sections
MORE

സ്വപ്നം കവർന്ന പ്രളയത്തെ സാരിയിലാക്കി ഒരു പ്രതികാരം: ഇത് അൻസിയയുടെ കഥ, ലക്ഷ്മിയുടെയും

Ansia Painted Kerala Flood Rescue in saree and gifted it to Lakshmi and her son
പ്രളയകാലത്ത് മാധ്യമങ്ങളിൽ ഒന്നാം പേജിൽ ഇടംപിടിച്ച ചിത്രത്തെ സാരിയിൽ പെയിന്റ് ചെയ്ത് ലക്ഷ്മിയ്ക്കും മകനും സമ്മാനിക്കുന്ന അൻസിയ
SHARE

അന്‍സിയയുടെ തുടക്കം വരകളില്‍. വര്‍ണങ്ങള്‍ കൂടിച്ചേര്‍ന്ന ബഹുവര്‍ണച്ചിത്രങ്ങള്‍ വസ്ത്രങ്ങളിലേക്കു മാറിയപ്പോള്‍ അവിസ്മരണീയ ഡിസൈനുകള്‍ ഇഴപാകിയ ഇഷ്ടവേഷങ്ങളായി. അവയുടെ വില്‍പനയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഒരു കച്ചവടക്കാരിയാകാം; സാമ്പത്തികവിജയം സ്വന്തമാക്കുന്ന ബിസിനസ്‍വുമണ്‍. സമൂഹത്തോടുള്ള കടപ്പാട് അന്‍സിയയെ കച്ചവടക്കാരിയാക്കിയില്ല. പകരം പ്രതിബദ്ധതയുള്ള സാമൂഹികപ്രവര്‍ത്തകയാക്കി; കാലത്തിന്റെ മാറ്റങ്ങള്‍ കലയിലൂടെ പ്രതിഫലിപ്പിക്കുന്ന കലാകാരി.  കച്ചവടത്തിലും കലയെ ബലി കഴിക്കാതിരുന്ന ത്യാഗസന്നദ്ധതയാണ് ഇന്ന് അന്‍സിയ ഹബീബ് എന്ന ഡിസൈനറുടെ കരുത്ത്, ഡിസൈനേഴ്സ് ക്ലബിന്റെ  വ്യത്യസ്തത. മാറുന്ന കേരളത്തെ കലയിലൂടെ കണ്ണിലൂടെ ആകര്‍ഷകമായി അവതരിപ്പിച്ചുകൊണ്ട് പുതിയ ഉദ്യമത്തിലേക്ക് കടക്കുകയാണ് അന്‍സിയ, ഒപ്പം അഭിവൃദ്ധിയുടെ അടുത്ത പടിയിലേക്ക് ഡിസൈനേഴ്സ് ക്ലബും. 

എംഎസ്ഡബ്ലൂവില്‍ ബിരുദാനന്തര ബിരുദത്തിനുശേഷം സാമൂഹികപ്രവര്‍ത്തനവും ജോലിയുമായി മുന്നേറുന്നതിനിടെ കേരളത്തെ മുക്കിയ പ്രളയമാണ് പത്തനംതിട്ട സ്വദേശിനിയായ അന്‍സിയ ഹബീബ് എന്ന യുവതിയുടെ ജീവിതത്തിലും മാറ്റത്തിന്റെ മണി മുഴക്കിയത്. സുഹൃത്തുക്കള്‍ക്കുവേണ്ടി വസ്ത്രങ്ങളില്‍ നടത്തിയ ഡിസൈനിങ് ഒരു വ്യാപാര സ്ഥാപനമായി വികസിപ്പിക്കാന്‍ ആഗ്രഹിച്ചെങ്കിലും പ്രളയം ഒഴുക്കിക്കൊണ്ടുപോയത് ആ സ്വപ്നത്തെക്കൂടി. 

ansia-01
അൻസിയ സാരിയിൽ പെയിന്റ് ചെയ്യുന്നു

തിരച്ചടിയായ പ്രളയത്തെത്തന്നെ ചവിട്ടുപടിയാക്കി ഉയരാനായി അടുത്ത ശ്രമം. പ്രളയത്തിന്റെ ശേഷിപ്പായി മനസ്സില്‍ അവശേഷിച്ച ഒരു ചിത്രത്തെ അന്‍സിയ കുത്താമ്പുള്ളി സാരിയില്‍ വരച്ചു. ഫാബ്രിക് പെയിന്റ് ചെയ്ത് മനോഹരമാക്കി. പൂര്‍ത്തിയായ കലാസൃഷ്ടിയുമായി ചിത്രത്തിലെ നായികയ്ക്കുവേണ്ടിയുള്ള അന്വേഷണമായി. മാധ്യമങ്ങളുടെ ഒന്നാം പേജിനെ പ്രളയകാലത്ത് അലങ്കരിച്ച ചിത്രത്തിലെ നായികയെ കണ്ടെത്തി; ആലുവ തോടക്കാട്ടുകര ലക്ഷ്മി നിവാസില്‍. രക്ഷയുടെ തീരത്ത് മകന്‍ ശ്രീ ഹരിയെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചുകരഞ്ഞ ലക്ഷ്മിയെ. കുത്താമ്പുള്ളിയില്‍ ഫാബ്രിക് പെയിന്റ് ചെയ്തെടുത്ത ഡിസൈനര്‍ സാരി അന്‍സിയ സമ്മാനിച്ചപ്പോള്‍ ലക്ഷ്മി ചിരിച്ചു; കഴിഞ്ഞുപോയ ദുരിതകാലമോര്‍ത്ത്. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട അവസ്ഥയില്‍നിന്ന് ജീവിതത്തിലേക്കു തിരിച്ചുകയറിയ നിമിഷമോര്‍ത്ത്.  ബന്ധുക്കളെയും അയല്‍ക്കാരെയും സുഹൃത്തുക്കളെയും അന്‍സിയയില്‍ നിന്നു തനിക്കു ലഭിച്ച സമ്മാനം ലക്ഷ്മി കാണിച്ചു. അവരുടെ നല്ല വാക്കുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് അന്‍സിയ ജീവിതത്തില്‍ ഒരു പുതിയ അധ്യായത്തിനു തുടക്കമിട്ടു; സാമൂഹിക പ്രതിബദ്ധതയുള്ള കലാപ്രവര്‍ത്തനവും പ്രതിബദ്ധതയെ ബലികഴിക്കാത്ത കച്ചവടവും. 

ansia-painted-kanhaiya-kumar-rescue-at-kerala-flood-01
പ്രളയകാലത്ത് ചെറുതോണി പാലത്തിനു മുകളിലൂടെ പനി ബാധിച്ച കുരുന്നുമായി ഓടിയ ദേശീയ ദുരന്ത നിവാരണ സേനാംഗം കനയ്യ കുമാറിന്റെ ചിത്രം അൻസിയ സാരിയിൽ പെയിന്റ് ചെയ്തപ്പോൾ

പ്രളയകാലത്തിന് അന്‍സിയ ഒരുക്കിയ മറ്റൊരു മനോഹരമായ ഉപഹാരമുണ്ട്. ചെറുതോണി പാലത്തിനു മുകളിലൂടെ പനി ബാധിച്ച കുരുന്നുമായി ഓടിയ ദേശീയ ദുരന്ത നിവാരണ സേനാംഗം കനയ്യ കുമാറിന്റെ ശ്രദ്ധേയചിത്രം. കുത്താമ്പുള്ളി സാരിയില്‍തന്നെ ആ ചിത്രവും ആകര്‍ഷകമായി പെയിന്റ് ചെയ്തെങ്കിലും സേനാംഗങ്ങള്‍ക്ക് സമ്മാനങ്ങള്‍ കൈപ്പറ്റാന്‍ തടസ്സമുള്ളതിനാല്‍ കൈമാറാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ, അതൊരിക്കലും അന്‍സിയയുടെ കലയ്ക്കു തടസ്സമല്ല. പ്രളയത്തില്‍തുടങ്ങി ക്രിസ്മസ് ഉള്‍പ്പെടെയുള്ള സീസണുകള്‍ക്കുവേണ്ടി തയാറാക്കിയ ഡിസൈനര്‍ വസ്ത്രങ്ങളിലൂടെ മുന്നോട്ടുതന്നെയാണ് അന്‍സിയ; ഡിസൈനേഴ്സ് ക്ലബും. 

ഓണ്‍ലൈനില്‍ ഡിസൈനേഴ്സ് ക്ലബ് കുര്‍ത്തി, ചുരിദാര്‍ ഉള്‍പ്പെടെയുള്ള വേഷങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നുണ്ട്. തൃശൂരില്‍നിന്നുള്ള സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറായ ബിബിന്‍ദാസും അരുണുമാണ് പാര്‍ട്നേഴ്സ്. ഓണ്‍ലൈന്‍ ബിസിനസിനൊപ്പം വ്യത്യസ്തമായ വിഷയങ്ങള്‍ കാലാനുസൃതമായി കൈത്തറിയിലുള്‍പ്പെടെ ഡിസൈന്‍ ചെയ്ത് വിവിധ പ്രദര്‍ശനങ്ങളിലൂടെ മുന്നോട്ടുപോകുകയും ചെയ്യുന്നു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ സുവര്‍ണജൂബിലിയോടനുബന്ധിച്ച് ‘ എന്റെ സ്വന്തം കേരളം’  എന്ന വിഷയത്തെ ആസ്പദമാക്കിയാണ് അന്‍സിയയുടെ പുതിയ വരകള്‍. ഏപ്രില്‍ 5 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന പ്രദര്‍ശനത്തിനുവേണ്ടി മാറുന്ന കേരളത്തെ കുത്താമ്പുള്ളിയില്‍ അടയാളപ്പെടുത്താനുള്ള ഒരുക്കങ്ങള്‍. 

ansias-gift-to-lakshmi-01
ലക്ഷ്മിയുടെയും മകന്റെയും ചിത്രം പെയിന്റ് ചെയ്ത സാരി അൻസിയ ലക്ഷ്മിയുടെ കുടുംബത്തിന് സമ്മാനിച്ചപ്പോൾ

എല്ലാത്തരം വസ്ത്രങ്ങളിലും ഡിസൈനിങ് സാധ്യമാണെങ്കിലും കുത്താമ്പുള്ളിയാണ് അന്‍സിയയുടെ ഇഷ്ടം. തുച്ഛമായ കൂലിക്കുവേണ്ടി രണ്ടും മൂന്നും ദിവസമെടുത്ത് വസ്ത്രങ്ങള്‍ നെയ്യുന്ന സാധാരണക്കാരായ തൊഴിലാളികളെ സഹായിക്കുക എന്ന ആഗ്രഹമാണ് കുത്താമ്പുള്ളിയോടുള്ള ഇഷ്ടത്തിനു പിന്നില്‍. ഒപ്പം കേരളത്തിന്റെ തനതു കൈത്തറിവ്യവസായത്തെ തനിക്കു കഴിയുംവിധം സഹായിക്കുക എന്ന മോഹവും. ആഴ്ചകളോളം തറിശാലകളില്‍ നെയ്ത്തുകാര്‍ക്കൊപ്പം താമസിച്ച്, അവരുടെ പ്രവര്‍ത്തനരീതികള്‍ മനസ്സിലാക്കി തിരഞ്ഞെടുക്കുന്ന കുത്താമ്പുള്ളിയിലാണ് അന്‍സിയ  ഇഷ്ടചിത്രങ്ങള്‍ വരച്ചുചേര്‍ക്കുന്നത്. പ്രകൃതിയും ഭാവനയും യാഥാര്‍ഥ്യവും സങ്കല്‍പവും ഇടകലരുന്ന ഭാവപ്രപഞ്ചം. 

sari-01

ഡിസൈനിങ്ങോ തയ്യലോ വരയോ അക്കാദമിക്കായി പഠിച്ചിട്ടില്ലെങ്കിലും കുട്ടിക്കാലംമുതലേ കൂടെയുള്ള വരയാണ് അന്‍സിയയുടെ കരുത്ത്. കോളജിലെത്തിയതോടെ ഡിസൈനിങ്ങിലേക്കു തിരിഞ്ഞു. സ്വന്തമായുള്ള ജോലിയും ഉപേക്ഷിച്ചതിനുശേഷമാണ് മുഴുവന്‍ സമയ ഡിസൈനിങ്ങിലേക്കു തിരിഞ്ഞതും ഡിസൈനേഴ്സ് ക്ലബിന്റെ സാരഥ്യമേറ്റെടുക്കുന്നതും. കൈത്തറിയില്‍ മാത്രമായി കലയെ വികസിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവയുടെ ആവശ്യക്കാര്‍ക്ക് പരിമിതിയുള്ളതുകൊണ്ടാണ് കുര്‍ത്തിയും ചുരിദാറും ഉള്‍പ്പെടെയുള്ള കളര്‍ വേഷങ്ങളിലേക്കും തിരിഞ്ഞതും അവയുടെ ഓണ്‍ലൈന്‍ വില്‍പന ആരംഭിച്ചതും. 

ഡിസൈനിങ്ങിന്റെ തുടക്കം മുതലേ അവ കണ്ടിഷ്ടപ്പെട്ട സുഹൃത്തുക്കളാണ് അന്‍സിയയുടെ കരുത്ത്. പ്രോത്സാഹനവും പ്രേരണയും പ്രചോദനവുമായി അവര്‍ ഒപ്പം നിന്നതുകൊണ്ടാണ് തന്റെ ഇഷ്ടമേഖലയില്‍ത്തന്നെ തുടരാനും വരയ്ക്കാനും വരയെ കാലത്തില്‍ അടയാളപ്പെടുത്താനും കഴിഞ്ഞത്. ഒപ്പം അമ്മ ഷഹാന ഹബീബും അനുജന്‍ അംജത്തും പൂര്‍ണ പിന്തുണയുമായി കൂടെയുണ്ട്. 

ansia-with-lakshmi-and-her-son-01

വസ്ത്രകച്ചവടം വലിയ വരുമാന മാര്‍ഗമാണെന്ന് അന്‍സിയയ്ക്ക് അറിയാം. വേഷങ്ങള്‍ക്ക് പഴയകാലത്ത് ഇല്ലാതിരുന്ന പ്രാധാന്യമുണ്ടെന്നും. പക്ഷേ, കച്ചവടം മാത്രമല്ല അന്‍സിയയുടെ ലക്ഷ്യം. കേരളത്തിന്റെ പാരമ്പര്യവ്യവസായമായ കൈത്തറിക്ക് കൈത്താങ്ങുകൊടുത്തും സമൂഹത്തെ ഡിസൈനിങ്ങില്‍ അടയാളപ്പെടുത്തിയുമുള്ള കരിയറാണ് സ്വപ്നം. ആ സ്വപ്നത്തെ യാഥാര്‍ഥ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഓരോ ദിവസത്തെയും ഓരോ നിമിഷത്തെയും ഊര്‍ജം. പ്രളയത്തില്‍നിന്നു കരകയറിയ കേരളത്തെപ്പോലെ തന്റെ സ്വപ്നങ്ങളുടെ നാളം ഹൃദയത്തില്‍ അണയാതെ സൂക്ഷിച്ച് അന്‍സിയ കൈത്തറിയില്‍ വരയ്ക്കുകയാണ് നാളെയുടെ കേരളത്തെ, പുതിയ കാലത്തെ വനിതയെ, ഏത് അത്യാഹിതത്തെയും അതിജീവിക്കുന്ന മനുഷ്യന്റെ ഇച്ഛാശക്തിയെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA