്രക്രിയയായി കാണുന്ന മനുഷ്യരുടെ എണ്ണം കൂടി വരുന്നു. തട്ടിപ്പ് പോലെയുള്ള കുറ്റകൃത്യങ്ങളിലും ഇടപെടുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചിരിക്കുന്നു. കുടുംബത്തിന്റെ മറവിയിൽ തട്ടിപ്പ് നടത്തുന്ന നിരവധി സംഘങ്ങൾ പോലുമുണ്ട്. അതുകൊണ്ടു കുറ്റവാളി അല്ലെങ്കിൽ കുറ്റകൃത്യം എന്ന് കേൾക്കുമ്പോൾ "അയ്യോ ഒരു പെണ്ണോ?!" എന്ന ആശ്ചര്യം ഇപ്പോൾ മലയാളിക്കുണ്ടാകുന്നില്ല.
English Summary: Women Criminals And Their Story