ADVERTISEMENT

‘അയ്യപ്പനും കോശിയും’ എന്ന ഒറ്റചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഗൗരി നന്ദ. ചിത്രത്തിലെ കണ്ണമ്മ എന്ന കഥാപാത്രമെത്തിയത് സിനിമ പ്രേമികളായ സ്ത്രീകളുടെ ഹൃദയത്തിലേക്കു കൂടിയാണ്. ഏതൊരു പെൺകുട്ടിയുടെയും ജീവിതത്തിലെന്ന പോലെ തന്റെ ജീവിതത്തിലും ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരാണെന്നു  ചോദിച്ചാൽ അമ്മ എന്ന് സംശയമില്ലാതെ മറുപടി പറയും  ഗൗരി നന്ദ. തന്റെ നട്ടെല്ലായ അമ്മയെ  കുറിച്ച് ഈ മാതൃദിനത്തില്‍ മനോരമ ഓൺലൈനോട് മനസു തുറക്കുകയാണ് ഗൗരി നന്ദ. 

അമ്മ എന്റെ ബാക്ക് ബോൺ

എന്‍റെ ലൈഫിലെ ബാക്ക് ബോണ്‍ അമ്മയാണ്. എന്നെ ഏറ്റവും മോട്ടിവേറ്റ് ചെയ്യുന്ന വ്യക്തി.ഞാനും അമ്മയും മാത്രമാണ് വീട്ടില്‍.അച്ഛന്‍ എന്‍റെ ചെറുപ്പത്തിലെ മരിച്ചു.ഞങ്ങള്‍ രണ്ടു പെണ്‍കുട്ടികളാണ്.ചേച്ചി വിവാഹം കഴിഞ്ഞു കുടുംബമായി ജീവിയ്ക്കുന്നു. അമ്മ ബാങ്കില്‍ വര്‍ക്ക് ചെയ്തിരുന്നു.ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. 

സതി എന്നാണ് അമ്മയുടെ പേര്. അമ്മയോടല്ലാതെ ആരോടും ലൈഫില്‍ എനിയ്ക്ക് ഇതുവരെ  കമ്മിറ്റ്മെന്റ് ഇല്ല എന്നുതന്നെ പറയാം.പൊതുവേ സ്വന്തം അഭിപ്രായങ്ങള്‍ക്കനുസരിച്ച് ജീവിയ്ക്കുന്ന ഒരാളാണ്.അതല്ലാതെ ആരെയെങ്കിലും അനുസരിയ്ക്കുമെങ്കില്‍ അത് അമ്മയെയാണ്.എന്‍റെ തീരുമാനങ്ങള്‍ക്കു മേല്‍ അങ്ങനെയൊരു അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള  ഒരേ ഒരാള്‍ അമ്മയാണ് എന്നുപറയാം.

‘കരിയറി’ലേക്ക് കൈപിടിച്ച അമ്മ

എന്‍റെ പാഷന്‍ സിനിമയായിരുന്നു. അത് ഏറ്റവും നന്നായി അറിയാവുന്ന ഒരാളും അമ്മയാണ്.അതുകൊണ്ട് തന്നെ എന്തൊക്കെ ബുദ്ധിമുട്ടുകള്‍ വന്നപ്പോഴും മറ്റൊരു കരിയര്‍ നോക്കി സെറ്റിലാവാന്‍ ഒന്നും അമ്മ എന്നോട് പറഞ്ഞിട്ടില്ല. ഇന്നല്ലെങ്കില്‍ നാളെ നമ്മുടെ ദിവസം വരും എന്ന് ഞാന്‍ അമ്മയ്ക്ക് ഉറപ്പ് കൊടുത്തിരുന്നു. ഇപ്പൊ അങ്ങനെയൊന്നുവന്നപ്പോള്‍ ഏറ്റവും സന്തോഷിയ്ക്കുന്നതും അമ്മ തന്നെ. പ്രിവിലേജുകള്‍ ഇല്ലാതെ വളര്‍ന്നത് കൊണ്ടാവും  സമപ്രായക്കാരേക്കാള്‍ കുറച്ച് കൂടി പക്വതയോടെ ചിന്തിയ്ക്കാന്‍ പറ്റുന്നത്. ഉത്തരവാദിത്തങ്ങളിലായിരിയ്ക്കും നമ്മുടെ ശ്രദ്ധ. അമ്മ ചെയ്തതൊക്കെ കണ്ടുപോന്നതാണ്.അമ്മയുടെ ലൈഫ് കണ്ടുപോന്നതാണ്. എല്ലാം നമുക്ക് വേണ്ടി നമ്മള്‍ തന്നെ ചെയ്‌തേ പറ്റുള്ളൂ, ചെയ്തുതരാന്‍ ആരുമില്ല എന്നൊക്കെ വരുമ്പോ നമ്മള്‍ കുറച്ച് കൂടുതല്‍ എഫിഷ്യന്റ് ആകും. നമ്മള്‍ നമ്മളെത്തന്നെ മുന്നോട്ട് കൊണ്ട് പോകുന്നതാണ്.

ഞാന്‍ പറഞ്ഞിട്ടാണ് എന്‍റെ അമ്മ ജോലിയില്‍ നിന്ന് രാജി വയ്ക്കുന്നതും. ഇപ്പൊ എന്‍റെ കൂടെ എല്ലാടത്തും അമ്മ വരാറുണ്ട്.നമ്മള്‍ എപ്പോഴും ജീവിതത്തില്‍ ഓര്‍ക്കേണ്ട കാര്യം അച്ഛനും അമ്മയ്ക്കും മാത്രം റിപ്ലെയ്സ്മെന്റ് ഇല്ല എന്നതാണ്. പുറത്ത് കിട്ടില്ല. മറ്റാര്‍ക്കും പകരമാവാനുമാവില്ല.ലൈഫില് നമ്മുടെ കൂടെ അമ്മമാരെ ചേര്‍ത്ത് നിര്‍ത്തുക.

കണ്ണമ്മയും ഞാനും

അയ്യപ്പനും കോശിയിലെ കണ്ണമ്മ എന്ന ക്യാരക്ടര്‍ വന്നപ്പോ ഒരുപാട് സന്തോഷം തോന്നി. സ്ട്രോങ്ങ്‌ ക്യാരക്ടര്‍. പെര്‍ഫോം ചെയ്യാനുള്ള സാദ്ധ്യത. ഇത്രയും വല്യ ടീം. സച്ചി സാറിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അവിടെപ്പോയി നാളുകളോളം നിന്ന് അടുത്തുകണ്ട് എഴുതിയതാണ് ഓരോ കഥാപാത്രങ്ങളും. എന്‍റെ കണ്ണമ്മ ഇങ്ങനെയാണ് എന്ന് ഓരോ കാര്യങ്ങളും പറഞ്ഞുതന്നു. മെലിയാന്‍ പറഞ്ഞു. മേക്കപ്പില്ല. മുടി പരുക്കനായിരിയ്ക്കും. കയ്യിലും കാലിലും നഖം വെട്ടണ്ട എന്നുവരെ പറഞ്ഞു. കണ്ണമ്മ കുറച്ചൊക്കെ  വിദ്യാഭ്യാസം ഉള്ളയാളാണ്. അവിടെയൊക്കെ അങ്ങനെയുള്ള സ്ത്രീകള്‍ വാച്ച് കെട്ടും. ഞാന്‍ പോയേയില്ല. ഷൂട്ടിങ് തുടങ്ങി അവിടെ ചെല്ലുമ്പോ ആളുകളെ കാണുമ്പോ മനസിലായി സാര്‍ എത്ര കൃത്യമായി എല്ലാം എഴുതി വച്ചിരിയ്ക്കുന്നു എന്ന്.

കണ്ണമ്മ എന്ന അമ്മ

കണ്ണമ്മ ടിപ്പിക്കല്‍ ക്ലീഷേ അമ്മയല്ല.വ്യത്യസ്തയാണ്.ബോള്‍ഡ് ആയിട്ട് തന്റെ ജനങ്ങള്‍ക്ക് വേണ്ടി വരുന്നയാളാണ്.മുലകുടി മറാത്ത കുഞ്ഞുണ്ട്‌.തന്റെ പരുക്കന്‍ ജീവിത സാഹചര്യങ്ങള്‍ മനസ്സിലാക്കി തന്റെ കുഞ്ഞുവളരട്ടെ എന്ന് വാശിയുള്ള അമ്മയാണ്.സാധാരണ അമ്മമാര്‍ക്ക് ഒരുപക്ഷെ  ഉള്‍ക്കൊള്ളാന്‍ കഴിയില്ല.ആ കുഞ്ഞിനെ വലത് വശത്ത് ഒറ്റക്കൈ കൊണ്ട്എടുക്കുന്നത്..എന്തിനു പോകുമ്പോഴും അതിനെ  കൂടെ കൊണ്ടുപോകുന്നുണ്ട്‌..ജയിലില്‍പ്പോകുമ്പോ പോലും.ആള്  റൂഡ്‌ ആണ്..ഇങ്ങനത്തെ അമ്മയോ എന്ന്   തോന്നിപ്പിയ്ക്കും.സിനിമയിറങ്ങി പലരും പറഞ്ഞുകേട്ടു ഇങ്ങനെ ഏതെങ്കിലും അമ്മയുണ്ടോ എന്നൊക്കെ.വലതുവശത്ത് ഊര്‍ന്നുപോകാന്‍ തുടങ്ങും. പിന്നേം എടുത്തുകയറ്റി വയ്ക്കും. ആ പ്രായത്തിലുള്ള കുഞ്ഞുങ്ങളുള്ള ചിലര്‍ പറഞ്ഞു വിഷമം തോന്നി കുഞ്ഞിനെ അങ്ങനെ കെയര്‍ലെസ് ആയിട്ട് എടുക്കുന്നെ കണ്ടിട്ടെന്നൊക്കെ. കണ്ണമ്മ അങ്ങനെയാണ്.തന്‍റെ കുഞ്ഞിനു താനല്ലാതെ ആരുമില്ല എന്ന ഏറ്റവും നന്നായി അറിയാവുന്ന ആളാണ്‌. തന്‍റെ സാഹചര്യങ്ങളോട് അവന്‍ പോരുത്തപ്പെടട്ടെ എന്നോര്‍ത്തുകാണും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com