ADVERTISEMENT

കലോൽസവ വേദികളിലും ക്ഷേത്രോൽസവ വേദികളിലും അതിമനോഹരമായി നൃത്തം ചെയ്യുന്നവരെ കാണുമ്പോൾ എന്നെങ്കിലുമൊരു ദിവസം അതുപോലൊരു വേദിയിൽ കയറി ഒരു ചുവടെങ്കിലും വയ്ക്കണമെന്ന് ആഗ്രഹിച്ചവരായിരുന്നു അവർ. പക്ഷേ, ജീവിതത്തിന്റെ തിരക്കുകൾ അവരെ കൊണ്ടെത്തിച്ചത് മറ്റു ചില വേദികളിലേക്കായിരുന്നു. പ്രായം മുപ്പതുകളിലും നാൽപ്പതുകളിലും എത്തിയപ്പോൾ ഇനി ഒരിക്കലും നൃത്തമെന്ന സ്വപ്നം സാധ്യമാകില്ലെന്ന് അവർ കരുതി. എന്നാൽ, സെപ്റ്റംബർ 25ന് ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ കലാസ്വാദകർക്കു മുമ്പിൽ അവർ ആദ്യമായി ചിലങ്കയണിയും. കോട്ടയം കൊപ്രത്ത് ജംക്ഷനിൽ പ്രവർത്തിക്കുന്ന ഭാവാഞ്ജലി ഡാൻസ് സ്കൂളിലെ ഈ 'സീനിയർ' വിദ്യാർത്ഥികൾക്കു പറയാൻ കഥകളേറെയുണ്ട്. 

കോളജ് അധ്യാപകർ, സർക്കാർ ഉദ്യോഗസ്ഥർ, പ്രൈവറ്റ് കമ്പനി ഉദ്യോഗസ്ഥർ എന്നിങ്ങനെ പല മേഖലകളിൽ നിന്നുള്ള 12 പേരാണ് നൃത്താർച്ചനയിൽ പങ്കെടുക്കുന്നത്. 30നും 50നും ഇടയിൽ പ്രായമുള്ള ഒമ്പതു പേരാണ് കൂട്ടത്തിൽ സീനിയേഴ്സ്. ഒരിക്കലെങ്കിലും വേദിയിൽ നൃത്തം ചെയ്യണമെന്ന ആഗ്രഹവുമായി വന്നവരായിരുന്നു ഇവരെല്ലാവരുമെന്ന് നൃത്താധ്യാപിക കലാമണ്ഡലം ഭവ്യ വിജയൻ പറയുന്നു. 

ഫിറ്റ്നസിനും വ്യായാമത്തിനും വിനോദത്തിനുമായി നൃത്തം അഭ്യസിക്കുന്നവരുണ്ട്. എന്നാൽ, എല്ലാ ചിട്ടവട്ടങ്ങളോടെ ഒരിക്കലെങ്കിലും വേദിയിൽ നൃത്തം ചെയ്യണം എന്നതായിരുന്നു ഇവരുടെ ആവശ്യം. അങ്ങനെയൊരു ഇഷ്ടം സൂക്ഷിച്ചവർ ഒരു ബാച്ചായി മാറി. അവരുടെ ആദ്യ നൃത്താവതരണമാണ് നൃത്താർച്ചനയിൽ നടക്കുന്നത്. ഇക്കൂട്ടത്തിൽ ചെറുപ്പത്തിൽ നൃത്തം അഭ്യസിച്ചവരുണ്ട്, അല്ലാത്തവരുമുണ്ട്. വെയിലായാലും മഴയായിലും ജോലികളൊതുക്കി ഡാൻസ് ക്ലാസിലേക്ക് ഓടിയെത്തും. അത്രയും താൽപര്യത്തോടെയാണ് അവർ പഠിച്ചത്, ഭവ്യ പറഞ്ഞു. 

bhavya-dance

ഈ പ്രായത്തിൽ ഇത്രയൊക്കെ ചെയ്യാൻ പറ്റുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ലെന്ന് നാൽപ്പത്തിയൊമ്പതുകാരിയായ ജയന്തി ശ്രീകുമാർ പറയുന്നു. ഇതിന് ഞങ്ങളെ പ്രാപ്തരാക്കിയത് ഭവ്യ ടീച്ചറുടെ ക്ഷമയും ആത്മാർപ്പണവുമാണ്. ഭവ്യ പ്രായത്തിൽ ഞങ്ങളെക്കാൾ ചെറുപ്പമാണെങ്കിലും ഗുരുസ്ഥാനത്തു നിന്നു ചെറിയ കുഞ്ഞുങ്ങളെ പഠിപ്പിച്ചെടുക്കുന്നതു പോലെ ഞങ്ങളെ പരിശീലിപ്പിച്ചു. ഈ ഒന്നര വർഷക്കാലം ഡാൻസ് സ്കൂളിൽ ചെലവഴിച്ച ഓരോ മണിക്കൂറും നൽകിയ ആനന്ദ നിമിഷങ്ങൾ വാക്കുകളിൽ വിവരിക്കാനാവില്ല. 

ജോലിയും അടുക്കളപ്പണികളും കുടുംബവുമായി മാത്രം കഴിഞ്ഞിരുന്ന ഞങ്ങൾക്ക് ആ സമ്മർദ്ദങ്ങളിൽ നിന്നൊരു ആശ്വാസമായിരുന്നു ഓരോ ക്ലാസുകളും. ഏതു ജീവിതാവസ്ഥകളിൽ നിന്നു വരുന്നവരായാലും ഭാവാഞ്ജലിയിലെത്തിയാൽ ഞങ്ങൾ ഭവ്യ ടീച്ചറുടെ ശിഷ്യരാകും. മുമ്പ് കൈവേദന, കാൽ വേദന, നടുവേദന എന്നൊക്കെ പറഞ്ഞിരുന്നവർ ഇപ്പോൾ കൂളായി നൃത്തം ചെയ്യുന്നു. ഇതിലൂടെ ഞങ്ങൾ കൂടുതൽ ഉത്സാഹവതികളും ആരോഗ്യമുള്ളവരുമായി.  ഈ മാറ്റത്തെ സന്തോഷത്തോടെയാണ് ഞങ്ങളുടെ കുടുംബങ്ങളും സ്വീകരിച്ചത്. അമ്മ കൂടുതൽ സ്മാർട്ടായല്ലോ എന്നാണ് മക്കളുടെ കമന്റ്, ജയന്തിയുടെ വാക്കുകളിൽ പോലുമുണ്ട് ആ പ്രസരിപ്പ്.  

ജയന്തി ശ്രീകുമാർ, രശ്മി കിഷോർ, അഞ്ജലി പരമേശ്വരൻ, അഖില കെ.എസ്, പ്രിയ ഉദയ്, ദീപ ആർ, ജാസ്മിൻ ജോ, രാജിമോൾ എസ്.പി, ആപ്ത എൽസ വർഗീസ്, ഗായത്രി വി.നായർ, അനശ്വര ആർ അമ്പാടി, പ്രസര എസ് എന്നിവരാണ് നൃത്താർച്ചനയിൽ പങ്കെടുക്കുന്നത്. മല്ലാരിയിൽ തുടങ്ങി ഗണപതി സ്തുതി, ജതിസ്വരം, തില്ലാന വരെയുള്ള ഇനങ്ങൾ നൃത്താർച്ചനയിൽ അവതരിപ്പിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT