ജീവിതത്തിന്റെ ഗതി മാറ്റിയ ആ കത്ത്: അനുജ മാത്യുവിന്റെ അനുഭവക്കുറിപ്പ്

HIGHLIGHTS
  • ഇനിയെന്താണ് പോം വഴിയെന്ന് ആലോചിപ്പോഴാണ് ഉമ്മൻ ചാണ്ടി സാറിന്റെ കാര്യം ഒാർമ വന്നത്
oommen-chandy-puthuppally-3
ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം: മനോരമ)
SHARE

ഉമ്മൻ ചാണ്ടിയുടെ ഒരു ഫോൺ കോൾ, കത്ത്. ഇത്രയും മതി, എതൊരു പ്രശ്നത്തിനും പരിഹാരമുണ്ട്. ഉമ്മൻ ചാണ്ടി എന്ന ജനസേവകന്റെ സഹായം ജീവിതത്തിൽ ഒരിക്കലെങ്കിലും തേടിയിട്ടുളളവർക്ക് ഇത് വെറുമൊരു വാചകമല്ല. ഉമ്മൻ ചാണ്ടി സാറിന്റെ ആ കത്തില്ലായിരുന്നെങ്കിൽ എന്റെ ജീവിതം ഇത്രയും നിറമുള്ളതാകുമായിരുന്നോ എന്ന് എപ്പോഴും ചിന്തിക്കും. അഞ്ചു വർഷം മുൻപ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ട നിമിഷം ഞാൻ അഭയം തേടിയത് പുതുപ്പള്ളി കാരോട്ട് വള്ളക്കാലിൽ വീട് മുറ്റത്തായിരുന്നു. 

നഴ്സിങ് പഠനം കഴിഞ്ഞ് വിദേശത്തു പോകാൻ ശ്രമിക്കുന്ന സമയം. സ്വകാര്യ ആശുപത്രിയിൽനിന്നു ലഭിക്കേണ്ട പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നപ്പോൾ ഞാനാകെ തകർന്നു. ഇനിയെന്താണ് പോം വഴിയെന്ന് ആലോചിപ്പോഴാണ് ഉമ്മൻ ചാണ്ടി സാറിന്റെ കാര്യം ഒാർമ വന്നത്. ഞായറാഴ്ച എന്നൊരു ദിവസമുണ്ടെങ്കിൽ ഉമ്മൻ ചാണ്ടി സർ പുതുപ്പള്ളി കാരോട്ട് വള്ളക്കാലിൽ വീട്ടിലുണ്ടാകുമെന്ന ധൈര്യമായിരുന്നു എന്റെ ആത്മവിശ്വാസം. രാവിലെ തന്നെ വീട്ടിൽ ചെല്ലുമ്പോൾ, വളരെ ആശ്വാസത്തോടെ അവിടെനിന്നു തിരികെ വരുന്ന മനുഷ്യരുടെ മുഖം കണ്ടപ്പോൾ‌ത്തന്നെ എനിക്ക് ആശ്വാസമായി. അന്ന് പതിവിലും അധികം തിരക്കായിരുന്നു. എന്റെ ഊഴം വന്നപ്പോൾ കാര്യം പറഞ്ഞു നിവേദനം കൊടുത്തു. ഉടനെ തന്നെ പഴ്സനൽ സ്റ്റാഫിനോട് എന്റെ വിവരം പറഞ്ഞു. 

oommen-chandy-puthuppally-house
പുതുപ്പള്ളിയിലെ കരോട്ടുവള്ളക്കാലിൽ വീട്.

പിറ്റേന്ന് പ്രതീക്ഷയുടെ തിങ്കളാഴ്ചയായിരുന്നു എനിക്ക്. രാവിലെ തന്നെ ആശുപത്രി അധികൃതരെ കണ്ടെങ്കിലും അൽപം താമസമുണ്ടെന്ന് അറിഞ്ഞു. വിദേശത്ത് പോകാനുള്ള വീസയുടെ ക്രമീകരണത്തിന് പ്രവൃത്തിപരിചയ സർട്ടിഫിക്ക‌റ്റ് അനിവാര്യമായതു കൊണ്ട് തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ പുതുപ്പള്ളി ഹൗസിലേക്കു പോകാൻ തീരുമാനിച്ചു. തിരുവനന്തപുരത്ത് രാവിലെ എത്തിയപ്പോൾ അവിടെയും തിരക്ക്. നിയമസഭിയിലേക്ക് പോകുന്ന നേരത്താണ് ​ഞങ്ങൾ എത്തുന്നത്. ഞങ്ങളെ കണ്ടതും ‘പുതുപ്പള്ളീന്നു വന്ന പിള്ളേരുടെ കാര്യം എന്തായി’ എന്ന് പഴ്സനൽ സ്റ്റാഫ് അംഗത്തോട് ഗൗരവത്തോടെ ചോദിച്ചു. ദിവസേനയുള്ള കാര്യങ്ങൾ പോലും ഓർക്കാൻ പറ്റാത്ത എനിക്ക്, ഒരുപാട് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വലിയ നേതാവിന്  ഇതൊക്കെ എങ്ങനെ ഓർക്കാൻ പറ്റുന്നു എന്നുള്ളത് അദ്ഭുതം തന്നെയായിരുന്നു. ഉടനെ ഫോണിൽ ആശുപത്രി അധികൃതരെ വിളിച്ചു. അൽപ സമയത്തിനകം ശുപാർശക്കത്തും നൽകി. ആ കത്ത് എനിക്കു നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. 

പിറ്റേന്നു തന്നെ എനിക്ക് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ലഭിച്ചു. അത് ഒാസ്ട്രേലിയയിൽ ജോലിയിലേക്കു വഴി തുറന്നു. ഇപ്പോഴും അവിടെ വച്ചു മലയാളികളെ പരിചയപ്പെടുമ്പോൾ, എന്റെ സ്ഥലപ്പേര് പറയുമ്പോൾ കേൾക്കുന്ന മറുപടിയുണ്ട് – ‘ഓ... ഉമ്മൻ ചാണ്ടിയുടെ നാട്ടിൽ നിന്നാണല്ലേ.’ ഇനിയും പരിചയപ്പെടുന്നവരും ചോദിക്കട്ടെ ആ ചോദ്യം.

Anuja Mathew
അനുജ മാത്യു

Content Summary : Oommen Chandy Memoir by Anuja Mathew

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS