ADVERTISEMENT

സംസാരിച്ചു കൊണ്ടിരിക്കവെ ആ ചെറുപ്പക്കാരന്റെ ശബ്ദമിടറി.അപൂർവമായ ഒരു വ്യാകുലമായിരുന്നു അയാളുടേത്: ‘ഒരാൺകുട്ടിയായും പിന്നീട് പുരുഷനായും എന്റെ പെങ്ങളെക്കാൾ ഞാൻ സ്വീകരിച്ച പരിഗണനകളാണ് എന്നെ ഇപ്പോൾ വിഷമിപ്പിക്കുന്നത്.’എൻമകജെയിലെ ഒരു ഭാഗം ഞാനോർമിച്ചു. ഏതാണ്ടിങ്ങനെയാണത്: ഒരുമിച്ചു ജീവിക്കുന്ന ഒരു പുരുഷനും സ്ത്രീയും. അയാൾ പുഴയിൽ കൊണ്ടുപോയി അവളുടെ വിഴുപ്പ് വസ്ത്രങ്ങൾ കുത്തി അലക്കുകയാണ്. അവൾ അയാളെ തടയുമ്പോൾ ‘അത് എന്റെയും നിന്റെയും പ്രശ്നമല്ല, കാലാകാലങ്ങളായി ഞങ്ങൾ പുരുഷന്മാർ നിങ്ങളോടു ചെയ്ത അപരാധങ്ങൾക്കുള്ള ലളിതമായ അനുതാപമായി മാത്രം ഇതിനെ കരുതുക’യെന്നാണ് മറുപടി. 

മാർച്ച് എട്ടിനെ അങ്ങനെ തന്നെ കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്.അവളോട് ഇന്നോളം അനുവർത്തിച്ച അനീതിയോടുള്ള അനുതാപ ശുശ്രൂഷ... ഒരു അടിസ്ഥാന നീതിബോധത്തിന്റെ മാത്രം ഭാഗമാണ് സ്ത്രീവാദം. നമ്മൾ അതവൾക്ക് കൽപിച്ചു നൽകുന്നു എന്നു പറയുമ്പോൾ അത് മറച്ചു പിടിച്ച ധാർഷ്ട്യം മാത്രമാണ്. ഭാര്യയ്ക്കു ‘താൻ നൽകുന്ന’ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലരാകുന്ന പുരുഷന്മാർ ഇപ്പോൾ നമുക്കിടയിലുണ്ട്. വാസ്തവത്തിൽ ഇത്തരം സംഭാഷണങ്ങൾ അപൊളിറ്റിക്കൽ ആയി മാറുകയാണ് ചെയ്യുന്നത്. നമ്മൾ അനുവദിച്ചു നൽകുന്നത് മാത്രമാണോ മറ്റൊരാളുടെ സ്വാതന്ത്ര്യം എന്നു ചിന്തിച്ചു നോക്കിയാൽ ഈ വരികളിലെ അപകടം മനസ്സിലാക്കാൻ സാധിക്കും

സ്ത്രീപക്ഷത്തു നിന്നു പറയുന്നവർ ഉപയോഗിക്കുന്ന മൂർച്ചയുള്ള, നിശിതമായ  ഭാഷയെക്കുറിച്ചും പരാതിയുണ്ട്. ഫെമിനിസം എന്നതിനെ ‘ഹിംസാത്മകം’ (Aggressive) എന്നതിന്റെ നാമവിശേഷണമായി ഉപയോഗിക്കുന്നുണ്ട്. യഥാർഥത്തിൽ ലോകത്തിലെ വലിയ ആരവങ്ങൾക്കിടയിൽ അവളുടെ ചെറിയ ശബ്ദം ആരും കേൾക്കുവാനില്ല. ഇക്കാരണം കൊണ്ടു കൂടിയാണ് ഉറക്കെ സംസാരിക്കാൻ അവൾ നിർബന്ധിതയാകുന്നത്. കാലാകാലങ്ങളായി നമ്മളിൽ ഉറഞ്ഞു പോയ ചിന്തകൾക്ക് ഒരു അൺലേണിങ് (Unlearning) ആവശ്യമുണ്ട്. അതത്ര ലളിതമായ കാര്യമല്ല. 

‘എഴുത്തുകാരിയുടെ മുറി’ എന്ന വിർജീനിയ വൂൾഫിന്റെ ശീർഷകം ഒരു ശൈലിയായി ബോധത്തിൽ മുഴങ്ങുന്നുണ്ട്. ഷെയ്ക്സ്പിയർ, ജോൺ മിൽട്ടൻ, ഡാന്റേ, ദസ്തയേവ്സ്കി തുടങ്ങിയ പുരുഷന്മാരുടെ പോലുള്ള ഹെവിയായ എഴുത്ത് സ്ത്രീ സമൂഹത്തിൽ നിന്ന് ഇനിയും വന്നിട്ടില്ല. അവർക്ക് തനിച്ചിരിക്കാൻ ആവശ്യമായ ഒരു സ്പേസ് ലഭിച്ചിരുന്നില്ല എന്നതാണ് ഇതിന് ഒരു കാരണം. ഇക്കാലത്തും ഇതിനു കാര്യമായ മാറ്റം വന്നിട്ടില്ല. ആയിരം പണികൾക്കിടയിലാണ് എന്തെങ്കിലും കുത്തിക്കുറിക്കുന്നത് എന്ന് ലളിതാംബിക അന്തർജനം പറഞ്ഞിട്ടുണ്ട്.

സ്ത്രീക്ക് ആരോഗ്യകരമായ ഒരു ഇടം രൂപപ്പെടുകയാണ് പ്രധാനം. അടുത്ത കാലം വരെ വീടുകളിൽ പുരുഷന്മാർ ഇല്ലാത്ത അവസരത്തിൽ സന്ദർശകർ ആരെങ്കിലും വന്നാൽ വാതിൽപടിയിൽ നിന്ന് ‘ഇവിടെ ആരും ഇല്ല’ എന്നു പറഞ്ഞിരുന്ന സ്ത്രീകൾ ഉണ്ടായിരുന്നു. താൻ ആരും അല്ല എന്ന മട്ടിൽ അവൾ അങ്ങ് അലിഞ്ഞു പോയി എന്നതായിരുന്നു അതിന്റെ ധ്വനി. 

ജിബ്രാൻ ദാമ്പത്യത്തെക്കുറിച്ച് പറയുന്നതു പോലെ കത്തീഡ്രൽ പള്ളിയുടെ തൂണുകൾ പോലെയൊന്നും ആയിരുന്നില്ല അവരുടെ ജീവിതം. ഒരുമിച്ച് ആയിരിക്കുമ്പോഴും അവയ്ക്കിടയിൽ അകലമുണ്ടായിരുന്നു എന്നതാണ് അയാൾ കണ്ടെത്തിയ ആനന്ദം. 

സ്ത്രീയായിരിക്കുന്നതാണ് ലോകത്തെ ഏറ്റവും നല്ല കാര്യമെന്ന് തോന്നുന്നു. ഒന്നോർത്താൽ ഗുരുക്കൻമാർ ഭൂമിയോട് പറഞ്ഞ എല്ലാ സദ്ഭാവനകളും സത്തയിൽ എത്ര സ്ത്രൈണമാണ്. എത്ര വകഞ്ഞും തുഴഞ്ഞും വേണം പുരുഷന് ആ തുരുത്തിലെത്തുവാൻ.സായന്തനങ്ങളിൽ ഒരു ഗുരുവിന്റെ നെഞ്ചിൽ നിന്ന് പാലൊഴുകിയിരുന്നുവെന്ന് നിങ്ങൾ വായിച്ചിട്ടില്ലേ... ഒക്കെ രൂപക കഥകളാണ്...

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT