അറുപതു വയസ്സ് കഴിയുമ്പോൾത്തന്നെ വാർധക്യം അതിന്റെ ഭാരങ്ങളെല്ലാം ഏൽപിച്ച് അവശരാക്കി മാറ്റുന്ന ഒരു സമൂഹമാണ് നമ്മുടെ അമ്മമാരും അച്ഛന്മാരും. കുഞ്ഞുകുട്ടികളെയും വീടും നോക്കി തനിച്ചിരിക്കേണ്ടി വരുന്ന മാതാപിതാക്കളും നിരവധി. അവർക്ക് കുട്ടിക്കാലത്ത് എന്തെങ്കിലും കഴിവുകളുണ്ടായിരുന്നോ? അത് തുടർന്നു പോയിട്ടുണ്ടോ? എന്തുകൊണ്ട് അതൊക്കെ ഇല്ലാതാക്കപ്പെട്ടു എന്നൊക്കെ അവരോട് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? ഒരിക്കല്‍ ഒരു വിദേശ യാത്രയിൽ, എഴുപത് വയസ്സോളമുള്ളൊരു സ്ത്രീ നിരത്തിൽ ശരീരമിളക്കി നൃത്തം ചെയ്യുന്നത് കണ്ടു. ആരുടെയെങ്കിലും പാട്ടിനല്ല, കൂടെയുള്ള, അവരുടെ തന്നെ പ്രായമുള്ള ഒരു വയോധികന്റെ പാട്ടിനും ഗിറ്റാർ താളത്തിനുമൊപ്പമാണ് അവരുടെ നൃത്തം. ചോദിച്ചപ്പോൾ, ചെറുപ്പത്തിൽ അവരൊരു ബാർ ഡാൻസർ ആയിരുന്നെന്നു പറഞ്ഞു. രണ്ടു മക്കൾ, രണ്ടു പേരും സ്വന്തമായി ജീവിതം കണ്ടെത്തി ഓരോയിടങ്ങളിൽ ജീവിക്കുന്നു. അവരെ ബുദ്ധിമുട്ടിക്കാൻ താൽപര്യമില്ല, അതുകൊണ്ട് ഭാര്യയും ഭർത്താവും അറിയുന്ന ജോലി ചെയ്തു ജീവിക്കുകയാണ്. തങ്ങൾക്ക് ജീവിക്കാനാവശ്യമായ ചെറിയ വരുമാനം അതിൽനിന്നു ലഭിക്കുമെന്നും അവർ പറഞ്ഞു. ഓർത്തു പോയത് എഴുപത് വയസ്സായ ഒരു മലയാളി അല്ലെങ്കിൽ ഇന്ത്യൻ സ്ത്രീയെക്കുറിച്ചാണ്. അമ്മ എന്ന പേര് മാത്രമല്ല അമ്മൂമ്മ എന്ന പേരും അതിനോടകം തന്നെ അവർക്ക് ലഭിച്ചിട്ടുണ്ടാകും. അവരുടെ മുടി നരച്ചിട്ടുണ്ടാകും, ജര വീണിട്ടുണ്ടാകും, ജീവിത ശൈലീ രോഗങ്ങളും ബുദ്ധിമുട്ടിച്ചു തുടങ്ങിയിട്ടുണ്ടാകും. പക്ഷേ അവരുടെ പ്രതീക്ഷ അപ്പോഴും മക്കളാണ്. അവർ നൽകുന്ന വരുമാനമില്ലെങ്കിൽ, വാങ്ങി നൽകുന്ന പലചരക്ക് ഇല്ലെങ്കിൽ ഇപ്പോഴും പല വീടുകളിലും അമ്മമാർ പട്ടിണിയായിപ്പോകും. സ്വന്തമായി ജോലി ചെയ്തു ജീവിക്കുക എന്നത് ഒരുതരം നാണക്കേടു പോലെയാണ് പ്രായമായ മലയാളിക്ക്.
പ്രസവിച്ചു കഴിഞ്ഞാൽ മക്കൾ എന്നത് അമ്മമാരുടെ മാത്രം സ്വത്താണെന്നും പ്രായമാകുമ്പോൾ അവർക്ക് നോക്കേണ്ട കടമ ഉണ്ടായതിനാൽ അവരെ അമിതമായ പരിഗണനയും സ്നേഹവും നൽകി വളർത്തേണ്ടത് കടമയാണെന്നും കരുതുന്നവരാണ് അമ്മമാർ. മക്കൾ മറ്റൊരു വ്യക്തിയാണെന്നു പോലും പലപ്പോഴും ഓർക്കാതെ അവരുടെ സ്വകാര്യ കാര്യങ്ങളിൽ വരെ കൈ കടത്തുമ്പോൾ, അതിലുള്ളത് തനിക്ക് സ്വന്തമായ ഒരാളോടുള്ള അമിതമായ സ്നേഹവും ഇടപെടലുമാണ്. പക്ഷേ പിന്നീടൊരിക്കൽ അവർ സ്വന്തമായി ഒരു ജീവിതം കെട്ടിപ്പടുക്കുകയും ജോലിയുടെ ഭാഗമായി മറ്റൊരിടത്ത് പോകേണ്ടി വരികയും ചെയ്യുമ്പോഴാണ് അമ്മമാർ ഒറ്റപ്പെടലിൽ വീണു പോവുക.
"നിനക്ക് വേണ്ടി എന്റെ സ്വപ്‌നങ്ങൾ പോലും ഞാൻ മാറ്റി വച്ചിരുന്നു" എന്ന് പറയുമ്പോൾ, "അത് ഞാൻ ആവശ്യപ്പെട്ടില്ലല്ലോ, ഇപ്പോൾ മറ്റൊരാൾക്ക് വേണ്ടി എന്റെ സ്വപ്‌നങ്ങൾ എനിക്ക് മാറ്റി വയ്ക്കാനാവില്ല" എന്ന് മക്കൾ പറയുമ്പോൾ അതിൽ അമ്മമാർ തകർന്നു പോകുന്നു. അത്തരത്തിൽ ഇടറിപ്പോയ ഒരുപാട് അമ്മമാരുണ്ട്. പക്ഷേ ഇതിൽ മക്കളെയും കുറ്റപ്പെടുത്താൻ എളുപ്പമല്ല, സ്വപ്നങ്ങൾക്ക് പിന്നാലെ പോകാൻ അവസരങ്ങൾ ഇന്നത്തെ തലമുറയ്ക്ക് കൂടുതലുണ്ട്. അതുകൊണ്ടുതന്നെ പിന്നിൽനിന്നു വിളിക്കുന്നതൊന്നും അവരെ അതിൽ നിന്ന് തടയുന്നില്ല.

ബസിലിരിക്കുമ്പോൾ കണ്ടു, നടന്നു പോകുന്ന ചെറുപ്പക്കാരിയായ അമ്മയുടെ കൈപിടിച്ച് നടന്നു പോകുന്ന കുഞ്ഞു മകൾ. പത്തു വയസ്സിൽ താഴെയുള്ള അവൾക്കും അമ്മയുടെ അതേ ഉടുപ്പിന്റെ അതേ ഡിസൈനിൽ ഫ്രോക്ക്. അവൾ അമ്മയുടെ കൈ മുറുകെ പിടിച്ചിട്ടുണ്ട്. അടുക്കും ചിട്ടയുമുള്ള ഒരു നടത്തമല്ല, കയ്യും ശരീരവും ഉലച്ച് , അമ്മ പിടിച്ചിരിക്കുന്നു എന്നതു കൊണ്ടു മാത്രം ഓടിപ്പോകാതെ സ്വപ്നം കണ്ടും ആരോടൊക്കെയോ എന്ന പോലെ ഉറക്കെ സംസാരിച്ചും അവൾ നടന്നു പോകുന്നു. ഇപ്പോഴത്തെ അമ്മമാരും മക്കളും ഒരുപാട് മാറിപ്പോയിരിക്കുന്നു. പൊതുവെ ഒരു തലമുറ മുമ്പുണ്ടായിരുന്നവരെപ്പോലെ അമിതമായ പൊസസീവ്നെസ് കാണിച്ചു മക്കളെ തങ്ങളുടെ വഴിയിലൂടെ മാത്രം നടത്താൻ അവരിപ്പോൾ ശ്രമിക്കുന്നില്ല, പകരം മക്കൾക്കിഷ്ടമുള്ള വഴിയിലൂടെ അവരുടെ അതേ നിറമുള്ള വസ്ത്രവുമണിഞ്ഞ് ഒരു സുഹൃത്തിനെപ്പോലെ അമ്മമാരും നടക്കുന്നു. എത്ര മനോഹരമായ ഒരു കാഴ്ചയാണത്!
ഒരു പെൺകുട്ടി മുതിർന്ന് സ്ത്രീയാകുമ്പോൾ അവളുടെ ആദ്യത്തെ റോൾമോഡൽ സ്വന്തം അമ്മയാകുന്നതിന്റെ ആനന്ദം എത്ര അതുല്യമായിരിക്കും? എന്നാൽ മക്കൾക്കു വേണ്ടി മാത്രം ജീവിക്കുന്നു എന്ന് അവകാശവാദം ഉന്നയിക്കുന്ന എത്ര അമ്മമാർക്ക് ഇത്തരത്തിൽ മോഡൽ ആകാനാകും? ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിനൊപ്പം സ്വന്തം കരിയറിന്റെ വളർച്ചയിലും മാറ്റങ്ങൾ വരുത്താനായ അമ്മമാർ തന്നെയാകും ഏതൊരു കുട്ടിയുടെയും റോൾ മോഡൽ. പുതുതലമുറയിലെ അമ്മമാർ ഇത്തരത്തിൽ എല്ലാം ഒന്നിച്ചു കൊണ്ടുപോകുന്നവർ തന്നെയാണ് എന്നത് മാറ്റമായിത്തന്നെ കാണാം.

'അമ്മ എന്ന വാക്കിന്റെ വലുപ്പത്തെ ഒരുപാട് വലുതാക്കേണ്ടതില്ലെന്ന് തന്നെയാണ് ഈ പുതുകാല അമ്മമാരുടെ അഭിപ്രായവും. നൂറു കൈകളുണ്ടെങ്കിലും മതിയാകാതെ ഭർത്താവിന്റെയും മക്കളുടെയും വീടിന്റെയും ഒക്കെ കാര്യങ്ങൾ നോക്കുന്ന "വീട്ടമ്മ" യിൽ നിന്നും അവർ കാര്യങ്ങൾ പങ്കിട്ടു ചെയ്യുന്ന "പങ്കാളി" എന്ന റോളിലേക്ക് മാറ്റപ്പെട്ടു. അമ്മയാകൽ ആണ് പൂർണത എന്ന സങ്കൽപം തന്നെ പാടെ മാറി. സ്ത്രീത്വം പൂർണമാകുന്നത് അമ്മയാകുമ്പോൾ മാത്രമല്ലെന്നു സ്ത്രീകൾ തിരിച്ചറിഞ്ഞു. എല്ലാവിധ മാനുഷിക വികാരങ്ങളും ഹോർമോൺ വ്യത്യാസം മൂലമുണ്ടാകുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളും എല്ലാം സ്ത്രീകളിൽ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. പണ്ട് ഇതെല്ലാം നിശബ്ദമായി സഹിക്കുന്ന സ്ത്രീകളായിരുന്നു എങ്കിൽ ഇന്ന് സ്വന്തം കാര്യങ്ങൾ അവർ ഉറക്കെ പറയുന്നുണ്ട്. എന്റെ അമ്മയ്ക്ക് ഇത്തരത്തിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലല്ലോ എന്ന് പറയുമ്പോൾ, ഒരിക്കലെങ്കിലും അമ്മയുടെ നിലവിളി അവർ കേട്ടിട്ടുണ്ടോ എന്ന മറുചോദ്യമാണ് ചോദിക്കേണ്ടത്. പണ്ട് ആരും കാണാതെ അനുഭവിച്ചിരുന്ന പ്രയാസങ്ങൾ ഇന്ന് സ്ത്രീകൾ തുറന്നു പറയുന്നു, അതാണ് കാലം സ്ത്രീകളിൽ വരുത്തിയ മാറ്റങ്ങൾ, പ്രത്യേകിച്ച് അമ്മമാരിൽ.
'അമ്മ എന്ന വാക്കിൽനിന്നു മാറി, കുട്ടികൾ അച്ഛൻ എന്ന വാക്കും സ്ഥിരം വിളിക്കാൻ തുടങ്ങിയിരിക്കുന്നു. അടുക്കള ഭരണവും മറ്റ് ഉത്തരവാദിത്തങ്ങളും പുരുഷന്മാരും ഏറ്റെടുക്കാൻ തുടങ്ങിയതോടെ പരസ്പരമുള്ള പങ്കാളിത്തം ഏറിയിട്ടുണ്ട്. അമ്മയാകുമ്പോൾ സ്ത്രീകളിൽ സംഭവിക്കുന്ന മാനസിക-ശാരീരിക വ്യത്യാസങ്ങളെ കുറിച്ച് ഇപ്പോൾ പുരുഷന്മാർ അവബോധം ഉള്ളവരാണ്. അവർ തങ്ങളുടെ കുഞ്ഞിന്റെ അമ്മയ്‌ക്കൊപ്പം എന്ത് സഹായത്തിനും ഒപ്പമുണ്ട്. എല്ലാ വീട്ടിലും ഈ മാറ്റമുണ്ടായിട്ടില്ല, ഇപ്പോഴും സ്ത്രീകളെന്നാൽ ഉപകരണം മാത്രമാണെന്നും അമ്മയെന്നാൽ സർവംസഹയാണെന്നും ചിന്തിക്കുന്ന വീടുകളിൽ ഒരു അണുവിട പോലും ആചാരങ്ങൾ മാറിയിട്ടില്ല. പക്ഷേ മാറ്റങ്ങളുണ്ടാകും എന്ന് ചിന്തിക്കുന്ന തലമുറ വളർന്നു വരുന്നു എന്നത് പ്രതീക്ഷയാണ്.
(ലേഖികയുടെ അഭിപ്രായങ്ങൾ വ്യക്തിപരം)
English Summary: Opinion On Modern Mom Child Relationship