മാസ്റ്റേഴ്സ് അത്‌ലറ്റിക്സിൽ സ്വർണനേട്ടങ്ങളുടെ പരമ്പരയുമായി 106 വയസ്സുള്ള രാംബായി ലോകത്തെ ഞെട്ടിക്കുമ്പോൾ പ്രായം ഇവർക്കു മുന്നിൽ തോറ്റു നമസ്കരിക്കുകയാണ്. 100 മീറ്റർ ഓട്ടത്തിൽ കഴിഞ്ഞ വർഷം ലോക റെക്കോർഡിട്ട ഹരിയാനയിലെ ഈ മുത്തശ്ശി, കഴിഞ്ഞയാഴ്ച ഡെറാഡൂണിൽ നടന്ന നാഷനൽ ഓപ്പൺ അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിലാണ് 100, 200 മീറ്റർ ഓട്ടത്തിലും ഷോട്പുട്ടിലും സ്വർണം നേടിയത്.
Read also: കറണ്ടില്ലാതെയും ഇസ്തിരിപ്പെട്ടി കൊണ്ട് തുണി തേക്കാം; വീട്ടമ്മയുടെ ബുദ്ധി സോഷ്യൽ മീഡിയയിൽ വൈറൽ
∙രണ്ടു വർഷം, 200 മെഡൽ
104 –ാം വയസ്സിൽ മാത്രം അത്‌ലറ്റിക്സിൽ പങ്കെടുക്കാൻ തുടങ്ങിയ രാംബായി വെറും രണ്ടു വർഷം കൊണ്ടാണ് തിളങ്ങുന്ന നേട്ടങ്ങൾ തന്റെ പേരില്‍ എഴുതിച്ചേർത്തത്. കഴിഞ്ഞ വർഷം വഡോദരയിൽ നടന്ന ഓപ്പൺ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 85 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ 100 മീറ്റർ ഓട്ടത്തിൽ 45.5 സെക്കൻഡുമായാണ് രാംബായി ലോക റെക്കോർഡിട്ടത്. രണ്ടു വർഷത്തിനിടെ ഇന്ത്യയിലും വിദേശത്തും നടന്ന 14 മത്സരങ്ങളിലായി രാംബായി നേടിയത് ഇരുന്നൂറിലേറെ മെഡലുകളാണ്.
∙വീട്ടിൽ നിന്ന് ട്രാക്കിലേക്ക്
ഹരിയാന ചർഖി ദാദ്രി ജില്ലയിലെ കാദ്മ ഗ്രാമത്തിൽ ജനിച്ച രാംബായി വീട്ടു ജോലികളും കൃഷിപ്പണികളുമായി കഴിഞ്ഞ ഒരു സാധാരണ വീട്ടമ്മയായിരുന്നു. 2016 ൽ പഞ്ചാബുകാരിയായ മൻ കൗർ നൂറാം വയസ്സിൽ അമേരിക്കൻ മാസ്റ്റേഴ്സ് ഗെയിമിൽ 100 മീറ്റർ ഓട്ടത്തിൽ സ്വര്‍ണമെഡൽ നേടിയ വാർത്തയാണ് രാംബായിക്ക് പ്രചോദനമായത്. 41 വയസ്സുള്ള കൊച്ചുമകൾ ഷർമിളയാണ് മുത്തശ്ശിയെ പ്രോത്സാഹിപ്പിച്ചത്. ഒരിക്കലും ഗ്രാമത്തിനു പുറത്തേക്ക് പോയിട്ടില്ലാത്ത രാംബായി ആദ്യം മടിച്ചെങ്കിലും പിന്നീട് ട്രാക്കിലേക്കിറങ്ങുകയായിരുന്നു. കൗറിന്റെ റെക്കോർഡും പിന്നീട് രാംബായി തകർത്തു.
ഇപ്പോൾ വളരെ സന്തോഷവതിയാണിവർ. തന്റെ നേട്ടങ്ങൾ ചെറുപ്പക്കാർക്ക് മാതൃകയാകട്ടെയെന്നാണ് ഇവർ പറയുന്നത്. തനിക്കു കഴിയുമെങ്കിൽ ആർക്കും കഴിയുമെന്ന് സ്വന്തം ജീവിതം കൊണ്ടു തെളിയിക്കുന്നു ഈ മുത്തശ്ശി.
Content Summary: 106 year old Rambai sets records in Running