ADVERTISEMENT

കേട്ടാൽ അറയ്ക്കുന്ന വാക്കുകൾ, അശ്ലീലനോട്ടങ്ങൾ, വൃത്തികെട്ട ആംഗ്യങ്ങൾ...ഏത് സ്ത്രീക്ക് മുന്നിലും പ്രയോഗിക്കാൻ ചില ആൺമനസുകളെങ്കിലും  കരുതിവച്ചിരിക്കുന്ന നികൃഷ്ടമാർഗങ്ങൾ. നിയമം എത്രമാത്രം ശക്തമായാലും ഭരണകൂടം എന്ത് നടപടികൾ സ്വീകരിച്ചാലും ഈ പ്രാകൃതചേഷ്ടകൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. അതാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് നമുക്ക് വീണ്ടും കാണേണ്ടി വന്നത്. സഹപാഠിയായ സുഹൃത്തിന്റെ കൂടെ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടിയോടായിരുന്നു ഇക്കുറി  അക്രമം. 

മുഖത്തടിച്ചു. മുടിയിൽ പിടിച്ചു വലിച്ചിഴച്ചു, നിലത്ത് വീഴ്ത്തി, ചവിട്ടി...ആരുമില്ലാത്ത വിജനമായ ഒരിടത്തായിരുന്നില്ല ഈ അതിക്രമങ്ങൾ. കാഴ്ചക്കാരുണ്ടായിരുന്നു, ഒരുപാട്, പക്ഷേ പ്രതികരിക്കാൻ ആരുമില്ലായിരുന്നു. പ്രതിസ്ഥാനത്തുള്ളത് ന്യൂജെൻ ജീവിതങ്ങളിൽ അസഹിഷ്ണുക്കളോ  അസംതൃപ്തരോ ആയ ഓൾഡ് ജെൻ ആല്ല, വെറും  22 ഉം 29 ഉം 32 ഉം വയസ് മാത്രമുള്ള പുതിയ ചെറുപ്പക്കാർ തന്നെയാണ്. മാസങ്ങൾക്കു മുൻപ് ഇതേ സദാചാരവേട്ട നടന്നത് തിരുവനന്തപുരത്തായിരുന്നു. അതിനും മുന്‍പ് മറ്റു പല സ്ഥലങ്ങളിലും.. 

ജീവിത സാഹചര്യങ്ങളും കാഴ്ചപ്പാടുകളും മാറുമ്പോഴാണ്മ പുതിയ സാധ്യതകൾ തെളിയുന്നത്. അത്തരം സാധ്യതകളിൽ വളരെയധികം മുന്നോട്ട് പോയ സംസ്ഥാനമാണ് കേരളമെന്ന് അഭിമാനത്തോടെ പറയാം. പക്ഷേ, സ്ത്രീകളുടെ സ്വൈര്യ സഞ്ചാരത്തിന് ഒരു സാധ്യതയും  അതേ കേരളത്തിലില്ല. നിർണായക തീരുമാനങ്ങളെടുക്കുകയും  ധീരമായ സാമൂഹ്യഇടപെടലുകള്‍ നടത്തുകയും ചെയ്യുന്ന ഉന്നത സ്ഥാനീയകളായ സ്ത്രീകൾ പോലും രാത്രി സഞ്ചാരത്തിന് ഇറങ്ങാറില്ലെന്ന് ഓർക്കുക. അവർക്ക് അതിന് ആഗ്രഹമില്ല എന്നാരും കരുതരുത്. അതിനുള്ള സാഹചര്യം ഇനിയും ആയിട്ടില്ല. ഇക്കാര്യം ലജ്ജയോടെ ഓർക്കേണ്ടത് ഭരണാധികാരികൾ മാത്രമല്ല, സമൂഹത്തിന്റെ ഭാഗമായ ഓരോ വ്യക്തിയും അതിന് ഉത്തരവാദികളാണ്. കുടുംബ പശ്ചാത്തലവും വിദ്യാഭ്യാസവും സാമൂഹിക ഇടപെടലുകളുമെല്ലാം ഒരു സ്ത്രീയുടെ വ്യക്തിത്വ രൂപീകരണത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. പക്ഷേ, അപ്പോഴും നീയൊരു സ്ത്രീയാണെന്നും പൊതുയിടങ്ങളോ പൊതുവിഷയങ്ങളോ നിന്റേതല്ലെന്നും അടുക്കളയാണ് നിന്റെ സാമ്രാജ്യമെന്നും അവള്‍ക്കു കേള്‍ക്കേണ്ടി വരുന്നത് എത്രമാത്രം വിരോധാഭാസമാണ്.

 

നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി തന്റെ ഭാര്യയെക്കുറിച്ച് കുറിച്ച് 2016ൽ നടത്തിയ ഒരു പ്രസ്താവന ഒന്നു കൂടി ഓർക്കാം. “എന്റെ ഭാര്യ ഏത് രാഷ്ട്രീയപാര്‍ട്ടിയില്‍പ്പെടുമെന്ന് എനിക്കറിയില്ല, പക്ഷേ, അവരുടെ സ്ഥാനം എന്റെ അടുക്കളയിലും മറ്റ് മുറികളിലുമാണ്” - ബുഹാരിയുടെ വാക്കുകളാൽ അപമാനിക്കപ്പെട്ടത് നൈജീരിയയിലെ  സ്ത്രീകൾ മാത്രമല്ല ലോകം മുഴുവനുമുള്ള സ്ത്രീകളുടെ അന്തസിനെ ചോദ്യം ചെയ്യുന്നതായിരുന്നു അത്. വലിയ പ്രതിഷേധമാണ് അന്നുയർന്നത്.  ബിബിസിക്ക് നല്‍കിയ അഭിമുഖത്തിൽ രാഷ്ട്രീയമായ തന്റെ നിലപാട് ഭാര്യ അയിഷ തുറന്നു പറഞ്ഞതാണ് പ്രസിഡന്റായ ഭർത്താവിനെ ചൊടിപ്പിച്ചത്. ലോകത്തെവിടെയുമുള്ള സ്ത്രീകളോടുള്ള  മനോഭാവത്തിന്റെ ഒരു ഉദാഹരണം മാത്രമാണിത്. 

‌കോട്ടയം സംഭവത്തിലേക്കു മടങ്ങിവരാം. ഈ കേസിൽ ഷബീർ, അനസ് അഷ്കർ, മുഹമ്മദ് അസ്ലം എന്നീ ചെറുപ്പക്കാരാണ് പ്രതികൾ. അത് നിയമത്തിനു മുന്നിൽ. സമൂഹത്തിന്റെ മുന്നിൽ പക്ഷേ രണ്ട് പ്രതികൾ കൂടിയുണ്ട്. രാത്രി പത്തു മണിക്ക് ശേഷം ആൺസുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിച്ച പെൺകുട്ടി, അവളെ കൂടെക്കൂട്ടിയ ആൺസുഹൃത്ത്. ഈ റിപ്പോർട്ടിനോട് പ്രതികരിച്ച പൊതുസമൂഹം ആദ്യം കുറ്റപ്പെടുത്തുന്നത് ഇവരെയാകും. അതാണ് ഹേ കേരളം. ഇതൊടൊപ്പം ചർച്ച ചെയ്യേണ്ടതാണ് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതിയുടെ മുന്നിലെത്തിയ കേസ്. രാത്രി 9.30നു ശേഷം പെൺകുട്ടികൾക്ക് മുന്നിൽ ഹോസ്റ്റൽ ഗേറ്റ് പൂട്ടപ്പെടുന്നതിനെക്കുറിച്ച്. ആണിനും പെണ്ണിനും മുന്നിൽ രാത്രിയും പകലും പോലും വിഭജിക്കപ്പെടുന്നതിന്റെ മറ്റൊരു പ്രത്യക്ഷ ദൃഷ്ടാന്തം.  ഹോസ്റ്റൽ എന്താ ജയിലാണോ എന്ന് ജസ്റ്റിസ് പോലും ചോദിച്ചു പോകുന്നു. പെൺകുട്ടികളെ  രാത്രി 9.30നു ശേഷം ഹോസ്റ്റലിൽ കയറ്റില്ല എന്നത് വ്യക്തിപരമായ തീരുമാനമല്ല. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാണത്. സുരക്ഷയാണ് കാരണം പറഞ്ഞിരിക്കുന്നത്. സർക്കാരിന് നല്ല ഉറപ്പുണ്ട് കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന്. അതുകൊണ്ട് രാത്രിയായാൽ എല്ലാവരും പൂട്ടിക്കെട്ടി അകത്തിരിക്കണം. സ്ത്രീകൾക്ക് സുരക്ഷയില്ലെങ്കിൽ അതിനുള്ള സംവിധാനങ്ങളൊരുക്കുകയല്ലേ വേണ്ടത്. എലിയെ പേടിച്ച് ഇല്ലം ചുടുന്ന നയം മാറ്റി എലിയെ പിടിക്കുന്ന പൂച്ചകളെ കണ്ടെത്താൻ ആർജ്ജവമുണ്ടാകണം ഭരിക്കുന്നവർക്ക്. അതിനായി സംവിധാനങ്ങൾ മാറണം. 

കോട്ടയം സിഎംഎസ് കോളജിലെ വിദ്യാർത്ഥികൾ അപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിനെ കാണാനെത്തിയതായിരുന്നു. അത് അങ്ങനെ തന്നെ വേണമെന്ന് ആർക്കെങ്കിലും നിർബന്ധമുണ്ടോ. രാത്രിയിൽ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കണമെന്ന് അവർക്ക് തോന്നരുതെന്നുണ്ടോ, അല്ലെങ്കിൽ ഇരുചക്രവാഹനത്തിൽ ഒരു രാത്രിയാത്ര. അതുമല്ലെങ്കിൽ പകൽജോലികളിൽ കുരുങ്ങിപ്പോയ ഒരു വീട്ടമ്മ നടത്തുന്ന തെരുവ് യാത്ര, ഓഫീസ് തിരക്കുകളിൽ നിന്ന് രാത്രി സ്വച്ഛതയിലേക്ക് സ്വയം  പറിച്ചുനടുന്ന  ഒരു ഉദ്യോഗസ്ഥ. ഇവരെയൊക്കെ വിലക്കാൻ, ഇവരോടൊക്കെ മോശമായി പെരുമാറാൻ വരുന്നത് ആരായാലും അവരെ കൈകാര്യം ചെയ്യേണ്ടത് നിയമപരമായി മാത്രമല്ല. കയ്യേറ്റം ചെയ്യണമെന്നല്ല, മാനസികമായ തിരുത്തലുകൾക്ക് അവസരം ലഭിക്കുന്ന ചികിത്സ തന്നെ നൽകണം. കാലങ്ങളായി സ്വരൂക്കൂട്ടി വച്ചിരിക്കുന്ന കപടധാരണകളും ധാർഷ്ട്യവും റോഡിൽ കാണുന്ന ആർക്കെതിരെയും പ്രയോഗിക്കാനുള്ളതല്ലെന്ന ശക്തമായ അവബോധം ലഭിക്കുന്ന ചികിത്സ. ആ ചികിത്സ ആദ്യം കൊടുക്കേണ്ടത്  ഇത്തരക്കാരുടെ വീട്ടിലുള്ളവർക്കാണ്. വിലക്കുകളിലൂടെ മകളെ വളർത്തി അമിതസ്വാതന്ത്ര്യവും ശ്രദ്ധയും നൽകി ആൺമക്കളെ  സാമൂഹ്യദ്രോഹിയാക്കുന്ന അമ്മമാരുണ്ട്.  അവരിലുമെത്തണം ഈ ചികിത്സ. 

English Summary: Attack Against Girl In Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT