‘മദേഴ്സ് മാർക്കറ്റ്’, നാട്ടുചന്തയിലെ റാണിമാർ, ഇവിടെ കച്ചവടത്തിൽ പുരുഷന്മാർ വേണ്ട!

mothers-market
Image Credit∙ Manjit Kumar Sarma/ Shutterstock
SHARE

ഈ ചന്തയിൽ കച്ചവടത്തിനെത്താമെന്നു പുരുഷന്മാർ സ്വപ്നത്തിൽ പോലും കരുതേണ്ട! കച്ചവടത്തിൽ സ്ത്രീകൾക്കു മാത്രം കുത്തകയുളള ഒരു സ്ഥലമുണ്ട്, നമ്മുടെ രാജ്യത്ത്. പത്തോ, ഇരുപതോ, മുപ്പതോ, നൂറോ സ്ത്രീകളല്ല മൂവായിരവും നാലായിരവും വരെ സ്ത്രീകളാണ് ഇവിടെ കച്ചവടസാമഗ്രികളുമായി എത്തുന്നത്.

മണിപ്പുരിലെ ഇംഫാലിന്റെ ഹൃദയഭാഗത്താണ് മൂവായിരത്തിലധികം സ്ത്രീ കച്ചവടക്കാർ പകൽ സമയത്ത് കച്ചവടത്തിനായി ഒത്തുകൂടുന്നത്. മണിപ്പുരിന്റെ ചരിത്രത്തിൽ സ്‌ത്രീശാക്തീകരണത്തിന്റെ പ്രതീകം കൂടിയായ ഈ കൂട്ടായ്മ ആരിലും അത്ഭുതവും അതിശയവും നിറയ്ക്കും. ഏകദേശം 500 വർഷം പഴക്കമുള്ള, സ്ത്രീകൾ മാത്രം ഉൾപ്പെടുന്ന ‘ഇമാ കെയ്‌തെൽ’ എന്നും ‘നുപി കെയ്തൽ’ എന്നും അറിയപ്പെടുന്ന ചന്തയ്ക്ക്ജീവൻ പകരുന്ന സംഘമാണിവർ. 

mothersmarket1

‘മദേഴ്‌സ് മാർക്കറ്റ്’ എന്നും ഈ മാർക്കറ്റ് അറിയപ്പെടുന്നു. ഇത് ഒരുപോലെ ഒരു വാണിജ്യ കേന്ദ്രവും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രവുമാണ്. ഈ മാർക്കറ്റിനുള്ളിൽ, പുരുഷന്മാരായ കടയുടമകൾക്കും കച്ചവടക്കാർക്കും ഒന്നും വിൽക്കാൻ അനുവാദമില്ല. ഇവിടെ പുരുഷന്മാരെ കച്ചവടം നടത്തുന്നതായി കണ്ടെത്തിയാൽ  ശിക്ഷിക്കുമെന്നു മണിപ്പുർ സർക്കാരും പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇംഫാൽ താഴ്‌വരയിൽ നിന്നും ചുറ്റുമുള്ള കുന്നുകളിൽ നിന്നുമുള്ള കരകൗശല വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ, പ്രാദേശിക കാർഷിക ഉൽപന്നങ്ങൾ, വായ്പാ സേവനങ്ങൾ തുടങ്ങിയവ ഈ മാർക്കറ്റിൽ ലഭിക്കും.1533-ൽ ലാലുപ്പ്-കബ എന്ന തൊഴിൽ സമ്പ്രദായം അടിച്ചേൽപ്പിക്കപ്പെട്ടതിനെത്തുടർന്ന് പതിനാറാം നൂറ്റാണ്ടിലാണ് ഈ വിപണി സ്ഥാപിതമായത്.

mothersmarket2

മണിപ്പുർ രാജവംശത്തിലെ ഒരു നിർബന്ധിത തൊഴിൽ സമ്പ്രദായമായിരുന്നു ലാലുപ്-കബ. മെയ്തേയ് വംശത്തിലെ പുരുഷ അംഗങ്ങൾക്ക് വിദൂര ദേശങ്ങളിൽ ജോലിയോ സൈനിക സേവനമോ  ചെയ്യേണ്ട സാഹചര്യം. ഇതോടെ സ്ത്രീകൾക്ക് അവരുടെ വയലുകളിൽ കൃഷി ചെയ്തുകൊണ്ടോ തുണിത്തരങ്ങൾ നെയ്തുകൊണ്ടോ കുടുംബം പോറ്റേണ്ടതായി വന്നു. ഇതിനായി സജ്ജീകരിച്ച വാണിജ്യ കേന്ദ്രങ്ങളാണ് പിന്നീട് ഇമാ കെയ്ത‌ൽ മാർക്കറ്റായി മാറിയത്.

ഈ ‘പെൺവിപണി’യിൽ വിതരണക്കാരും ഇടനിലക്കാരും മുതൽ വിൽക്കുന്നതു വരെയുള്ള ചുമതലകൾ സ്ത്രീകൾ ഭംഗിയായി നിറവേറ്റുന്നു. പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും നഗരത്തിലെ എല്ലാ വാണിജ്യ, സാമൂഹിക-സാമ്പത്തിക പ്രവർത്തനങ്ങളുടെയും ഹൃദയമായി പ്രവർത്തിക്കുകയും ചെയ്യുകയാണ്  ഈ അമ്മ മാർക്കറ്റ്.

മാർക്കറ്റ് നിയന്ത്രിക്കുന്നത് സ്ത്രീകളുടെ ഒരു യൂണിയനാണ്. ഈ പെൺവിപണിയെ ചുറ്റിപ്പറ്റി ഒരു ആചാരമുണ്ട്, വിവാഹിതരായ സ്ത്രീകൾക്ക് മാത്രമേ ഇവിടെ വ്യാപാരം ചെയ്യാൻ അനുമതിയുള്ളു. ഈ പാരമ്പര്യം ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നു. കൂടാതെ, യൂണിയൻ നടത്തുന്ന ഒരു വായ്പാ സംവിധാനവുമുണ്ട്, സ്ത്രീ വ്യാപാരികൾക്ക് സാധനങ്ങൾ വാങ്ങുന്നതിന് യൂണിയനിൽ നിന്ന് പണം കടം വാങ്ങുകയും പിന്നീട് തിരികെ നൽകുകയും ചെയ്യാം.

mothersmarket3

വിപണിയുടെ സുഗമമായ പ്രവർത്തനത്തിനാണ് ഈ സംവിധാനം. മണിപ്പുരിന്റെ പരമ്പരാഗത വസ്ത്രം ധരിച്ചാണ് ഓരോ ദിവസവും ഇവർ കച്ചവടത്തിനെത്തുന്നത്. മണിപ്പുരി സ്ത്രീകളുടെ ജീവിതത്തിൽ ഇമ കെയ്തെൽ എന്ന ഈ വിപണി ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ തന്നെ ‘വിപണികളുടെ റാണി’ എന്നും ഇവിടം അറിയപ്പെടുന്നു. അസ്തമയസൂര്യനെത്തുമ്പോഴാണ്  സ്ത്രീകൾ വീടുകളിലേക്കു മടങ്ങുക.

mothersmarket4

ഈ ചന്തയിലേയ്ക്കു വന്നാൽ സാമൂഹിക വൈവിധ്യവും  മനോഹരകാഴ്ചകളും സ്വയംപര്യാപതരായ ഒരുകൂട്ടം സ്ത്രീകളുടെ സന്തോഷത്തിന്റെയും ചിരിയുടെയും വിലപേശലിന്റെയും ശബ്ദങ്ങളും കേൾക്കാം. പ്രാദേശിക ഉൽപന്നങ്ങളുടെയും കൊതിയൂറുന്ന തനതു  ഭക്ഷണങ്ങളുടെയും മധുരവും സുഗന്ധവും ഇവിടത്തെ വായുവിൽ നിറയുന്നു. ലിംഗസമത്വത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും മികച്ച പ്രതീകം കൂടിയാകുകയാണ് ഈ അമ്മക്കൂട്ടം.

English Summary: Mothers Market In Manipur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA