ADVERTISEMENT

ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയുടെ മേൽ ഉള്ള സ്വാതന്ത്ര്യത്തിന്റെ പരിധിയെന്താണ്? തീർച്ചയായും അത് അവർ തമ്മിലുള്ള അടുപ്പത്തെ ആശ്രയിച്ചാണ്. ഒരാൾ കാണുമ്പോൾ സ്നേഹത്തോടെ ‘ഹഗ്’ ചെയ്യാൻ പോലും അത്രയ്ക്ക് അടുപ്പം ഉണ്ടാവണം. പലപ്പോഴും അസ്വസ്ഥമായ സ്പർശനങ്ങൾ സഹിക്കേണ്ടി വരുന്നത് സാമൂഹികമായ അകലം പാലിക്കാനാകാത്ത ഇടങ്ങളിലാണ്. ബസ് പോലെ തിരക്കുള്ള സ്ഥലങ്ങളിൽ അല്ലെങ്കിൽ ആഘോഷങ്ങൾക്കിടയിൽ. എന്നാൽ തിരക്കിനിടയിലെ സ്വാഭാവികമായ സ്പർശങ്ങളെക്കുറിച്ചല്ല പറയുന്നത്, ആൾക്കൂട്ടത്തിനിടയിൽ വളരെ സൗകര്യപൂർവം സ്പർശന സുഖം തേടുന്ന മനുഷ്യരെക്കുറിച്ച് മാത്രമാണ്. എന്നാൽ അതുപോലും സ്ത്രീകൾ ആസ്വദിക്കുന്നെന്ന അശ്ലീല ചിന്തകൾ കൊണ്ടു നടക്കുന്നവരാണ് സെലിബ്രിറ്റികൾ ഉൾപ്പെടെ പലരും എന്ന് കഴിഞ്ഞ കാലങ്ങൾ പറയുന്നുണ്ട്. എവിടെയാണ് ഒരാൾക്ക് മറ്റൊരാളെ സ്പർശനിക്കാനുള്ള പരിധി?

സമ്മതം എന്ന വാക്കിനു ഒരുപാട് വലിയ അർഥങ്ങളുണ്ട്. ഒരു വ്യക്തിയുമായി ശാരീരികമായി ബന്ധപ്പെടുന്നതിന് മാത്രമല്ല "കൺസെന്റ്" ആവശ്യം, മറ്റൊരു വ്യക്തിയുടെ ശരീരത്തിൽ സ്പർശിക്കുന്നതിനും അയാളുമായി "കംഫർട്ട്" അല്ലാത്ത കാര്യങ്ങൾ സംസാരിക്കുന്നതിനും വരെ കൺസെന്റ് ആവശ്യമാണ്. ഒരു താരമായതിനാൽ അവരുടെ ശരീരം തങ്ങളുടേതും കൂടിയാണെന്ന ബോധം പലപ്പോഴും മലയാളികൾക്കുണ്ടെന്നു കാണാം. അതിന്റെയൊക്കെ വിങ്ങിപ്പൊട്ടലുകൾ പലപ്പോഴും സെലിബ്രിറ്റികളുടെ ചിത്രങ്ങൾക്കും വാർത്തകൾക്കും താഴെ കമന്റ് ആയി കാണാറുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു കോളജിൽ നടി അപർണ ബാലമുരളിയ്ക്ക് ഉണ്ടായ മോശമായ അനുഭവമാണ് ഇത്തരത്തിൽ അവസാനമായി നടന്നത്. സ്റ്റേജിലേക്ക് കയറി വന്നു പൂവ് കൊടുത്ത ആരാധകനായ വിദ്യാർഥി അവരെ കയ്യിൽ പിടിച്ച് എഴുന്നേൽപ്പിക്കുകയും തോളിൽ കയ്യിട്ടു ചിത്രമെടുക്കാൻ ശ്രമിക്കുകയുമുണ്ടായി. എന്നാൽ അപർണയ്ക്ക് അത് തീരെ താത്പര്യമുണ്ടായിരുന്നില്ല എന്നത് അവർ പ്രകടിപ്പിച്ചു. എത്രമാത്രം അസ്വസ്ഥത തോന്നിയിട്ടാവണം ഒരു സ്ത്രീ അവരെ സ്പർശിക്കാൻ ആഗ്രഹിക്കുന്ന ഒരാളുടെ കയ്യകലത്തിൽനിന്ന് ദൂരത്തേക്ക് ഒഴിഞ്ഞു മാറാൻ താൽപര്യം കാണിക്കുന്നത്. സമ്മതം എന്ന വാക്കിന്റെ അർഥം മലയാളി ഉറപ്പായും പഠിക്കേണ്ടിയിരിക്കുന്നു.

തന്റെ ഒപ്പമുള്ള ഒരു കൂട്ടുകാരിയെന്ന പോലെ സ്വാതന്ത്ര്യം എടുക്കുകയാണ് ആ വിദ്യാർഥി ചെയ്തതെന്നും സമത്വത്തെക്കുറിച്ച് പറയേണ്ടുന്ന കാലത്ത് ഒരു പുരുഷൻ സ്ത്രീയുടെ തോളിൽ കയ്യിട്ടാൽ അതിനെ മോശമായി കാണണമോ എന്നുമാണ് ഏറ്റവും പുതിയതായി വരുന്ന ന്യായീകരണം. സമത്വവും സാഹോദര്യവും ഒക്കെ പറയുമ്പോഴും സ്പർശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ സമ്മതവും മാനസിക അവസ്ഥയും പ്രധാനമാണ് എന്നത് എത്രയെളുപ്പമാണ് മറന്നു പോകുന്നത്?

ഒരിക്കലും ആ വിദ്യാർഥി ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതാണെന്നോ അപമാനിക്കാൻ വേണ്ടി ചെയ്തതാണെന്നോ പറയാനാവില്ല, വെറും സൗഹൃദം മാത്രം മനസ്സിൽ വച്ചിട്ടാവണം അയാൾ താൻ ആരാധിക്കുന്ന ഒരാളെ സ്പർശിക്കാനും ചേർത്ത് നിർത്താനും തീരുമാനിച്ചത്. പക്ഷേ സ്ത്രീ എന്നല്ല അപ്പുറത്ത് പുരുഷന്റെ ശരീരമാണെങ്കിലും സ്പർശം എന്നത് മറ്റേ ആൾക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുന്നത് അല്ലെന്നുള്ള ഉറപ്പ് ഉണ്ടായിരിക്കണം. അപരിചിതരായ മനുഷ്യർ സ്വകാര്യമായ അതിരുകൾ മറികടന്നു സ്പർശിക്കുന്നത് അല്ലെങ്കിലും ആർക്കാണ് ഇഷ്ടപ്പെടുക? താരങ്ങളോ സെലിബ്രിറ്റികളോ ആയതുകൊണ്ട് അവരുടെ ശരീരങ്ങൾ പരസ്യമാക്കപ്പെട്ട "വസ്തുക്കൾ" അല്ല. തീർത്തും വ്യക്തിപരമായ ഇടങ്ങൾ അവകാശപ്പെട്ട, അതിന് അർഹതപ്പെട്ട മനുഷ്യരാണ് അവരും. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള വിഷയങ്ങളുണ്ടാകുമ്പോൾ പൊതുവിൽ ഉയരുന്ന ന്യായവാദം അവർ പബ്ലിക് ഫിഗർ ആണെന്നതാണ്. ഈ വിഷയത്തിലും ഒരുപക്ഷേ അവരെ സ്പർശിച്ച പയ്യനെക്കാൾ മോശമായാണ് മലയാളികൾ ആ വാർത്തയിൽ പ്രതികരിച്ചത് എന്ന് വേണം പറയാൻ. പബ്ലിക് ഫിഗർ ആണെന്നത് പബ്ലിക് ആക്കിയ ശരീരങ്ങൾ ഉള്ളവർ ആണെന്നല്ല. 

"നടന്മാരെയൊക്കെ കെട്ടിപ്പിടിച്ച് അഭിനയിക്കാം, ഒരു ആരാധകൻ ഒന്ന് തൊടുന്നതാണ് പ്രശ്നം", എന്ന അശ്ലീലപരമായ അഭിപ്രായം പറച്ചിലിൽ ഉണ്ട് എന്താണ് മലയാളികളുടെ മനസ്സിൽ സിനിമാ താരങ്ങളുടെ ശരീരം എന്നത്. ആർക്കും എങ്ങനെയും ഉപയോഗിക്കാൻ പറ്റുന്ന തരം "പ്രോപ്പർട്ടി" എന്നതാണ് അത്. എന്നാൽ അവർ തീർത്തും വ്യത്യസ്തരായ മനുഷ്യർ ആണെന്നും സ്വകാര്യത എന്നത് ഓരോ മനുഷ്യരെയും പോലെ അവരുടെയും അവകാശമാണെന്നും പറഞ്ഞു പഠിപ്പിക്കേണ്ടി വരുന്നത് എന്ത് കഷ്ടമാണ്! 

അനാവശ്യമായി സ്പർശിച്ച വ്യക്തി പരസ്യമായി അപ്പോൾത്തന്നെ മാപ്പു പറഞ്ഞു. എന്നാൽ ആ മാപ്പ് ദഹിക്കാതെ പോയ മലയാളികൾ നിരവധിയാണ്. അത്തരത്തിലുള്ള നിരവധി മനുഷ്യരുടെ ഛർദ്ദി കൊണ്ട് മാലിന്യ കൂമ്പാരമായി കിടക്കുകയാണ് പല ഓൺലൈൻ വാർത്തകളുടെയും കമന്റ് ബോക്സ്. പുരോഗമനം എന്നത് എല്ലായ്പ്പോഴും പരിധികൾ നിശ്ചയിക്കപ്പെട്ട ഒന്ന് തന്നെയാണ്. വ്യക്തികളുടെ സ്വകാര്യതാ ഇടങ്ങളാണ് അതിന്റെ അതിരുകൾ നിശ്ചയിക്കുന്നത്. ഏതു സമൂഹത്തിലാണെങ്കിലും അവനവന്റെ ശരീരവും മനസ്സും അതിന്റെ ഉടമയും അവനവൻ തന്നെയാണ്. താൻ ജോലി ചെയ്യുന്ന ഇടത്തിൽ ജോലിയുടെ ഭാഗമായി എതിരെ നിൽക്കുന്ന ആളെ സ്പർശിക്കുന്നുണ്ടണെങ്കിൽ അത് അവരുടെ മാത്രം സ്വകാര്യതയാണ്. അതിന്റെ അർഥം ആ ശരീരങ്ങളെ ആർക്കും അത്തരത്തിൽ സ്പർശിക്കാം എന്നല്ല. 

ഏതു മനുഷ്യർക്കും സ്വകാര്യതയുണ്ട്. അതിൽ കയ്യിടാൻ പോവുക എന്നാൽ അതിർത്തി കടന്നു കലഹമുണ്ടാക്കുക എന്നാണ് അർഥം. മനുഷ്യരെ വ്യക്തികളായി കാണാനും അവരുടെ അതിർത്തികൾ ബഹുമാനിക്കാനും പഠിക്കാത്ത കാലത്തോളം "സമ്മതം" എന്ന ചെറിയ വാക്കിന്റെ അർഥം പോലും മനുഷ്യർക്ക് മനസ്സിലാകില്ല. മാപ്പ് ചോദിച്ച വിദ്യാർഥിയെക്കാൾ എത്രയോ മോശമായി സോഷ്യൽ മീഡിയയിൽ ആ വാക്കിന്റെ അർഥമറിയാതെ സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തികൾ പുരോഗമനം എന്ന വാക്കിനെ എത്ര കണ്ടു തെറ്റിദ്ധരിച്ചിരിക്കുന്നു എന്നാണു മനസ്സിലാക്കേണ്ടത്! പുരോഗമനം എന്നത് അതിർത്തികൾ തകർത്തു സ്വകാര്യത നശിപ്പിക്കുന്ന ഇടപെടലുകൾ നടത്തുക എന്നതല്ല, അതിർത്തികൾ ബഹുമാനിച്ച് മാറി നിൽക്കുക എന്നതും കൂടിയാണ്. അത് മാനുഷികതയും നീതിയുമാണ്.

English Summary: Opinion On Aparna Balamurali Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT