ADVERTISEMENT

"എന്താ ഇപ്പോ അവളുടെ ഹുങ്ക്. കെട്ടിയോന് നല്ല ശമ്പളമുണ്ട് എന്നിട്ടും അവൾക്കു ജോലിക്കുപോകണം". അങ്ങിനെയൊക്കെ പറയുന്നവർ ഇന്നത്തെ കാലത്തുണ്ടോ? സ്ത്രീകൾ പൊതുവേ മൾട്ടിടാസ്‌കിങ്ങിൽ പ്രാഗല്ഭ്യമുള്ളവരാണെന്നു കേട്ടിട്ടില്ലേ. ഇതൊരു ട്രാപ്പാണ്. പണ്ടു പെണ്ണിനെ സുഗുണയെന്നും, സുശീലയെന്നും, സുമധുരഭാഷിണിയെന്നും വിളിച്ചതുപോലൊരു ട്രാപ്.

അപ്പോൾ കണ്ണെഴുതി പൊട്ടും തൊട്ടു മലർ മഞ്ഞ മാലയിട്ടു പെണ്ണ് അതിൽ വഴുക്കി വീണു. പുതിയ കാലത്തെങ്കിലും ഇങ്ങനെ വീഴരുത്. വീഴാൻ അനുവദിക്കരുത്. ഇനി വീഴണമെന്നു തോന്നുമ്പോൾ പിടിക്കാനുള്ള ഊന്നു വടിയാണ് ഫെമിനിസം. അതു പെണ്ണിന് മാത്രമുള്ളതല്ല, മനുഷ്യരെ ഒരേ പോലെ കാണാൻ മനസ്സുള്ള എല്ലാവരും ഫെമിനിസം അറിഞ്ഞിരിക്കുന്നതു നല്ലതാണ്.

1792 ലാണു ഫെമിനിസത്തിന് ആദ്യമായി ഒരു എഴുത്തുണ്ടാകുന്നത്. 'മേരി വോൾസ്റ്റൻക്രാഫ്റ്റ് എഴുതിയ എ വിൻഡിക്കേഷൻ ഓഫ് ദി റൈറ്റ്സ് ഓഫ് വിമൺ (A Vindication of the Rights of women) എന്നതായിരുന്നു അത്. അന്ന് അവർ പറഞ്ഞതു ''I do not wish them [women] to have power over men; but over themselves.'' എന്നാണ്. പുരുഷന്റെ അധികാരിയാകാനല്ല, സ്ത്രീക്ക് സ്ത്രീയുടെ മേൽ എങ്കിലും അധികാരം ഉണ്ടായിരിക്കണമെന്നാണ്. ഈ പറഞ്ഞത് 230 വർഷം മുൻപാണ്. എന്നിട്ടും ഇതു കേൾക്കുമ്പോൾ പുതുമ തോന്നുന്നുവാൻ കാരണമുണ്ട്. പതിവുപോലെ ലോകത്ത് എല്ലായിടത്തും സ്ത്രീപക്ഷ ചിന്തകൾ നാട്ടിൽ ഇറങ്ങി കാൽ ഉറപ്പിച്ചതിനു ശേഷമാണു കേരളത്തിലേക്ക് അത്യാവശ്യം വെളിച്ചം വീശുന്നത്. ആണുങ്ങളിങ്ങനെയൊക്കെ പലതും പറയും അപ്പോൾ നാണിച്ച് കാൽ നഖം കൊണ്ട് വര വരക്കാണു സ്ത്രീക്ക് ഉപദേശം കിട്ടിയത്. 

Read also: കന്നുകാലി വ്യാപാരത്തിലൂടെ 500 കോടി ആസ്തിയുള്ള വമ്പൻ കമ്പനി പടുത്തുയർത്തിയ പെൺകുട്ടികൾ

എന്നിട്ടും 1864-1916 കാലത്തു ജീവിച്ചിരുന്ന തോട്ടക്കാട്ട് ഇക്കാവമ്മയെപ്പോലെ ചിലർ മാത്രം ഒച്ചവച്ചു. ഒരു പെണ്ണ് കവിത എഴുതാൻ മാത്രം വളർന്നോ എന്നു ചോദിച്ചപ്പോൾ തന്റെ കുലസ്ത്രീ പട്ടമൊക്കെ ഊരിയെറിഞ്ഞ് ഇക്കാവമ്മ ;

"മാലാരീപ്രിയയായ ഭാമ സമരം ചെയ്തീലയോ തേര്‍തെളി-

ച്ചിട്ടില്ലേ പണ്ടു സുഭദ്ര, പാരിതുഭരിക്കുന്നില്ലേ വിക്ടോറിയ.

മല്ലാക്ഷീമണികള്‍ക്ക് പാടവമിവയ്ക്കെല്ലാം തികഞ്ഞീടുകില്‍

ചൊല്ലേറും കവിതയ്ക്കുമാത്രമവളാളല്ലാതെ വന്നീടുമോ"

എന്നങ്ങോട്ടു പാടി. അതു വലിയ പ്രശ്നമായി. പോരാത്തതിന് 1892 ൽ തൃശ്ശൂരിൽ ടി.സി അച്യതമേനോന്റെ സംഗീത നൈഷധത്തിന്റെ അവതരണത്തിൽ നളനായിട്ട് അഭിനയിക്കുക കൂടി ചെയ്തു ഇവർ. ആദ്യമായി മലയാള നാടകത്തിൽ അഭിനയിക്കുന്ന സ്ത്രീയുമായി. അന്നു പെണ്ണിന്റെ അഹങ്കാരത്തിനു മറുമരുന്നു തേടി ആൺ സിംഹങ്ങൾ നെട്ടോട്ടമോടി. അങ്ങിനെയുള്ള അന്നത്തെ കാലത്തിന്റെ അലയൊലികൾ ഇന്നും നമ്മൾ കേൾക്കാറുണ്ടല്ലേ?

Read also: ശവകുടീരത്തിൽ അലങ്കാരമായി കഠാരയും ആനക്കൊമ്പും, അകത്തുള്ളത് പുരുഷനല്ല 'അയൺ ലേഡി'യാണ്

ഇങ്ങിനെയുള്ള ഉരുളക്കുപ്പേരി മറുപടികളെ ഒന്നുമില്ലെങ്കിലും "അവള‍ൊരു പെണ്ണല്ലേ കുറച്ചൊന്നടങ്ങിക്കൂടെ?" എന്ന് ആരോ പറയുന്നതു കേൾക്കുന്നുണ്ടോ? ഇനി കേൾക്കുന്നുണ്ടെങ്കിൽ "ആ പറഞ്ഞതിൽ ലേശം കാര്യമില്ലേ" എന്നു തോന്നുന്നുണ്ടോ?... 

അങ്ങനെയെങ്കിൽ സ്ത്രീപക്ഷചിന്തയെപ്പറ്റി  ഇനിയും കുറേ പറയേണ്ടിയിരിക്കുന്നു. 

വിശദമായി കേൾക്കാം മനോരമ പോഡ്കാസ്റ്റ് 'അയിന്'

Content Summary: 'Ayinu' Podcast om Feminism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com