ADVERTISEMENT

സ്ത്രീകളുടെ വിവാഹപ്രായത്തിനുള്ള കുറഞ്ഞ പ്രായം 21 ആക്കണമെന്ന കേന്ദ്രനിലപാടിനോട് കേരളത്തിന് യോജിപ്പില്ല. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കാനായി കേന്ദ്രസർക്കാർ കൊണ്ടുവരാനുദ്ദേശിക്കുന്ന നിയമഭേദഗതിയെ എതിർത്ത് കേരളം കത്തയച്ചിരിക്കുന്നു. കേന്ദ്രവനിതാ കമ്മീഷനാണ് ഇക്കാര്യത്തിൽ കേരളത്തിന്റെ അഭിപ്രായം തേടിയത്. പതിനെട്ട് വയസിൽ വോട്ടവകാശം നേടിയ ഒരു വ്യക്തി വിവാഹത്തിനായി 21 വയസുവരെ കാത്തിരിക്കുന്നത് ഉചിതമല്ലെന്നാണ് സംസ്ഥാനം വ്യക്തമാക്കുന്നത്. യോജിപ്പും വിയോജിപ്പും ഏറെ ഉയരുന്ന വിഷയമാണ് പെൺകുട്ടികളുടെ വിവാഹപ്രായപരിധി. പൊതുവേ നല്ല തീരുമാനമെന്ന അഭിപ്രായമുയരുമ്പോൾ പ്രത്യക്ഷത്തിൽ ഇത് ആർക്കൊക്കെ പ്രയോജനകരമായും ആരെയൊക്കെ ബാധിക്കുമെന്നത് വിശകലനം ചെയ്യേണ്ട വിഷയം തന്നെയാണ്. 

 

പതിനെട്ട് ഇരുപത്തൊന്നാക്കണമെന്ന  ശുപാർശ 

സ്ത്രീകളിലെയും കുട്ടികളിലെയും പോഷകാഹാരക്കുറവ്, മാതൃ–ശിശുമരണനിരക്ക്, വിളർച്ച തുടങ്ങിയവയും വിവാഹപ്രായവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു പഠനത്തിൽ നിന്നാണ് വിവാഹപ്രായം ഉയർത്തുന്നത് സംബന്ധിച്ച ചർച്ച ആരംഭിക്കുന്നത്. 

2020 ജൂണിൽ കേന്ദ്ര വനിതാശിശുവികസന വകുപ്പ് ഇതേക്കുറിച്ച് പഠിക്കാനായി ഒരു കമ്മീഷനെ നിയോഗിച്ചു. സമതാ പാർട്ടി നേതാവ് ജയ ജെയ്റ്റ്ലിയുടെ നേതൃത്വത്തിലുള്ള കമ്മിഷൻ നടത്തിയ ആ പഠനറിപ്പോർട്ടിലാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തണമെന്ന ശുപാർശ വന്നത്.  സ്ത്രീ ശാക്തീകരണം, പോഷകഹാരക്കുറവുമൂലമുള്ള പ്രശ്നങ്ങൾക്ക് പരിഹാരം,  മാതൃ-ശിശുമരണനിരക്ക് കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു ജെയ്റ്റ്ലി കമ്മിഷൻ ഇത്തരത്തിലൊരു നിർദേശം മുന്നോട്ടു വച്ചത്.  

 

ബിൽ പാർലമെൻറിൽ 

 

പ്രതീകാത്മക ചിത്രം (Photo Contributor : Aleksej Starostin | Shutterstock)
പ്രതീകാത്മക ചിത്രം (Photo Contributor : Aleksej Starostin | Shutterstock)

2021 ൽ ലോക്സഭയിൽ അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനിയാണ് പെൺകുട്ടികളുടെവിവാഹപ്രായം 18 ൽ നിന്ന് 21 ലേക്ക് ഉയർത്തണമെന്ന ബിൽ അവതരിപ്പിച്ചത്. പെൺകുട്ടികളുടെയും ആൺകുട്ടികളുടെ വിവാഹപ്രായം ഏകീകരിക്കുന്ന ബില്ലായിരുന്നു അത്, ഈ ബിൽ പാർലമെന്റിന്റെ സ്ഥിരം സമിതിയുടെ പരിശോധനയ്ക്ക് വിട്ടു. പരിശോധന കഴിഞ്ഞെത്തുന്ന ബിൽ ലോക്സഭയും രാജ്യസഭയും പാസ്സാക്കിയാൽ നിയമമാകും.  അതേസമയം കോൺഗ്രസ്, മുസ്‌ലിംലീഗ്, സിപിഎം, സിപിഐ തുടങ്ങിയ രാഷ്ട്രീയപാർട്ടികൾ ബിജെപി സർക്കാരിന്റെ ഈ ബില്ലിനെ ശക്തമായി എതിർക്കുന്നവരാണ്. 

 

എന്തുകൊണ്ട് വിവാഹപ്രായം മാറ്റരുത് 

 

വിവാഹപ്രായം ഉയർത്താൻ കാരണമായി പറയുന്ന ഘടകങ്ങളെ വിമർശിച്ചുകൊണ്ടാണ് സിപിഎം ഉൾപ്പെടെയുള്ളവർ ഈ നിയമഭേദഗതിയെ എതിർക്കുന്നത്. പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കപ്പെടാനുള്ള സാമൂഹ്യ സ്ഥിതി സൃഷ്ടിക്കാൻ ശ്രമിക്കാതെ അവരുടെ ബലഹീനതകളെ ചൂഷണം ചെയ്യുന്ന നടപടിയാണിതെന്നാണ് എതിർക്കുന്നവരുടെ പക്ഷം. മാത്രമല്ല 18 വയസ് എന്നത് വിവാഹത്തിനുള്ള പക്വത സൃഷ്ടിക്കുന്ന പ്രായമല്ല എന്നതിനെയും ഇവർ എതിർക്കുന്നു. പക്വതയുടെ അടിസ്ഥാനം പ്രായമാകുന്നതെങ്ങനെ എന്നും അങ്ങനെയായിരുന്നെങ്കിൽ മുതിർന്നവരെല്ലാം മര്യാദക്കാരാകുമല്ലോ എന്നും വിമർശനമുയരുന്നു. 

പ്രതീകാത്മക ചിത്രം∙ Image Credits : Photo Spirit / Shutterstock.com
പ്രതീകാത്മക ചിത്രം∙ Image Credits : Photo Spirit / Shutterstock.com

 

പ്രത്യക്ഷത്തിൽ നിലവിൽ ദുരിതം അനുഭവിക്കുന്നവരുടെ കഷ്ടപ്പാട് നിയമഭേദഗതി വഴി ഇരട്ടിക്കുമെന്ന് സാമൂഹ്യനിരീക്ഷകരിൽ ചിലർ ചൂണ്ടിക്കാണിക്കുന്നു. ഉപരിപ്ലവമായി ചിന്തിക്കുമ്പോൾ വളരെ സുരക്ഷിതമായ സാമൂഹിക സാമ്പത്തിക ചുറ്റുപാടുകളിൽ കഴിയുന്ന പെൺകുട്ടികൾക്ക് പുതിയ നിയമം പരിരക്ഷനൽകുമ്പോൾ അടിസ്ഥാനപരമായി താഴേത്തട്ടിൽ വിദ്യാഭ്യാസവും മെച്ചപ്പെട്ട സാമൂഹികസ്ഥിതിയുമില്ലാത്ത പെൺകുട്ടികൾക്കും അവരുടെ വീട്ടുകാർക്കും ഇത് ദുരിതമാകും. പതിനെട്ട് വയസ് വിവാഹപ്രായമാണ്. എന്നിട്ടും പതിനെട്ട് വയസിൽ താഴെയുള്ള പെൺകുട്ടികൾ ഗർഭിണിളാകുന്ന കേസുകൾ അനവധിയുണ്ട്. പ്രായം കൂട്ടിയതുകൊണ്ട് ഈ സ്ഥിതിക്ക് മാറ്റം വരുമെന്ന് ചിന്തിക്കേണ്ട. പകരം കുറ്റകൃത്യങ്ങളുടെ എണ്ണം അധികമാക്കാനേ ഇത് ഉപകരിക്കൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

മാതൃശിശു മരണനിരക്ക് കൂടുതലും ഇരുപതിനും ഇരുപത്തിയൊന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലാണ് സംഭവിക്കുന്നതെന്ന് പഠനങ്ങൾ പറയുന്നു. പതിനെട്ടുകാരല്ല മരിക്കുന്നത്. ദാരിദ്ര്യം അനുഭവിക്കുന്നവരും അക്ഷരാഭ്യാസമില്ലാത്തവരുമാണ് ഇരകളാകുന്നത്.  പ്രശ്നം പ്രായമല്ല, ആരോഗ്യമാണ്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്ന ശക്തമായ സംവിധാനങ്ങൾക്ക് പകരം പ്രായം കൂട്ടുന്ന  നിയമഭേദഗതി എന്നത് അപ്രായോഗികമാണെന്നാണ് എതിർക്കുന്നവർ ഒറ്റക്കെട്ടായി പറയുന്നത്. ഇതിന് പുറമേ ലൈംഗികത എന്നതും ഘടകമാണ്. ഇഷ്ടപ്പെട്ട വ്യക്തിക്കൊപ്പം കഴിയാനും ലൈംഗികബന്ധത്തിൽ ഏർപ്പെടാനും പുതിയ നിയമം തടസമാകുന്നത് ഒരു തരത്തിലുള്ള മനുഷ്യാവകാശ ലംഘനം തന്നെയാണെന്നും അഭിപ്രായമുണ്ട്. രാഷ്ട്രീയമായ വിമർശനങ്ങളും ഈ നിയമഭേദഗതിക്കെതിരെയുണ്ട്. ന്യൂനപക്ഷവിഭാഗത്തോടുള്ള കേന്ദ്രസർക്കാരിന്റെ മനോഭാവമറിയുന്നവർ ഈ നടപടിയെ അംഗീകരിക്കില്ലെന്നാണ് ഇടതുപക്ഷവാദികൾ  ചൂണ്ടിക്കാണിക്കുന്നത്. 

 

അനുകൂലിക്കുന്നവർക്ക് പറയാനുള്ളത്

 

വിവാഹം  കഴിക്കുക എന്നത്  ജീവിതത്തിലെ വളരെ നിർണായകമായ ഒരു തീരുമാനം തന്നെയാണ്. പക്ഷേ, ഈ തീരുമാനം പലപ്പോഴും പെൺകുട്ടിയുടേതായിരിക്കില്ല എന്നതാണ് യാഥാർത്ഥ്യം. സ്വന്തം ഇഷ്ടപ്രകാരം ഒരാളെ കണ്ടെത്താനും വിവാഹം കഴിക്കാനും അവസരം ലഭിക്കുന്നതിനു മുൻപുതന്നെ അച്ഛനും അമ്മയും ബന്ധുക്കളും തീരുമാനിക്കുന്ന ഒരാൾക്കൊപ്പം ജീവിതം തുടങ്ങേണ്ടി വരുന്ന ആയിരക്കണക്കിനു പെൺകുട്ടികളുടെ നാടാണ് ഇന്ത്യ. കുറ്റകരമായിരിന്നിട്ടും ബാലവിവാഹങ്ങളുടെ കണക്കിലും ഇന്ത്യ മുന്നിൽ തന്നെയാണ്. ഇവിടെയെല്ലാം പെൺകുട്ടിയുടെ അഭിപ്രായവും നിലപാടും സ്വീകരിക്കപ്പെടുന്നില്ല. 

 

പെൺകുട്ടികളെ ബാധ്യതയായി കാണുന്ന രക്ഷിതാക്കളുമുണ്ട്. പതിനെട്ട് തികഞ്ഞ് കിട്ടാനായി കാത്തിരിക്കുന്നവരാണ് അവർ. അവിടെ ബലി കഴിക്കപ്പെടുന്നത് പെൺകുട്ടികൾ തന്നെയാണ്. അവരെ സംബന്ധിച്ച് അധികം ലഭിക്കുന്ന മൂന്ന് വർഷം എന്നത് തിലപ്പോൾ ഒരു വരസിദ്ധി പോലെയായേക്കാം. ജീവിതത്തെ ഭദ്രമാക്കാനുതകുന്ന എന്തെങ്കിലും ഒന്ന് ഈ മൂന്ന് വർഷക്കാലം കൊണ്ട് അവർ കണ്ടെത്തില്ലെന്ന് ആർക്ക് ഉറപ്പ്  പറയനാകും. 

വിവാഹമാണോ ജോലിയാണോ ആദ്യതെരഞ്ഞെടുപ്പെന്നത് തീരുമാനിക്കേണ്ടത് പെൺകുട്ടികളാകണം. അതുകൊണ്ട് തന്നെ വിവാഹപ്രായം ഏകീകരിക്കാനുള്ള തീരുമാനത്തെ വിപ്ലവകരമെന്ന് വിശേഷിപ്പിക്കാനാണ് അതിനെ അനുകൂലിക്കുന്നവർ ഇഷ്ടപ്പെടുന്നത്. വിദ്യാഭ്യാസം പോലും എവിടെയുമെത്താത്ത ഒരു പ്രായത്തെ വോട്ടവകാശത്തിൻറെ കാര്യം ചൂണ്ടിക്കാട്ടി ന്യായീകരിക്കുന്നത് അപഹാസ്യകരമാണെന്നും ഇവർ പറയുന്നു. 

 

പരിഗണിക്കേണ്ട വിഷയങ്ങൾ 

 

വിവാഹപ്രായം ഉയർത്തുന്നതിനെ എതിർക്കുന്നവർക്കും അനുകൂലിക്കുന്നവർക്കും അവരുടേതായ കാരണങ്ങളുണ്ട്. രണ്ട് പക്ഷവും പരിശോധിക്കുമ്പോൾ വിയോജിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത് സാമൂഹികമായ കാരണങ്ങളാണ്. അതേസമയം യോജിക്കുന്നവർ സംസാരിക്കുന്നത്  വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചാണ്. രണ്ടായാലും ഈ നിയമം വ്യത്യസ്ത വിഭാഗത്തെ വ്യത്യസ്തമായി തന്നെയായിരിക്കും ബാധിക്കുക. ദരിദ്രചുറ്റുപാടിൽ അക്ഷരജ്ഞാനമില്ലാതെ കഴിയുന്നവർക്ക് ഈ നിയമം ഒരു പ്രയോജനവും ചെയ്യില്ലെന്നും അതവർക്ക് കൂടുതൽ ദുരിതവും കഷ്ടപ്പാടും സമ്മാനിക്കുമെന്നും പറയുന്നതിൽ യുക്തിയുണ്ടോ. അധികം ലഭിക്കുന്ന മൂന്ന് വർഷങ്ങളിലേതെങ്കിലും ഒന്നിൽ അവളുടെ വിധി  മാറ്റികുറിക്കപ്പെടില്ലെന്ന് ആർക്ക് പറയാനാകും. പോഷകാഹാരവും വിദ്യാഭ്യാസവും സ്വാതന്ത്ര്യവും കിട്ടിയാൽ പതിനെട്ടിൽ വിവാഹം കഴിക്കുന്നതിൽ  ഒരു പ്രശ്നവുമില്ലെന്ന വാദത്തിന് യുക്തിയുണ്ടോ എന്ന് ചിന്തിക്കണം.  

 

പെൺകുട്ടിക്ക് 18 എന്നതും ആൺകുട്ടിക്ക് 21 എന്നതിന്റെയും അടിസ്ഥാനം പ്രധാനമായും മൂന്ന് നിയമങ്ങളാണ്.  1954ലെ സ്പെഷ്യൽ മാര്യേജ് ആക്ട്, 1955 ലെ ഹിന്ദുവിവാഹനിയമം, 2006ലെ ബാലവിവാഹനിരോധനനിയമം എന്നിവയാണവ.  അതേസമയം മുസ്‌ലിം വ്യക്തിനിയമത്തിൽ കൗമാരം പൂർത്തിയാക്കുക  മാത്രം മതി വിവാഹപ്രായമാകാൻ. വ്യത്യസ്ത മതങ്ങൾക്കു വ്യത്യസ്ത വിവാഹപ്രായമെന്നതു ജനാധിപത്യവ്യവസ്ഥയിൽ ഉചിതമാണോ എന്നതും ചർച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെ.

സാമൂഹിക വ്യവസ്ഥ മാറേണ്ടത് എല്ലാവരുടെയും ജീവിതക്രമവുമായി ബന്ധപ്പെട്ടായിരിക്കണം. അതിനെ പെൺകുട്ടികളുടെ വിവാഹവും പ്രസവവുമായി  മാത്രം ബന്ധപ്പെടുത്തി വിമർശിക്കേണ്ടതല്ല. തീർച്ചയായും അതിനുള്ള ഉത്തരവാദിത്തം എല്ലാ ഭരണാധികാരികൾക്കുമുണ്ടായിരിക്കുകയും വേണം. പക്ഷ  മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളിൽ വിദ്യാസമ്പന്നയായി വളർന്ന ഒരുവൾ  പതിനെട്ട് വയസിൽ ദാമ്പത്യജീവിതത്തിനു തയാറായിക്കഴിഞ്ഞിട്ടുണ്ടോ എന്നതും കൂടി പരിശോധിക്കണം. പുറമേയുള്ള  ഭൗതികമായ സാഹചര്യങ്ങൾ മാത്രമല്ല വൈകാരികമായ സന്തുലനാവസ്ഥയും ഒരു പെൺകുട്ടിക്കു തീരുമാനമെടുക്കാൻ നിർണായകമാണ്. അത് കേരളത്തിലായാലും ബീഹാറിലായാലും ഒരുപോലെയല്ലേ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com