ADVERTISEMENT

ഇന്നലെ പെയ്ത മഴയിൽ മുളച്ചതല്ല, വന്ദനയുടെ ഡോക്ടർ പദവി. കുട്ടിക്കാലം മുതൽ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹത്തിനു പിന്നാലെ പരക്കം പാഞ്ഞ്, കഠിന പ്രയത്നത്തിനൊടുവിൽ നേടിയെടുത്തതാണ്. ഉറക്കമില്ലാതെ വർഷങ്ങളോളം രാപകൽ പഠിച്ച്, പരീക്ഷയെഴുതി ജയിച്ച് പഠനത്തിന്റെ അവസാന കാലത്തിലേക്കെത്തിയ 25കാരി ഭാവിയുടെ വാഗ്ദാനമായിരുന്നു, ആരോഗ്യമേഖലയുടെ വിടർന്നു വരുന്ന പ്രതീക്ഷകളിലൊന്നായിരുന്നു. കരിയർ തുടങ്ങുന്നതിനു മുൻപേ അവൾ കത്തിമുനയിൽ തീർന്നപ്പോൾ യഥാർഥത്തിൽ ആ മാതാപിതാക്കൾ കൂടിയല്ലേ ഇല്ലാതായത്? പ്രതീക്ഷകളും സ്വപ്നങ്ങളുമായി ഏകമകളെ വളർത്തിയ ആ അച്ഛന്റെയും അമ്മയുടെയും കണ്ണീർ കേരള ഹൃദയത്തെ എക്കാലവും പൊള്ളിച്ചുകൊണ്ടേയിരിക്കും.

ചികിത്സാപിഴവു മൂലം രോഗി മരിച്ചാൽ ആശുപത്രിക്കും ഡോക്ടർക്കുമെതിരെ പ്രതിഷേധം അണപൊട്ടിയൊഴുക്കുന്ന നാടാണ് കേരളം. എന്നാൽ പൊലീസിന്റെ തികഞ്ഞ അനാസ്ഥയും അശ്രദ്ധയും കാരണം ഒരു യുവഡോക്ടറുടെ ജീവൻ അക്രമിയുടെ കത്തിമുനയിൽ അവസാനിച്ചപ്പോൾ ഡോക്ടർമാരുടേതല്ലാതെ, പൊതുസമൂഹത്തിന്റെ പ്രതിഷേധ ഇരമ്പൽ അധികമെങ്ങും കേട്ടതേയില്ല. 

ഡോ. വന്ദന ദാസ് എംബിബിഎസ് എന്നെഴുതിയ വീട്ടുമതിലിൽ ആദരാഞ്ജലി അർപ്പിച്ചുള്ള ബോർഡ് വച്ചിരിക്കുന്നു. ചിത്രം : റിജോ ജോസഫ് ∙ മനോരമ
ഡോ. വന്ദന ദാസ് എംബിബിഎസ് എന്നെഴുതിയ വീട്ടുമതിലിൽ ആദരാഞ്ജലി അർപ്പിച്ചുള്ള ബോർഡ് വച്ചിരിക്കുന്നു. ചിത്രം : റിജോ ജോസഫ് ∙ മനോരമ

ഈ പ്രതിഷേധം ഡോക്ടർമാരുടെ ഇടയില്‍ മാത്രം ഒതുങ്ങേണ്ടതാണോ? രാജ്യത്ത് മറ്റെവിടെയും നടക്കാത്തതെന്നു കോടതി പറഞ്ഞ, തികച്ചും അസാധാരണമായ ഒരു സംഭവം നടന്നിട്ടും ഇവിടെ കുറേ പേരെങ്കിലും എല്ലാം സാധാരണമായി കണ്ട് മുന്നോട്ടു നീങ്ങുകയാണ്. ‘യെസ് ഇറ്റ്സ് നോർമൽ’ എന്ന കാഴ്ചപ്പാടിൽ എല്ലാം നിസാരവത്ക്കരിക്കുന്നതു പോലെ! പ്രബുദ്ധ കേരളത്തിന് ഇത് എങ്ങനെ നിസാരമായി കാണാൻ കഴിയും? ഇവിടെ അധികാരികൾക്കും ഉന്നതസ്ഥാനീയർക്കും മാത്രമേ സുരക്ഷയുള്ളോ? ഏതു നിമിഷവും എവിടെ നിന്നും ആക്രമണമുണ്ടായേക്കാം എന്നു കരുതി വേണോ സാധാരണക്കാർ ജീവിക്കാൻ? അനാസ്ഥയുടെയും അശ്രദ്ധയുടെയും കെടുകാര്യസ്ഥതയുടെയും ഫലമായി ഉണ്ടാകുന്ന മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്താൻ അധികാരികളുടെ നീണ്ട നിരയാണ്. വിശദീകരണം ചോദിക്കും, നടപടിയെടുക്കും എന്നു പതിവായി പറഞ്ഞു പോകുന്നുവെന്നല്ലാതെ ഇവിടെ എന്തു മാറ്റമാണ് വന്നിട്ടുള്ളത്? നാളെ ഇതുപോലെ മറ്റൊരു കൊലപാതകം ഉണ്ടാകില്ലെന്ന് ആർക്ക് ഉറപ്പ് നൽകാൻ പറ്റും?

ഇതാദ്യമല്ല, അവർ എന്തിനു സഹിക്കണം?

സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ രോഗികളില്‍ നിന്നും രോഗികളുടെ ബന്ധുക്കളില്‍ നിന്നുമുള്ള അതിക്രമങ്ങള്‍ നാൾക്കു നാൾ വർധിച്ചു വരികയാണ്. പ്രാണൻ രക്ഷിക്കാൻ രാപകൽ ഉണർന്നിരിക്കുന്ന ഡോക്ടർമാരുടെ പ്രാണൻ ആര് രക്ഷിക്കും? ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമം തടയുന്നതിനു നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണോ എന്നു കൂടി ഈ സമയത്തു ചേർത്തു വായിക്കേണ്ടതുണ്ട്. 2012ലെ കേരള ആരോഗ്യ രക്ഷാ സേവനപ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും ആക്ടില്‍ പറയുന്ന ശിക്ഷാനടപടികൾ മുഖം നോക്കാതെ നടപ്പിലാക്കുന്നുണ്ടോ എന്നു കൂടി അന്വേഷിക്കേണ്ടിയിരിക്കുന്നു. 

vandana-das

പ്രാണഭയത്തോടെയാണ് പല സർക്കാർ ആശുപത്രിയിലും ഡോക്ടർമാർ സേവനം ചെയ്യുന്നത്. മദ്യവും മയക്കു മരുന്നും ഉപയോഗിച്ച ശേഷം രോഗിയായും രോഗിയുടെ കൂട്ടിരിപ്പുകാരായുമൊക്കെ പലരും ആശുപത്രികളിൽ ചുറ്റിത്തിരിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമൊക്കെ ചെയ്യുന്നത് പതിവായി മാറുകയാണ്. ഡോക്ടർമാർക്കെതിരായ അക്രമം നിത്യസംഭവമായിട്ടും എന്തുകൊണ്ട് അവർക്കു വേണ്ടത്ര സുരക്ഷയൊരുക്കാൻ അധികാരികൾ തയ്യാറാകുന്നില്ല? അരക്ഷിതാവസ്ഥയിൽ ജോലി ചെയ്യുന്ന അവരുടെ മനസ്സിൽ നിന്നും ഭീതിയുടെ നിഴലുകൾ ഒഴിയുന്നില്ല. 

ഇന്ന് വന്ദനയാണെങ്കിൽ, നാളെ ‍ഞങ്ങളോരോരുത്തരുമാണ് ഇരയാക്കപ്പെടാൻ പോകുന്നതെന്നു പറഞ്ഞ് ഡോക്ടർമാരുടെ പ്രതിഷേധാഗ്നി ആളിക്കത്തുമ്പോഴും അതണയ്ക്കാൻ പാകത്തിന് എന്ത് മറുമരുന്നാണ്, മറുപടിയാണ്, ഉറപ്പാണ് അധികാരികൾ നൽകുക? 

ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങൾക്ക് അറുതി വേണ്ടേ? സ്വന്തം ജീവൻ ത്യജിച്ചും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ടോ ഡോകർമാർക്ക്? വന്ദനയുടെ മരണത്തിൽ പ്രതിഷേധം കത്തുമ്പോഴും ഡോക്ടർമാർ പൂർണമായും ജോലിയിൽ നിന്നു വിട്ടു നിന്നിട്ടില്ല. അത്യാഹിതവിഭാഗങ്ങള്‍ പ്രവർത്തിക്കുകയും അടിയന്തര ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്തു. 

പൊലീസിന്റെ അനാസ്ഥ, സാധാരണക്കാരുടെ ദുരവസ്ഥ

മദ്യത്തിന് അടിമയായി ഡീ അഡി‌ക്‌ഷൻ സെന്ററിൽ കഴിഞ്ഞ സന്ദീപിനെ കയ്യാമം പോലും വയ്ക്കാതെ വൈദ്യപരിശോധനയ്ക്കെത്തിച്ച പൊലീസിന്റെ നടപടി അംഗീകരിക്കാവുന്നതല്ല. പ്രതി എപ്പോഴും പ്രതി തന്നെയാണ്. പൊതു ഇടത്തിൽ അയാളെയും കൊണ്ട് പരിശോധനകൾക്കും മറ്റുമായി ഇറങ്ങുമ്പോൾ ചുറ്റുമുള്ളവരുടെ സുരക്ഷ കൂടി നോക്കേണ്ട ഉത്തരവാദിത്തം പൊലീസിന് ഉണ്ടായിരിക്കണം. അക്രമികളെ കീഴ്പ്പെടുത്താൻ പരിശീലനം നേടുന്ന പൊലീസ് കാഴ്ചക്കാരായി നിന്ന് ഡോ. വന്ദനയെ മരണത്തിലേക്കു തള്ളിയിടുകയായിരുന്നുവെന്നു നിസംശയം പറയാനാകും. തങ്ങളുടെ വേണ്ടപ്പെട്ടവരിൽ ആർക്കെങ്കിലുമാണ് ഈയവസ്ഥ ഉണ്ടായതെങ്കിൽ സുരക്ഷിത ഇടങ്ങളിലേക്ക് പൊലീസ് ഓടിയൊളിക്കുമായിരുന്നോ? 

വന്ദനയുടെ സംസ്കാരകർമങ്ങൾ നിർവഹിക്കുന്ന, അമ്മാവന്റെ മകൻ പത്തു വയസ്സുകാരനായ നിവേദ്.   ചിത്രം:അഭിജിത് രവി∙മനോരമ
വന്ദനയുടെ സംസ്കാരകർമങ്ങൾ നിർവഹിക്കുന്ന, അമ്മാവന്റെ മകൻ പത്തു വയസ്സുകാരനായ നിവേദ്. ചിത്രം:അഭിജിത് രവി∙മനോരമ

കൊലപാതകത്തിൽ പ്രതിഷേധിച്ചു തെരുവിലിറങ്ങിയ ഡോക്ടർമാരെ തടയാൻ കാണിക്കുന്ന ഉത്സാഹം അന്ന് പുലർച്ചെ ആ ആശുപത്രി മുറിയിൽ പൊലീസ് കാണിച്ചിരുന്നെങ്കില്‍ ഒരു കുടുംബത്തിന്റെ പ്രതീക്ഷകളിൽ കരിനിഴൽ വീഴില്ലായിരുന്നു.

തലകുനിച്ച് കേരളം

‘മാതാപിതാക്കൾ സേവനത്തിനായി അയച്ച മകളെ ശവപ്പെട്ടിയിലാണോ മടക്കി അയയ്ക്കേണ്ടത്?’ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ച വാക്കുകൾ മനുഷ്യത്വമുള്ളവരുടെ ഹൃദയങ്ങളെ പൊള്ളിക്കുന്നുണ്ട്. അവളെ മകളെപ്പോലെയാണു കാണുന്നതെന്ന കോടതിയുടെ പ്രസ്താവന എത്ര ഹൃദയഭേദകമായ ഒന്നാണ്. രാജ്യത്ത് എവിടെയും നടക്കാത്ത കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നതെന്നു കോടതി പറഞ്ഞത് പ്രശംസാ വാക്കുകൾ ആയിട്ടല്ല പ്രബുദ്ധ കേരളം കേൾക്കേണ്ടത്. മാപ്പില്ലാത്ത കുറ്റം തന്നെയാണിത്. കേരളം തലകുനിക്കുന്ന നിമിഷം! 

ലഹരിക്ക് അടിമയായ ആ സ്കൂൾ അധ്യാപകൻ എന്തായിരിക്കും ഇതുവരെ കുട്ടികളെ പഠിപ്പിച്ചിട്ടുണ്ടാകുക? സാക്ഷരതയിൽ മുൻപന്തിയിലാണെന്ന് അവകാശപ്പെട്ടാൽ മാത്രം പോര, ഇത്തരം അക്രമ സംഭവങ്ങൾ തടയുക കൂടി വേണം നമ്മുടെ സംസ്ഥാനം. അതിന് ആദ്യം ലഹരി ഒഴുകുന്ന വഴികൾ കണ്ടെത്തണം. കണ്ടെത്തിയിട്ട് കണ്ണടച്ചു, മുഖം തിരിച്ചു നിൽക്കുകയല്ല കൃത്യമായ നടപടി കൈക്കൊള്ളണം. ഇനി ഇതുപോലൊരു ദുരന്ത വാർത്ത കേരളം കേൾക്കാതിരിക്കട്ടെ. 

vandana-mother
വന്ദനയുടെ അമ്മ

ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണം തടയാൻ ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കണമെന്നും പ്രതികളെ വൈദ്യപരിശോധനയ്ക്ക് എത്തിക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ വേഗത്തിൽ തയ്യാറാക്കണമെന്നും ഹൈക്കോടതി സർക്കാരിനു നിർദേശം നൽകിക്കഴിഞ്ഞു. ഇത് കാലതാമസം കൂടാതെ നടപ്പിലാകുമെന്നു പ്രതീക്ഷിക്കാം. 

English Summary: Why Should Doctors Suffer? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT