ADVERTISEMENT

വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകിയ കുസാറ്റിന്റെ  തീരുമാനത്തെ ചരിത്രപരമെന്നാണ് പലരും വിശേഷിപ്പിക്കുന്നത്. കുസാറ്റിന്റെ വഴി പിന്തുടർന്ന് മറ്റ് സർവകലാശാലകളിലും ഇത് നടപ്പിലാക്കണമെന്നാണ് ഇപ്പോഴുയരുന്ന ആവശ്യം. ഇതോടെ ആർത്തവ  അവധി എന്നത് വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലൊരു അവധി ആവശ്യമുണ്ടോ എന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. ഈ ചോദ്യം പുരുഷപക്ഷത്തു നിന്ന് മാത്രമല്ല. സ്ത്രീപക്ഷത്തു നിന്നും ഉയരുന്നുണ്ട്. കേരളത്തിലാദ്യമായി ഇത്തരത്തിലൊരു ആനുകൂല്യം ലഭിച്ചിരിക്കുന്നതു വിദ്യാർത്ഥികൾക്കാണ്. കുസാറ്റിൽ  വിദ്യാർത്ഥികൾക്കു പരീക്ഷ എഴുതാൻ 75 ശതമാനം ഹാജർ വേണം. പുതിയ തീരുമാനപ്രകാരം പെൺകുട്ടികൾക്കു ഇത് 73 ശതമാനം മതി. വിദ്യാർഥികളേക്കാൾ അത് ലഭ്യമാക്കേണ്ട വിഭാഗങ്ങൾ വേറെയുണ്ടല്ലോ എന്ന് പുരികം ചുളിക്കുന്നവരുമുണ്ട്. അവധി ആർക്ക് ലഭിച്ചു, ആർക്കൊക്കെ ലഭിക്കണം എന്നതു ചർച്ച ചെയ്യും മുമ്പ് ഇങ്ങനെയൊരു അവധി ആവശ്യമുണ്ടോ എന്ന കാര്യമാണ് പരിശോധിക്കേണ്ടത്.     

 

ഡിജിറ്റൽ ലോകത്ത് ആർത്തവം ആഘോഷിക്കപ്പെടുകയാണ്. സാനിറ്ററി നാപ്കിനുകളുടെ പരസ്യത്തിലെ  പെൺകുട്ടികൾ  സമൂഹത്തോടു പറയുന്നത്  അവർ ‘ഡബിൾ ഓക്കെ’യാണെന്നാണ്. മെന്സ്ട്രൽ കപ്പുകളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വച്ച് മാസമുറയെ മറക്കാൻ  പറയുന്നവരുമുണ്ട്. ആർത്തവം അശുദ്ധിയല്ലെന്ന് കാണിക്കാൻ രക്തം പുരണ്ട സാനിറ്ററി  നാപ്ക്കിനുകൾ പ്രൊഫൈൽ ചിത്രമാക്കിയവരെയും കേരളം കണ്ടതാണ്. തീർച്ചയായും എല്ലാ സ്ത്രീകളും ആർത്തവസംബന്ധമായ പ്രശ്നങ്ങൾ കാരണം മുറിക്ക് പുറത്തിറങ്ങാനോ യാത്ര ചെയ്യാനോ ആവാനാകാത്തവിധം ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നില്ല. പക്ഷേ ഒരു വിഭാഗം അത് നല്ലതുപോലെ അറിയുന്നവരാണ്. മാസമുറയിൽ ശാരിരിക മാനസികബുദ്ധിമുട്ടുകൾ കൊണ്ട് വലഞ്ഞുപോകുന്ന പെൺകുട്ടികൾ അധികമൊന്നും ആ വേദനയെക്കുറിച്ച്  എവിടെയും കുറിക്കാറില്ല.  സഹിക്കാനാകാത്ത വേദന തിന്നുമ്പോഴും അവൾ അത് തുറന്നുപറയാറില്ല. എല്ലാ അർത്ഥത്തിലും അവർക്കുള്ളതാണ്  കുസാറ്റിന്റെ ആർത്തവ അവധി. അവരെ സംബന്ധിച്ച്  ആ  തീരുമാനം ചരിത്രപരം തന്നെയാണ്. സ്ത്രീകൾ നൂറ്റാണ്ടുകളായി നേരിടുന്ന ഒരു പ്രശ്നമായി കണ്ടാൽ ലോകത്തെ മുഴുവൻ സ്ത്രീകൾക്കും ലഭിക്കേണ്ട അവധി കൂടിയാണത്.    

Photo Credit : DexonDee / Shutterstock.com
Photo Credit : DexonDee / Shutterstock.com

 

ഇന്ന് കുസാറ്റെങ്കിൽ നാളെ തങ്ങളുടെ തൊഴിൽമേഖലയിലും ഇത്തരത്തിലൊരു തീരുമാനമുണ്ടായേക്കുമെന്ന പ്രതീക്ഷ ആർത്തവദുരിതമറിയുന്ന ഒരുവൾക്കുണ്ടാകും.  സുപ്രീംകോടതിയുടെ മുന്നിലെത്തിയിരിക്കുന്ന ഒരു ഹർജി  ആ പ്രതീക്ഷയ്ക്ക് തിളക്കം നൽകുന്നതാണ്. ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥിനികൾക്കും ജോലി ചെയ്യുന്ന സ്ത്രീകൾക്കും ആർത്തവ അവധി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയാണിത്. 

 

അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ആർത്തവ സമയത്ത് ഒരു സ്ത്രീ അനുഭവിക്കുന്ന വേദന ഹൃദയാഘാതസമയത്ത് ഒരാൾ അനുഭവിക്കുന്ന വേദനയ്ക്ക് തുല്യമാണെന്ന് യൂണിവേഴ്സിറ്റി കോളജ്, ലണ്ടൻ നടത്തിയ പഠനത്തെ ഹർജിയിൽ ഉദ്ധരിക്കുന്നുണ്ട്. ഈ വേദന ഉൽപ്പാദനക്ഷമത കുറയ്ക്കുകയും ജോലിയെ ബാധിക്കുകയും ചെയ്യുന്നു എന്നും  ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

Photo Credit: Doucefleur/ Istockphoto
Photo Credit: Doucefleur/ Istockphoto

 

ഡോ. ശശി തരൂർ എംപി സ്ത്രീകളുടെ ലൈംഗിക, പ്രത്യുത്പാദന, ആർത്തവ അവകാശ ബിൽ 2018-ൽ പാർലമെൻറിൽ അവതരിപ്പിച്ചു. അനുബന്ധ ബില്ലായ ആർത്തവ ആനുകൂല്യ ബിൽ, 2017- 2022-ൽ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം മുന്നോട്ടു വച്ചെങ്കിലും  അത് പരിഗണിക്കപ്പെട്ടില്ല. ലോകമെമ്പാടും ആർത്തവ അവധി വിവിധ രൂപങ്ങളിൽ കുറഞ്ഞത് ഒരു നൂറ്റാണ്ടെങ്കിലുമായി നിലവിലുണ്ട്: സോവിയറ്റ് യൂണിയൻ 1922-ലും ജപ്പാൻ 1947-ലും ഇൻ‍ഡോനേഷ്യ 1948-ലും ഇക്കാര്യത്തിൽ ദേശീയ നയം അവതരിപ്പിച്ചു. എന്നാൽ അമേരിക്ക ഉൾപ്പെടെയുള്ള പല വലിയ ആഗോള സമ്പദ്‌ വ്യവസ്ഥകളിലും ഇത് ഇപ്പോഴും അപൂർവമാണ്.

 

സ്ത്രീകളെ ദൈനംദിനജോലികളിൽ നിന്ന് മാറ്റിനിർത്തി പൂർണ വിശ്രമം നൽകി മാറ്റിയിരുത്തിയിരുന്ന ‘തീണ്ടാരിപ്പുരകൾ’ കേരളത്തിൽ അടുത്തകാലം വരെ സാധാരണമായിരുന്നു. കഠിനമായ അധ്വാനങ്ങളിൽ നിന്നൊഴിഞ്ഞ് ശരീരത്തിനും മനസിനും വിശ്രമം ലഭിക്കാനായി ആരോ എന്നോ നടപ്പിലാക്കിയ രീതി പക്ഷേ കീഴ്മേൽ മറിഞ്ഞുപോയെന്ന് മാത്രം. മാസമുറ സമയത്ത്  കഴിയേണ്ട ഓലമറകളിലെ തണുപ്പും ഏകാന്തതയും ഭയന്ന് ഇടുക്കിയിലെ ആദിവാസി സ്ത്രീകൾ കൂട്ടത്തോടെ മാസമുറ തടയാനുള്ള ഗുളികകൾ വിഴുങ്ങി രോഗികളാകുന്നതിനെക്കുറിച്ച് റിപ്പോർട്ടുകളുണ്ട്. പ്രാകൃതമായ കാഴ്ചപ്പാടോടെ, അശുദ്ധി ആരോപിച്ചുള്ള ഒരു തരത്തിലുള്ള ഒറ്റപ്പെടുത്തലാണ് അവരെക്കൊണ്ട് ആ കടുംകൈ ചെയ്യിക്കുന്നത്. അത്തരത്തിൽ ആർത്തവം ഒരു സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും സ്വച്ഛതയ്ക്കും ഭീഷണിയാകുന്നിടത്ത് നിന്നാണ്  എല്ലാവിധ ഡിഗ്നിററിയോടും കൂടി  അവധിക്ക് അപേക്ഷിക്കാനാകുന്ന വിധത്തിൽ  അത് സാമാന്യവത്കരിക്കപ്പെടുന്നത്. ആ തലത്തിൽ നിന്ന് നോക്കിക്കാണുമ്പോൾ കുസാറ്റ് സർവകലാശാല  നൽകുന്ന സന്ദേശം എത്ര വലുതാണ്. 

 

കുസാറ്റിന്റെ  ആർത്തവ അവധി മറ്റു സർവകലാശാലകളിലേക്കും തൊഴിലിടങ്ങളിലേക്കും വ്യാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ, ഇത്തരത്തിലൊരു ആനുകൂല്യം നൽകുന്ന അപകടസൂചന അവഗണിക്കാനാകില്ല. തൊഴിൽ മേഖലകളിലേക്ക് ആർത്തവ അവധിയെത്തിയാൽ.  സ്ത്രീകളുടെ തൊഴിലവസരത്തെ അത് ബാധിക്കില്ല എന്നതും ഉറപ്പാക്കണം. സ്ത്രീകളെ ജോലിക്കെടുക്കുന്നത് വലിയ ബാധ്യതയായി തൊഴിലുടമകൾക്കു തോന്നരുത്. നിലവിൽ ‘നൈറ്റ് ഡ്യൂട്ടി’ വരേണ്ട ജോലികളിൽ നിന്ന് സ്ത്രീകളെ മാറ്റി നിർത്തുന്ന മേഖലകൾ അനവധിയാണ്. അവരുടെ സുരക്ഷയും യാത്രാസൌകര്യങ്ങളുമൊക്കെ വലിയ തലവേദനയാകുമെന്ന് മുതലാളിമാർ തുറന്നു പറയുന്നുണ്ട്.  

 

ആർത്തവ അവധിയുടെ കാര്യമെത്തുമ്പോൾ  ആരോഗ്യപ്രശ്നമില്ലാതെ എല്ലാ മാസവും അവധിയെടുക്കുന്നവർ മോശക്കാരും അത് വേണ്ടാത്തവർ കേമൻമാരും എന്ന ധാരണ ഉണ്ടാകാൻ പാടില്ല. ലിംഗസമത്വം എന്ന ആശയത്തിന് ആർത്തവം ഭീഷണിയാകുമോ എന്നതും ആലോചിക്കണം. എല്ലാത്തിനും അപ്പുറം ആർത്തവ അവധികൾ തങ്ങളുടെ കരിയറിനെ ബാധിക്കുമോ എന്ന് ഭയന്ന് അത് എടുക്കാൻ പോലും മടിക്കുന്നവരുമുണ്ടാകും. ചുരുക്കത്തിൽ ശാരീരികമായ അസ്വസ്ഥതകളാണ് ആർത്തവകാലത്ത് പ്രശ്നമാകുന്നതെങ്കിൽ ആ ശാരീരികബുദ്ധിമുട്ടുകൾ അതിജീവിച്ച് അവധിയുടെ ആനുകൂല്യത്തിൽ നിന്ന് പുറത്ത് കടക്കാനുള്ള ശ്രമങ്ങൾ കൂടി സ്ത്രീകളുടെ ഭാഗത്ത് നിന്നുണ്ടാകണം. ഏറ്റവും അവസാനത്തെ ആശ്രയമാകട്ടെ ആർത്തവ അവധി, അല്ലാതെ അതൊരു അവകാശമാക്കി ശീലമാകാതിരിക്കട്ടെ.  

 

English Summary: Opinion On Period Leave For Women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT