ADVERTISEMENT

വിവാഹം കഴിഞ്ഞു വന്നതേയുള്ളൂ, പുത്തൻ തിരുവാതിരയായിരുന്നു, എന്നിട്ടു പുതുപ്പെണ്ണു ആ സമയത്ത് തന്നെ പീരീഡ്‌സായി. അതും ഹോട്ട് ബാഗും വയറിൽ വച്ച് കിടപ്പു തന്നെ. താഴെ നിന്ന് തിരുവാതിര കൂടാൻ വന്ന പെണ്ണുങ്ങൾ തന്നെപ്പറ്റിയാണ് പറയുന്നത് എന്നറിഞ്ഞു ഭാവനയ്ക്ക് വിഷമം തോന്നി. അന്ന് രാവിലെ വരെ ക്ഷണിച്ചു വരുത്തിയവർക്കു കൊടുക്കാനുള്ള ഭക്ഷണത്തെ കുറിച്ചും ഉടുക്കേണ്ട സെറ്റിനെ കുറിച്ചും ഏടത്തിയോട് കഥയും പറഞ്ഞു ഇരുന്നതാണ്, കൃത്യം വൈകുന്നേരമായപ്പോൾ അതാ വന്നു കഴിഞ്ഞു, ചുവന്ന കൊടിയും വീശി. കൂട്ടം കൂടി പെണ്ണുങ്ങൾ എന്തൊക്കെയോ പറയുന്നുണ്ട്, എന്ത് ചെയ്യാനാണ്!

 

ഭാവന സ്‌കൂളിലെ ഒരു അനുഭവമാണ് അപ്പോൾ ഓർത്തത്. അന്ന് രാവിലെ ആർത്തവം ആണെന്നറിഞ്ഞ് പാഡും വച്ചാണ് രാവിലെ സ്‌കൂളിലേക്ക് ഓടിയത്. പതിവ് പോലെ വേദന അരിച്ചരിച്ചു കയറുന്നുണ്ട്. രണ്ടാമത്തെ പീരീഡ്‌ ദിനം കണക്കാണ്. സേതു സാർ ക്ലാസ്സിലേക്ക് വന്നപ്പോഴേക്കും വേദന കലശലായി. ഇരിക്കാനും വയ്യ നിൽക്കാനും വയ്യ. കിടന്നേ പറ്റൂ. ക്ലാസിലെ ആൺകുട്ടികളും പെൺകുട്ടികളും എല്ലാം തന്നെ നോക്കിയിരിക്കുന്നത് കണ്ടപ്പോൾ ഭാവനയ്ക്ക് നാണക്കേട് തോന്നി. വരണ്ടായിരുന്നു, പക്ഷേ, അമ്മ സമ്മതിക്കില്ല. എല്ലാ മാസവും ഈ സ്‌കൂളിൽ പോക്കും വേദനയും നാണം കെടലും പതിവ് തന്നെ. അവൾക്കു കണ്ണ് നിറഞ്ഞു. "വയ്യെങ്കിൽ വെറുതെ ക്ലാസിൽ വരരുത്, ബാക്കിയുള്ള പിള്ളേരുടെ ശ്രദ്ധ തെറ്റിക്കാൻ. തനിക്ക് വീട്ടിലിരുന്നാൽ പോരായിരുന്നോ?" സേതു സാർ അടുത്ത് വന്നു പറയുമ്പോൾ ഭാവന മേശമേൽ തല കമഴ്ത്തി കിടക്കുകയായിരുന്നു. അവൾ മുഖമുയർത്തിയില്ല, പക്ഷേ പിന്നെയും കരച്ചിൽ വന്നു.  ക്ലാസ്സിലെ മറ്റൊരു പെണ്കുട്ടിക്കുമില്ല ആർത്തവ ദിവസങ്ങളിലെ ഈ വേദനയും ബുദ്ധിമുട്ടും. അതുകൊണ്ടു തന്നെ അടുത്ത കൂട്ടുകാരികൾ അല്ലാത്തവരുടെയൊക്കെ മുഖത്തു പരിഹാസവും നാണം കെടുത്തിയ ഭാവവും മാത്രം. അന്ന് സാറിന്റെ അനുവാദം വാങ്ങി വീട്ടിലേക്ക് മടങ്ങി. വഴിയിൽ വച്ച് രണ്ടു തവണ ഛർദ്ദിക്കുകയും ചെയ്തു.

 

ഭാവനയുടെ കഥ കടംകഥയോ കെട്ടു കഥയോ അല്ല. നമ്മുടെ സ്‌കൂളുകളിലും വീടുകളിലും നാട്ടിലും പെൺകുട്ടികൾ അനുഭവിക്കുന്നതിന്റെ വളരെ ചെറിയൊരു നോട്ടം മാത്രമാണിത്. ഭാവന എന്ന പേരിനു പകരം അവിടെ ആർക്കും സ്വന്തം പേര് ചേർക്കാം. അതുകൊണ്ടു തന്നെയാണ് കുസാറ്റും അത് പോലെയുള്ള സർവകലാശാലകളും ആർത്തവത്തിനു സ്ത്രീകൾക്ക് അവധി കൊടുക്കുമ്പോൾ സ്ത്രീകൾ അത് ആഘോഷിക്കുന്നത്.

 

"ഇത്തരം അവധികൾ വീണ്ടും സ്ത്രീകളെ മറ്റാരോ ആക്കി നിർത്തുകയല്ലേ ഉള്ളൂ. സ്ത്രീയും പുരുഷനും ഒരേ തരാം മനുഷ്യരാണ് എന്തിന് ആർത്തവം എന്ന പേരിൽ അവരെ മാറ്റി നിർത്തുകയും അവധി നൽകുകയും ചെയ്യുന്നു?", ഈ വിഷയത്തിൽ ഏറ്റവുമധികം ഉയർന്നു കേട്ട ചോദ്യങ്ങൾ എല്ലാം ഈ ശൈലിയിലുള്ളതാണ്. സ്ത്രീക്കും പുരുഷനും ഒരൊറ്റ ക്യൂ വേണമെന്ന് തോന്നുമ്പോഴും ലഭിക്കേണ്ട അവകാശങ്ങൾ ഒരേപോലെയെന്നു ഉറപ്പിക്കുമ്പോഴും സ്ത്രീയും പുരുഷനും രണ്ടു വ്യത്യസ്ത തരം ജൈവികത പേറുന്നവരാണ് എന്ന കാര്യം സത്യമാണ്. ഒരിക്കലും ഒരേപോലെ തുല്യതയുള്ളവരായിരിക്കുക എന്നത് അതുകൊണ്ടു തന്നെ ശരിയല്ല. മനുഷ്യജീവികൾ എന്ന ലേബലിൽ നിന്ന് ചിന്തിക്കുമ്പോൾ സ്ത്രീയും പുരുഷനും ഭരണ ഘടന പറഞ്ഞിട്ടുള്ള എല്ലാ നീതിയും അവകാശങ്ങളും തുല്യമായി അർഹിക്കുമ്പോൾത്തന്നെ വൈകാരികമായും ശാരീരികമായും വ്യത്യസ്തത ഇരുവരും പേറുന്നുണ്ട്. ആ വ്യത്യസ്തത ഒരു കൂട്ടർക്ക് മറ്റൊരു കൂട്ടരുടെ മുകളിൽ അവകാശവും അധികാരവും ഉറപ്പിക്കാനുള്ള കാരണമല്ല. 

 

"ഞാൻ നിന്നെ ഗർഭിണിയാക്കും, എന്റെ കുഞ്ഞുങ്ങളെയും നോക്കി നീ വീട്ടിലിരുന്നാൽ മതി" എന്നത് പോലെയുള്ള അടിമത്തം വിളമ്പുന്ന വാചകമടികൾ അശ്ലീലമാണ് എന്നതാണ് സത്യം. വ്യത്യസ്തമായ ജൈവികതയിൽ നിന്നു കൊണ്ടുതന്നെ ആശയപരമായും സാമൂഹികമായും സാമ്പത്തിക പരമായും ഒക്കെയുള്ള തുല്യതയാണ് ഫെമിനിസം അവകാശപ്പെടുന്നത് തന്നെ.

 

എല്ലാവരും അനുഭവിക്കുന്നില്ല എന്നാൽ അത് ഇല്ലാത്തത് ആവുന്നില്ല. ഒരാളെങ്കിലും ഒരിടത്ത് അനീതി അനുഭവിക്കുന്നുണ്ടെങ്കിൽ അത് ചോദ്യം ചെയ്യപ്പെടുകയും അതിനു നീതി ലഭ്യമാക്കുകയും വേണം. എല്ലാവരുടെയും ശാരീരികവും മാനസികവുമായ രീതികൾ ഒരുപോലെയല്ല, അവരവരുടെ ജീവിത രീതി, ജനിതകമായ വ്യത്യാസങ്ങൾ, ഭക്ഷണം, മാനസികമായ അവസ്ഥ എന്നിവയെല്ലാം അവരുടെ ശാരീരികമായ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ആർത്തവ സമയത്തെ ബുദ്ധിമുട്ടുകൾ പലസ്ത്രീകൾക്കും പലതായിരിക്കും. അത്തരം ദിവസങ്ങൾ ഓർമയിലെ ഇല്ലാത്ത വിധത്തിൽ വെറും സാധാരണ പോലെ കൊണ്ട് നടക്കാനാവുന്ന ഭാഗ്യശാലികൾ മുതൽ തലകറക്കവും ഛർദ്ദിയും ദേഷ്യവും വയറു വേദനയും മൂഡ്‌സ്വിങ്ങ്സും വരെ കൊണ്ട് നടക്കുന്നവരുണ്ട്. ഒന്ന് വിശ്രമിച്ചാൽ മതി അവർക്ക് ആ ദിവസം, എന്നാൽ സ്ഥിരമായി ഓഫീസിൽ പോകുന്ന ഒരു സ്ത്രീയ്ക്ക് ആർത്തവത്തിന് വേണ്ടി മാത്രം എങ്ങനെ ലീവ് എടുക്കാനാകും? കോളജിൽ പോകേണ്ട ദിവസങ്ങളിൽ എങ്ങനെ പോകാതിരിക്കാനാകും? അങ്ങനെയുള്ള സാഹചര്യത്തിലാണ് കേരളത്തിലെ പല കലാലയങ്ങളിലും അടുത്തിടെ വന്ന സ്വയം തീരുമാനം അനുകൂലമാകുന്നത്. ആർത്തവം മറ്റേതൊരു കാര്യവും പോലെ മാത്രമേയുളളൂ എങ്കിൽപ്പോലും ആ ദിവസങ്ങളിൽ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടു അനുഭവിക്കുന്നവർക്ക് അർഹിക്കുന്ന വിശ്രമം നൽകുക എന്നതാണ് അവർക്ക് അനുവദിക്കുന്ന ലീവ് കൊണ്ട് അർത്ഥമാക്കുന്നത്. അതായത് ആർത്തവത്തിലുള്ള സ്ത്രീകളെല്ലാം അവരുടെ ആദ്യത്തെ ദിനങ്ങളിൽ ലീവ് എടുക്കേണ്ടതില്ല എന്നർത്ഥം. ബുദ്ധിമുട്ടുള്ളവർക്ക് വീടുകളിൽ ഇരുന്നു സ്വയം സ്വസ്ഥതപ്പെടുക ആവാം. സ്ത്രീകൾക്ക് വേണ്ടിയുള്ളത് എന്നതിനേക്കാൾ മനുഷ്യത്വപരമായ തീരുമാനം എന്നാണു ഈ തീരുമാനത്തെ അടയാളപ്പെടുത്തേണ്ടത്.

 

ആർത്തവവും പ്രസവവും ഒന്നും അസുഖങ്ങളായോ പ്രത്യേക പരിഗണനയായോ പുകഴ്ത്തപ്പെടേണ്ടതില്ല, സ്ത്രീകളുടെ ശരീരം അത്തരത്തിൽ നിർമിക്കപ്പെട്ടതുകൊണ്ടു അത് ചെയ്യാൻ അവർ പ്രാപ്തരാണ് എന്നേയുള്ളു. അതുകൊണ്ടു തന്നെ ഔദാര്യമോ ആഘോഷങ്ങളോ അല്ല അർഹിക്കുന്ന നീതി ലഭിക്കുക എന്നതേയുള്ളു. ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ വിശ്രമത്തിനുള്ള അവകാശം തീർച്ചയായതും എല്ലാ മനുഷ്യരും അർഹിക്കുന്നുണ്ട്, അതൊരു പ്രത്യേക പരിഗണന ആയല്ല, അത് അവർ അർഹിക്കുന്നത് കൊണ്ട് തന്നെയാണ്. സ്ത്രീയും പുരുഷനും വ്യത്യസ്തരല്ല എന്ന് പറയുമ്പോഴും അതങ്ങനെയല്ല ഇരു ശരീരങ്ങളും മാനസികമായ ചിന്തകളും വ്യത്യസ്തമാണ്. സ്ത്രീ പുരുഷ സമത്വം എന്ന ഫെമിനിസം ആശയം പ്രായോഗികമാകുന്നത് പോലും ആ യാഥാർഥ്യം ഉൾക്കൊണ്ടിട്ടു തന്നെയാണ്. ആർത്തവ അവധി എന്നതിനെ പുച്ഛിക്കേണ്ടതില്ല, അത് അർഹിക്കുന്നവർക്കുള്ളതാണ്, അത് അവർ എടുക്കട്ടേ.

 

English Summary: Period Leave For Working Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com