ADVERTISEMENT

എല്ലാ സർവകലാശാലകളിലും ആർത്തവ അവധി എന്ന തീരുമാനം സ്വാഗതാർഹം തന്നെ. ആർത്താവകാലം ശാരീരികമായും മാനസികമായും പെൺകുട്ടികൾ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സമയമാണ്. പക്ഷേ ഒരു സ്ത്രീസൗഹൃദ അന്തരീക്ഷം ഇനിയും ഉണ്ടാകാത്ത നമ്മുടെ നാട്ടിൽ ഈ തീരുമാനത്തെ എന്തൊക്കെ രീതിയിൽ വ്യാഖ്യാനിക്കുമെന്നും വളച്ചൊടിക്കുമെന്നുമുള്ളത് ചിന്തിക്കാതെയുള്ള എടുത്തു ചാട്ടമായോ എന്നൊരു ആശങ്കയുണ്ട്. പ്രഖ്യാപനം ഇരുതല മൂർച്ചയുള്ള ഒരു വാള് തന്നെയാണ്. ഒരു സ്ത്രീ ജോലി തേടുമ്പോൾ തന്നെ വിവാഹം കഴിഞ്ഞതാണോ? കുട്ടികളുണ്ടോ? പ്രെഗ്‌നെന്റ് ആകാൻ സാധ്യതയുണ്ടോ എന്ന ചോദ്യങ്ങൾ ഉണ്ടാകുന്ന നാടാണ്. ആ ചോദ്യങ്ങൾ ഉണ്ടാകുന്നത് തന്നെ വിവാഹവും ഗർഭകാലവും ഒരു സ്ത്രീയുടെ തീരുമാനങ്ങളെയും തൊഴിലിനെയും തൊഴിൽ സാധ്യതകളെയും മാറ്റിയെഴുതുമെന്ന പൊതുബോധം നിലനിൽക്കുന്നതു കൊണ്ടാണ്.

 

'പിതാ രക്ഷതി കൗമാരെ

ഭര്‍ത്താ രക്ഷതി യൗവനെ

പുത്രോ രക്ഷതി വാര്‍ദ്ധക്യ

ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി!'

 

എന്ന വചനത്തിന്റെ ബാധ ഇവിടെ നിന്ന് ഇനിയും ഒഴിഞ്ഞു പോയിട്ടില്ല. സംരക്ഷണം എന്ന പേരിൽ നടക്കുന്ന അവകാശലംഘനങ്ങൾ ഈ സമൂഹത്തിന്റെ സർവമേഖലകളിലും സ്ത്രീക്ക് അനുഭവിക്കേണ്ടി വരുന്നുണ്ട്. ആർത്തവ അവധി എന്ന ഈ പ്രഖ്യാപനവും അതിനോട് കൂട്ടിച്ചേർക്കപ്പെടുന്ന ഒന്നാവരുത്. ഒരു സ്ത്രീക്ക് ജോലി നൽകേണ്ടി വന്നാൽ പലതരത്തിലുള്ള അവധികൾ കാരണം ആ സ്ഥാപനത്തിലെ ജോലികൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല എന്ന തോന്നലുകളുണ്ടാകാനും അവൾക്ക് ജോലി നിഷേധിക്കപ്പെടാനുമുള്ള ഒരു കാരണമാവില്ല ഈ തീരുമാനം എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കണം. ജാതീയതയേക്കാളും വർണവിവേചനത്തേക്കാളും പാട്രിയാർക്കി എന്ന അനാചാരം വിപത്തുകളുണ്ടാക്കുന്ന സാമൂഹികാവസ്ഥയിൽ അങ്ങനെയൊരു സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. അത്തരം സാധ്യതകൾ കർശനമായ നിയമങ്ങൾ കൊണ്ട് തിരുത്താൻ സാധിക്കും. പക്ഷേ എഴുതപ്പെട്ട നിയമങ്ങളേക്കാൾ സാമൂഹികമായ നിയമങ്ങളും ചട്ടങ്ങളും വേരുറപ്പിക്കാൻ സാധ്യതയുള്ള നമ്മുടേത് പോലൊരു നാട്ടിൽ മേൽ പറഞ്ഞതിലും വലിയ മറ്റൊരു വിപത്ത് പ്രതീക്ഷിച്ചുകൊണ്ടല്ലാതെ ഈ പ്രഖ്യാപനത്തെ നോക്കിക്കാണാൻ കഴിയില്ല.

 

മറ്റു പല വികസിത രാജ്യങ്ങളിലും ആവശ്യമെങ്കിൽ ആർത്തവ അവധി എടുക്കാം എന്ന നിയമം നിലവിലുള്ളതായി കേട്ടിട്ടുണ്ട്. അവിടുത്തെ സാമൂഹിക സാഹചര്യമല്ല ഇവിടെ. ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ഈ തീരുമാനം സ്ത്രീയെ പലയിടങ്ങളിൽ നിന്നു മാറ്റി നിർത്താനുള്ള ഒരു കാരണമായി മാറിയേക്കാം. ആർത്തവ സമയത്തുള്ള ആരാധനാലയ പ്രവേശനത്തിലും മറ്റൊരുപാട് കാര്യങ്ങളിലും വിലക്കുകളുണ്ടായത് പോലും ഇത്തരം ഇളവുകളെ മാറ്റി നിർത്തലുകളാക്കി മാറ്റിയത് കൊണ്ടാണ്. അതുപോലെ ഈ ഒരു പ്രഖ്യാപനം ഭാവിയിൽ ആർത്തവ സമയത്ത് ക്ലാസിൽ കയറരുത് എന്ന അവസ്ഥയിലേക്ക് എത്താതിരിക്കാൻ ഭരണകൂടം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. നിർബന്ധിച്ചു വിവാഹം കഴിപ്പിക്കുകയും നിർബന്ധങ്ങൾ കൊണ്ട് ഗർഭിണിയാകേണ്ടിയും വരുന്ന സ്ത്രീകളുണ്ട് ഇവിടെ. അടിസ്ഥാന മാറ്റങ്ങൾ സംഭവിക്കാതെ ഇത്തരം നീക്കങ്ങൾ വിപരീത ഫലങ്ങളുണ്ടാക്കുമെന്ന ചിന്ത ഉണ്ടാവേണ്ടതുണ്ട്.

 

പ്രഖ്യാപനങ്ങൾ കയ്യടി നേടി തരും. പക്ഷേ കയ്യടികളിൽ മനം മറന്ന് ആ പ്രഖ്യാപനമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അത് തരണം ചെയ്യാനുള്ള മാർഗങ്ങളെക്കുറിച്ചും പൂർണമായ ബോധ്യമുണ്ടാവുന്നിടത്താണ് പുരോഗമനം സാധ്യമാവുക. സ്ത്രീക്ക് നൽകുന്ന ഇളവുകൾ ഭാവിയിൽ ഒരിക്കലും അവളുടെ അവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാവരുത്, ഇളവുകൾ അവൾക്ക് വിലക്കാവരുത്. ഒരുപാട് സ്ത്രീ സൗഹൃദ നിലപാടുകളുണ്ടാകട്ടെ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT