sections
MORE

ഇന്നുവരെ കണ്ടിട്ടില്ല, ഇങ്ങനെയൊരു നടന ഭാഷ; സിൽവി ടീച്ചർ അടിപൊളിയാണ്!

SHARE

‘‘അവർ നമ്മളെ ചിലപ്പോൾ കെട്ടിപ്പിടിക്കും, ഉമ്മ വയ്ക്കും, അപ്പോഴുണ്ടാകുന്ന സന്തോഷമുണ്ടല്ലോ... അത് പറഞ്ഞറിയിക്കാനാകില്ല.’’ – പറയുന്നത് നിഷിലെ (നാഷനൽ  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്) അധ്യാപിക സിൽവി മാക്സി മേന. മൗനത്തിനും ഒരു ഭാഷയുണ്ട്. ഹൃദയത്തിന്റെ ഭാഷ.  ഹൃദയബന്ധത്തിന്റെ ആ ഭാഷയിലാണ് നിഷിലെ വിദ്യാർഥികളെ സിൽവി ടീച്ചർ ‘മുദ്രനടനം’ പഠിപ്പിച്ചത്.‌

പാട്ടുകേൾക്കാതെ എങ്ങനെയാണ് നൃത്തച്ചുവടുകൾ വയ്ക്കുക. ടീച്ചർക്ക് അതിന് ഉത്തരമുണ്ട് – ‘‘ഈ കുട്ടികളുടെ സംഗീതം ഹൃദയത്തിലാണ്. ഹൃദയത്തിലെ സംഗീതം ശ്രവിച്ചാണ്, ആ താളത്തിലാണ് അവരുടെ കൈകളിൽ മുദ്ര വിരിയുന്നത്. മുദ്രനടനം  കുട്ടികളെ പഠിപ്പിക്കുമ്പോള്‍ അത് എത്ര ഫലപ്രദമാകും എന്നതിൽ ടീച്ചർക്കു വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. എന്നാൽ പ്രതീക്ഷകൾക്കും അപ്പുറത്തായിരുന്നു വേദിയിൽ കുട്ടികൾ നൽകിയ പ്രകടനം.

mudra-nadanam

ശ്രവണവാഗ്​വൈഭവങ്ങളിൽ വെല്ലുവിളി നേരിടുന്ന, എന്നാൽ ആ കുറവുകളെ ഇതരവൈഭവങ്ങൾ കൊണ്ടു മറികടക്കുന്ന നിഷിലെ വിദ്യാർഥികൾക്കായി സിൽവി ടീച്ചർ വികസിപ്പിച്ചെടുത്ത ആശയമാണ് മുദ്ര നടനം. മോഹിനിയാട്ടം, കേരള നടനം എന്ന പോലെ ഒരു നൃത്തം. വർഷങ്ങളെടുത്ത് അവർക്കായി ടീച്ചർ തയാറാക്കിയതാണ് മുദ്രനടനം. ലോകത്തിൽ തന്നെ ഇത്തരം ഒരാശയം ഇതാദ്യം. 

ഏഷ്യയിലെ വലിയ കലാമേളയെന്ന് അറിയപ്പെടുന്ന സൂര്യ ഫെസ്റ്റിവലിൽ ഇക്കഴിഞ്ഞ  ഡിസംബറിൽ നിഷിലെ കുട്ടികൾ മുദ്രനടനം അവതരിപ്പിച്ചു. മുദ്രനടനത്തെ കുറിച്ചും നിഷിലെ കുട്ടികൾക്ക് അതു പകർന്നുനൽകിയതിന്റെ അനുഭവങ്ങളെയും കുറിച്ച് സിൽവി ടീച്ചർ മനോരമ ഓൺലൈനോട്: 

trivandrum-mudranadanam
നിഷിലെ വിദ്യാർഥിനികൾ അവതരിപ്പിച്ച മുദ്രനടനം

എന്താണ് മുദ്ര നടനം? 

ശ്രവണശേഷിയില്ലാത്ത കുട്ടികളെ ആംഗ്യഭാഷയിലൂടെ പഠിപ്പിക്കുന്ന നൃത്തരൂപമാണിത്. നിഷിലെ ഇംഗ്ലിഷ് അധ്യാപികയാണ് ഞാൻ. ചിഹ്നങ്ങളുപയോഗിച്ചാണല്ലോ ഇവിടെ കുട്ടികൾ സംസാരിക്കുന്നത്. അതുകൊണ്ടു തന്നെ സാധാരക്കാർ ഉപയോഗിക്കുന്നതിൽ വാക്കുകൾ ഇവർക്ക് ഏറെ കുറവാണ്. വായനാശീലവും പൊതുവേ കുറവായിരിക്കും. കലയുമായും സാഹിത്യവുമായും ഏറെ ബന്ധം ഉണ്ടാകാറുമില്ല. ദേശീയ ഗാനമാണ് ആദ്യമായി അവരെ ആംഗ്യഭാഷയിലൂടെ പഠിപ്പിച്ചത്. കുട്ടികൾ അത് ഭംഗിയായി ചെയ്തു. പിന്നീട്, വന്ദേമാതരം. ദേശീയ ഗാനവും വന്ദേമാതരവുമെല്ലാം സ്കൂൾ അസംബ്ലിയിലും മറ്റും അവർ തുടർന്നു. അങ്ങനെ വന്നപ്പോൾ അതിൽ ഒരു താളമുണ്ടെന്നു മനസിലായി. കേൾവിയില്ലെങ്കിലും മനസ്സിൽ ഉറയ്ക്കുന്ന താളം. ഈ താളം മനസിലാക്കുന്നതോടെ അവർ അത് ചെയ്യാൻ തുടങ്ങി. പിന്നീട് സ്വാതി തിരുന്നാൾ കൃതികൾ മുദ്രനടനമായി ചെയ്യാൻ തുടങ്ങി. 

ബോർഡിൽ നിറയുന്ന നൃത്തം

വരികള്‍ ബോർഡിൽ എഴുതിയിടും. ശേഷം ഇംഗ്ലിഷിലും മലയാളത്തിലുമുള്ള അർഥം കുട്ടികളെ പറഞ്ഞു മനസിലാക്കും. അവർ അർഥം ഉൾക്കൊണ്ടാൽ മാത്രമേ അവതരിപ്പിക്കാനാകൂ. ഭാവം കൃത്യമായി വരണമെങ്കിൽ വാക്കുകളുടെ അർഥം കുട്ടികൾ മനസിലാക്കണം. മൊത്തത്തിൽ അർഥം മനസിലായാൽ മാത്രമേ അവർക്ക് അത് സ്വയം അവതരിപ്പിക്കാനാകൂ. പദങ്ങളും ആശയവും മനസിലാകണം. എങ്കിൽ മാത്രമേ കൂട്ടികൾക്ക് അത് ചെയ്യാൻ കഴിയൂ. ഇത് പഠിപ്പിക്കുമ്പോൾ അവർ കൂടുതൽ പദങ്ങൾ പഠിക്കുന്നുണ്ട്. അവരുടെ പദസമ്പത്ത് വർധിക്കുന്നതായി കണ്ടു. വാക്കുകൾ ഇത്തരത്തിൽ കൂടുതൽ പഠിക്കുന്നത് അവർക്ക് ഗുണകരമാകുന്നതായും മനസ്സിലായി. 2013 ൽ ഞാന്‍  കരാട്ടെ  സംസ്ഥാന ചാംപ്യനായിരുന്നു. ഇതിന്റെ ചില പാഠങ്ങൾ കുട്ടികൾക്ക് നൽകിയിരുന്നു. ഇത് വിജയകരമായതും മുദ്രനടനം പരിശീലിപ്പിക്കാൻ ധൈര്യം നൽകി.

മോഹിനിയാട്ടത്തിന്റെ വേഷമാണ് ഉപയോഗിക്കുന്നത്. എന്നാൽ, മോഹിനിയാട്ടത്തിന്റെ മുദ്രകൾ ഉപയോഗിക്കുന്നില്ല. പൂർണമായും ആംഗ്യഭാഷയാണ് ഉപയോഗിക്കുന്നത്. മോഹിനിയാട്ടവുമായി ഇത് താരതമ്യം ചെയ്തു നോക്കി. മോഹിനിയാട്ടത്തില്‍ പലപ്പോഴും പൂർണമായി ചലനങ്ങൾ ഉപയോഗിക്കാൻ സാധിക്കില്ല. എന്നാൽ ഇവിടെ എല്ലാ പദങ്ങളും ആംഗ്യഭാഷ ഉപയോഗിച്ചു നമുക്ക് ചെയ്യാൻ സാധിക്കും. കാരണം എല്ലാ പദങ്ങള്‍ക്കും ആംഗ്യഭാഷയുണ്ട്. അതുകൊണ്ടു തന്നെ കൂടുതൽ ആംഗ്യഭാഷകൾ മുദ്രനടനത്തിൽ ഉപയോഗിക്കാൻ സാധിക്കും. സാധാരണക്കാർക്കും ഉൾക്കൊള്ളാനാകും വിധമാണ് ഇത് ഒരുക്കിയിരിക്കുന്നത്.

സ്വാതികൃതികളും സിനിമാ ഗാനങ്ങളും

സ്വാതിതിരുനാൾ കൃതികളാണ് പ്രധാനമായുംമുദ്ര നടനത്തിനായി തിരഞ്ഞെടുത്തത്. ഈശ്വരനുമായുള്ള പ്രണയമാണ് ഈ കൃതികളിൽ പ്രധാനമായുള്ളത്. ‘അളിവേണി എന്തു ചെയ്‌വൂ...’ എന്നതാണ് ആദ്യം കുട്ടികളെ പഠിപ്പിച്ചത്. ഈശ്വരൻ ജീവിതത്തിൽ ഇല്ലെങ്കിൽ വേറെ എന്തുണ്ടായിട്ടും കാര്യമില്ലെന്നാണ് ഈ കൃതിയിൽ പറയുന്നത്. ‘ഹൃദയ സരസിലെ പ്രണയ പുഷ്പമേ...’, ‘ഒരു പുഷ്പം മാത്രമെൻ...’ എന്നിങ്ങനെയുള്ള സെമി ക്ലാസിക്കൽ സിനിമാ ഗാനങ്ങളിലും മുദ്രനടനം ചെയ്തിട്ടുണ്ട്. ‘വൈഷ്ണവ ജനതോ തേനേ കഹിയേ ജേ...’, ‘രഘുപതി രാഘവ രാജാറാം...’, ‘എക്‌ ലചലോ രേ...’ തുടങ്ങിയവയും ചെയ്തിട്ടുണ്ട്.  കൺടംപററി സ്റ്റൈലിൽ അത് ചെയ്തത്. 

അവർ കാഴ്ചവെച്ച അദ്ഭുതം

മനോഹരങ്ങളായ ഈ വരികൾ കേട്ടല്ല  കുട്ടികൾ ചുവടുവയ്ക്കുന്നത്. എന്നാൽ അതിന്റെ ആശയം അത്രയേറെ ഉൾക്കൊള്ളുന്നുമുണ്ട്. ഇവ കേട്ടുചെയ്യാൻ തന്നെ ഏറെ ബുദ്ധിമുട്ടാണ്. പക്ഷേ, അവരെങ്ങനെയാണ് ഇത് ചെയ്യുന്നതെന്ന് അറിയില്ല. എന്തു തന്നെയായാലും വലിയ അദ്ഭുതമാണത്. 2019 ഡിസംബർ 19 ന് സൂര്യ ഫെസ്റ്റിവലി‍ൽ മുദ്രനടനം അവതരിപ്പിച്ചു. ഇത് വളരെ അദ്ഭുതപ്പെടുത്തിയെന്ന്  സൂര്യകൃഷ്ണമൂർത്തി സർ പറഞ്ഞു. ഞാന്‍ കുട്ടികൾക്കൊപ്പം ഉണ്ടായിരുന്നു. എന്നാല്‍, അവരാരും തന്നെ എന്നെ നോക്കിയിട്ടല്ല ഇത് ചെയ്യുന്നത്. പക്ഷേ, കൃത്യമായി തന്നെ കുട്ടികൾ അതു ചെയ്യുന്നു. വലിയൊരു സന്തോഷമാണ് ആ കുട്ടികൾക്കുമുള്ളത്. അവതരണത്തിനു ശേഷം  അവരുടെ സന്തോഷം കാണേണ്ടതാണ്. നമ്മളെ കെട്ടിപ്പിടിച്ച് അവർ ഉമ്മ തരും. അതൊക്കെ വലിയ സന്തോഷമാണ്. 

ആംഗ്യഭാഷ പഠിച്ചത് സുഹൃത്തിനായി

കോട്ടയം സിഎംഎസ് കോളജിലാണ് ഞാൻ പഠിച്ചത്. അവിടെ ശ്രവണശേഷിയില്ലാത്ത ഒരു സുഹൃത്തുണ്ടായിരുന്നു. ആ സുഹൃത്തിനോട് സംസാരിക്കാനാണ് ആംഗ്യഭാഷ ഉപയോഗിച്ചത്. അന്നു മുതൽ ‘സൈൻ ലാംഗ്വേജ്’ പഠിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. അന്നൊക്കെ ദൂരദർശനിൽ ആംഗ്യഭാഷയിൽ ഒരു സ്ത്രീ വാര്‍ത്ത അവതരിപ്പിക്കുമായിരുന്നു. ഞാനത് ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്തു. ഈ താത്പര്യം കണ്ട്  എന്തിനാണ് ഇതങ്ങനെ നോക്കിയിരിക്കുന്നതെന്ന് വീട്ടിലുള്ളവർ ചോദിക്കുമായിരുന്നു. 

2012 ലാണ് മുദ്രനടനത്തെക്കുറിച്ച് ആലോചിക്കുന്നത്. കീർത്തനങ്ങൾ തിരഞ്ഞെടുക്കുകയും മറ്റും ചെയ്തത് വർഷങ്ങളിലൂടെയാണ്. 2016 ലാണ് നിഷിലേക്ക് അവതരിപ്പിക്കുന്നതെങ്കിലും അതിനു മുൻപുള്ള വർഷങ്ങളിൽ തന്നെ തയാറെടുപ്പുകള്‍ ഉണ്ടായിരുന്നു. മുദ്രകൾ മുഴുവൻ ആംഗ്യഭാഷയിലാണ്. അവിടെയുള്ള കുട്ടികൾക്ക് അത് ഇഷ്ടമായി. അവർക്ക് പെട്ടെന്നു മനസിലാകുകയും ചെയ്തു. 2011 ല്‍ നിഷിൽ അധ്യാപികയായി എത്തി. അന്നു മുതൽ ഈ കുട്ടികൾക്കിഷ്ടമുള്ള രീതിയിൽ അവരെ പഠിപ്പിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ക്ലാസുകൾ മിക്കവാറും ആക്ടിവിറ്റികളിലൂടെയാണ്. 

silvy
സിൽവി മാക്സി മേന

ആംഗ്യത്തിന്റെ നടനതാളം

പാട്ടുകൾ പഠിപ്പിക്കുന്നത് താളത്തോടെ കുട്ടികൾക്ക് ചെയ്യാൻ കഴിയുന്നു എന്നത് വലിയ പ്രചോദനമായിരുന്നു. ആദ്യം സിനിമാപാട്ടുകൾ അവരെ കൊണ്ട് ചെയ്തു നോക്കി. അത് അവർ നന്നായി ചെയ്യുന്നതു കണ്ടപ്പോഴാണ് സ്വാതിതിരുന്നാൾ കൃതികൾ ചെയ്താലോ എന്ന ആശയം വന്നത്. നമുക്ക് തന്നെ അതിന്റെ അർഥം മനസിലാക്കി എടുക്കാൻ വലിയ പ്രയാസമാണ്. ‘മലയജം’ എന്നു പറയുന്നത് എന്താണെന്നു നമുക്ക് അറിയില്ല. ഞാൻ അത് കുറെ തിരഞ്ഞപ്പോഴാണ് ‘മലയജം’ എന്ന പദം അർഥമാക്കുന്നത് ‘ചന്ദനം’ എന്നാണെന്ന് മനസിലായത്. അങ്ങനെ അതു മനസിലാക്കി എടുക്കാൻ തന്നെ കുറെ സമയമെടുക്കും. അതിനുശേഷമാണ് നമ്മൾ അത് ആംഗ്യഭാഷയിലേക്കു മാറ്റുന്നത്. എത്രത്തോളം ഈ താളവുമായി കണക്ട് ചെയാൻ സാധിക്കുമെന്ന് നമ്മൾ നോക്കണം. കാരണം ആ താളത്തിലൂടെയാണ് അവരെ നമ്മൾ പഠിപ്പിക്കുന്നത്. താളം പിഴച്ചാൽ പിന്നെ ശരിയാകില്ല. കരാട്ടെയും ഞാൻ അവരെ പഠിപ്പിക്കാറുണ്ട്. ആർട്സും സ്പോർട്സും കുട്ടികൾക്ക് താത്പര്യമാണ്. ഇത് രണ്ടും ആംഗ്യഭാഷയിലൂടെ ഞാൻ അവരെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. 

വീട്ടിലാണ് ആദ്യം ചെയ്തു നോക്കിയത്. ഭർ‌ത്താവും മകളും ഇതു കൊള്ളാമെന്നു പറഞ്ഞു. ഭർത്താവാണ് ‘മുദ്രനടനം’ എന്ന പേര് നിർദേശിക്കുന്നത്. കേട്ടപ്പോൾ നല്ലതാണെന്നു തോന്നി. മുദ്രകൾ കൊണ്ടു മാത്രമാണല്ലോ ഇത് ചെയ്യുന്നത്. വീട്ടിൽ നിന്നും ഭർത്താവ് മാക്സി വിശ്വാസ് മേനയുടെയും മകൾ കൃപയുടെയും പിന്തുണയാണ് ഇത്തരം കാര്യങ്ങൾക്കുള്ള പ്രോത്സാഹനം. മേക്കപ്പിന്റെ കാര്യത്തിലും മറ്റും നിർദേശങ്ങൾ നൽകുന്നതും ഭർത്താവും മകളും തന്നെയാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA