sections
MORE

ജോലിയോ കുടുംബമോ? പ്രതിസന്ധിഘട്ടത്തിൽ ആ തീരുമാനം: മനസ്സു തുറന്ന് സുപ്രിയ

SHARE

മലയാളം പറയുന്നതിൽ ബുദ്ധിമുട്ടുള്ളതുകൊണ്ടാണോ വിഡിയോ അഭിമുഖങ്ങൾക്ക് അധികം പിടി കൊടുക്കാത്തത് ? 

അങ്ങനെയല്ല. കഴിഞ്ഞ കുറച്ചു നാളുകളായി ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്തിരുന്നില്ല. അതുകൊണ്ട് ഒരു ഇന്റർവ്യുവിന്റെ ആവശ്യമില്ലായിരുന്നു. ഇപ്പോൾ ഞാൻ രണ്ടു പടങ്ങൾ നിർമിച്ചു. ഡ്രൈവിങ് ലൈസൻസ് വലിയ ഹിറ്റായി. എനിക്ക് പറയാനെന്തെങ്കിലുമൊക്കെ ഉണ്ടെന്ന് തോന്നുന്നു. പിന്നെ എനിക്ക് മലയാളം അറിയില്ല എന്നല്ല. പക്ഷേ ഞാൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഞാൻ പറയുന്ന മലയാളത്തിലൂടെ എനിക്ക് കൺവേ ചെയ്യാൻ പറ്റുമോ എന്നുള്ള പേടി ഉണ്ട്. പൃഥ്വിരാജ് പറയുന്നതു പോലെ മലയാളം പറയാൻ എനിക്ക് പറ്റിയെന്നു വരില്ല. 

ജോലി ഉപേക്ഷിച്ചതിനെക്കുറിച്ചോർത്ത് നഷ്ടബോധം തോന്നിയിട്ടുണ്ടോ ?

നഷ്ടബോധം ഒന്നുമില്ല. ഇപ്പോഴും നല്ല സ്റ്റോറികൾ വരുമ്പോള്‍ ബിബിസിക്കു വേണ്ടി ഫ്രീലാൻസ് ചെയ്യാറുണ്ട്. ഞാൻ ഇപ്പോൾ ഒരു നിർമാതാവാണ്. നേരത്തെ ജേർണലിസ്റ്റ് ആയിരുന്നു. രണ്ടും ഒരേ രീതിയിലുള്ള ജോലികളാണെന്നാണ് വിശ്വസിക്കുന്നത്. ജേർണലിസത്തില്‍ നമ്മൾ റിയൽ ലൈഫ് കഥകൾ പറയുന്നു. സിനിമയിൽ ഫിക്ഷണൽ കഥകൾ പറയുന്നു. രണ്ടു പ്രൊഫഷനിലും ഒരേ കാര്യം തന്നെ ചെയ്യുന്നു. ജേർണലിസത്തിലുള്ള പരിചയം‍ സിനിമയിലും എന്നെ സഹായിച്ചിട്ടുണ്ട്. ആൾക്കാരുമായി ഇടപഴകുന്നതെങ്ങനെയെന്നും. പ്രത്യേകിച്ച് മീഡിയയുമായി എങ്ങനെ ഇന്ററാക്റ്റ് ചെയ്യണമെന്നതും പഠിച്ചു. രണ്ടും തമ്മിൽ ഒരു വ്യത്യാസം മാത്രം. നേരത്തെ ഞാൻ നിങ്ങളിരുന്നിടത്ത് ഇരുന്ന് ചോദ്യങ്ങൾ ചോദിച്ചിരുന്നു ഇപ്പോൾ ഞാൻ നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നു.

wday17

കല്യാണം കഴിഞ്ഞ് ഞാൻ ജോലിയിലേക്ക് തിരിച്ചു പോയിരുന്നു. ആ സമയത്ത് പൃഥ്വി ഹിന്ദി സിനിമ ചെയ്യുന്ന സമയമായിരുന്നതു കൊണ്ട് പൃഥ്വിയും മുംബൈയിൽ ഉണ്ടായിരുന്നു. ആ സിനിമയ്ക്കു ശേഷം വീണ്ടും മലയാളത്തിൽ തിരക്കായപ്പോൾ ‍ഞാൻ മുംബൈയിലും പൃഥ്വി കേരളത്തിലുമായി. എല്ലാ വെള്ളിയാഴ്ചയും ഞാൻ  കേരളത്തിൽ വരും തിങ്കളാഴ്ച രാവിലെ വീണ്ടും മുംബൈയിലേക്ക്. രണ്ടുമൂന്ന് മാസം ഇതേ രീതിയിൽ പോയിക്കൊണ്ടിരുന്നപ്പോൾ എനിക്ക് വല്ലാത്ത ബുദ്ധിമുട്ടായി. അന്നൊക്കെ പൃഥ്വിയോട് വഴക്കടിച്ചിരുന്നു. എല്ലാ ആഴ്ചയും ഞാൻ ലീവെടുത്ത് വരും പൃഥ്വിക്ക് ഒന്നു മുംബൈയിലേക്ക് വന്നൂടെ എന്നു ചോദിക്കും. പക്ഷേ, ഒരു ഹീറോ ലീവെടുത്താൽ ഒരു പ്രൊഡ്യൂസർക്ക് എത്ര ബുദ്ധിമുട്ടുണ്ടാകുമെന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി. കുടുംബം വേണോ ജോലി വേണോ എന്നൊരു ഘട്ടം എത്തിയപ്പോൾ ഞാൻ കുടുംബം തന്നെ തിരഞ്ഞെടുത്തു. 

മുംബൈയിൽ നിന്ന് കേരളത്തിലേക്ക് താമസം മാറിയപ്പോൾ ബുദ്ധിമുട്ടിയോ?

ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. ഞാൻ അതുവരെ കേരളത്തിൽ താമസിച്ചിട്ടില്ലായിരുന്നു. കുട്ടിക്കാലത്ത് പാലക്കാട്ടെ തറവാട്ടിൽ വന്നു താമസിച്ചിരുന്നു. പക്ഷേ വലുതായതിനു ശേഷം പഠന‌ത്തിന്റെയും ജോലിയുടെയും തിരക്കായതോടെ കേരളത്തിലേക്ക് വരാറേ ഇല്ലായിരുന്നു. ആദ്യമൊക്കെ ബോംബെ എപ്പോഴും മിസ് ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ പക്ഷേ കൊച്ചി പഴയ കൊച്ചിയല്ല. എനിക്കിവിടെ കുറേ ഫ്രണ്ട്സ് ഉണ്ട്. പൃഥ്വിക്കും ഇവിടെയാണിഷ്ടം.

ഇൗ മാറ്റത്തിന്റെ ഘട്ടത്തിൽ പൃഥ്വി സുപ്രിയയെ എത്രത്തോളം സഹായിച്ചു ?

എന്നെ ഒരിക്കലും പൃഥ്വി തനിച്ചാക്കിയിരുന്നില്ല.ആ സമയത്ത് എപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഒരുപാട് യാത്രകൾ ചെയ്തു. ഇവിടം പറ്റുന്നില്ലെങ്കിൽ മുംബൈയിലേക്ക് പൊയ്ക്കോളൂ എന്ന് പൃഥ്വി ഇടയ്ക്ക് പറയുമായിരുന്നു. കാരണം പൃഥ്വിക്ക്  എപ്പോഴും തിരക്കായിരുന്നു. പിന്നെ മോളുണ്ടായ ശേഷം കുറെ മാറ്റങ്ങൾ വന്നു. ഇപ്പോൾ ഞാൻ വളരെ സന്തോഷവതിയാണ്. 

കേരളത്തിലെ വനിതാ മാധ്യമപ്രവർത്തകരെ കാണുമ്പോൾ അന്നത്തെ കാലം ഒാർക്കാറുണ്ടോ ?

ഓരോരുത്തർക്കും ഓരോ ഐഡന്റിറ്റി ഉണ്ടല്ലോ. ജേർണലിസ്റ്റ് എന്നതാണ് എന്റെ ഐഡന്റിറ്റി. എന്റെ ജേണലിസ്റ്റ് ഫ്രണ്ട്സുമായി ഇപ്പോഴും ഞാൻ ബന്ധപ്പെടാറുണ്ട്. ഇവിടെ ജേർണലസ്റ്റുകളുമായി അങ്ങനെ കാണാറില്ല. ഇപ്പോൾ ഇന്‍ഡസ്ട്രിയിൽ എനിക്ക് കുറച്ച് സുഹൃത്തുക്കളുണ്ട്. അവരുമായി സംസാരിക്കാറുണ്ട്. ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ബ്രേക്കിങ് ന്യൂസ് സിറ്റുവേഷനാണ്. വലിയ ബ്രേക്കിങ് ന്യൂസൊക്കെ കാണുമ്പോൾ ഞാനും അവിടെ ഒരു മൈക്കും ക്യാമറയുമായി ഉണ്ടായിരുന്നെങ്കിൽ ഇത് കവർ ചെയ്യാമായിരുന്നല്ലോ എന്ന് ചിന്തിക്കാറുണ്ട്. പിന്നെ ഫ്രണ്ട്സുമായി പ്രസ് ക്ലബ്ബിൽ ഉണ്ടായിരുന്ന സമയമൊക്കെ മിസ് ചെയ്യാറുണ്ട്. 

ബോംബെയിലെ ഇൗ പ്രൈവസി കേരളത്തിൽ മിസ് ചെയ്യുന്നില്ലേ ? 

തീർച്ചയായും. പ്രണയിച്ച കാലത്ത് ഞാൻ പൃഥ്വിയെ ഒരു സിനിമാ നടനായും തിരിച്ച് പൃഥ്വി എന്നെ ഒരു ജേർണലിസ്റ്റ് ആയും കരുതിയിട്ടില്ല. പക്ഷേ കേരളത്തിൽ വന്നപ്പോഴാണ് പൃഥ്വി വലിയൊരു സ്റ്റാറാണ് എന്ന കാര്യം ഞാൻ മനസ്സിലാക്കുന്നത്. ഇവിടെ നമ്മൾ ഒരു ഫിഷ് ബൗളിൽ ഇരിക്കുന്നതു പോലെയാണ്. നമ്മൾ അകത്താണ് എല്ലാവരും നമ്മളെ ശ്രദ്ധിക്കുന്നുണ്ട്.എന്തു പറയുന്നു, എന്തു ചെയ്യുന്നു തുടങ്ങി എല്ലാ കാര്യങ്ങളിലും ശ്രദ്ധിക്കണം. അതൊക്കെ ഇവിടെ വന്ന് പഠിച്ചു. ഇവിടെ പുറത്തിറങ്ങി നടക്കാനൊന്നും പറ്റാറില്ല. എങ്കിലും ഞാൻ മുംബൈയിൽ പോകുന്ന സമയത്ത് ഇവിടെ ചെയ്യാൻ പറ്റാത്ത കാര്യങ്ങളൊക്കെ ‌അവിടെ ചെയ്യും. 

പൃഥ്വിരാജിന്റെ ജീവിതത്തിനെയും കരിയറിനെയും ഏറ്റവും കൂടുതൽ സ്വാധീനിച്ചത് സുപ്രിയയാണോ ?

‌എനിക്കങ്ങനെ പറയാൻ പറ്റില്ല. പത്തു വർഷം മുമ്പ് ഞാനും നിങ്ങളും എങ്ങനെയായിരുന്നോ അങ്ങനെയല്ല നമ്മൾ ഇപ്പോൾ. നാം മാറിക്കൊണ്ടിരിക്കുകയാണ്. അത്തരത്തിൽ ഒരു മാറ്റം. പൃഥ്വിക്കും വന്നു കാണും. പിന്നെ ഒരാളുടെ കൂടെ ജീവിക്കുമ്പോൾ അവരുടെ സ്വഭാവവും പേഴ്സണാലിറ്റിയുമൊക്കെ നമ്മളെ ഇൻഫ്ലുവൻസ് ചെയ്യും. നിങ്ങൾ ഇൗ പറയുന്ന വ്യത്യാസം എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. കാരണം ഞാൻ എപ്പോഴും പൃഥ്വിയോടൊപ്പം അല്ലേ താമസിക്കുന്നത്. അന്നും എന്തു കാര്യവും പൃഥ്വി മുഖത്തടിച്ചതു പോലെ പറയും ഇന്നും അങ്ങനെ തന്നെ. 

വീട്ടിലും ഇത്തരത്തിൽ തുറന്നു സംസാരിക്കുന്ന ആളാണോ പൃഥ്വി ? 

തീർച്ചയായും. പുറത്ത് ഇത്രയും തുറന്നു സംസാരിക്കുമെങ്കിൽ വീട്ടിലെ കാര്യം പറയാനുണ്ടോ. എന്തിനാണ് നമ്മൾ എന്തെങ്കിലും ഒളിച്ചു വയ്ക്കുന്നത്. ക്യാമറ ഓഫ് ചെയ്തു കഴിഞ്ഞാൽ പിന്നെ അഭിനയിക്കേണ്ട കാര്യമില്ലല്ലോ. അതാണ് പൃഥ്വിയിൽ ഞാൻ ഇഷ്ടപ്പെടുന്ന കാര്യവും.

അലംകൃത എന്തു ചെയ്യുന്നു ? എങ്ങനെയാണ് അല്ലി നിങ്ങളെ മാറ്റിയെടുത്തത് ?

അലംകൃത യുകെജിയിൽ പഠിക്കുന്നു. വെസ്റ്റേൺ മ്യൂസിക്, ഡ്രോയിംഗ്, തായ്ക്വൊണ്ടോ ഇതൊക്കെ പഠിക്കുന്നുണ്ട്. പുതിയ സ്റ്റെപ്സും ഇടിയുമൊക്കെ എന്റെയും പൃഥ്വിയുടെയും ദേഹത്ത് പരീക്ഷിക്കാറുണ്ട് അവൾ. എന്റെ അച്ഛനും അമ്മയും ഇവിടെ അടുത്താണ് താമസിക്കുന്നത്. അവരുള്ളതു കൊണ്ട് മോളുടെ കാര്യത്തിൽ എനിക്ക് ഒരുപാട് ബുദ്ധിമുട്ട് തോന്നാറില്ല. ഒരു കുഞ്ഞ് വന്നു കഴിഞ്ഞാൽ എല്ലാ കാര്യത്തിലും ഒരു മാറ്റം ഉണ്ടാകും. ഞങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെ. ഞാനും പൃഥ്വിയും അധികം പുറത്തു പോകാറില്ലായിരുന്നു. മോൾ വന്നതിനുശേഷം അവളുമായി പുറത്തു പോകും. അങ്ങനെ അവളുടെ കൂട്ടുകാരുടെ അമ്മമാരുമായി ഫ്രണ്ട്സായി. ഇപ്പോൾ ഞങ്ങളുടെ ഒരു ഗ്രൂപ്പ് തന്നെ ഉണ്ട്. 

അഭിനയത്തിൽ നിന്ന് മാറി സംവിധാനം ചെയ്യുക, ഒരു കഥാപാത്രത്തിനായി മാസങ്ങൾ മാറ്റി വയ്ക്കുക. സുപ്രിയ ഇതൊക്കെ കാണുമ്പോൾ പൃഥ്വിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കാറുണ്ടോ ?

ഒരിക്കലുമില്ല. ഇതൊക്കെ പൃഥ്വിയുടെ സ്വപ്നങ്ങൾ അല്ലേ. നമ്മള്‍ ഒരാളുടെ കൂടെ ജീവിക്കുമ്പോൾ അവരെ മനസ്സിലാക്കി അവരെ പ്രോത്സാഹിപ്പിക്കുക അതല്ലേ ചെയ്യേണ്ടത്. പിന്നെ ഏതൊരു ഭാര്യയെയും മകളെയും പോലെ കുറേ നാൾ കാണാതിരിക്കുമ്പോൾ പൃഥ്വിയെ ഞങ്ങൾ മിസ് ചെയ്യും. പക്ഷേ പൃഥ്വിയുടെ സ്വപ്നങ്ങൾ യഥാർഥ്യമായാലേ പൃഥ്വി സന്തോഷമായിരിക്കൂ. എന്നാലേ ഞങ്ങൾക്കും ആ സന്തോഷം ഉണ്ടാകൂ.  

കരിയറിൽ റിസ്ക് എടുക്കുമ്പോൾ പൃഥ്വി സുപ്രിയയോട് സംശയത്തോടെ അങ്ങനെ ചെയ്യണോ എന്നു ചോദിക്കാറുണ്ടോ ?

ഇല്ല. പൃഥ്വിരാജ് അങ്ങനെയുള്ള ഒരാളല്ല. ചെയ്യാമെന്നുറപ്പുള്ള കാര്യങ്ങളെ പൃഥ്വി ചെയ്യൂ. അതു ചെയ്യണോ എന്നുള്ള ചോദ്യം ഒരിക്കലും പൃഥ്വിയില്‍ നിന്ന് ഉണ്ടാവില്ല. സിനിമ സംവിധാനം ചെയ്യണമെന്ന് കുറേ നാളായി പൃഥ്വി ആഗ്രഹിച്ചിരുന്നു. അത് ഇത്ര വലിയൊരു വിജയം ആകുമെന്ന് കരുതിയിരുന്നില്ല. 

കർക്കശക്കാരിയായ നിർമാതാവാണോ സുപ്രിയ ?

നമ്മൾ ഒരു പ്രൊഡ്യൂസർ ആകുന്നതിനേക്കാളും നല്ലൊരു മാനേജർ ആയിരിക്കണം. കാരണം ഇത്രയും പേരെ മാനേജ് ചെയ്ത് ഒരു ടീമിനെ മുന്നോട്ട് കൊണ്ടു പോകുന്നതിലാണ് ഒരു നിർമാതാവിന്റെ വിജയം. അറിയാൻ പാടില്ലാത്ത കാര്യങ്ങൾ എനിക്ക് പൃഥ്വിയോട് ചോദിക്കാനുള്ള അവസരമുണ്ട്. ഇപ്പോൾ രണ്ടു പടമല്ലേ ചെയ്തിട്ടുള്ളൂ. ഞാൻ പഠിക്കുന്നതേ ഉള്ളൂ. 

സുപ്രിയയെ ഏറ്റവുമധികം സ്വാധീനിച്ച സ്ത്രീ ആരാണ് ? 

അങ്ങനെ ചോദിച്ചാൽ എന്റെ മനസ്സിൽ ആദ്യം വരുന്നത് അമ്മയാണ്. അമ്മ എന്നു മാത്രം  പറയാൻ പറ്റില്ല. എന്റെ മാതാപിതാക്കൾ എന്നു പറയണം. ഞാൻ അവരുടെ ഒറ്റമോളാണ്. എനിക്ക് ഇഷ്ടമുള്ളത് പഠിക്കണമെന്ന് പറഞ്ഞപ്പോഴും മുംബൈയിൽ പോയി ജോലി ചെയ്യണമെന്നു പറഞ്ഞപ്പോഴും എന്റെ സ്വപ്നം എന്താണെന്ന് മനസ്സിലാക്കി എനിക്കൊപ്പം നിന്നവരാണ് എന്റെ പേരന്റ്സ്. എനിക്ക് ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവർ അതു മനസ്സിലാക്കി. പൃഥ്വിരാജുമായി നേരിട്ട് സംസാരിച്ചു. അങ്ങനെ അവർ എന്റെ എല്ലാ കാര്യത്തിലും എനിക്കൊപ്പം നിന്നിട്ടുണ്ട്. അമ്മയായി കഴിഞ്ഞിട്ടും എനിക്ക് ഇത്രയും സ്വാതന്ത്യം കിട്ടുന്നത് എന്റെ അമ്മ ഞാൻ നോക്കുന്നതിലും നന്നായി എന്റെ മോളെ നോക്കും എന്ന് അറിയാവുന്നതു കൊണ്ടാണ്. 

കുടുംബവും ചുറ്റുപാടുമൊക്കെ നോക്കുമ്പോൾ ഒരുപാട് അനുഗ്രഹീതയാണെന്നു തോന്നാറുണ്ടോ ? 

നൂറ് ശതമാനം. ഒരുപാട് ദൂരെയൊന്നും പോകേണ്ട. നമ്മുടെ വീടുകളിൽ ജോലി ചെയ്യാൻ വരുന്നവരുടെ കാര്യം വച്ചു നോക്കിയാലറിയാം. ദൈവം നമ്മളെ എന്തുമാത്രം അനുഗ്രഹിച്ചിട്ടുണ്ടെന്ന്. അതിൽ നമ്മൾ നന്ദിയുള്ളവരായിരിക്കണം. നമ്മൾക്ക് കിട്ടിയിട്ടുള്ള കുടുംബം, ആരോഗ്യം ഇതെല്ലാം വലിയ അനുഗ്രഹങ്ങളാണ്. 

ഒരു പെൺകുട്ടിയുടെ അമ്മ എന്നത് വലിയൊരു ഉത്തരവാദിത്തമല്ലേ ?

തീർച്ചയായും. ആ ഒരു പേടി ഉണ്ട്. എത്ര പ്രൊട്ടക്ട് ആയി വളർത്തിയാലും ആ ഒരു പേടി എല്ലാ അമ്മമാർക്കും ഉണ്ട്. പെൺകുട്ടികളുടെ കാര്യത്തിൽ മാത്രമല്ല. ആൺകുട്ടികളുടെ കാര്യത്തിലും ആ പേടി ഉണ്ടാവുക സ്വാഭാവികമാണ്. എന്നു പറഞ്ഞു നമുക്ക് ജീവിക്കാതിരിക്കാൻ പറ്റില്ലല്ലോ. നമ്മൾ ശ്രദ്ധിക്കണം. ചെറുപ്പം മുതലേ കുട്ടികൾക്ക് സെയ്ഫ് ടച്ച് എന്താണ്, അണ്‍സെയ്ഫ് ടച്ച് എന്താണ് എന്ന് പഠിപ്പിച്ചു കൊടുക്കണം. 

മാധ്യമപ്രവർത്തനത്തിനിടയിലെ മറക്കാനാകാത്ത ഒരു അനുഭവം ? 

2005– ൽ മുംബൈയിൽ ഉണ്ടായ പ്രളയം റിപ്പോർട്ട് ചെയ്തത് മറക്കാനാകാത്ത ഒന്നാണ്. ഒരു മാധ്യമപ്രവർത്തകയെന്ന നിലയിൽ അഭിമാനം തോന്നിയ സമയമായിരുന്നു അത്. ബോംബെ എന്താണെന്നും അവിടുത്തെ ആളുകളുടെ സ്നേഹവും എനിക്ക് മനസ്സിലായത് അന്നാണ്. അതു പോലെ ട്രെയിനിൽ ഉണ്ടായ സ്ഫോടന പരമ്പര ‍റിപ്പോർട്ട് ചെയ്യേണ്ടി വന്നതും ഒരിക്കലും മറക്കാൻ പറ്റില്ല. ചിന്നിച്ചിതറിയ ശരീരങ്ങൾക്കിടയിലൂടെ നടന്ന് മരണം നടന്ന വീടുകളിൽ പോയി ആളുകളെ കണ്ട് സംസാരിച്ചതൊക്കെ ഒാർ‌ക്കുമ്പോൾ തന്നെ എന്തോ പോലെ. 

എല്ലായിടത്തും മൈക്കുമായി കയറിച്ചെല്ലുന്നവരാണ് മാധ്യമപ്രവർത്തകർ എന്ന് പലരും വിമർശിക്കാറുണ്ട് ?

അത് അവരുടെ പ്രൊഫഷന്റെ ഭാഗമാണ്. പക്ഷേ എവിടെ എന്ത് പറയുന്നു എന്ന് നമ്മളും ചിന്തിക്കണം. ഒരു മരണം നടന്ന വീട്ടിൽ പോയി ഞാൻ എന്റെ കഴിവല്ല കാണിക്കേണ്ടത്. ഒരു കുറ്റവാളിയോട് ചോദിക്കുന്നതു പോലെയല്ല  മരണവീട്ടിൽ ചോദ്യങ്ങൾ ചോദിക്കേണ്ടത്. ഇപ്പോഴത്തെ ജേർണലിസം ഒരുപാട് മാറി. ഒരു മൈക്കുമായി നമ്മൾ സംസാരിക്കുന്നു, അപ്പുറത്തുള്ളയാളെ സംസാരിക്കാൻ സമ്മതിക്കുന്നില്ല. നമ്മൾ ചോദ്യം ചോദിക്കുന്നതിന് ഉത്തരം പറയാൻ അവരെ അനുവദിക്കണം. അതാണ് ജേർണലിസം. അല്ലാത്തതിനോട് എനിക്ക് യോജിക്കാൻ പറ്റില്ല. 

മാധ്യമപ്രവർത്തനമാണോ സുപ്രിയയെ ഇത്രയും ബോൾഡ് ആക്കിയത് ?

ഞാൻ ബോൾഡ് ആയതുകൊണ്ടാണ് ജേർണലിസം തിരഞ്ഞെടുത്തത്. എനിക്ക് നന്നായി സംസാരിക്കാൻ പറ്റും എന്നെനിക്കറിയാമായിരുന്നു. ഐഎഎസ് നേടണം എന്നായിരുന്നു ആദ്യത്തെ ആഗ്രഹം. പക്ഷേ എനിക്ക് എല്ലാ കാര്യത്തിലും എന്റേതായ കാഴ്ചപ്പാടുണ്ട്. ഒരു സിവിൽ സെർവന്റ് ആയിരുന്നാൽ അത് നടക്കില്ല എന്നു തോന്നിയതുമുതലാണ് ടിവി ജേണലിസം ഇഷ്ടപ്പെടാൻ തുടങ്ങിയത്. ഒരു ജേർണലിസ്റ്റിന് ആരുടെ അടുത്തും എന്തും ചോദിക്കാനുള്ള ഒരു ലൈസൻസ് ഉണ്ടല്ലോ. അതൊരു വലിയ കാര്യമല്ലേ ? 

മകൾ, ഭാര്യ, അമ്മ ഇവയിൽ ഏതാണ് ഏറ്റവും വെല്ലുവിളിയായി തോന്നിയത് ?

അത് അമ്മ എന്ന റോൾ ആണ്. കാരണം ഞാൻ ചെയ്യുന്നതൊക്കെ ശരിയാണോ ? ഞാൻ മോളെ വളർത്തുന്നത് നന്നായിട്ടാണോ ? ഞാൻ പറഞ്ഞു കൊടുക്കുന്നതെല്ലാം വലുതായി കഴിയുമ്പോൾ അവൾക്ക് ഉൾക്കൊള്ളാൻ പറ്റുമോ ?  അവൾ നല്ല ഒരു സ്ത്രീ ആകുമോ ? അവൾ നല്ല സ്ട്രോങ് ഇൻഡിപെൻഡന്റ് ബ്രേവ് ആയിട്ടുള്ള പെൺകുട്ടി ആകുമോ എന്നിങ്ങനെയുള്ള ചോദ്യങ്ങളെല്ലാം മനസ്സിൽ ഉണ്ട്. ഇപ്പോഴെല്ലാം നമ്മൾ ചെയ്തു കൊടുക്കുന്നു. അവൾ വലുതായാലല്ലേ അത് മനസ്സിലാക്കാൻ പറ്റൂ. 

സിനിമയോ മാധ്യമപ്രവർത്തനമോ എന്നു മകൾ ചോദിച്ചാൽ ഏതു തിരഞ്ഞെടുക്കാൻ പറയും ? 

ഞാൻ എന്ത് കരിയർ ചൂസ് ചെയ്യണം എന്നു എന്റെ േപരന്റ്സ് പറഞ്ഞിട്ടില്ല. ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനെ ഞാനും പറയൂ. എനിക്കും രാജുവിനും ആ ഫ്രീഡം കിട്ടിയിട്ടുണ്ട്. ആ ഫ്രീഡം തീർച്ചയായും മകൾക്കും ഉണ്ട്. പിന്നെ തമാശയ്ക്ക് വലുതാകുമ്പോൾ ജേർണലിസ്റ്റ് ആകണമെന്ന് അവളോട് പറയാറുണ്ട്. പൃഥ്വി തമാശയ്ക്ക് അതു നടക്കില്ല എന്നും പറയാറുണ്ട്. 

വനിതാ ദിനത്തിൽ സ്ത്രീകളോട് പറയാനുള്ളത് ?

നമ്മൾ നമ്മുടെ ചുറ്റും നടക്കുന്നതിനെപ്പറ്റി അറിഞ്ഞിരിക്കണം. സ്ത്രീകൾ എല്ലാവർക്കും വേണ്ടിയാണ് ജീവിക്കുന്നത്. മകളായും ഭാര്യയായും അമ്മയായും ഒക്കെ. നമ്മൾ നമുക്കു വേണ്ടിയും ജീവിക്കുക. നമ്മുടെ സ്വപ്നങ്ങൾ നേടിയെടുക്കുക. അതുമാത്രമേ പറയാനുള്ളൂ. 

English Summary: Interview With Supriya Prithviraj

വനിതാദിന പ്രത്യേക പോഡ്കാസ്റ്റ് കേൾക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA