' ജയിലിൽ രണ്ട് ദിവസം ഞാൻ ഭക്ഷണം കഴിച്ചില്ല, ഇനി ഈ നാട്ടിൽ ജീവിക്കില്ലെന്ന് ഉറപ്പിച്ചതായിരുന്നു...'

sheela-sunny-main
ഷീല സണ്ണി
SHARE

ലഹരി മരുന്ന് കൈവശം വച്ചു എന്നാരോപിച്ച് ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ ജയിലിലടച്ചത് 72 ദിവസത്തേക്കാണ്. എന്നാൽ പരിശോധനയിൽ അത് ലഹരിവസ്തുവല്ലെന്ന് തെളിഞ്ഞു, ഹൈക്കോടതി ഷീലയ്ക്കെതിരായ കേസും റദ്ദാക്കി. എന്നാൽ ചെയ്യാത്ത തെറ്റിനു ജയിലിൽ കയറിയ ഷീല സണ്ണി അനുഭവിച്ചത് ചെറുതല്ലാത്ത ദുരിതം. തന്റെ അനുഭവം ഷീലാ സണ്ണി മനോരമ ഓൺലൈനിനോടു പങ്കുവച്ചു.

ദുരിതകാലം

 'ജയിലിലെ ആദ്യത്തെ രണ്ട് ദിവസം ഞാന്‍ ഭക്ഷണം കഴിച്ചില്ല. ഇങ്ങനെയൊരു കുറ്റമാരോപിച്ച് ജയിലിൽ കിടക്കുമ്പോൾ എങ്ങനെ ഭക്ഷണം കഴിക്കും? ഏതു കേസിനാണ് വന്നതെന്നൊക്കെ സഹതടവുകാർ ചോദിക്കുമ്പോൾ ഞാൻ സത്യം പറയും, "ഞാൻ നിരപരാധിയാണ് , എനിക്കൊന്നും അറിയില്ല. എന്റെ ബാഗിൽ വേറെ ആരോ കൊണ്ടുവച്ചതാണ്". ചിലർ ഇതെല്ലാം കേട്ടുനിൽക്കും, മറ്റു ചിലർ, "പിന്നേ, ഇവളറിയാതെ ആണോ ബാഗിൽ മയക്കുമരുന്ന് വന്നത്" എന്നൊക്കെ പറയും. ഒരാഴ്ച കഴിഞ്ഞപ്പോൾ എല്ലാവർക്കും മനസ്സിലായി, ഞാൻ തെറ്റു ചെയ്തിട്ടില്ലെന്ന്. കാരണം ഞാൻ ആരോടും അധികം സംസാരിക്കാനോ, പ്രശ്നങ്ങൾക്കോ ഒന്നും പോയിരുന്നില്ല. അവിടെ പ്രാർഥനകളുമായാണ് ഇരുന്നിരുന്നത്. ജയിലിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥരടക്കം എല്ലാവരും മാന്യമായേ പെരുമാറിയിട്ടുള്ളു.' - ഷീല പറയുന്നു.

നിനക്കിനി പുറത്തിറങ്ങി നടക്കാനാവില്ല, ആ അവസ്ഥയാണ് പുറത്ത് എന്നാണ് കാണാൻ വന്നപ്പോൾ ഭർത്താവ് പറഞ്ഞത്. മാധ്യമങ്ങളെല്ലാം ഈ വിഷയം അത്രത്തോളം വാർത്തയാക്കിയെന്ന് അറിഞ്ഞപ്പോൾ വിഷമം തോന്നി. വീട്ടിലിരുന്ന ഞാൻ ചെയ്യാത്ത കുറ്റത്തിനു ജയിലിൽ അടയ്ക്കപ്പെട്ടത്തിന്റെ സങ്കടവും മനസ്സിലുണ്ട്. ജയിലിലെ ജീവിതം ഒരുപാട് വിഷമിപ്പിച്ചു.

' ബന്ധുക്കളൊന്നും എന്നെ നേരിട്ടു വിളിച്ച് കുറ്റമൊന്നും പറഞ്ഞിട്ടില്ല. പക്ഷേ ഞാൻ അങ്ങനെ ചെയ്തിട്ടുണ്ടാവും എന്നു പറഞ്ഞവരുമുണ്ടെന്ന് പിന്നീട് ഭർത്താവ് പറഞ്ഞു. പക്ഷേ ഞാൻ നിരപരാധിയാണെന്ന് വിശ്വസിച്ചവർ തന്നെയാണ് കൂടുതലും. ജാമ്യം കിട്ടിയപ്പോൾ എന്നെ വിളിച്ച് ആശ്വസിപ്പിച്ചവരുണ്ട്,' നീ വിഷമിക്കണ്ട,ഇങ്ങനെയൊന്നും നീ ചെയ്യില്ലെന്ന് ഞങ്ങൾക്കറിയാം, എന്തായാലും സത്യം തെളിയുമല്ലോ' എന്നൊക്കെയാണ് അവർ പറഞ്ഞത്. കേട്ടപ്പോൾ ആശ്വാസം തോന്നിയിരുന്നു.'

' ഈ നാടുവിട്ടു പോകണമെന്നാണ് കരുതിയത് '

'ഞാൻ ഇനി എങ്ങനെ ജീവിക്കുമെന്ന് ആലോചിച്ചിട്ടുണ്ട്. നാട് വിട്ടുപോകാൻ തന്നെയായിരുന്നു തീരുമാനം. അല്ലാതെ എനിക്ക് ഇവിടെ ജീവിക്കാൻ പറ്റില്ലല്ലോ. പക്ഷേ ഭാഗ്യത്തിനു സത്യം പുറത്തുവന്നു. കുറ്റക്കാരിയല്ലെന്ന് ഇപ്പോൾ എല്ലാവരും അറിഞ്ഞു.  ഇനിയെനിക്കെന്റെ നാട്ടിൽ നിൽക്കാമല്ലോ.'- ഷീല സണ്ണിയുടെ വാക്കുകളിൽ ആശ്വസം. 

Sheela Sunny
Sheela who was behind bars for 72 days in the case will approach the High Court next week seeking to quash the charges against her. Photo: Manorama

പിന്തുണയറിയിച്ച് ഒരുപാട് സംഘടനകൾ വന്നു. ഇപ്പോൾ എനിക്കുവേണ്ടി സംസാരിക്കുന്നുണ്ട് പലരും. പുതിയ പാർലർ തുടങ്ങിത്തരാമെന്ന് ഒരു കൂട്ടർ പറഞ്ഞിട്ടുമുണ്ട്. അതിന്റെ കാര്യങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ബ്യൂട്ടി പാർലറുമായി മുന്നോട്ടു പോകാൻ തന്നെയാണോ തീരുമാനമെന്ന് ചോദിക്കുമ്പോൾ ഷീല പറയുന്നത് ഇങ്ങനെ– ' എനിക്ക് അറിയുന്ന ജോലി ഇതാണ്. എനിക്കിനിയും ജീവിക്കണ്ടേ. അതിനു ജോലി വേണം. പിന്നെ ലോണുകളും കാര്യങ്ങളുമൊക്കെയുണ്ട്. അതൊക്കെ അടയ്ക്കണം.' ആശങ്കകളുണ്ടായിരുന്നു, എന്നാൽ ഇപ്പോഴില്ല. കുറ്റക്കാരിയല്ലെന്ന് തെളിഞ്ഞു, വീടും നാടും ഒപ്പമുണ്ട്, ഷീലയ്ക്ക് ഇനിയും ജീവിക്കണം.

Content Summary: Sheela Sunny shares her experience

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇന്റർവ്യൂ ബോർഡിനു മുൻപിൽ എങ്ങനെ ഇരിക്കണം?

MORE VIDEOS