ADVERTISEMENT

വിവാഹത്തിനു ശേഷം സമീറ റെഡ്ഡിയുടെ ജീവിതത്തില്‍ സിനിമയിൽ നിന്നും സോഷ്യല്‍ മീഡിയയിൽ നിന്നുമെല്ലാം ഒരു ഇടവേളയുണ്ടായി. തിരികെ വന്ന് സോഷ്യൽ മീഡിയിലെ മാറ്റങ്ങൾ കണ്ട് സമീറയൊന്ന് അമ്പരന്നു. ശരീരത്തിന്റെ മാറ്റങ്ങളെപ്പറ്റിയും ജീവിതത്തിലെ റിയാലിറ്റിയെപ്പറ്റിയും സമീറ സംസാരിക്കുന്നു.‌

' അമ്മയായതിനു ശേഷം ജീവിതം ഒരുപാട് മാറി. മടങ്ങി വരുമ്പോൾ സോഷ്യൽ മീഡിയയിലെ മാറ്റമായിരുന്നു ഏറെ അതിശയിപ്പിച്ചത്. സോഷ്യൽ മീഡിയയെപ്പറ്റി എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഒരു പോസ്റ്റ് ഇടണമെങ്കിൽ ആരോടെങ്കിലും ചോദിക്കണം. ഞാനിവിടെ ഉണ്ട് എന്ന് ആളുകളെ അറിയിക്കുകയും, കുറേ കാര്യങ്ങൾ സംസാരിക്കുകയും ചെയ്യണമായിരുന്നു. കാരണം ഗർഭകാലവും പ്രസവവും എന്നിൽ ഒരുപാട് മാറ്റങ്ങൾ വരുത്തിയിരുന്നു. ആ സമയത്ത് എനിക്ക് 105 കിലോ ഭാരമുണ്ടായിരുന്നു. കുഞ്ഞ് ജനിക്കുമ്പോൾ അത് കുറയുമെന്ന് കരുതി. പക്ഷേ തിരിച്ച് വീട്ടിലെത്തിയപ്പോഴും എന്റെ ഭാരം കുറഞ്ഞില്ല. മാനസികമായി അതെന്നെ ഒരുപാട് ബാധിച്ചു. പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ.' ഇതിനെപ്പറ്റിയെല്ലാം ജനങ്ങളോട് തുറന്ന് പറയണമെന്ന് കരുതിയാണ് സോഷ്യൽ മീഡിയയിലേക്ക് വന്നതെന്നും അപ്പോഴേക്കും ഒരുപാട് വൈകിപ്പോയെന്നും സമീറ പറയുന്നു. 

sameera reddy
Image Credit: instagram/reddysameera

' ലൈഫ് പെർഫെക്ട് ആണെന്നും, സൗന്ദര്യത്തെ മാത്രം ഹൈലൈറ്റ് ചെയ്യുകയും ഫിൽറ്റർ ഇട്ട് കൂടുതൽ ഭംഗി വരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന ആൾക്കാരെയാണ് ഇവിടടെ കണ്ടത്. പക്ഷേ എനിക്ക് കള്ളം പറയാൻ താൽപര്യമുണ്ടായിരുന്നില്ല. കാരണം എന്റെ കാര്യത്തിൽ ഒന്നും പെർഫെക്ട് ആയിരുന്നില്ല. എന്റെ മുടി നരച്ചു, തടി കൂടി, ഞാൻ എപ്പോഴും കരയും, ആൻസൈറ്റി അറ്റാക്കുകൾ വരും. ഇതൊക്കെയായിരുന്നു എനിക്ക് പറയാനുണ്ടായിരുന്നത്. സംസാരിക്കേണ്ട വിഷമായിരുന്നു ഇത്.'

'ഞാൻ സോഷ്യൽ മീഡിയയില്‍ ഉണ്ടെന്ന് പലരും അറിഞ്ഞില്ല. ഫോളോവേഴ്സ് വളരെക്കുറവായിരുന്നു. അന്ന് ബ്ലൂ ടിക്ക് ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് സിനിമയിലെയും മറ്റും സുഹൃത്തുക്കളോട് ഒരു 'ഷൗട്ടൗട്ട്' നടത്താമോ എന്നു ചോദിച്ചു. അതായത് കൂട്ടുകാർ പുതുതായി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങുമ്പോൾ വെൽക്കം എന്നൊക്കെയുള്ള സ്റ്റോറി ഇടാറുള്ളതു പോലെ. എന്നാൽ ആരും അത് മൈൻഡ് ചെയ്തതു പോലുമില്ല. എന്റെ കൂടെ വലിയ പ്രോജക്ടുകൾ ചെയ്തിരുന്ന കമ്പനികൾ ഞാൻ വിളിച്ച മീറ്റിങ്ങിലും പങ്കെടുത്തില്ല. ആ രീതിയിലായിരുന്നു കാര്യങ്ങള്‍.' 

Read also: വിവാഹം ക്ഷണിക്കാൻ തൊട്ടടുത്ത വീട്ടിൽ വരെ വരും, പക്ഷേ എന്റെ വീട്ടിൽ ക്ഷണിക്കാൻ കയറില്ലായിരുന്നു: ലതാ ഷെഫ്

ഒടുവിൽ ഇന്‍സ്റ്റഗ്രാമിൽ വിഡിയോകൾ പോസ്റ്റ് ചെയ്ത് തുടങ്ങിയതോടെ ഉണ്ടായിരുന്ന ഫോളോവേഴ്സും പോയെന്ന് സമീറ പറയുന്നു. 'സെക്സി സാമിനെ പ്രതീക്ഷിച്ച് വന്നവർക്ക് കിട്ടിയത് മെസ്സി മാമയെ ആയിരുന്നു. അത് ആരും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവരൊക്കെ ഓടി രക്ഷപ്പെടുകയായിരുന്നു. എന്തിന് ഇങ്ങനെ വിഡിയോസ് ചെയ്യുന്നു, സ്വന്തം ഇമേജ് നിങ്ങൾ നശിപ്പിക്കുന്നു എന്നൊക്കെ സ്ത്രീകളാണ് എന്നോട് കൂടുതലും പറഞ്ഞത്. പക്ഷേ പ്രായമാവുന്നതിനെപ്പറ്റിയും, മുടി നരയ്ക്കുന്നതിനെപ്പറ്റിയുമെല്ലാം എനിക്ക് സംസാരിക്കണം. മുൻപ് ആരെങ്കിലും ഫോട്ടോ എടുക്കുമോ എന്ന് ഭയന്ന് പുറത്തിറങ്ങാതിരുന്ന ഒരു സമയമുണ്ടായിരുന്നു. അന്ന് പച്ചക്കറി വിൽക്കുന്ന ചേട്ടൻ വരെ ചോദിച്ചു, അയ്യോ നിങ്ങൾക്ക് എന്തു പറ്റിയെന്ന്. ഇതൊക്കെ ഒരുസമയത്ത് എന്നെ ഒരുപാട് ബാധിച്ചിരുന്നു. ഇന്ന് ഞാൻ കോൺഫിടൻഡാണ്. ആൾക്കാർക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കോമഡി വിഡിയോകൾ ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്.' 

sameera-reddy-2
സമീറ റെഡ്ഡി. Image Credit: instagram/reddysameera

'ഇപ്പോൾ എനിക്ക് 86 കിലോ ഭാരമുണ്ട്, എന്റെ മുടി നരച്ചിട്ടുണ്ട്, ശരീരത്തിൽ റോളുകളുണ്ട്. പക്ഷേ ഞാൻ ഓക്കെയാണ്. ഇതു തന്നെയാണ് എന്റെ ലൈഫ്.' ആരെന്തു പറഞ്ഞാലും സ്വന്തം ലൈഫിൽ സമീറ ഹാപ്പിയാണ്. ആളുകളെ ചിരിപ്പിക്കുന്ന വിഡിയോകളിലൂടെ ഹാപ്പിനസ്സ് മറ്റുള്ളവരിലേക്ക് തുടർന്നും എത്തിക്കും. 

ജാനിസ് സെക്യൂറയ്ക്കു നൽകിയ പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് സമീറ റെഡ്ഡി തന്റെ വിശേഷങ്ങൾ പങ്കുവച്ചത്.

Content Summary: Sameera Reddy's inspiring story of body positivity, post-pregnancy struggles and social media journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT