പഞ്ചരത്നങ്ങളിൽ 4 പേരുടെ വിവാഹം മാറ്റിയതിനെ കുറിച്ച് അമ്മ; അവർക്ക് വരാനാകില്ല!

pancharatnam-marriage-postponed
SHARE

തിരുവന്തപുരം പോത്തന്‍കോട് സ്വദേശി രമാദേവിക്കുണ്ടായ 5 മക്കളെ ജനനം മുതല്‍ മലയാളക്കരയാകെ അറിയും. പിന്നീട് പഞ്ചരത്നങ്ങള്‍ എന്നറിയപ്പെട്ട ഇവരുടെ വിവാഹവാര്‍ത്തയും കേരളം സന്തോഷത്തോടെയാണ് വരവേറ്റത്. കോവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും വില്ലനായതിനെത്തുടര്‍ന്ന് പഞ്ചരത്നങ്ങളില്‍ നാലു സഹോദരിമാരുടെയും വിവാഹം നീട്ടിവെച്ചു. നാളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ഉത്ര, ഉത്രജ, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹം നടക്കേണ്ടിയിരുന്നത്. 

മൂന്ന് പേരുടെ വരന്‍മാര്‍ ഗള്‍ഫിലാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇവര്‍ക്ക് നാട്ടില്‍ എത്താന്‍ സാധിക്കാത്തതിനാലാണ് വിവാഹം നീട്ടിവെച്ചതെന്ന് അമ്മ രമാദേവി മനോരമ ന്യൂസ്.കോമിനോട് പറഞ്ഞു. ''ഏപ്രില്‍ അവസാനം ആകുമ്പോഴേക്കും രോഗികള്‍ കുറയുമെന്നും ലോക്ക്ഡൗണ്‍ തീരുമെന്നുമായിരുന്നു പ്രതീക്ഷ. അങ്ങനെ സംഭവിക്കാത്തതുകൊണ്ട് വിവാഹം നീട്ടിവെയ്ക്കുകയായിരുന്നു. എനിക്കും സുഖമില്ലാത്തയാളാണ്. അവര്‍ നാട്ടിലുണ്ടായിരുന്നെങ്കില്‍ കുടുംബാംഗങ്ങള്‍ മാത്രമായി താലികെട്ട് നടത്താമായിരുന്നു. പക്ഷേ ഇനി ആ സാധ്യതയില്ല. രോഗം വേഗം ഇല്ലാതാകട്ടെ. നമുക്കു വേണ്ടി മാത്രമല്ല, ലോകം മുഴുവന്‍ വേണ്ടിയും പ്രാര്‍ഥിക്കാം'', രമാദേവി പറഞ്ഞു. 

മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ ആയൂര്‍ സ്വദേശി കെ എസ് അജിത്കുമാറാണ് ഫാഷന്‍ ഡിസൈനറായ ഉത്രയെ വിവാഹം ചെയ്യുന്നത്. കൊച്ചി അമൃത മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യാ ടെക്‌നിഷ്യയായ ഉത്രജയെ വിവാഹം ചെയ്യാനിരിക്കുന്നത് കുവൈത്തില്‍ അനസ്‌തേഷ്യാ ടെക്‌നിഷ്യനായി ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി ആകാശാണ്. ഓണ്‍ലൈനില്‍ മാധ്യമപ്രവര്‍ത്തകയായ ഉത്തരയുടെ വരന്‍ കോഴിക്കോട് സ്വദേശിയായ മാധ്യമ പ്രവര്‍ത്തകന്‍ മഹേഷാണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അനസ്‌തേഷ്യാ ടെക്‌നീഷ്യയായ ഉത്തമയെ വിവാഹം ചെയ്യുക മസ്‌കറ്റില്‍ അക്കൗണ്ടന്റായ വട്ടിയൂര്‍ക്കാവ് സ്വദേശി വിനീതാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന വരന്‍മാര്‍ നാട്ടിലെത്തിക്കഴിഞ്ഞാല്‍ ജൂലൈയില്‍ വിവാഹം നടത്താമെന്ന പ്രതീക്ഷയിലാണ് രമാദേവി. 

1995 നവംബര്‍ 18 നാണ് രമാദേവിക്കും ഭര്‍ത്താവ് പ്രേംകുമാറിനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ നാലു പെണ്‍കുട്ടികളും ഒരാണ്‍കുഞ്ഞും. ജനിച്ചത് ഉത്രം നക്ഷത്രത്തിലായതിനാല്‍ മക്കള്‍ക്ക് ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജന്‍ എന്നിങ്ങനെയാണ് പേരിട്ടത്. ഇവര്‍ക്ക് ഒന്‍പത് വയസാപ്പോളായിരുന്നു പ്രേമകുമാറിന്റെ അപ്രതീക്ഷിത മരണം. ഹൃദ്രോഗ ബാധിതയായ രമാദേവി പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. സര്‍ക്കാര്‍ സഹായത്തോടെ ജില്ലാ സഹകരണ ബാങ്കില്‍ ജോലി ലഭിച്ചു. ഇപ്പോള്‍ സഹകരണ ബാങ്കിന്റെ പോത്തന്‍കോട് ശാഖയില്‍ ബില്‍ കളക്ടറായി ജോലി ചെയ്യുകയാണ് രമാദേവി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA