ADVERTISEMENT

കോവിഡ് കഴിഞ്ഞതോടെ ലോകം മുഴുവൻ വന്നൊരു മാറ്റം, എന്തും ഏതും ഡിജിറ്റൽ വിപണിയിൽ ലഭ്യമായിത്തുടങ്ങി എന്നതാണ്. അതുകൊണ്ടുതന്നെ കോവിഡ് ഒരുപാടുപേർക്ക് തൊഴിലവസരങ്ങൾ നഷ്ടമാക്കിയപ്പോൾ, മറ്റൊരു തരത്തിൽ നിരവധി പേർക്ക് പുതിയ തൊഴിൽ അവസരങ്ങളും നൽകിയിട്ടുണ്ട്. അതിൽ കൂടുതലും സ്ത്രീകളാണ്. കേക്ക് നിർമാണം മുതൽ, വസ്ത്രങ്ങളും ഉദ്യോഗാർ‌ഥികൾക്കായി കരിക്കുലം വീറ്റേയും വരെ തയാറാക്കി നൽകുന്ന സ്ത്രീകൾ കേരളത്തിലുണ്ട്. അവരിൽ പലരും അങ്ങനെ വരുമാനവും കണ്ടെത്തുന്നു. 

 

∙ എന്താണ് ഡിജിറ്റൽ മാർക്കറ്റിങ്?

തങ്ങളുടെ ഉൽപന്നത്തെ ലോകമെങ്ങുമുള്ള ഉപഭോക്താക്കളിലേക്ക് ഇന്റർനെറ്റ് വഴി എത്തിക്കുന്നതാണ് ഡിജിറ്റൽ മാർക്കറ്റിങ്. സ്വാഭാവികമായ അല്ലെങ്കിൽ പരമ്പരാഗതമായ വിപണന തന്ത്രങ്ങളുടെ വഴിയേ തന്നെയാണ് ഡിജിറ്റൽ വിപണിയും പോകുന്നതെങ്കിലും ഓൺലൈന്‍ കുറച്ചു കൂടി വിൽപന സാധ്യതകൾ തുറന്നിടുന്നുണ്ട്. പല രീതികൾ ഡിജിറ്റൽ മാർക്കറ്റിങ്ങിനായി ഉപയോഗിക്കാം. സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഇമെയിലും സന്ദേശങ്ങൾ അയയ്ക്കാനുപയോഗിക്കുന്ന പ്ലാറ്റുഫോമുകളും വഴിയൊക്കെ  കച്ചവടം പൊടിപൊടിക്കുന്ന നിരവധി പേരുണ്ട്. 

സ്ത്രീകൾ കോവിഡിനു ശേഷം കേരളത്തിൽ തുടങ്ങിവച്ച വിപണിയിലെ മിക്ക ഉൽപന്നങ്ങളും അവരുടെ വീടുകളിലോ ചുറ്റുവട്ടത്തോ നിർമ്മിച്ചവയാണ്. അതിൽ നല്ലൊരു ശതമാനവും വിശ്വസിക്കാവുന്നവയാണ് എന്നതാണ് എടുത്തു പറയേണ്ട ഗുണം. ഇത്തരം ഉൽപന്നങ്ങളുടെ ഏറ്റവും മികച്ച പരസ്യ വാചകവും ഇത് തന്നെയാണ്. ഉപഭോക്താക്കളുടെ നിരൂപണമാണ് ഏറ്റവും വലിയ പരസ്യം. 

‌‘‘എനിക്ക് ഉൽപന്നം വിൽക്കാൻ വേണ്ടി ഒരു ഫെയ്‌സ്ബുക് ഗ്രൂപ്പ് തുടങ്ങിയിരുന്നു. എന്റെ ഉൽപന്നങ്ങൾ വാങ്ങുന്നവരെ എല്ലാവരെയും കൂട്ടി തുടങ്ങിയതാണ്. അതു കണ്ട് വീണ്ടും ആളുകൾ അതിൽ വന്നു. ഒന്നോ രണ്ടോ റിവ്യൂ കിട്ടിയതു കൊണ്ടായില്ല. വാങ്ങി ഉപയോഗിക്കുന്നവർ സത്യസന്ധമായ അഭിപ്രായമാണ് പറയുന്നതെന്ന് മനസ്സിലായാൽ ആളുകൾ ആ ഉൽപന്നം വാങ്ങും. അതിന് ഈ ഗ്രൂപ്പ് എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. മറ്റൊരു വഴി പേജ് പ്രൊമോഷനാണ്. ഫെയ്സ്ബുക്കിൽ അങ്ങനെയൊരു സാധ്യതയുണ്ട്. ചെറിയൊരു തുക നൽകിയാൽ നമ്മുടെ ഉൽപന്നത്തിന്റെ പേജ് ഫെയ്‌സ്ബുക് തന്നെ പ്രൊമോട്ട് ചെയ്യും. നമ്മൾ നൽകുന്ന ടാഗ്, കീ വേഡ് ഒക്കെ വച്ച് അതിൽ താൽപര്യമുള്ളവർക്കു മുന്നിലേക്ക് ഒരു വിപണി പോലെ ഉല്‍പന്നം എത്തും. മറ്റൊരു വഴി ഇൻഫ്ലുവെൻസേഴ്സ് ആണ്. ഞാൻ ടിവിയിലോ പത്രത്തിലോ ഒരു പരസ്യം കൊടുത്താൽപ്പോലും കിട്ടാത്ത ഗുണം ലഭിച്ചത് സോഷ്യൽ മീഡിയ പരസ്യത്തിലൂടെയാണ്.’’ –കോവിഡ് കാലത്ത് വളരെ ചെറിയ ഒരു മുറിയിൽ തുടങ്ങി പിന്നീട് കേരളത്തിൽ മാത്രമല്ല, ലോകത്തിന്റെ പല ഭാഗത്തും കയറ്റി അയയ്ക്കപ്പെടുന്ന തരത്തിൽ വളർന്ന നോമീസ് ധ്രുവി ഹെയർ ഓയിൽ ഉടമ നോമിയ രഞ്ജൻ പറയുന്നു.

nomiya
നോമിയ രഞ്ജൻ

സോഷ്യൽ മീഡിയ ഉപയോഗിച്ച് പലതരത്തിൽ പ്രസ്തരായ ആളുകളാണ് ഇൻഫ്ളുവൻസേഴ്സ്. അവർ തങ്ങളുടെ സബ്സ്ക്രൈബേഴ്സിന് മുന്നിലേക്ക് ഒരു ഉൽപന്നം നൽകിയാൽ അതാണ് ഏറ്റവും മികച്ച മാർക്കറ്റിങ്. ഇത്തരത്തിൽ വിപണി കണ്ടെത്തിയ നിരവധി സ്ത്രീകളുണ്ട്. തങ്ങളുടെ ഉൽപന്നങ്ങൾക്കു വേണ്ടി പണം നൽകി ഇൻഫ്ളുവൻസേഴ്‌സിനെ കണ്ടെത്തിയവരുമുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു കൊടുക്കൽ വാങ്ങലാണ്. കൃത്യമായ ബാലൻസ് നിലനിർത്തണമെങ്കിൽ ഇരു വശങ്ങളിലേക്കും വളർച്ചയുണ്ടാകണം. ആ വഴി തന്നെയാണ് ഇൻഫ്ളുവൻസേഴ്‌സും ഓൺലൈൻ കച്ചവടക്കാരും ചെയ്യുന്നതും. 

∙ഡിജിറ്റല്‍ മാർക്കറ്റിങ് അറിയുന്നവരാണ് സ്ത്രീകൾ

subhiksha
സുഭിക്ഷ എൽ. ടൊറാൾഡോ

തങ്ങളുടെ ഉൽപന്നം എങ്ങനെ വിപണിയിൽ കച്ചവടമാക്കാം എന്നതിൽ സ്ത്രീകൾ ഇപ്പോൾ ശ്രദ്ധിക്കുന്നുണ്ട്. തുടക്കത്തിൽ കൂടുതൽ സ്ത്രീകൾ ചെയ്തിരുന്ന ഒരു ജോലി തുന്നലായിരുന്നു. മനോഹരമായ ചിത്രങ്ങളും പോർട്രെയിറ്റും തുണിയിൽ തുന്നിയെടുത്ത് മാജിക്ക് കാണിച്ചു. ഒരുപാട് സ്ത്രീകൾ അത് പഠിക്കാനും തയ്യാറായി. അത്യാവശ്യം നന്നായിത്തന്നെ ഈ വിപണി ഇപ്പോഴും മുന്നോട്ടു പോകുന്നുണ്ട്. നെയ്ത്തു ജോലിയിൽ (ഹാൻഡ് എംബ്രോയ്ഡറി ) തുടങ്ങി ഇപ്പോൾ മരത്തിൽ തീ കൊണ്ട് വരയ്ക്കുന്ന പൈറോഗ്രാഫിയും ഡ്രീം ക്യാച്ചർ ജോലികളും ചെയ്യുന്ന സുഭിക്ഷ എൽ. ടൊറാൾഡോ പറയുന്നു: ‘‘സോഷ്യല്‍ മീഡിയയിലൂടെയാണ്‌ പ്രധാനമായും വിപണി കണ്ടെത്തുന്നത്. ഇതുവരെ ചെയ്ത എല്ലാം പോസ്റ്റ് ചെയ്യുമ്പോൾ അത് കാണുന്നവർ എന്നെ സമീപിക്കാറുണ്ട്. ചില സമയത്ത് തീരെ റീച്ച് കിട്ടാറില്ല. എന്റെ സോഷ്യൽ മീഡിയയിൽ വളരെ കുറച്ച് ആൾക്കാർ മാത്രമാണ് ഉള്ളത്. അതുകൊണ്ടുതന്നെ നേരിട്ട് എത്തിച്ചേരുന്നവർ കുറവാണ്. ജോലിയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതു കൊണ്ട് സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ അധികം ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ല. എന്നിട്ട് പോലും അത്യാവശ്യം നന്നായി തന്നെ ഡിജിറ്റൽ മാർക്കറ്റിങ് എനിക്ക് ഉപകാരപ്പെടുന്നുണ്ട്.’’

ഡിജിറ്റൽ മാർക്കറ്റിങ്ങിനു പല വഴികളുണ്ട്. വളരെ ചുരുങ്ങിയ വാചകങ്ങളിൽ പരസ്യങ്ങൾ ആകർഷകമാക്കുന്നതു പോലെയുള്ള വിപണി വഴികൾ മുതൽ ഓൺലൈൻ മീഡിയകളിൽ ആർട്ടിക്കിളുകൾ എഴുതിയും യൂട്യൂബിൽ വിഡിയോ പങ്കുവച്ചും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി റീലിസ് ചെയ്തും ഒരു ഉൽപന്നം വിപണിയിൽ ട്രെൻഡ് ആക്കി നിലനിർത്താം. സോഷ്യൽ മീഡിയയിലൂടെ ട്രെൻഡിങ്ങായ ആശയങ്ങൾ വഴി മാർക്കറ്റിങ് നടത്തുന്ന വനിതയാണ് സൗപർണിക ആയുർവേദിക്സ് ഉടമ അപർണ. ഓണം പോലെയുള്ള ദിവസങ്ങളിൽ സൗപർണികയുടെ ഉൽപന്നങ്ങൾ ചില മത്സരങ്ങൾ നടത്തി സൗജന്യമായും അപർണ നൽകിയിരുന്നു. ‘‘സോഷ്യൽ മീഡിയ ആഡ്‌സ്, ഗൂഗിൾ ആഡ്‌സ് എന്നിവ വഴിയാണ് ഞാൻ ഡിജിറ്റൽ മാർക്കറ്റിങ് ചെയ്യുന്നത്. ഡിജിറ്റൽ മീഡിയയിൽ ഓരോ സമയത്ത് ഓരോ ട്രെൻഡ് ഉണ്ടാവും. അതുനോക്കി അതിനു പറ്റിയ രീതി പ്രാവർത്തികമാക്കാൻ ശ്രമിക്കാറുണ്ട്’’ – അപർണ പറയുന്നു.

aparna
അപർണ

മിക്ക സ്ത്രീകളും ഓൺലൈൻ വിപണിയെക്കുറിച്ച് മനസ്സിലാക്കുന്നതിനു മുൻപ് തന്നെ സ്വന്തമായി ഡിജിറ്റൽ മാർക്കറ്റിങ് നടത്തിയ സംരംഭകയാണ് സന്ധ്യ എൻ.ബി. നൈസർഗ്ഗികമായി നിർമിച്ചെടുക്കുന്ന എണ്ണകൾ, അച്ചാറുകൾ, വിവിധ തരം പൊടികൾ എന്നിവയാണ് സന്ധ്യയുടെ ഉൽപന്നങ്ങൾ 

‘‘എട്ടു വർഷം മുൻപേ തുടങ്ങിയതാണ് ഞാൻ സോഷ്യൽ മീഡിയ വഴിയുള്ള കച്ചവടം. അന്ന് ഓൺലൈൻ സംരംഭകർ വളരെ കുറവായിരുന്നു. ഞാൻ ഫെയ്‌സ്ബുക്കിൽ സജീവമായിരുന്നതിനാൽ ഞാനുണ്ടാക്കുന്ന ഓരോ ഉൽപന്നത്തിന്റെയും വിവിധ ഘട്ടങ്ങളുടെ ചിത്രങ്ങൾ, അതുമായി ബന്ധപ്പെടുത്തി ഓരോ കഥകൾ കൂടി ഉള്‍പ്പെടുത്തി പോസ്റ്റ് ചെയ്യും. ഞാൻ ഉണ്ടാക്കുന്നത് എത്രയാണെങ്കിലും അത് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ വിറ്റു പോകുമായിരുന്നു. വാമൊഴിയായി വിൽപന നടന്നിട്ടുണ്ട്, പക്ഷേ കൂടുതലും സോഷ്യൽ മീഡിയ വഴി തന്നെയാണ് കച്ചവടം നടക്കുന്നത്. ആമസോണിലും ഞങ്ങളുടെ വെബ്സൈറ്റിലും ഉത്പന്നങ്ങളുണ്ട്. പക്ഷേ, എനിക്ക് തോന്നുന്നു അതിലും കൂടുതൽ വാട്സാപ്പിലും ഫെയ്‌സ്ബുക്കിലുമൊക്കെ ആവശ്യക്കാർ വരാറുണ്ട്. കുട്ടികളെ ഒക്കെ കുളിപ്പിക്കാൻ വെന്ത വെളിച്ചെണ്ണ വാങ്ങുന്ന സ്ഥിരം ഉപഭോക്താക്കളുണ്ട്. വിദേശത്തുനിന്നു പോലും ഈ ഡിജിറ്റൽ മാർക്കറ്റിങ് വഴി വിപണി കണ്ടെത്താൻ കഴിയുന്നുണ്ട്"

∙സ്ത്രീകളുടെ ഉത്പന്നങ്ങൾ വിൽക്കാൻ പുതിയ പ്ലാറ്റ്ഫോമുകൾ

സ്ത്രീകളുടെ ഉൽപന്നങ്ങൾ സ്ത്രീകൾ നിർമിക്കുന്നത് ഏറിയപ്പോൾ സോഷ്യൽ മീഡിയയിൽ തുടങ്ങിയ ഒരു പ്ലാറ്റ്ഫോം ആണ് ക്വീൻസ് ബിസിനസ് ഗ്ലോബൽ. സംരംഭകയായ സന്ധ്യ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ കുറച്ചു സ്ത്രീകൾ തന്നെ തുടങ്ങിയ ഈ പ്ലാറ്റ്ഫോം ഇപ്പോൾ നിരവധി സ്ത്രീകളെ അവരുടെ ഉൽപന്നങ്ങൾ വിപണനം ചെയ്യാൻ സഹായിക്കുന്നുണ്ട്. സോഷ്യൽ മീഡിയ പേജുകൾ വഴിയും ഓഫ്‌ലൈൻ അവസരങ്ങൾ ഉപയോഗപ്പെടുത്തിയും ഇവർ ഉൽപന്നങ്ങൾ വിപണനം ചെയ്യാൻ സഹായിക്കുന്നു. ക്വീൻസ് ബിസിനസ്ഗ്ലോബൽ പേജിൽ സംരംഭകരായ സ്ത്രീകൾക്ക് അംഗത്വം നേടാം. ഒപ്പം അവരുടെ ഉല്‍പന്നങ്ങള്‍ അവിടെ വിൽപനയ്ക്ക് വയ്ക്കുകയും ആവാം. സ്ത്രീകളും പുരുഷന്മാരുമായി നിരവധി അംഗങ്ങളിലേക്കാണ് ഈ ഉൽപന്നങ്ങൾ എത്തിച്ചേരുന്നത്.

മികച്ച ഉൽപന്നങ്ങളെ ഏറ്റവും മികച്ച രീതിയിൽ വിൽക്കാൻ കഴിയുന്ന ഒരിടമാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ. അതിൽത്തന്നെ കൂടുതലും സോഷ്യൽ മീഡിയ. സ്ത്രീകൾ വീട്ടിലിരുന്നു നിർമിച്ചു എന്നതിൽ സത്യസന്ധത ഉപഭോക്താക്കൾക്ക് തോന്നുകയും ചെയ്യാം, അത് തന്നെയാണ് ഏറ്റവും മികച്ച പരസ്യ വാചകവും. മാത്രമല്ല ഉപയോഗിച്ച് നല്ലതാണെന്ന ഖ്യാതി പരന്നാൽ പറഞ്ഞും അറിഞ്ഞും നിരവധിയായ ഉപഭോക്താക്കൾ ആവശ്യക്കാരായി എത്തും. പുതിയ കാലത്ത് നടന്ന ഏറ്റവും വലിയ വിപ്ലവം ഏതാണെന്നു ചോദിച്ചാൽ സംശയമില്ലാതെ പറയാം, അത് ഡിജിറ്റൽ മാര്‍ക്കറ്റിങ്ങിന്റെ സാധ്യതകളാണ്. അത് ഏറ്റവും കൂടുതൽ കേരളത്തിൽ ഉപയോഗിക്കുന്നത് സ്ത്രീകളാണെന്നും അഭിമാനത്തോടെ അടിവരയിടാം.

sandya
സന്ധ്യ രാധാകൃഷ്ണൻ

English Summary: Women In Digital Marketing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT