sections
MORE

രഞ്ജിനി- ചങ്കൂറ്റത്തിന്റെ മറുപേര്; അനുഭവം പങ്കുവച്ച് പ്രളയകാലത്തെ ആദ്യ രക്ഷാപ്രവർത്തക

Renjini
രഞ്ജിനി
SHARE

മറ്റൊരു പ്രളയകാലത്താണ് കേരളമിപ്പോൾ. മഴയും വെള്ളപ്പൊക്കങ്ങളും പരിചിതമായിരുന്ന മലയാളിക്ക് അപ്രതീക്ഷിത ആഘാതമായിരുന്നു കഴിഞ്ഞ വർഷത്തെ കൊടുംപ്രളയം. സംസ്ഥാനത്തെയാകെ ബാധിച്ച, പതിനായിരക്കണക്കിനു പേരെ വഴിയാധാരമാക്കിയ ആ ദുരന്തത്തിന് ഒരു വയസ്സ്. അതിന്റെ ഓർമകളിൽനിന്ന് പൂർണമായും കരകയറുംമുമ്പാണ് ഇപ്പോൾ വീണ്ടും മഴയും വെള്ളപ്പൊക്കവും.

കഴിഞ്ഞ വർഷം ഒറ്റക്കെട്ടായി ആ വലിയദുരന്തത്തെ നേരിട്ട മലയാളികൾ ഇത്തവണയും ചങ്കൂറ്റത്തോടെ  കൈകോർത്തു പിടിക്കുന്നു. അന്ന് രക്ഷാപ്രവർത്തനത്തിനിറങ്ങിയവരിൽ ഉദ്യോഗസ്ഥരും വിദ്യാർഥികളും തൊഴിലാളികളും സിനിമാതാരങ്ങളുമൊക്കെയുണ്ടായിരുന്നു. അവരെല്ലാം ഇത്തവണയും സഹജീവികൾക്കു താങ്ങായി രംഗത്തുണ്ട്. 

renjini-06
രഞ്ജിനി

കഴിഞ്ഞ പ്രളയകാലത്ത് ആദ്യം രക്ഷാപ്രവർത്തനത്തിനിറങ്ങിയ വനിതയാണ് കേരള വിനോദ സഞ്ചാരവകുപ്പിന്റെ പൂമല ഡാമിന്റെ കെയർ ടേക്കർ രഞ്ജിനി. അന്ന് ആർത്തിരമ്പിയെത്തുന്ന മലിനജലത്തിലേക്ക് നൂണ്ടിറങ്ങുമ്പോൾ ഒരുവട്ടം പോലും അറപ്പു തോന്നിയില്ലെന്നു പറഞ്ഞ്, ഒരു പെരുമഴക്കാലത്തോളം പോന്ന ഓർമകൾ രഞ്ജിനി മനോരമ ഓൺലൈനോട് പങ്കുവയ്ക്കുന്നു.

കഴിഞ്ഞ വർഷം പോയത് ബോട്ട് നൽകാൻ, പിന്നെ രക്ഷാപ്രവർത്തകയായി

തൃശൂരിലെ ദയ ആശുപത്രിയിലെ രോഗികളെ രക്ഷിക്കാൻ ഡാമിലെ ബോട്ടുകൾ എത്തിക്കണമെന്ന കലക്ടറുടെ നിർദേശത്തെ തുടർന്നാണ് പൂമല ഡാമിലെ കെയർ ടേക്കറായ രഞ്ജിനിയും സംഘവും അങ്ങോട്ടു പുറപ്പെട്ടത്. ബോട്ട് എത്തിച്ച ശ‌േഷം മടങ്ങാമായിരുന്നിട്ടും രഞ്ജിനി അതിനു ശ്രമിച്ചില്ല. അവിടെത്തന്നെ തുടരുകയും രക്ഷാപ്രവർത്തനത്തിൽ പങ്കാളിയാവുകയും ചെയ്തു.‘ഏതു സമയത്ത് എന്തൊക്കെയാണ് സംഭവിക്കുകയെന്ന് യാതൊരു ധാരണയുമില്ലാതെയാണ് നമ്മളൊക്കെ ജീവിക്കുന്നത്. അപ്പോൾ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചില്ല. മാറിനിൽക്കാനോ മടങ്ങിപ്പോകാനോ മനസ്സ് അനുവദിച്ചില്ല അങ്ങനെയാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്’.- ഇപ്പോഴും ഭയം ഓളം വെട്ടുന്ന ഓർമകളിൽ രഞ്ജിനി പറയുന്നു.

rescue-04
രക്ഷാപ്രവർത്തനത്തിനായി ബോട്ട് കൊണ്ടുപോയപ്പോൾ

പോരടിച്ചത് മലിനജലത്തോട്

ഓപ്പറേഷൻ തിയറ്ററിലുണ്ടായിരുന്നവർ, ഐസിയുവിലെ രോഗികൾ, മുഖത്ത് ഓക്സിജൻ മാസ്കുമായെത്തിയ രോഗികൾ... അവരെയാണ് രക്ഷിക്കേണ്ടിയിരുന്നത്. ആശുപത്രി നിറഞ്ഞൊഴുകുന്ന മലിനജലം അവർക്കുണ്ടാക്കാവുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഉത്തമ ബോധ്യമുണ്ടായിരുന്നതുകൊണ്ട് വളരെ ശ്രദ്ധിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി മലിനജലത്തിലിറങ്ങേണ്ടി വന്നപ്പോൾ അന്ന് അറപ്പൊന്നും തോന്നിയില്ല. ഒരുതരത്തിലും നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലായിരുന്നു വെള്ളത്തിന്റെ ഒഴുക്ക്. 150–200 മീറ്റർ ദൂരത്തിൽ നിന്നാണ് രോഗികളെ രക്ഷപ്പെടുത്തി റോഡിലെത്തിച്ചത്. രക്ഷാപ്രവർത്തകർ റോഡിനു നടുവിലൂടെ കെട്ടിയ കയറിൽ പിടിച്ച്  രോഗികളെ സ്ട്രച്ചറിൽ  ബോട്ടിൽ കിടത്തി ബാലൻസ് തെറ്റാതെ സൂക്ഷിച്ച് സുരക്ഷിതരായി റോഡിലെത്തിക്കും. ബോട്ടിൽ പലകയിട്ടാണ് രോഗികളെ ഇരുത്തിയത്.

rescue-02
രക്ഷാപ്രവർത്തനത്തിനിടയിൽ രഞ്ജിനി

അവൾ പ്രസവിച്ചിട്ട് മണിക്കൂറുകൾ മാത്രം !

ആശുപത്രിയിൽനിന്ന് ബോട്ടിൽ റോഡിലെത്തിച്ചിട്ടും ഒരു പെൺകുട്ടി ബോട്ടിൽനിന്ന് ഇറങ്ങിയില്ല. 'ഇനി ഇറങ്ങിക്കോളൂ മോളെ' എന്നു ഞാൻ പറഞ്ഞു. ''ചേച്ചീ, എനിക്ക് എഴുന്നേൽക്കാൻ ബുദ്ധിമുട്ടുണ്ട്. പ്രസവം കഴിഞ്ഞിട്ട് രണ്ടു മണിക്കൂറേ ആയിട്ടുള്ളൂ. വാവയെ അമ്മ കൊണ്ടു പോയി'' എന്നാണ് അവൾ മറുപടി പറഞ്ഞത്. അവളെ എങ്ങനെ സഹായിക്കാമെന്ന് ചിന്തിച്ചപ്പോഴാണ് കുറച്ചു ദൂരെ റവന്യൂ ഡിപ്പാർട്ട്മെന്റിന്റെ വാഹനം കണ്ടത്. രണ്ടു രക്ഷാപ്രവർത്തകരെ അവളുടെ അരികിൽ നിർത്തി ആ വണ്ടിയിൽ പെൺകുട്ടിയെ കയറ്റി വിടാനുള്ള ഏർപ്പാടു ചെയ്തു. അവളെ എടുത്തുകൊണ്ടു  വേണം വണ്ടിയിൽ കിടത്താനെന്നും ഞാൻ അവരോട് പറഞ്ഞു. ഒരു സ്ത്രീയായതു കൊണ്ടാണ് അത്തരം സാഹചര്യങ്ങളെ നന്നായി മനസ്സിലാക്കി പെരുമാറാൻ കഴിഞ്ഞത്. ആ സമയത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുമ്പോൾ അഭിമാനം തോന്നുന്നുണ്ട്. രക്ഷാപ്രവർത്തകരായ പുരുഷന്മാരുടെ ഇടയിൽ ഒരു സ്ത്രീയെ കണ്ടതുകൊണ്ടു മാത്രമായിരിക്കാം അവളൊരു പക്ഷേ ഇത്തരമൊരു സഹായം ആവശ്യപ്പെട്ടത്.

ആംബുലൻസ് തടഞ്ഞത് ഗർഭിണിയെ രക്ഷിക്കാൻ

പാഞ്ഞുവന്ന ആംബുലൻസിനു മുന്നിലേക്ക് എടുത്തു ചാടിയത് ഒരു ഗർഭിണിക്കു വേണ്ടിയായിരുന്നു. ലേബർ റൂമിൽ നിന്നായിരിക്കണം അവൾ രക്ഷാപ്രവർത്തകരുടെ ബോട്ടിൽ കയറിയത്. പ്രസവവേദനകൊണ്ട് പുളയുന്ന അവൾക്കൊപ്പം അമ്മയുമുണ്ടായിരുന്നു. എത്രയും വേഗം ആ കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ലെങ്കിൽ ബോട്ടിൽ തന്നെ പ്രസവം നടക്കുന്ന അവസ്ഥ. ആ സമയത്താണ് ഒരു ആംബുലൻസ് വന്നത്. നിറയെ രോഗികളുമായി സൈറനിട്ട് പാഞ്ഞു വന്ന ആംബുലൻസിനു മുന്നിലേക്ക് ചാടി ഗർഭിണിയെക്കൂടി അതിൽ കയറ്റണമെന്ന് ആവശ്യപ്പെട്ടു. ആദ്യം അവർ വിസമ്മതിച്ചു. രോഗികളല്ലാത്ത ഒന്നുരണ്ടു പേരെ ഇറക്കിയ ശേഷം ഗർഭിണിയെ ആശുപത്രിയിലെത്തിക്കണമെന്ന് ഞാൻ അവരോട് നിർബന്ധം പിടിച്ചു. എന്റെ കഴുത്തിലെ ടാഗൊക്കെ കണ്ടപ്പോൾ ഏതോ ഒഫിഷ്യൽ നിർദേശമാണെന്നു കരുതിയിട്ടാവും അവർ ഗർഭിണിയെയും അമ്മയെയും ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. ദയയിൽനിന്ന് അടുത്ത ട്രിപ് ആൾക്കാരെ രക്ഷപ്പെടുത്തി റോഡിലെത്തിയപ്പോൾ ആ പെൺകുട്ടിയുടെ പ്രസവം കഴിഞ്ഞു എന്നറിഞ്ഞു.

renjini-01
രഞ്ജിനി

വിസിൽ  നീട്ടിയടിച്ചപ്പോൾ  വനിതാ പൊലീസ്  ആയി

എന്റെ ടാഗിൽ വിസിൽ ഉണ്ടായിരുന്നു. രോഗികളെ ആശുപത്രിയിൽനിന്ന് രക്ഷപ്പെടുത്തി ബോട്ടിൽ റോഡിൽ എത്തിക്കുമ്പോഴൊക്കെ ആളുകൾ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരുന്നു. ആ സാഹചര്യത്തിൽ ശരിയല്ല എന്നറിയാമെങ്കിലും അങ്ങനെ ബുദ്ധിമുട്ടുണ്ടാക്കുന്നവരോടുള്ള ദേഷ്യംകൊണ്ടാണ് വിസിൽ നീട്ടിയടിച്ചത്. ടോറസ് ഒക്കെ പോകുമ്പോൾ തലയ്ക്കു മുകളിലാവും മലിനജലമൊഴുകുന്നത്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുമ്പോൾ ഇത്തരം പ്രവൃത്തികൾ ദേഷ്യം പിടിപ്പിക്കില്ലേ?. രക്ഷാപ്രവർത്തനത്തിനിറങ്ങിയ പുരുഷന്മാർക്കിടയിലെ സ്ത്രീ ആയതുകൊണ്ടും കഴുത്തിലെ ടാഗ് കണ്ടതുകൊണ്ടുമൊക്കെയായിരിക്കും പലരും എന്നെ വനിതാ പൊലീസ് ആയി തെറ്റിദ്ധരിച്ചു. സ്ത്രീകളുടെ മുഖത്തെ ആശ്വാസം നൽകിയ ഊർജത്തിലാണ് പിന്നീടുള്ള ദിവസങ്ങളിലും രക്ഷാപ്രവർത്തനത്തിനിറങ്ങിയത്. സ്ത്രീകൾക്ക് അവരുടെ സ്വകാര്യ ആവശ്യങ്ങളും ആരോഗ്യപ്രശ്നങ്ങളും തുറന്നു പറയാൻ കഴിയുന്ന ആളെ ആയിരുന്നു ആ സമയത്ത് ആവശ്യം. അത് അവിടെ കൂടിയിരുന്ന പല സ്ത്രീകളും തുറന്നു പറയുകയും ചെയ്തിരുന്നു.

rescue-03
രക്ഷാപ്രവർത്തനത്തിനിടയിൽ രഞ്ജിനി

രക്ഷകയ്ക്ക് നന്ദി പറയാൻ ആരെങ്കിലുമെത്തിയോ?

തണുത്ത് വിറങ്ങലിച്ച് രക്ഷാപ്രവർത്തകരും ജീവൻ കൈയിൽ പിടിച്ച് രക്ഷകരെ കാത്തിരിക്കുന്ന ആളുകളുമല്ലേ. രക്ഷപ്പെടുത്തുന്നത് ആരെയാണെന്നു നമ്മളോ ആരാണു രക്ഷപ്പെടുത്തിയതെന്ന് അവരോ അപ്പോൾ ശ്രദ്ധിച്ചില്ല. ആദ്യ രണ്ടു ദിവസം ദയ ആശുപത്രിയിലും മൂന്നാം ദിവസം പുള്ളിലുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ടോറസ് ലോറിയുടെ വൈപ്പറിന്റെ അത്രയും പൊക്കത്തിൽ വെള്ളമുള്ളപ്പോഴാണ് പുള്ളിലേക്ക് ആദ്യം പോയത്. ഇപ്പോൾ ആലോചിക്കുമ്പോൾ ആത്മവിശ്വാസവും അഭിമാനവുമൊക്കെ തോന്നുന്നുണ്ട് അങ്ങനെയൊക്കെ ചെയ്യാൻ കഴിഞ്ഞല്ലോ എന്നോർത്ത്. പുള്ളിലെ ആൾക്കാർ ഇപ്പോഴും എന്നോടു നന്ദി പറയാറുണ്ട്. അവിടെ നടക്കുന്ന ചെറിയ ആഘോഷങ്ങളിൽ പോലും എന്നെ ഓർക്കുകയും അതിൽ പങ്കെടുക്കാൻ നിർബന്ധിക്കുകയും ചെയ്യാറുണ്ട്. ദയ ആശുപത്രിയിൽനിന്ന് പ്രായമായ ഒരമ്മയെ രക്ഷിച്ചിരുന്നു. പിന്നീട് ആ അമ്മയുടെ മകൻ എന്നെ കണ്ടപ്പോൾ മനസ്സിലായോ എന്നു ചോദിക്കുകയും അദ്ദേഹത്തിന്റെ അമ്മയെ രക്ഷിച്ചത് ഞാനാണെന്ന് ഓർമപ്പെടുത്തുകയും ചെയ്തു. കുടുംബസമേതം തിരുവോണമുണ്ടത് പുള്ളിലെ ക്യാംപിലെ ആളുകൾക്കൊപ്പമായിരുന്നു. അന്നും ഒരുപാടുപേർ നന്ദി പറഞ്ഞു.

പുള്ളിലെ കാഴ്ച മറക്കില്ല

രക്ഷാപ്രവർത്തനത്തിന് പുള്ളിൽ പോയപ്പോഴാണ് ജീവിതത്തിലെ മറക്കാനാവാത്ത കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്. പത്തുപതിനെട്ടു വയസ്സുള്ള ഒരു പെൺകുട്ടി ഓടി വന്നെന്നോടു ചോദിച്ചു, ചേച്ചീ എവിടെ നിന്നെങ്കിലും ഒരു പാഡ് കൊണ്ടുത്തരാമോയെന്ന്. പാഡില്ലെങ്കിൽ കുറച്ചു തുണിയെങ്കിലും എവിടെ നിന്നെങ്കിലും സംഘടിപ്പിച്ചു തരാമോയെന്ന്'. രക്ഷാപ്രവർത്തനത്തിന്റെ തുടക്കസമയമായതിനാൽ അത്തരം വസ്തുക്കളൊന്നും ക്യാംപുകളിലെത്തിത്തുടങ്ങിയിരുന്നില്ല. നനഞ്ഞു വിറച്ച് നിസ്സഹായതയോടെ എന്റെ മുന്നിൽ വന്ന ആ പെൺകുട്ടിയുടെ മുഖം ഒരിക്കലുമെനിക്കു മറക്കാനാവില്ല.

renjini-022
രഞ്ജിനി

എന്നെത്തൊടരുത്: ആ അമ്മ ഒച്ചയുയർത്തി

രക്ഷാപ്രവർത്തകരെ ഒന്നടങ്കം വേദനിപ്പിച്ച സംഭവമായിരുന്നു അത്. വെള്ളപ്പൊക്കത്തിൽ വീട്ടിൽ കുടുങ്ങിക്കിടന്നവരെ സഹായിക്കാനിറങ്ങിയവർക്കാണ് ആ ദുരനുഭവമുണ്ടായത്. 70 വയസ്സുള്ള ഒരമ്മ. വീട്ടിൽനിന്ന് 200 മീറ്റർ ദൂരെയുള്ള ഒരു ക്യാംപിലാണ് അവരെ എത്തിച്ചത്. വീട്ടിൽനിന്ന് രക്ഷിച്ച് ബോട്ടിന്റെ അരികിൽവരെയെത്തിച്ചപ്പോൾ, നിശ്ശബ്ദയായിരുന്ന ആ അമ്മയുടെ ഒച്ചയുയർന്നു: ‘എന്നെത്തൊടരുത്’. ഉന്നതകുലജാതയായ തന്നെ രക്ഷാപ്രവർത്തകർ തൊട്ടശുദ്ധയാക്കിയെന്നായിരുന്നു ആ അമ്മയുടെ പരാതി. പ്രളയം പോലെ ഒരു വലിയ ദുരന്തമുണ്ടായപ്പോഴും ജാതി–മത ചിന്തയാൽ മനസ്സു കലുഷിതമായ മനുഷ്യരെക്കുറിച്ചോർത്തപ്പോൾ വേദന തോന്നി.

രക്ഷാപ്രവർത്തനം കുടുംബകാര്യം

രക്ഷാപ്രവർത്തനത്തിനിറങ്ങിയ എനിക്ക് പിന്തുണ നൽകുക മാത്രമല്ല. പല സ്ഥലങ്ങളിലായി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവുകയുംചെയ്തു എന്റെ കുടുംബാംഗങ്ങൾ. ദയ ആശുപത്രിയിലും പുള്ളിലുമായി ഞാൻ രക്ഷാപ്രവർത്തനത്തിനിറങ്ങിയപ്പോൾ എന്റെ ഭർത്താവ് ഗുരുവായൂരിൽ രക്ഷാപ്രവർത്തനത്തിൽ സജീവമായി. 110 ശതമാനം പിന്തുണയാണ് എനിക്ക് കുടുംബത്തിൽനിന്ന് ലഭിക്കുന്നത്. പ്ലസ്ടുവിൽ പഠിക്കുന്ന മകനും എന്റെ സഹോദരനും എന്നോടൊപ്പം  അന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരുന്നു. സാമൂഹികപ്രവർത്തനത്തിൽ അച്ഛനാണ് എന്റെ റോൾ മോഡൽ. എനിക്ക് മൂന്നു സഹോദരന്മാരാണുള്ളത്. രക്ഷാപ്രവർത്തനം കഴിഞ്ഞ് ഒരുപാട് ഇരുട്ടിയാണ് വീട്ടിലെത്തിയിരുന്നത്. ആരും പരാതി പറയുകയോ മുഖം കറുപ്പിക്കുകയോ ചെയ്തില്ല. തിരിച്ചെത്തിയാലുടൻ, അധികൃതരെ വിളിച്ച് റിപ്പോർട്ട് നൽകിയ ശേഷമാണ് ഉറങ്ങിയിരുന്നത്.

with-awards-01
രഞ്ജിനിക്ക് ലഭിച്ച അംഗീകാരങ്ങൾ

തിരിച്ചെത്തുമ്പോൾ അർധരാത്രിയാകുന്നതുകൊണ്ടു തന്നെ പിറ്റേന്നു രക്ഷാപ്രവർത്തനത്തിന് പോകേണ്ടെന്നു കരുതും. എന്നാൽ നേരം പുലരുമ്പോൾ മട്ടുമാറും. തലേന്നു ബാക്കിവച്ച കാര്യങ്ങൾ പൂർത്തിയാക്കണമെന്നു മനസ്സു പറയും. ഉടൻ വീണ്ടുമിറങ്ങും. തിരുവോണം വരെ രക്ഷാപ്രവർത്തനത്തിന് പോയിരുന്നു. ആദ്യദിവസങ്ങളിൽ ഭക്ഷണവും വെള്ളവുമൊന്നുമില്ലായിരുന്നു. തണുത്തു വിറങ്ങലിക്കുമ്പോൾ അൽപം ചൂടുവെള്ളം കിട്ടുന്നതു പോലും വലിയ ആശ്വാസമാണ്. ഡപ്യൂട്ടി കമ്മിഷണർ ആയ സുഹൃത്തിന്റെ വീട്ടിൽനിന്ന് കട്ടൻചായയൊക്കെ തന്ന് ഞങ്ങളെ സഹായിച്ചു. അതിന്റെയൊക്കെ ബലത്തിലാണ് പിന്നീട് രക്ഷാപ്രവർത്തനം നടത്തിയത്.

അംഗീകാരത്തിന് നന്ദി, കടപ്പാട് മേലധികാരികളോട്

ജോലി ടൂറിസം വകുപ്പിലായതുകൊണ്ട് രക്ഷാപ്രവർത്തനത്തിനു ബോട്ട് കൊണ്ടുപോകുമ്പോൾ എവിടെയൊക്കെയാണ് പോയത്, എന്തൊക്കെയാണ് ചെയ്തത്, എത്രപേരെ രക്ഷപ്പെടുത്തി എന്നൊക്കെ മേലധികാരികളോട് റിപ്പോർട്ട് ചെയ്യണം. ഡപ്യൂട്ടി ഡയറക്ടർ ബിന്ദുമണി മാഡത്തോടായിരുന്നു ഞാൻ റിപ്പോർട്ട് ചെയ്യേണ്ടിയിരുന്നത്. രക്ഷാപ്രവർത്തനം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വിളിക്കാനാണ് മാഡം പറഞ്ഞത്. രാത്രി 12 മണിക്കൊക്കെയാണ് മാഡത്തെ വിളിച്ച് വിവരങ്ങൾ കൈമാറിയിരുന്നത്. എല്ലാ ജില്ലയിൽനിന്നും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഡിപ്പാർട്ട്മെന്റിലേക്ക് അയച്ചുകൊടുത്തിരുന്നു എന്നൊക്കെ പിന്നീടാണറിഞ്ഞത്. 

award-02
അവാർഡ് സ്വീകരണ വേദിയിൽ

അംഗീകാരത്തിനും പിന്തുണയ്ക്കും ഒരുപാടു പേരോടു നന്ദി പറയാനുണ്ട്. ആദ്യം നന്ദിയോടെ ഓർക്കുന്നത് ഗുരുവായൂരപ്പനെയാണ്. പിന്നെ കുടുംബാംഗങ്ങളെ. സരോജനി ടീച്ചർ, ആനി ചേച്ചി, രാമചന്ദ്രൻ പെരിമ്പിടി, കലക്ടർ എം.എസ് ജയ മാഡം, കുടുംബശ്രീ കോഓർഡിനേറ്റർ അബ്ദുൽ ലത്തീഫ്, ഡപ്യൂട്ടി ഡയറക്ടർ ബിന്ദു മണി മാഡം, ക്രൈംബ്രാഞ്ച് റിട്ട. എസ്പി ആർ.കെ. ജയരാജൻ സർ, ഓഫിസിലെ സഹപ്രവർത്തകർ, മാധ്യമസുഹൃത്തുക്കൾ എന്നിവരോടൊക്കെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

പ്രളയകാലത്തെ ആദ്യ രക്ഷാപ്രവർത്തക

ബോട്ടിന്റെ ഉടമസ്ഥർ, രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവരെയൊക്കെ തിരുവനന്തപുരത്ത് വച്ച് ആദരിക്കുന്നു എന്ന അറിയിപ്പിനെ തുടർന്നാണ് ഡപ്യൂട്ടി ഡയറക്ടർ, സെക്രട്ടറി എന്നിവർക്കൊപ്പം തിരുവനന്തപുരത്തു പോയത്. അവിടെ വച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സാർ പറയുമ്പോഴാണ് പ്രളയദുരന്തത്തിൽ കേരളത്തിൽ ആദ്യം രക്ഷാപ്രവർത്തനത്തിനിറങ്ങിയ സ്ത്രീ ഞാനാണെന്നറിയുന്നത്. ഓഗസ്റ്റ് 16,17,18 തീയതികളിൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കേരളത്തിലെ ആദ്യ വനിത എന്ന നിലയിലാണ് അംഗീകാരങ്ങൾ തേടി വന്നത്. രക്ഷാപ്രവർത്തനങ്ങൾ മൂന്നും നാലും ദിവസം പിന്നിട്ടപ്പോൾ ഒഫിഷ്യലായൊക്കെ സ്ത്രീകൾ രക്ഷാപ്രവർത്തനത്തിനിറങ്ങിയിരുന്നു. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയപ്പോഴോ പിന്നീടോ ഇതേക്കുറിച്ചൊന്നും അറിയില്ലായിരുന്നു. സെപ്റ്റംബർ മൂന്നിനാണ് അവാർഡ് ലഭിച്ചത്. 

award-03

ഓണത്തിന്  അവർ പുതിയ  വീട്ടിലേക്ക്  മാറും

മണലൂർ ക്യാംപിൽ രക്ഷാപ്രവർത്തനത്തിന് പോയപ്പോഴാണ് ഒരു കുടുംബത്തെ പരിചയപ്പെടുന്നത്.  ആദ്യം പോയപ്പോൾ അവരെ കണ്ടിരുന്നില്ല. മടങ്ങിപ്പോയാൽ താമസിക്കാനിടമില്ലാത്തതിനാൽ ക്യാംപിൽ തുടരുന്ന കുടുംബത്തെക്കുറിച്ച് പ്രാദേശിക ചാനലിൽ വന്ന വാർത്ത ശ്രദ്ധയിൽ പെട്ടത് ആ സമയത്താണ്. വിശദാംശങ്ങളറിയാൻ അന്നു തന്നെ ആ റിപ്പോർട്ടറെ വിളിച്ചു. അദ്ദേഹത്തിൽനിന്ന് കിട്ടിയ വിവരങ്ങളനുസരിച്ചാണ് ആ കുടുംബത്തെത്തേടി വീണ്ടും ക്യാംപിലെത്തിയത്. ഭാര്യയും ഭർത്താവും കുട്ടികളുമടങ്ങുന്ന ചെറിയ കുടുംബം. ഗൃഹനാഥന് ലിവർ സിറോസിസാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ വയറിൽനിന്ന് അഞ്ചു മുതൽ ഏഴു ലീറ്റർ വരം വെള്ളമാണ് ആശുപത്രിയിൽപ്പോയി കുത്തിയെടുത്തിരുന്നത്. ഭാര്യയ്ക്ക് ജോലിയില്ല. ചികിൽസകൾ നടക്കുന്നുണ്ടായിരുന്നു. മടങ്ങാൻ സ്ഥലമില്ലാത്തതിനാൽ രണ്ടരമാസമാണ് അവർ ക്യാംപിൽ കഴിഞ്ഞത്. 

അവരുടെ അവസ്ഥയറിഞ്ഞപ്പോൾ ചികിൽസാ സഹായത്തിനും മറ്റുമായി ഒരു അക്കൗണ്ട് തുടങ്ങി. ഒരുപാടു പേർ സഹായിച്ചു. ഫിറോസ് എന്നയാൾ മൂന്നു ലക്ഷം രൂപ നൽകി. ചികിൽസയ്ക്കുള്ള തുക കഴിഞ്ഞ് അവർക്ക് സ്വന്തമായി ഒരു വീട് നൽകാനായി ശ്രമം തുടങ്ങി. 'നീ സഹായം ചോദിക്കുന്നത് നിന്റെ ആവശ്യത്തിനല്ലല്ലോ മറ്റുള്ളവരുടെ ആവശ്യത്തിനല്ലേ' എന്നു പറഞ്ഞ് ഒരുപാടാളുകൾ സഹായിച്ചു. ഈ ആവശ്യവുമായി ജോയ് ആലൂക്കാസ് അധികൃതരെ സമീപിച്ചു. സ്വന്തമായി സ്ഥലമുണ്ടെങ്കിൽ വീടുവയ്ക്കാൻ സഹായിക്കാമെന്ന് അവർ ഏറ്റു. എന്റെ ഭർത്താവിന്റെ നിരന്തര അന്വേഷണത്തിന്റെ ഫലമായി ആ കുടുംബത്തിന് 4 സെന്റ് സ്ഥലം സ്വന്തമാക്കാനായി. നാലു സെന്റ് ഭൂമിയിൽ വീടിന്റെ നിർമാണം നടക്കുകയാണ്. ഈ ഓണത്തിന് മുൻപ് അവർ പുതിയ വീട്ടിൽ കയറിത്താമസിക്കും. 

ഒരു സങ്കടം, ആ സുന്ദരമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഗൃഹനാഥൻ ഇല്ല. ആ പെൺകുട്ടി എന്നോട് പറഞ്ഞു: '' ചേച്ചിയുടെ കൈയിൽ നിന്നാണ് ചികിൽസാ സഹായം കിട്ടിയത്. ഇപ്പോൾ ആ സഹായം സ്വന്തമായി ഒരു വീടുവരെ എത്തി നിൽക്കുന്നു''. അവർ ആ വീട്ടിൽ താമസിക്കുമ്പോൾ എന്റെ സന്തോഷം എത്രത്തോളമാണെന്ന് പറഞ്ഞറിയിക്കാനാകുന്നില്ല. 

ഈ വർഷത്തെ രക്ഷാപ്രവർത്തനമിങ്ങനെ

ഇക്കുറി പ്രളയമെത്തിയപ്പോൾ ആദ്യം രക്ഷാപ്രവർത്തനത്തിനിറങ്ങിയത് പെരിങ്ങാവിലാണ്. വീടുകളിൽ കുടുങ്ങിയവരെ ക്യാംപുകളിലേക്കു മാറ്റാനാണ് ശനിയാഴ്ച പോയത്. അഗ്നിശമന സേനയൊക്കെ സജീവമായി രംഗത്തുണ്ടായിരുന്നു. ഓഗസ്റ്റ് 16 വരെ ആളുകൾ ക്യാംപിൽ തുടരണമെന്ന് കലക്ടറുടെ നിർദേശമുണ്ടായിരുന്നു. അതിനിടെ നിലമ്പൂർ എടവണ്ണയിൽനിന്ന് ഒരു ബന്ധു വിളിച്ചു. പോത്തുകല്ല് പ്രദേശത്തെ ക്യാംപിലേക്ക് സ്ത്രീകൾക്കുള്ള വസ്ത്രങ്ങളും മറ്റും വേണം. അടിവസ്ത്രങ്ങളും സാനിറ്ററി പാഡുകളുമാണ് അത്യാവശ്യം.

വിവിധ അളവുകളിലുള്ള 500 പീസ് സാധനങ്ങളുമായി രാത്രി 11 മണിയോടെ അങ്ങോട്ടു പുറപ്പെട്ടു. പക്ഷേ  വെള്ളം കയറിയതുകൊണ്ട് വണ്ടി പോകുന്നില്ല. നെറ്റ്‌വർക്ക് പ്രശ്നങ്ങളുള്ളതുകൊണ്ട് ബന്ധപ്പെട്ടവരെ ഫോണിൽ കിട്ടുന്നുമില്ല. ശരിക്കും പെട്ടുപോയ അവസ്ഥ. കലക്ടറേറ്റിലും പൊലീസ് സ്റ്റേഷനിലുമൊക്കെ കയറിയിറങ്ങി ഒടുവിൽ ക്യാംപ് കണ്ടെത്തി. 1800 ഓളം പേരുണ്ടായിരുന്ന ആ ക്യാംപിൽ 582 സ്ത്രീകളും 10 വയസ്സിൽ താഴെയുള്ള 85 കുട്ടികളുമുണ്ടായിരുന്നു. മിക്കവാറും സാധനങ്ങളെല്ലാം ഏതെങ്കിലും ഒരു ക്യാംപിലേക്കായിരിക്കും എത്തുന്നത്.  പോത്തുകല്ലിലെ 14 ക്യാംപുകളിലെ പ്രവർത്തനങ്ങൾ കോഓർഡിനേറ്റ് ചെയ്യുന്ന ഒരു പയ്യനുണ്ട്. അവനാണ് ഓരോ ക്യാംപിലും ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നത്. 

മുരുകാഞ്ഞിരത്തെ കാഴ്ച മനസ്സു കുളിർപ്പിച്ചു

മുരുകാഞ്ഞിരം ക്യാംപിൽ 164 പേരാണുണ്ടായിരുന്നത്. പക്ഷേ ഞങ്ങൾ ചെല്ലുമ്പോൾ പത്തമ്പത്തിരണ്ടു പേരൊക്കെയേ അവിടുണ്ടായിരുന്നുള്ളൂ. അന്വേഷിച്ചപ്പോഴാണറിഞ്ഞത് ക്യാംപിലെ സ്ത്രീകൾക്കും കുട്ടികൾക്കും ഉറങ്ങാനുള്ള സൗകര്യം പരിസരത്തെ വീട്ടുകാർ ഒരുക്കിയിട്ടുണ്ടെന്ന്. ആ നന്മ മനസ്സിൽ തൊട്ടു. വലിയ വീടുകളിൽ പത്തും പതിനഞ്ചും സ്ത്രീകളൊക്കെ കാണും. രക്ഷാപ്രവർത്തനത്തിന് ചെന്ന ഞങ്ങൾക്കും വീടുകളിൽ താമസിക്കാനുള്ള സൗകര്യമൊരുക്കിയിരുന്നു. ക്യാംപുകളിലേക്കുള്ള ഭക്ഷണം പാകം ചെയ്യാൻ അങ്കണവാടി ജീവനക്കാരുടെയും ആശാവർക്കർമാരുടെയും സഹായം ലഭിക്കുന്നുണ്ട്. ഏറ്റവും വലിയ ക്യാംപ് പൂളപ്പാറയിലേതാണ്. 1800 ഓളം പേരാണ് അവിടെ താമസിക്കുന്നത്. പ്രളയക്കെടുതി ഏറെ അനുഭവിച്ച ഭൂദാനത്തൊക്കെ സഹായങ്ങൾ എത്തുന്നുണ്ട്.

ക്യാംപ് പിരിച്ചു വിടുന്ന സമയത്തും സഹായം എത്തണം

വ്യക്തിപരമായി ശേഖരിച്ച സാധനങ്ങൾ ക്യാംപ് പിരിഞ്ഞതിനു ശേഷം ആളുകളിലെത്തിക്കാനാണ് എന്റെ തീരുമാനം. ക്യാംപിൽനിന്നു മടങ്ങുന്നവർക്ക് ആ സമയം ഏറെ സഹായം ആവശ്യമാണ്. പാഠപുസ്തകങ്ങളും ബാഗുകളുമെല്ലാം പ്രളയം കവർന്ന സങ്കടത്തിൽ സ്കൂളിലേക്ക് പോകാൻ തയാറെടുക്കുന്ന കുഞ്ഞുങ്ങളുൾപ്പടെയുള്ളവരിൽ സഹായങ്ങളെത്തണം. ക്യാംപിൽനിന്നു മടങ്ങി വീട്ടിലെത്തിയവരെയും സന്ദർശിച്ചിരുന്നു. വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം ക്യാംപിലേക്കു നൽകിയതിനാൽ കുഞ്ഞുങ്ങൾക്ക് ആഹാരം കൊടുക്കാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ അവിടെ കണ്ടു

renjini-05
പ്രളയം രണ്ടാംവട്ടവും കേരളത്തിൽ താണ്ഡവമാടിയപ്പോൾ

. ' ഒന്നും തോന്നരുത്, പഞ്ചസാരയില്ലാത്തതു കൊണ്ടാ ചായയെടുക്കാത്തത്' എന്ന് നിസ്സഹായരായി അവർ പറയുന്നതു കേൾക്കുമ്പോൾ ഉള്ളുപിടയും. ക്യാംപിലുള്ളവരെപ്പോലെ അവർക്കും സഹായങ്ങൾ ആവശ്യമാണ്. പണ്ട് കുറിയൊക്കെ കൂടി സാധനങ്ങളൊക്കെ വാങ്ങിയിരുന്നവരാണ്. എല്ലാം പ്രളയം കൊണ്ടുപോയപ്പോൾ കിലോമീറ്ററുകൾ അകലെയുള്ള കടകളിൽ നിന്ന് പണംകൊടുത്ത് സാധനങ്ങൾ വാങ്ങണം. ഒരപകടമുണ്ടായപ്പോൾ വീട്ടിലുണ്ടായിരുന്ന സാധനങ്ങൾ വരെ ക്യാംപിൽ കൊടുക്കാൻ സന്മനസ്സു കാട്ടിയ ആളുകൾക്ക് അന്നത്തിന് മുട്ടുണ്ടാകരുത് എന്നു മാത്രമാണ് ഇപ്പോൾ മനസ്സിലുള്ളത്.

കെയർ ടേക്കറാണ്, ഒഫിഷ്യലായും പഴ്സനലായും

പൂമല ഡാമിന്റെ കെയർ ടേക്കറായ രഞ്ജിനി അഞ്ചുവർഷമായി ജോലിയിൽ പ്രവേശിച്ചിട്ട്. 18 വർഷമായി പൊതുപ്രവർത്തനത്തിൽ സജീവമാണ്. പ്രായമായ അച്ഛനമ്മമാരെ സംരക്ഷിക്കാൻ  വേണ്ടിയുള്ള സ്നേഹസ്പർശം (ഗുരുവായൂർ) എന്ന സംഘടനയിലും വായനശാലാ പ്രവർത്തനങ്ങളിലും കുന്നംകുളം പാലിയേറ്റീവ് കെയറിലും സജീവമാണ്. കുടുംബശ്രീയിൽ പ്രവർത്തിക്കെ പ്രദേശത്തെ മഴക്കാല ദുരിതകാലത്ത് രക്ഷാപ്രവർത്തനത്തിൽ സജീവമായിരുന്നു. എളവള്ളി കടവല്ലൂർ ദേശം കടവല്ലൂർ വീട്ടിൽ അനിലാണ് ര‍ഞ്ജിനിയുടെ ഭർത്താവ്. രണ്ട് മക്കൾ: വൈശാഖും വൈഷ്ണവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA