ADVERTISEMENT

മരുമകളും അമ്മായി അമ്മയും തമ്മിലുള്ള അസ്വാരസ്യങ്ങൾ പലകുടുംബങ്ങളിലും ഉണ്ടാകാറുണ്ട്. പലപ്പോഴും ഇവർ തമ്മിലുള്ള പ്രശ്നങ്ങൾക്ക് മധ്യസ്ഥരാകുന്നത് പുരുഷന്മാരാണ്. വിവാഹത്തിനു മുൻപ് അമ്മ ജീവിതത്തിലെ ഏറ്റവും വലിയ പിന്തുണയായിരുന്നുവെങ്കിൽ മറുവശത്ത് ജീവിതപങ്കാളി വലിയ ത്യാഗങ്ങളും വിട്ടുവീഴ്ചകളും ചെയ്താണ് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. ഈ ബന്ധങ്ങളിൽ നിലനിൽക്കുന്ന അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകൾ ഇതാ. 

 

പ്രശ്നങ്ങളുണ്ടാകുമോ എന്ന് ചിന്തിക്കരുത്

mother-in-law-56

 

വിവാഹ ജീവിതം തുടങ്ങുമ്പോൾ തന്നെ അമ്മയും ഭാര്യയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന് ചിന്തിച്ച് ആകുലപ്പെടുന്നവരുമുണ്ട്. ഒരേ വീട്ടിൽ ജനിച്ചു വളർന്നവർ തമ്മിൽ തന്നെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സാധാരണമാണെന്നിരിക്കെ രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിൽ ജീവിച്ചു വളർന്നവർ കുടുംബത്തിലെ ഉത്തരവാദിത്വങ്ങൾ ഒരുമിച്ച് നോക്കി തുടങ്ങുമ്പോൾ ചെറിയ പൊരുത്തക്കേടുകൾ സ്വാഭാവികമാണെന്ന് തിരിച്ചറിയണം. അത്തരം അഭിപ്രായ വ്യത്യാസങ്ങൾ ചിലപ്പോൾ അവർക്ക് തന്നെ പരിഹരിക്കാനാവുന്നതായിരിക്കും. അതോർത്ത് ആശങ്കപ്പെടാതെ ഇരുവർക്കും അവരുടേതായ സമയം നൽകുക

 

വിവാഹത്തിനു മുൻപുതന്നെ തയാറെടുക്കാം

 

ഭാര്യയാകാൻ പോകുന്ന വ്യക്തിയുമായി വിവാഹത്തിനു മുൻപുള്ള സംഭാഷണത്തിൽ നിന്നും അവരെങ്ങനെയാവും നിങ്ങളുടെ അമ്മയെ സമീപിക്കുക എന്നും പെരുമാറുക എന്നും കൃത്യമായി മനസ്സിലാക്കാൻ ശ്രമിക്കുക. അതുപോലെ തന്നെ ഇന്നത്തെ കാലത്ത് പെൺകുട്ടികൾക്ക് കുടുംബത്തിലുള്ള പങ്കിനെക്കുറിച്ചും സ്ഥാനത്തെക്കുറിച്ചും മാതാപിതാക്കളുടെ പ്രതീക്ഷകൾ എന്തൊക്കെയാണെന്നും മനസ്സിലാക്കുക. ഭാര്യയാകാൻ പോകുന്ന പെൺകുട്ടിയെക്കുറിച്ച് അമ്മയോടും അമ്മയെക്കുറിച്ച് പെൺകുട്ടിയോടും കൃത്യമായ ചിത്രങ്ങൾ വിവരിക്കുക. ഒരുമിച്ചു ജീവിച്ചു തുടങ്ങുന്ന സമയത്ത് ഇരുവരുടെയും ചിന്താഗതികളെക്കുറിച്ചും സ്വഭാവ രീതികളെക്കുറിച്ചും പരസ്പരം ഒരു ധാരണ ഉണ്ടാകുന്നത് നല്ലതാണ്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

 

റോളുകളിൽ വ്യക്തത വേണം

 

കുടുംബാന്തരീക്ഷത്തിൽ ഭാര്യയുടെ പങ്കാണോ അമ്മയുടെ പങ്കാണോ വലുത് എന്ന ചിന്ത ഇരുവർക്കുമിടയിൽ ഉണ്ടാകുന്നതാണ് പ്രശ്നങ്ങളുടെ തുടക്കം. നിങ്ങളുടെ ജീവിതത്തിൽ ഭാര്യക്കുള്ള റോൾ അമ്മയ്ക്കോ അമ്മയുടെ റോൾ ഭാര്യക്കോ നിറവേറ്റാനാവുന്നതല്ല എന്ന് തിരിച്ചറിയുകയും ഇക്കാര്യം അവരെ പറഞ്ഞു മനസ്സിലാക്കുകയും വേണം. ഈ റോളുകൾ അടിസ്ഥാനപ്പെടുത്തിയല്ലാതെ തന്നെ വ്യക്തി എന്ന നിലയിൽ ഇരുവരെയും നിങ്ങൾ മനസ്സുതുറന്ന് സ്നേഹിക്കുന്നുണ്ടെന്നും ബോധ്യപ്പെടുത്തുക. ഇക്കാര്യം അവർ മനസ്സിലാക്കി കഴിഞ്ഞാൽ ആരോടാണ് കൂടുതൽ സ്നേഹം, ആരെയാണ് കൂടുതൽ ശ്രദ്ധിക്കുന്നത് തുടങ്ങിയ നിസ്സാര പ്രശ്നങ്ങൾ ഒരു പരിധി വരെ നിയന്ത്രിക്കാനാവും.

 

വഴക്കിനുള്ള കാരണങ്ങൾ എടുത്തിടരുത്! 

 

കുടുംബവുമൊത്ത് ചിലവഴിക്കുന്ന സമയങ്ങളിൽ ഭാര്യക്കും അമ്മയ്ക്കുമിടയിൽ പ്രശ്നമുണ്ടാക്കുന്ന തരം കാര്യങ്ങൾ എടുത്തിടാതിരിക്കുക. ചുറ്റുമുള്ള നല്ല കാര്യങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും ഒരു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുകയും വേണം. ഇതിനായി ഭാര്യയെയും അമ്മയെയും അവരുടെ പ്രശ്നങ്ങളും മനസ്സിലാക്കുക എന്നതാണ് പ്രധാനം. ഇരുവരും തമ്മിലുള്ള ചെറിയ പൊരുത്തക്കേടുകളിൽ നിന്ന് പഠിക്കുകയും അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുക.

 

കാഴ്ചപ്പാടുകളാണ് പ്രധാനം 

 

ദൈനംദിന ജീവിതത്തിൽ വ്യക്തികളുടെ വൈകാരിക പ്രശ്നങ്ങളുമായി ഇടപെടേണ്ടി വരുമ്പോൾ അതിൽ പൂർണമായ ശരിയോ പൂർണമായ തെറ്റോ ഉണ്ടാവില്ല എന്ന് മനസ്സിലാക്കുക. ഒരു കാര്യത്തെ നിങ്ങളുടെ ഭാര്യയെയും അമ്മയും കാണുന്ന രീതിയാണ് അവരെ വ്യത്യസ്തരാക്കുന്നത്. അതായത് കാഴ്ചപ്പാടുകളിലാണ് കാര്യം. ഭാര്യയും അമ്മയും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്താൽ രണ്ടുപേരുടെയും ഭാഗങ്ങൾ കേട്ട് രണ്ടറ്റത്തു നിന്നും ചിന്തിക്കാൻ ശ്രമിക്കുക. അതിനുശേഷം മാത്രം നിഗമനത്തിൽ എത്തുകയും രണ്ടുപേരുടെയും ചിന്താഗതി പരസ്പരം മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കുകയും ചെയ്യുക.

 

English Summary: Relationship Tips For Mother And Life Partner

 

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT